ADVERTISEMENT

മിഴിനീർപ്പൂവുകളിലൂടെ ഉർവശി ആദ്യ നായികയായി. സിനിമയിലെ നായികമാരെക്കുറിച്ച് സംവിധായകന്‍ കമൽ എഴുതുന്നു...

കൊഴിഞ്ഞു പോയെന്നു കരുതിയ സ്വപ്നം പെട്ടെന്നൊരു ദിനം വിടരുന്നതു പോലെയായിരുന്നു  മിഴിനീർപ്പൂവുകൾ–  ആദ്യ സിനിമ. ശ്രീ സായി പ്രൊഡക്‌ഷൻസിന്റെ ശ്രീനിവാസൻ ആയിരുന്നു നിർമാതാവ്.  സിനിമ തുടങ്ങുന്നതിനു തൊട്ടുമുൻപ്  ബോട്ടപകടത്തിൽ അദ്ദേഹം മരിച്ചു. പക്ഷേ, അച്ഛന്റെ അവസാന സിനിമ പൂർത്തിയാക്കാൻ മക്കൾ തയാറായി.  

ADVERTISEMENT

ചരടുപൊട്ടിയതു പോലെ പറക്കുന്ന പട്ടമായിരുന്നു മിഴിനീർപ്പൂവികളിൽ മോഹൻലാൽ അവതരിപ്പിച്ച റിച്ചാർഡ്. ആവശ്യത്തിലേറെ പണം സമ്പാദിച്ച അച്ഛന്റെ മകൻ.  ചെറുപ്പത്തിലേ ഒറ്റയ്ക്കായതോടെ മദ്യവും സ്ത്രീയും റിച്ചാർഡിന്റെ കയ്യിലെ കളിപ്പാട്ടങ്ങളായി. ആ നാട്ടിലേക്ക് അധ്യാപികയായി വന്നതാണ് ഉർവശിയുടെ അശ്വതി വർമ. ഭർത്താവ്  ആയില്യംതിരുന്നാൾ കുമാരവർമയായി അഭിനയിച്ചത് നെടുമുടി വേണുവും. അശ്വതിയെ റിച്ചാർഡ്  സ്വാധീനിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.  ഒരു ദിവസം അശ്വതിയെ അയാൾ ആക്രമിച്ചു കീഴ്പ്പെടുത്തി. ഇതറിഞ്ഞ കുമാര വർമ ആത്മഹത്യ ചെയ്തു.

കുറ്റബോധം തോന്നിയ റിച്ചാർഡ് കുത്തഴിഞ്ഞ ജീവിതത്തിൽ നിന്നു മാറാൻ  ലിസി അവതരിപ്പിച്ച സോഫിയയെ വിവാഹം കഴിക്കുന്നു. പക്ഷേ, സോഫിയയെ റിച്ചാർഡിന്റെ ചങ്ങാതിമാർ മദ്യലഹരിയിൽ ബലാത്സംഗം ചെയ്യുന്നു. കുമാര വർമയ്ക്കു സംഭവിച്ചതു സ്വന്തം ജീവിതത്തിൽ വന്നതോടെ തകർന്നു പോയ റിച്ചാർഡ് അശ്വതിയോട് മാപ്പു ചോദിക്കുകയും  വിഷം കഴിച്ച് പള്ളിയിലെ അൾത്താരയ്ക്കരികിൽ വീഴുകയും ചെയ്യുന്നതോടെ സിനിമ അവസാനിക്കുന്നു.

ADVERTISEMENT

ഉർവശിയിലേക്ക് എത്തിയത്

മിഴിനീർ പൂവുകളിൽ ലിസിയും ഉർവശിയും അഭിനയിച്ചെങ്കിലും ഉർവശി അവതരിപ്പിച്ച അശ്വതി വർമ്മയുടെ കഥാപാത്രത്തിനായിരുന്നു കൂടുതൽ പ്രാധാന്യം.

ADVERTISEMENT

പത്രപ്രവർത്തകനായ കല്ലട വാസുേദവൻ നായർ  എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ഉർവശിയുടെ അച്ഛൻ വി. പി. നായർ. അങ്ങനെയാണു ഞാൻ പരിചയപ്പെടുന്നത്. ഇടയ്ക്ക് കോടമ്പാക്കത്തെ  വീട്ടിൽ പോവും.  അന്നു  കലാരഞ്ജിനിയും കൽപനയും ഉർവശിയും ചെറിയ കുട്ടികളാണ്.

പിന്നീട് അഗസ്റ്റിൻ പ്രകാശ് സംവിധാനം ചെയ്ത ആശയിൽ കലാരഞ്ജിനി അഭിനയിച്ചിരുന്നു. ആ സിനിമയിൽ ഞാൻ അസോസിയറ്റ് ഡയറക്ടർ ആയിരുന്നു. കുറച്ചു കൂടി കഴിഞ്ഞാണു ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണൈ മുടിച്ച് റിലീസ് ചെയ്യുന്നത്. ഒറ്റ സിനിമകൊണ്ട് ഉർവശി താരമായി. തമിഴ്നാട് ഇളകി മറിഞ്ഞു.

മലയാളത്തിൽ എന്റെ അമ്മു നിന്റെ തുളസി അവളുടെ ചക്കിയും നിറക്കൂട്ടും കരിമ്പിൻപൂവിനക്കരെയുമൊക്കെ  ശ്രദ്ധിക്കപ്പെട്ട സമയത്താണു മിഴിനീർ പൂവുകളിലേക്ക് എത്തുന്നത്. അതേ സമയത്തായിരുന്നു സുഖമോ ദേവിയുടെ ഷൂട്ട്. അതു നീണ്ടു പോയതോടെ  രണ്ടു ദിവസം വൈകിയാണ് ഉർവശി ഞങ്ങളുടെ ലൊക്കേഷനിലേക്ക് എത്തിയത്. ആ രണ്ടു ദിവസവും ഉറങ്ങാത്തതുകൊണ്ട് കണ്ണുകൾ ചുവന്നിരിക്കുന്നതു കണ്ട് ഞാൻ പറഞ്ഞു– ‘ഇന്ന് സുഖമായി ഉറങ്ങിക്കോളൂ.’  പിറ്റേന്ന് കളിയും തമാശയുമായി ഉർവശി ലൊക്കേഷനിലെത്തി.

ലൊക്കേഷനിൽ മോഹൻലാലിനും ഉർവശിക്കും ഒരു പൊതുസ്വഭാവമുണ്ട്. ആക്‌ഷൻ പറയും വരെ  പൊട്ടിച്ചിരിക്കും.  ക്യാമറയ്ക്ക് മുന്നിലെത്തിയാൽ  കഥാപാത്രമാവും. ഇവിടെയും അതുപോലെ തന്നെയായിരുന്നു.

ക്ലൈമാക്സിൽ റിച്ചാർഡ് അശ്വതിയുടെ മുന്നിൽ എത്തിയ ശേഷം‘‘എല്ലാം പൊറുത്തെന്നു സമ്മതിക്കാമോ?’’ എന്നു  ചോദിക്കുന്ന രംഗം ഉണ്ട്. വൈകാരികമായ ഡയലോഗുകൾ. അശ്വതി മറുപടി പറയും– ‘‘ മാപ്പു തന്നാല്‍  മരണം കൊണ്ടു പകരം വീട്ടിയ കുമാരേട്ടന്റെ ആത്മാവ് പൊറുക്കുമെന്ന് കരുതുന്നുണ്ടോ? ഇല്ല... ഈ ജന്മം എനിക്ക് അതിനു കഴിയില്ല’’ ഇത്രയും പറഞ്ഞ് അശ്വതി മുഖം പൊത്തി കരയുന്നു.  ഇതാണ് സീൻ.  

മഴ കാരണം ഷൂട്ടിങ് നീണ്ടു. രാത്രി ഏറെ വൈകി. ഉറക്കം വന്ന് ഉർവശി കോട്ടുവായിട്ടുകൊണ്ടേയിരുന്നു. ഡയലോഗ് പറയുമ്പോൾ നിയന്ത്രണം വിട്ട് കോട്ടുവാ വരും. കട്ട് പറയേണ്ടി വരും. ഒന്നു രണ്ടു പ്രാവശ്യമായപ്പോൾ ഉർവശിക്ക് ടെൻഷനായി. വാ പൊളിക്കുന്നത്  കൺട്രോൾ ചെയ്തു കൊണ്ടാണ് ആ  സീനുകൾ അഭിനയിച്ചിരിക്കുന്നത്. കട്ട് പറഞ്ഞാൽ പിന്നെ പൊട്ടിച്ചിരിയും.

വിഷ്ണുലോകത്തിലെ ഡബ്ബിങ്...

‘വിഷ്ണുലോക’ത്തിലൂടെയാണ് ഉർവശി എന്റെ സിനിമയിൽ  വീണ്ടും  എത്തുന്നത്.  വിഷ്ണുലോകത്തിലെ കസ്തൂരി ചിരിയുടെ പൂത്തിരി കത്തുന്നതു പോലൊരു കഥാപാത്രമാണ്. കുസൃതി സിനിമയിലുട നീളമുണ്ട്.  ‘ഒരു രസത്തിന് മോഷ്ടിക്കുക’ കസ്തൂരിയുടെ ശീലമാണ്. സൈക്കിൾ യജ്ഞം നടത്താനായി മൈതാനം തരുമോ എന്നു ചോദിക്കാൻ തറവാട്ടിൽ ചെല്ലുന്ന സീനിൽ കോഴിമുട്ട മോഷ്ടിക്കുന്നുണ്ട്. പതുക്കെ ചുറ്റും നോക്കി മുട്ടയെടുക്കും. ഒരു കുട്ടിയതു കാണുമ്പോൾ ചെറുതായൊന്നു ചമ്മും. മറ്റൊരു സീനിൽ വാസനസോപ്പ് മോഷ്ടിക്കുന്നുണ്ട്. അത് വേറൊരു രീതിയിലാണ് അവതരിപ്പിച്ചത്. ബീഡിക്കെട്ട് എടുത്ത് തിരിച്ചു വച്ച് അടുത്തുള്ള ബാർസോപ്പിലൊന്നു തൊട്ട്, പെട്ടെന്നു വാസനസോപ്പെടുത്ത് ഹാഫ്സാരിക്കുള്ളിലേക്ക് വയ്ക്കുന്നു. ഇതെല്ലാം തിയറ്ററിൽ ചിരിയുണ്ടാക്കി. അക്കാലത്ത്  ഉർവശിയുടെ ശബ്ദം കുട്ടികളുടേതെന്നു  പറഞ്ഞ്  ഡബ് ചെയ്യിക്കില്ല.  ഫോണിലൂടെ വിഷ്ണുലോകത്തിന്റെ കഥ കേട്ടപ്പോൾ ഉർവശി പറഞ്ഞു– ‘‘കമൽക്ക, ഈ കഥാപാത്രം ഞാൻ തന്നെ ഡബ് ചെയ്യും.   അങ്ങനെയൊരു മോഹം തോന്നി.

കുറച്ച് ‘ചിണുങ്ങി’യാണ്  അതിലെ ഡയലോഗുകൾ പറഞ്ഞിരിക്കുന്നത്.  അതു മറ്റാർ‌ക്കും ഡബ് ചെയ്താൽ കിട്ടില്ലെന്ന്  ഉറപ്പായിരുന്നു.  ഉർവശി തന്നെ ശബ്ദം ന ൽകി. വർഷങ്ങൾക്കു ശേഷം തൂവൽസ്പർശത്തിലാണ് വീണ്ടും അഭിനയിച്ചത്. വിഷ്ണുലോകത്തിലേതു പോലെയല്ല തമാശകളില്ലാത്ത കഥാപാത്രം.

ആദ്യ സീനിലേയ്ക്ക് കയറും മുൻപ്  ഉർവശി പറഞ്ഞു–  ഈ കഥാപാത്രം ഞാൻ ഡബ് ചെയ്യുന്നില്ല.  ഭാഗ്യലക്ഷ്മിയുടെ ശബ്ദമായിരിക്കും കൂടുതൽ ചേരുക. അതാണ് ഉർവശി, കഥാപാത്രത്തിന്റെ ശബ്ദം പോലും എങ്ങനെ വേണം എന്ന് മനസ്സിലുണ്ടാവും.  

കലാരഞ്ജിനിയും ഉർവശിയും കൽപ്പനയും എന്റെ സിനിമകളിൽ അഭിനയിച്ചു.  പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ ജയറാമിനു ചോറിനുള്ളിൽ മീൻവറുത്തത് ഒളിപ്പിച്ചു കൊടുക്കുന്ന സീനുണ്ട്. ‘മീൻ വറുത്തത് പറഞ്ഞിട്ടില്ലല്ലോ’ എന്ന‌ ചോദ്യത്തിനു കൽപ്പനയുടെ എക്സ്പ്രഷനുണ്ട്. അതു  വലിയ പൊട്ടിച്ചിരിയുണ്ടാക്കി.  

സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റവും കൂടുതൽ നേടിയത് ഉർവശിയാണ്. ശ്രീവിദ്യയും  ഷീലയും ശാരദയും  കഴിഞ്ഞ്, പുതിയ കാലത്തു പല തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ പറ്റുന്ന നടിമാർ മലയാളത്തിലുണ്ട്. എങ്കിലും നമുക്കുചുറ്റുമുള്ള ഒരുപാടു സ്ത്രീകളെ പലപ്രായത്തിൽ അവതരിപ്പിച്ചത് ഉർവശിയാണ്. അതുകൊണ്ടാണ്  മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ‌ ഒരാളായി ഉർവശിയെ കാണുന്നത്.

ഇപ്പോഴും  കമൽഇക്കാ എന്നു വിളിച്ച് ഉർവശി സംസാരിച്ചു തുടങ്ങും. മിഴിനീർ പൂവുകളിലും വിഷ്ണുലോകത്തിലെയുമൊക്കെ ഷൂട്ട് ഇന്നലെ കഴിഞ്ഞതു പോലെ വിശേഷങ്ങൾ പറയും. 

Urvashi's Cinematic Debut: A Look Back at Mizhineerpookkalu:

Urvashi's acting journey began with the film Mizhineerpookkalu, where she portrayed Aswathi Varma, a character of significant importance. The article, penned by director Kamal, delves into Urvashi's early days in cinema, her memorable roles, and her exceptional talent for characterization and dubbing. It highlights her ability to transition between comedic and intense performances, citing examples from films like Vishnu Lokam and other Malayalam productions. The piece also touches upon her versatility and how she has depicted numerous female characters across different age groups, solidifying her status as one of Malayalam cinema's finest actresses. Urvashi's enduring connection with Kamal is also evident, as she continues to share her experiences with him as if their film shoots were recent.

ADVERTISEMENT