‘‘നല്ല കോഴിക്കോടൻ ഹൽവ കഴിക്കാൻ കോഴിക്കോട്ടേക്കു പോകേണ്ടതുണ്ടോ?’’ ചോദ്യം പൂർത്തിയാക്കുന്നതിനു മുൻപ് ഉത്തരമെത്തി.
‘‘വേണമെന്നില്ല. ലോകത്തിന്റെ ഏതു കോണിലിരുന്നുവേണമെങ്കിലും ഫുൽവയുടെ വെബ്സൈറ്റിൽ കയറി ഓർഡർ പ്ലേസ് ചെയ്താൽ മാത്രം മതി. ഹൽവ വീട്ടിലെത്തും.’’
കോഴിക്കോടൻ ഹൽവയുടെ രുചി ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യവുമായി എത്തിയ ‘ഫുൽവ’ എന്ന സ്റ്റാർട്ട് അപ്പിന്റെ വിജയത്തെക്കുറിച്ച് ആ നാലു ചെറുപ്പക്കാർ സംസാരിച്ചു തുടങ്ങിയതിങ്ങനെ.
2023 സെപ്റ്റംബറിലാണ് ഷബാസ് എൻ. സി., ഇർഫാൻ സഫർ, തസ്‍രീഫ് അലി, സനു മുഹമ്മദ് എന്നീ ബാല്യകാല സുഹൃത്തുക്കൾ ഫുൽവ ആരംഭിക്കുന്നത്. അതിലേക്കു നയിച്ചത് ഷബാസ് നടത്തിയ കശ്മീർ യാത്രയാണെന്നു പറയുന്നു ഇർഫാൻ.
‘‘കശ്മീരിൽ ഷബാസ് പരിചയപ്പെട്ട ഹസ്സൻ ഭായ് അവനു ഭംഗിയായി അലങ്കരിച്ച ഒരു പെട്ടി സമ്മാനമായി നൽകി. ഡ്രൈ ഫ്രൂട്സും നട്സും കുങ്കുമപ്പൂവുമൊക്കെയായിരുന്നു ഉള്ളിൽ.
തിരികെ എന്തു നൽകുമെന്ന് ആലോചിച്ചു നിന്ന ചങ്ങായിയോട് ‘ഇനി വരുമ്പോൾ ഹൽവ കൊണ്ടു വരണം’ എന്നു ഭായി പറഞ്ഞു. ഇന്ത്യയുടെ അങ്ങേ അറ്റത്തിരുന്ന് ഒരാൾ ഏറെ ഇഷ്ടത്തോടെ കോഴിക്കോടൻ ഹൽവയെക്കുറിച്ചു സംസാരിക്കുന്നു എന്നത് ഓന് വലിയ സന്തോഷമായി. രണ്ടു വർഷത്തിനു ശേഷം, അടുത്ത യാത്രയ്ക്കായി ഒരുങ്ങുമ്പോൾ ഷബാസ് ആദ്യം പറഞ്ഞത് ഭായ്ക്ക് ഹൽവ വാങ്ങണമെന്നാണ്.’’
ഫുൾ ഹൽവ അഥവ ‘ഫുൽവ’
സാധാരണയായി കാണുന്നത് ‘ഹൽവ മല’യുടെ ഒരറ്റം മാത്രമാണെന്നു കൂട്ടുകാർ തിരിച്ചറിയുന്നത് ഹൽവ വാങ്ങുന്നതിനായി മിഠായി തെരുവിലെത്തിയപ്പോഴാണ്.
‘‘അറുപതിൽപ്പരം രുചികളിലുള്ള ഹൽവ അവിടെയുണ്ട്. എരിവും പുളിയും ചേർന്നു വരുന്ന ഗ്രീൻ ചില്ലി ഹൽവ അന്നാദ്യമായി ഞാൻ കഴിച്ചു. സംഗതി എല്ലാം ടോപ്പ് ആണ്.’’ ഇർഫാൻ തുടർന്നു. പക്ഷേ, പായ്ക്കിങ് അത്ര പോരായിരുന്നു. പ്രത്യേകിച്ച് ഇത്ര ദൂരം യാത്ര ചെയ്ത് കൊണ്ടു പോകേണ്ടതാണല്ലോ. നല്ല പാക്കിങ്ങിൽ ഹൽവ മാർക്കറ്റ് ചെയ്താലോ എന്ന സ്പാർക് കിട്ടിയത് അവിടെ നിന്നാണ്.
1,20,000 രൂപയുമായി ഫുൽവ എന്ന സ്വപ്നത്തിലേക്കു നടക്കുമ്പോൾ നിശ്ചയദാർഢ്യം മാത്രമാണ് ഈ ചെറുപ്പക്കാർക്കു കൈമുതലായുണ്ടായിരുന്നത്. ദുബായിലേക്കു പോകാനുള്ള വീസ പടിവാതിൽക്കലെത്തി നിൽക്കുമ്പോഴായിരുന്നു തെഷ്‍ലീഫ് കൂട്ടുകാർക്കൊപ്പം കൂടുന്നത്.
വിവിധ ഫ്ലേവറുകളിലുള്ള ‘ഹൽവപ്പെട്ടികൾ’ കണ്ടാൽ നാവിൽ കപ്പലോടണം എന്നു ഞങ്ങൾക്കു നിർബന്ധമായിരുന്നു. കറുത്ത ഹൽവ, പച്ച ഹൽവ, ഗോതമ്പ് ഹൽവ എന്നിവയ്ക്കു പുറമേ ഡ്രൈ ഫ്രൂട്ട്സ് ഹൽവ, ഗ്രീൻ ചില്ലി ഹൽവ ഉൾപ്പെടെ 24 രുചികൾ ഉൾപ്പെടുത്തി ആദ്യ ബോക്സ് തയാറാക്കി.
‘ഫുൾ ഹൽവ’ എന്നർഥം വരുന്ന ഫുൽവ ഞങ്ങളുടെ ബ്രാൻഡിന്റെ പേരായി.’’ ഇർഫാന്റെ വാക്കുകളിലെ ആവേശം കൂട്ടുകാരിലേക്കും പടർന്നു.
ഒരു ഫ്ളേവർ മാത്രമുള്ള ബോക്സ് മുതൽ 24 വ്യത്യസ്ത ഫ്ളേവറുകളുള്ള ബോക്സ് വരെ ഫുൽവയിൽ ലഭ്യമാണ്. 199 രൂപ മുതൽ മുകളിലേക്കാണ് വില വരുന്നത്. 24 ഫ്ളേവറുകളുള്ള ബോക്സിന് ഏകദേശം രണ്ടു കിലോഗ്രാമോളം ഭാരം വരും. കസ്റ്റമൈസ്ഡ് ബോക്സുകളും ഫുൽവയിൽ ലഭ്യമാണ്.
ഹൽവ അമേരിക്കയിലേക്ക്
‘‘ ക്രിസ്മസ് കാലത്ത് ഒരു ദിവസം യുഎസിൽ നിന്ന് ഫുൽവയിലേക്ക് ഒരു ഫോൺ കോൾ എത്തി. വിളിക്കുന്നയാൾ മലയാളിയാണ്. അമേരിക്കയിലെ പള്ളിയിൽ ക്രിസ്മസ് വിരുന്നിന് സമ്മാനിക്കാൻ ഫുൽവയുടെ ഗിഫ്റ്റ് ബോക്സുകൾ വേണമെന്നാണ് ആവശ്യം. ക്രിസ്മസിന് കേക്ക് അല്ലേ പതിവ് എന്ന് സംസാരത്തിനിടെ ചോദിച്ചു.
‘നമ്മുടെ നാടിന്റെ രുചി എല്ലാവരും അറിയട്ടെ ചങ്ങായി’ എന്ന മറുപടി ഓർക്കുമ്പോൾ ഇന്നും ആവേശമാണ്. ആഗ്രഹിച്ച തലങ്ങളിലേക്ക് ഫുൽവ വളരുന്നതിന്റെ ആദ്യ മധുരം അന്നറിഞ്ഞു.
ഹൽവയും ഷാർക്കും
ഒരു കോർപറേറ്റ് ഗിഫ്റ്റ് ഹാംപറിലൂടെയാണ് ഫുൽവയെക്കുറിച്ച് ടെക് കമ്പനിയായ ബോട്ടിന്റെ സ്ഥാപകനും നിക്ഷേപകനുമായ അമാൻ ഗുപ്ത അറിയുന്നത്. നമ്മുടെ ഗുണമേന്മയും പാക്കിങുമെല്ലാം ഇഷ്ടമായ അദ്ദേഹം ഫുൽവയിൽ നിക്ഷേപിക്കാനുള്ള താത്പര്യം അറിയിച്ചപ്പോൾ എല്ലാവരും അമ്പരന്നു. അതിനൊരു കാരണമുണ്ട്.
ഷാർക് ടാങ്ക് ഇന്ത്യയുടെ അവസാനഘട്ട ഓഡിഷൻ വരെ എത്തിയെങ്കിലും ഭാഷ വില്ലനായി. അമാൻ ഗുപ്തയെ നേരിൽ കാണുക എന്ന സ്വപ്നം കൈവിട്ടു പോയതിന്റെ സങ്കടത്തിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നിക്ഷേപം ഫുൽവയിലേക്ക് എത്തുന്നത്.
നോമ്പുകാലത്ത് അവതരിപ്പിച്ച ‘എംപവർ ബൈ ഫുൽവ’ ഇഫ്താർ കിറ്റും മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാൻ സാധിച്ചതും വഴിത്തിരിവായി.
ഇലക്‌ഷൻ കമ്മിഷനൊപ്പം ചേർന്നു കന്നിവോട്ടർമാർക്ക് ഹൽവ നൽകി ‘വോട്ട് സ്വീറ്റെൻഡ് കേരള’ ക്യാംപെയിന്റെ ഭാഗമാകാനുള്ള അവസരവും ഫുൽവയ്ക്കു ലഭിച്ചു.’’ ഷബാസിന്റെ വാക്കുകളിൽ വിജയത്തിന്റെ ഹൽവ മധുരം.
ലക്ഷത്തിൽ ആരംഭിച്ച ഫുൽവയുടെ യാത്ര ഇന്നെത്തി നിൽക്കുന്നത് 40 കോടി എന്ന വിജയസംഖ്യയിലാണ്. ബിസിനസ് വളരുന്നതിനൊപ്പം പുതിയ രുചികൾ ഹൽവ പ്രിയരിലേക്ക് എത്തിക്കാനുള്ള തയാറെടുപ്പിലാണ് ഫുൽവയിപ്പോൾ.