‘‘1984ൽ, കോഴിക്കോട് പിഎഫ് ഓഫിസിലെ സഹപ്രവർത്തകർക്കൊപ്പമായിരുന്നു ആദ്യ ഹിമാലയ യാത്ര. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നും അക്കാലത്തില്ല.’’ പ്രേംകുമാർ ആ പഴയ കാലം ഓർത്തെടുത്തു.
‘‘റാംബറയിൽ നിന്നു കുത്തനെയുള്ള കയറ്റം കയറിയാണു കേദാർനാഥിൽ എത്തേണ്ടത്. നടന്നു പോകുമ്പോളതാ ഒരരുവി. കണ്ടപാടെ ഞങ്ങൾ ചാടി.’’ ഹിമാലയത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ യാത്രയെക്കുറിച്ചു സംസാരിക്കുമ്പോൾ പ്രേം കുമാർ എന്ന അറുപത്തിനാലുകാരന്റെ വാക്കുകളിൽ ആവേശം നിറഞ്ഞു. കോഴിക്കോട് ചേവരമ്പലത്തെ വീടിന്റെ വരാന്തയിലിരുന്നു പർവതങ്ങളുടെ പ്രിയ തോഴൻ സംസാരിച്ചു തുടങ്ങി.
‘‘ തുടക്കം നന്നായെങ്കിലും അധികം വൈകാതെ അപകടം മണത്തു. മരവിപ്പ് എന്നു പറഞ്ഞാൽ കുറഞ്ഞുപോകും. തിരികെ കയറുമ്പോഴേക്കും നാട്ടുകാർ കാത്തു നിൽക്കുകയാണ്, ശകാരിക്കാൻ. ‘മരിക്കാൻ ഇവിടെ വരെ വരണോ?’ എന്നു നാട്ടുകാരിലൊരാൾ ചോദിച്ചു. ആദ്യമതു തമാശയായി തോന്നിയെങ്കിലും പെട്ടെന്നു ശരീരമാകെ തണുത്തുറഞ്ഞു. പിന്നെ, കയ്യിലുള്ള വസ്ത്രങ്ങൾ മുഴുവൻ ഒന്നിനുമുകളിൽ ഒന്നായ് അണിഞ്ഞു മൂന്നു മണിക്കൂറോളം കമ്പിളിക്കുള്ളിൽ കിടക്കേണ്ടിവന്നു ശരീരം നോർമൽ ആകാൻ.’’ പ്രേംകുമാർ പറഞ്ഞു.
2020ൽ യുണൈറ്റഡ് ഇന്ത്യ ജനറൽ ഇൻഷുറൻസിൽ നിന്നു വിരമിച്ചതോടെ യാത്രകൾക്കായി കൂടുതൽ സമയം മാറ്റി വയ്ക്കാനാകുന്നതിന്റെ സന്തോഷത്തിലാണു പ്രേംകുമാർ. ജീവിതത്തിൽ നമ്മെ മുന്നോട്ടു കൊണ്ടുപോകുന്ന എന്തെങ്കിലും വേണം. മലകയറുമ്പോഴും ഇറങ്ങുമ്പോഴും അനുഭവപ്പെടുന്ന പവറാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.
നാഗാലാൻഡിലെ സൂക്കോ മലനിരകളും അരുണാചലിലെ ഷെർഗാവും നിശ്ചയമായും കാണണം. സ്പെയിനിലെ ഗ്രാൻ കനാറിയ ദ്വീപ് മാജിക്കലാണ്. ഫ്രാൻസ്, സ്കോട്‍ലൻഡ്, സ്വീഡൻ, ഹംഗറി, ജർമനി, ഇറ്റലി,ചെക് റിപ്പബ്ലിക്, സ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ മല കയറിയിട്ടുമുണ്ട്. നോർവേയിലെ പ്രക്കിസ്‌റ്റോളനും പ്രാഗും ബുഡാപെസ്റ്റും ഈജിപ്തും റീഗയും പോളണ്ടുമെല്ലാം മനസ്സിൽ ഇടംപിടിച്ച ഇടങ്ങളാണ്. ഏകദേശം മുപ്പത്തിയഞ്ചോളം രാജ്യങ്ങൾ കണ്ടു.
ചരിത്രപ്രസിദ്ധമായ നഗരങ്ങളാണു മറ്റൊരു താത്പര്യം. മാർക്സ് ജനിച്ച ട്രയറും ലക്ഷക്കണക്കിനു ജീവനുകൾ പൊലിഞ്ഞ പോളണ്ടിലെ ഓഷ്‌വിറ്റ്സ് തടങ്കൽ പാളയവും ബാഴ്സലോണയിലെ കെട്ടിട സമുച്ചയങ്ങളുമെല്ലാം ഈ വിഭാഗത്തിൽപ്പെടും. ഓരോ യാത്രകഴിഞ്ഞു വരുമ്പോഴും ഞാനൊരു പുതിയ മനുഷ്യനാകും.
സഞ്ചാരപ്രിയർ, ഈ കുടുംബം
‘‘വിവാഹശേഷം ഭാര്യ വിദ്യയുമായി നേരെ പോയതു ഹിമാലയത്തിലേക്കാണ്. ആദ്യമായി മലകയറുന്നതിന്റെ ആവേശം കൊണ്ടാകണം വിദ്യ മല ഓടിക്കയറി. പെട്ടെന്നു വിദ്യക്ക് ഓക്സിജന്റെ കുറവ് അനുഭവപ്പെട്ടു. ഒരുപാട് അന്വേഷിച്ചെങ്കിലും ഒരു ആശുപത്രിയോ ഡോക്ടറെയോ കണ്ടെത്താനായില്ല.
ഒടുവിൽ ഒരു പ്രദേശവാസി നൽകിയ നാട്ടുമരുന്നു വിദ്യയെ രക്ഷിച്ചു. ആദ്യ യാത്രാനുഭവം അൽപം ടെൻഷൻ നിറഞ്ഞതായിരുന്നെങ്കിലും പിന്നീടുള്ള ഓരോ യാത്രകളും ഞങ്ങൾ ആസ്വദിച്ചു.’’ പ്രേം പറഞ്ഞു. തന്റെ മലകയറ്റശീലം മകൾ ഹവ്യയ്ക്കും കിട്ടിയിട്ടുണ്ടെന്നു പറയുമ്പോൾ പ്രേംകുമാറിന്റെ വാക്കുകളിൽ അഭിമാനം നിറയുന്നു.
‘‘പന്ത്രണ്ടാം വയസ്സിലാണു മകൾ ഹവ്യയുമായി സർപ്പാസ് ട്രെക്കിങ്ങിന് പോകുന്നത്. ചെങ്കുത്തായ കയറ്റമാണ്. 500 മീറ്റർ കയറാൻ രണ്ടു മണിക്കൂർ വേണം. ട്രെക്കിങ് തുടങ്ങി അധികം വൈകുന്നതിനു മുൻപേ ഞങ്ങൾ തളർന്നു. പക്ഷേ, ഹവ്യ വളരെ കൂളായി മുന്നോട്ടു നടന്നു. ധാരാളം ആളുകൾ വരുന്ന സ്ഥലമാണ്.
പെട്ടെന്നു മകളെ കാണാതായി. ആരോടു ചോദിക്കാനാകും. മുന്നോട്ടു നടന്നപ്പോൾ മലയുടെ അങ്ങേയറ്റത്തു നിന്നു ഞങ്ങളെ നോക്കി കൈവീശുന്ന ഹവ്യയെ കണ്ടു. അന്നു ഞാൻ വിദ്യയോടു പറഞ്ഞു ഇവളും എന്നേപ്പോലെ മലകയറുമെന്ന്. അതു സത്യമായി. ഹവ്യ ജർമനിയിലെ കോട്ടെക്സ് ടെക്സ്ട്രണിൽ എൻജിനീയറിങ് മാനേജരാണ്. ട്രെക്കിങ്ങാണ് ഇഷ്ട വിനോദം. വിദ്യ ഇപ്പോൾ ജനീവ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപികയാണ്.
സൗഹൃദങ്ങളുടെ ‘കൗച്ച്’
യാത്ര ചെയ്യാൻ എത്ര രൂപ വേണമെന്നു ചോദിച്ചാൽ ഞാൻ പറയും, ധാരാളം പണം വേണ്ട മനസ്സു മാത്രം മതി. കാരണം എന്റെ യാത്രകൾ സുഖിക്കാനല്ല, മറിച്ച് അനുഭവിക്കാനുള്ളതാണ്. കൗച്ച് സർഫിങ് ആപ്പിലൂടെയാണ് യാത്രകളിൽ തങ്ങാനുള്ള ഇടങ്ങൾ കണ്ടെത്തുക. യാത്രകൾക്കിടയിൽ അപരിചിതരുടെ വീടുകളിൽ സൗജന്യമായി താമസിക്കുന്ന രീതിയാണ് കൗച്ച് സർഫിങ്. പണം ചെലവാക്കാതെ പുതിയ നാടുകൾ കാണാനും സൗഹൃദങ്ങൾ കണ്ടെത്താനും കൗച്ച് സർഫിങ് വഴിയൊരുക്കും.
സ്പെയിനിൽ എനിക്കൊരു സുഹൃത്തുണ്ട്, ക്ലൗഡ്. 79 വയസ്സുള്ള ‘ചെറുപ്പക്കാരൻ’. മലഗയിലെത്തിയാൽ അവർക്കൊപ്പമാണെന്റെ താമസം. അദ്ദേഹത്തിനൊപ്പം അത്തിപ്പഴ തോട്ടത്തിൽ പണിയെടുക്കാനും മതിലു കെട്ടാനും വീടു വൃത്തിയാക്കാനുമെല്ലാം ഒപ്പം കൂടും. ഹംഗറിയിൽ പരിചയപ്പെട്ട സൂസൻ നല്ല സുഹൃത്താണ്. അങ്ങനെ ലോകമെമ്പാടുമായി ഒരുപാട് സുഹൃത്തുക്കൾ.
എന്റെ വീടിന്റെ ഒരു മുറി ഞാൻ കൗച്ച് സർഫേഴ്സിനായി ഒഴിച്ചിട്ടിരിക്കുകയാണ്. ’’ പ്രേംകുമാർ പറയുന്നു.
അരുണാചൽ യാത്രയ്ക്കുള്ള ഒരുക്കത്തിലാണു ഇപ്പോ ൾ പ്രേംകുമാർ. മുറിയിൽ ബാഗൊക്കെ പായ്ക്ക് ചെയ്തു വച്ചിരിക്കുന്നു. പുറത്തു തകർത്തു പെയ്യുന്നുണ്ട്, മഴ.