എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു- കൃഷി ചെയ്തു ജീവിക്കാം.
കുട്ടിക്കാലത്തേ മണ്ണിന്റെ മനസ്സിൽ തൊട്ടവരാണു മരീനയും മരിയയും. ‘എയ്റ്റി കിഡ്സിന്റെ’ ഭാഷയിൽ പറഞ്ഞാൽ ‘മണ്ണപ്പം ചുട്ടു കളിക്കേണ്ട പ്രായത്തിലേ’ മണ്ണിൽ കപ്പയും വാഴയും കുരുമുളകും നട്ടവർ.
ഇടുക്കി കുഴിത്തൊളു കുഴിക്കണ്ടം വീട്ടിലുള്ളവരെല്ലാം ‘തനി ഇടുക്കിക്കാരാണ്’. മണ്ണിനോടു യുദ്ധം ചെയ്തു ജീവിതം നട്ടവർ. ഉരുൾപൊട്ടലും കാട്ടുപന്നിയും ദാരിദ്ര്യവും ഒക്കെ പേടിപ്പിച്ചപ്പോഴും മണ്ണിനെ വിശ്വസിച്ച് ആത്മവിശ്വാസത്തിന്റെ വേരുകളാഴ്ത്തി ജീവിതം മുളപൊട്ടുന്നതും കാത്തിരുന്നവർ.
മരീനയും മരിയയും പറഞ്ഞു തുടങ്ങിയത് അവരുടെ കഥയല്ല തലമുറകളുടെ കഥയാണ്-‘‘ കോട്ടയം അയർക്കുന്നത്തു നിന്നു കുടിയേറി വന്നവരാണ് പപ്പ വർഗീസ് ഏബ്രഹാമിന്റെയും അമ്മ ലിസി വര്‍ഗീസിന്റെയും കുടുംബങ്ങൾ. കാടിനോടു യുദ്ധം ചെയ്തു ജീവിതം തുടങ്ങിയവര്‍. മൃഗങ്ങൾ ഇറങ്ങുന്നതും കാടുതെളിച്ചു കൃഷി തുടങ്ങുന്നതും രോഗത്തിന്റെയും മൃഗങ്ങളുടെയും രൂപത്തിൽ മരണം മുന്നിലെത്തുന്നതും... അങ്ങനെ ഒരുപാടു വെല്ലുവിളികൾ നേരിട്ടാണു വല്യപ്പച്ചൻ ഉൾപ്പടെയുള്ളവർ കൃഷി തുടങ്ങിയത്’’ ഏലത്തോട്ടത്തിലൂടെ നടക്കുന്നതിനിടയിൽ പഴയ കാലത്തെക്കുറിച്ചു മരീന പറഞ്ഞു.
മൂന്നര ഏക്കറിൽ ഏലവും കുരുമുളകും ഗ്രാമ്പൂവും കാപ്പിയുമെല്ലാം മിടുക്കോടെ നിൽക്കുന്നു. എംഎസ്ഡബ്ല്യൂവിനു മരീനയ്ക്കു രണ്ടാം റാങ്കും മരിയയ്ക്ക് റാങ്കിനടുത്തു മാർക്കും ഉണ്ട്. പഠിക്കാൻ ഇത്രയും മിടുക്കികളാണ്. എന്നിട്ടും കൃഷിയിലേക്ക് എന്താണു തിരിഞ്ഞതെന്ന ചോദ്യം കേട്ടതും ‘അതെന്താ അങ്ങനെയൊരു ടോക്ക്’ എന്ന മട്ടിൽ മരിയ ചാടി വീണു, ‘‘ഈ ചിന്താഗതിയാണു മാറേണ്ടത്. കൃഷി അത്ര മോശം ജോലിയാണോ? മാന്യമായ പ്രതിഫലം കിട്ടുന്ന തൊഴിലാണ്. സമൂഹത്തിനു കൃഷിക്കാരെ ആവശ്യമുള്ള സമയമാണിത്.’’
കൃഷി മോശം ജോലിയാണോ?
ഈ ചോദ്യം പലരും ചോദിക്കാറുണ്ടെന്നു പറഞ്ഞു മരിയയുടെയും മരീനയുടെയും അമ്മ ലി സി മക്കൾക്കു കൃഷിയോടു താൽപര്യം തോന്നിത്തുടങ്ങിയ സാഹചര്യം പറഞ്ഞു തുടങ്ങി.
‘‘ഞങ്ങൾക്കു നാലു മക്കളാണ്. ഒരാണും മൂന്നു പെണ്ണും. മരിയയും മരീനയും ഇരട്ട സ ഹോദരികളാണ്. ഒരു പെൺകുട്ടി കൂടിയുണ്ട്– മായാ വർഗീസ്. അവൾക്ക് സെറിബ്രൽ പാള്‍സിയാണ്. വയ്യാത്ത മോളെ നോക്കാൻ വീട്ടിൽ ആളു വേണം. മരിയയും മരീനയും ഒരേ ക്ലാസിൽ ആയതുകൊണ്ട് ഗുണമുണ്ടായി– ഒരു ദിവസം മരീന സ്കൂളിൽ പോവും. മരിയ കുഞ്ഞിനെ നോക്കും. അടുത്ത ദിവസം മരിയ പോവും മരീന വീടു നോക്കും.
ഇവരുടെ കുട്ടിക്കാലത്ത് ഇപ്പോൾ കാണുന്ന വീടോ സൗകര്യങ്ങളോ ഒന്നുമില്ല. ഞങ്ങൾ രാവിലെ തോട്ടത്തിലേക്കു പോവും. അന്ന് ക പ്പയും നെല്ലുമാണു പ്രധാന കൃഷി. പിന്നെ, ആടുകളും പശുക്കളും ഉണ്ട്.
കുട്ടിക്കാലത്തേ മക്കൾ ഞങ്ങളുടെ കൂടെ ജോലിക്കിറങ്ങി. വാഴയ്ക്കു വെള്ളം കോരി, പാൽ കറന്നു. ചെറിയ കുട്ടികളാണെങ്കിലും ഇതെല്ലാം ചെയ്യും. അന്നും നാട്ടുകാർ ചോദിക്കും, പിള്ളേരെ ഇട്ടെന്തിനാണു പണിയിക്കുന്നത്? അന്നും ഇന്നും ഇവരിത് ആസ്വദിക്കുകയായിരുന്നു.’’
ഇടുക്കിയോടുള്ള ഇഷ്ടം
മരിയയും മരീനയും പഠിച്ചതു വീടിനടുത്തുള്ള സ്കൂളിലും കോളജിലുമാണ്. പഠനകാലത്തെക്കുറിച്ചു മരീന പറയുന്നു.‘‘കുമളിയിലെ സഹ്യജ്യോതി കോളജിൽ നിന്നു ഡിഗ്രി പാസായി. കട്ടപ്പനയിലെ ക്രൈസ്റ്റ് കോളജിൽ നിന്ന് എംഎസ്ഡബ്ല്യു എടുത്തു. രണ്ടു പേർക്കും നല്ല മാർക്കുണ്ട്. മാർക്ക് കിട്ടിയത് ‘വലിയ തെറ്റായിപ്പോയെന്ന്’ പിന്നെയാണു മനസ്സിലായത്– കൃഷി ചെയ്യാൻ തോട്ടത്തിലേക്ക് ഇ റങ്ങിയപ്പോൾ പലരുടെയും ചോദ്യം വന്നു– ഇത്രയും മാർക്കുള്ള കുട്ടികളെ എന്തിനാണു കൃഷി ചെയ്യാൻ വിടുന്നത്? ഇവരെ കല്യാണം കഴിപ്പിച്ചു വിടണം എന്ന് ഒരു വിഭാഗം. അടുത്ത ടീം ചോദിക്കുന്നത്, വിദേശത്തു പൊയ്ക്കൂടേ എന്നും.
നാട്ടിൽ നിന്നു വിട്ടു പോവാനുള്ള വിഷമം കൊണ്ട് ഇടുക്കിയിലെ കോളജുകളിൽ പഠിച്ച ഞങ്ങളോടാണു വിദേശത്തു പോവാൻ പറയുന്നത്. നിർബന്ധം സഹിക്കാതായപ്പോൾ െഎഇഎൽടിഎസിനു ചേർന്നു. കിട്ടില്ല എന്നു വിചാരിച്ചതാണ്. പക്ഷേ, പരീക്ഷയിൽ വിജയിച്ചു. നല്ല സ്കോറും ഉണ്ട്. എന്നിട്ടും കൃഷി തുടരാൻ തീരുമാനിച്ചു.
ഇടുക്കിയിൽ ഏലം ഉണ്ടായിരുന്നെങ്കിലും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്ന ബിസിനസ് ആയി മാറിയിട്ട് 10 വർഷമേ ആയുള്ളൂ. കോളജിൽ പഠിക്കുമ്പോഴും ഏലത്തിനു തടമൊരുക്കാനും പാകമാവുമ്പോൾ വിളവെടുക്കാനും ഒക്കെ ഞങ്ങളും കൂടും. അവധി ദിവസങ്ങളിൽ മുഴുവൻ സമയവും തോട്ടത്തിൽ തന്നെയാണ്. കോളജ് കഴിഞ്ഞപ്പോഴേയ്ക്കും ഇതാണു കരിയർ എന്നുറപ്പിച്ചു. കഴിഞ്ഞ വർഷം മുതൽ പുതുരീതിയിലേക്കു ഞങ്ങളൊന്നു മാറി.’’
‘‘ഏലയ്ക്കായും കാപ്പിയുമെല്ലാം മാർക്കറ്റിൽ കൊടുക്കുകയായിരുന്നു പതിവ്. അപ്പോഴാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള വിൽപന സാധ്യത തിരിച്ചറിഞ്ഞത്. അങ്ങനെ ഞാൻ ക്യാമറാ വുമൺ ആയി ക്യാമറയ്ക്ക് മുന്നിൽ നിന്ന് മരീന വിഡിയോകള്‍ ചെയ്തു തുടങ്ങി. അങ്ങനെയാണ് തനി ഇടുക്കിക്കാരി എന്ന പേജ് ആരംഭിക്കുന്നത്. ചേട്ടൻ മനു മാധ്യമപ്രവർത്തകനാണ്. ചേട്ടന്റെ ഭാര്യ മറീന മാത്യു ആണ് ‘തനി ഇടുക്കിക്കാരി’ എന്ന പേര് നിർദേശിക്കുന്നത്.
ഇടുക്കിയിൽ നിന്ന് എങ്ങോട്ടും പോവില്ലെന്ന് ആഗ്രഹിക്കുന്ന ഞങ്ങൾക്ക് ഇതിനപ്പുറം ഒരു ബ്രാൻഡ് നെയിം ഇല്ലല്ലോ...ഒരോ ദിവസവും കൃഷിയിടത്തിൽ ചെയ്യുന്ന കാര്യങ്ങളാണ് പ്രധാന കണ്ടന്റ്. വേനൽക്കാലത്തു മിസ്റ്റ് ഇടുന്നതിനെക്കുറിച്ചുള്ള (വാട്ടർ ഇറിഗേഷൻ) വിഡിയോ ആണ് ആദ്യം ചെയ്തത്. ഞങ്ങൾ വിചാരിച്ചതിനെക്കാൾ കൂടുതലാളുകൾ അതു കണ്ടു. അതോടെ ആത്മവിശ്വാസം ആയി. കൃഷിക്കു പുറമേ സോഷ്യൽ വർക്കിന്റെ ഭാഗമായി എസിഡിഎസ്ന്റെ കീഴിൽ കരുണാപുരം പഞ്ചായത്തിൽ താൽക്കാലിക ജോലിയും ചെയ്യുന്നുണ്ട്.’’ മരിയ പറയുന്നു.
ഇടുക്കിസ്വാദ് കടൽ കടന്നപ്പോൾ
ഇപ്പോൾ ഇവർ ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക്, കാപ്പിപ്പൊടി എന്നിവയാണ് ഒാൺലൈൻ വഴി വിതരണം ചെയ്യുന്നത്. കാപ്പിയുടെ മണം കടൽ കടന്നു പരന്നിട്ടുണ്ട്. വറത്തു പൊടിച്ച കാപ്പിപ്പൊടിക്കൊപ്പം സുഗന്ധദ്രവ്യങ്ങൾ ചേർത്ത് ഒരു രുചിക്കൂട്ടുണ്ട്. ഈ കൂട്ടാണ് തനി ഇടുക്കിക്കാരിയുടെ രഹസ്യം. ഇതു പറഞ്ഞ് തീർന്നതും മുന്നിലേക്ക് ആവി പരക്കുന്ന കട്ടൻകാപ്പിയെത്തി. ഗ്ലാസെടുത്ത് ചുണ്ടിനോടല്ല, മൂക്കിനോടാണ് ആദ്യം അടുപ്പിച്ചത്. കാപ്പിയുടെയും ഏലയ്ക്കയുടെയും ഗന്ധം മനസിലേക്ക് പറന്നു.
‘‘ഇൻസ്റ്റയിൽ വൈറലാകാൻ തുടങ്ങിയതോടെയാണു ഞങ്ങൾ ചെയ്യുന്നതിന് അംഗീകാരം കിട്ടിത്തുടങ്ങിയത്. ഇപ്പോൾ കോളജുകളിൽ ഉദ്ഘാടനങ്ങൾക്കും മോട്ടിവേഷനൽ ക്ലാസുകൾക്കും വിളിക്കാറുണ്ട്.
ഇനിയും സ്വപ്നങ്ങളുണ്ട്– ഹോൾസെയിൽ ബിസിനസിലേക്കു കടക്കണം, ഫാംടൂറിസം ഡെവലപ് ചെയ്യണം. റിസ്കും അതു പോലെ കൂടുതലാണ്. ഏലംകൃഷിക്കു കാലാവസ്ഥ പ്രധാനമാണ്. ഇടുക്കിയുടെ കാലവസ്ഥയിൽ വലിയ മാറ്റങ്ങൾ വരുന്നുണ്ട്. ഇത് വിളവിനെ ബാധിക്കും’’ മരിയയും മരീനയും വേരോട്ടമുള്ള സ്വപ്നങ്ങളെക്കുറിച്ചും ആശങ്കകളുടെ വേനൽക്കാലത്തെക്കുറിച്ചും പറയുന്നു.
കൃഷി ചെയ്യാൻ ആഗ്രഹമുണ്ടോ?
കൃഷി കരിയർ ആക്കാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരോടു തനി ഇടുക്കിക്കാരികൾക്കു പറയാനുള്ള അഞ്ചു കാര്യങ്ങൾ ഇതാ
1 ഒരാളുടെ ബിസിനസ് കണ്ടു ചാടിക്കയറി ആ കൃഷി തുടങ്ങാം എന്നു തീരുമാനിക്കരുത്. നിങ്ങളുടെ താൽപര്യത്തിനു മുൻഗണന നൽകണം. നിങ്ങളുടെ സന്തോഷം കൃഷിയാണോ എന്നു മനസ്സിലാക്കുക.
2. കൃഷിയെക്കുറിച്ചു പഠിച്ച ശേഷം മാത്രം ഇറങ്ങുക. നിങ്ങളുടെ മണ്ണ്, ജലലഭ്യത, കാലാവസ്ഥ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകണം. റിസ്കുകളെക്കുറിച്ചും തിരിച്ചറിയണം.
3. വരമ്പത്തിരുന്നു കാണേണ്ട ജോലിയല്ല കൃഷി. മ ണ്ണിലിറങ്ങണം. നിങ്ങളൊരു തൊഴിലാളിയായി മാറണം.
4. വിൽപനയുടെ സാധ്യതകൾ തിരിച്ചറിയണം. സോഷ്യൽമീഡിയയെ ടൂൾ ആക്കി മാറ്റണം.
ഫാം ടൂറിസം ഉൾപ്പടെയുള്ള കാര്യങ്ങൾ ആലോചിക്കാം. കൃഷിയെ മറ്റ് ബിസിനസുകളുമായി ചേർത്തു വികസിപ്പിക്കാം.
5. കാർഷിക വിളകൾക്ക് ഇൻഷുറൻസ് സംരക്ഷണം നിർബന്ധമായും ഉറപ്പുവരുത്തുക.