ADVERTISEMENT

ഇരുപതാം വയസ്സിലാണു നിഷയുടെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. കോട്ടയം ഏറ്റുമാനൂര്‍ അമ്പലത്തോടു ചേർന്നു തയ്യൽക്കട നടത്തുകയായിരുന്നു നിഷ അന്ന്.

‘‘ഒരു ദിവസം അമ്പലത്തിൽ തൊഴുതിറങ്ങുമ്പോൾ പ്രായമായൊരച്ഛൻ തീരെ അവശനായി വഴിയരികിൽ ഇരിക്കുന്നു. കാലാകെ പൊട്ടി വ്രണമായിട്ടുണ്ട്. മക്കൾ ഉപേക്ഷിച്ചതാണെന്നും കടവരാന്തയിലാണു രാത്രി കിടപ്പെന്നും സംസാരത്തിൽ നിന്നു മനസ്സിലായി. ഞാൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സ കഴിഞ്ഞിറങ്ങിയപ്പോൾ അച്ഛൻ പറഞ്ഞു, ‘മോളെ എനിക്കു വല്ലാതെ വിശക്കുന്നു’ എന്ന്. തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ഞാൻ അച്ഛന് ഭക്ഷണം വാങ്ങിക്കൊടുത്തു. ആശുപത്രി ചെലവുകൾ കഴിഞ്ഞു തിരികെ വീട്ടിലേക്കു പോകാൻ ബസ് ടിക്കറ്റിനുള്ള കാശ് പോലും എന്റെ കയ്യിലില്ല. 2008 ലാണ് ഈ സംഭവം നടക്കുന്നത്. ഇങ്ങനെയുള്ള അച്ഛനമ്മമാർക്കു സുരക്ഷിതമായി താമസിക്കാനൊരിടം വേണമെന്ന് എനിക്കു തോന്നി. പക്ഷേ, അന്നതിനൊരു വഴിയും കണ്ടില്ല.

ADVERTISEMENT

വർഷങ്ങൾ കടന്നുപോയി. 2015ൽ സ്നേഹക്കൂട് ട്രസ്റ്റ് രൂപീകരിച്ചു. 2017ൽ മാരിയമ്മ, പങ്കജാക്ഷിയമ്മ, മാധവിയമ്മ എന്നിവർ സ്നേഹക്കൂടണഞ്ഞു.’’ നിഷയുടെ ഓർമകൾ വർഷങ്ങൾ പലതു പിന്നോട്ടു മാറി.

ഒന്നിച്ചിരിക്കാനൊരിടം

ADVERTISEMENT

‘‘തുടക്കത്തിൽ ഞാനും പതിനഞ്ചിൽ താഴെ അമ്മമാരും മാത്രമാണുണ്ടായിരുന്നത്. മെല്ലെ ഞങ്ങൾ വളർന്നു. അധികം വൈകാതെ അച്ഛന്മാരും കൂടണഞ്ഞു. പലപ്പോഴായി മൂന്നു വാടക വീടുകൾ മാറി. താമസക്കാരുടെ എണ്ണം കൂടി വന്നതോടെ സ്വന്തമായൊരിടം എന്ന ആഗ്രഹം തീവ്രമായി. കോട്ടയം കൊല്ലാട് ബോട്ട് ജെട്ടിയിലെ 15 സെന്റ് സ്ഥലം കാണാന്‍ വരുമ്പോൾ ആയിരം രൂപപോലും കയ്യിൽ ഇല്ലായിരുന്നു. ദൈവാനുഗ്രഹവും സുമനസ്സുകളുടെ സഹായവും തുണച്ചതോടെ രണ്ടു മാസത്തിനുള്ളിൽ മുഴുവൻ തുകയും നൽകി ഭൂമി സ്വന്തമാക്കി. കെട്ടിട നിർമാണത്തിനാവശ്യമായ തുക കണ്ടെത്തിയത് സ്ക്വയർ ഫീറ്റ് ചാലഞ്ചിലൂടെയാണ്.

സുഹൃത്തുക്കളായ സന്തോഷ് ചേട്ടനും ഗീത ചേച്ചിയും വിജയൻ ചേട്ടനും ഒപ്പം നിന്നു. ഗീത ചേച്ചിയുടെയും വിജയൻ ചേട്ടന്റെയും അച്ഛനമ്മാരുടെ ഓർമയ്ക്കായി നിർമിച്ചതാണ് മൂന്നാം നിലയും ഓഡിറ്റോറിയവും. എൽഐസിയുടെ സിഎസ്ആർ ഫണ്ടും തുണയായി. അഭയമന്ദിരത്തോടു ചേർന്നു വാങ്ങിയ 25 സെന്റിൽ അച്ഛനമ്മമാർക്കു വേണ്ടിയുള്ള വീടൊരുങ്ങുകയാണ്. ‘‘കുറച്ചു നാളുകൾക്കു മുൻപു മുണ്ടക്കയത്തു നിന്നു കിടപ്പുരോഗിയായ ചേച്ചിയെ സ്നേഹക്കൂട്ടിലേക്കു കൂട്ടുമ്പോൾ ഞാൻ ചോദിച്ചു, ‘നമ്മൾ എവിടേക്കാ പോകുന്നതെന്നറിയാമോ?’ മറ്റൊന്നും ചിന്തിക്കാതെ അവർ പറഞ്ഞു ‘നമ്മുടെ വീട്ടിലേക്ക്’. ഇത്തരം സന്തോഷങ്ങളിലാണു കഴിഞ്ഞ 11 വർഷമായി ഞാൻ ജീവിക്കുന്നത്.’’ നിഷയുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു.

snehakood1
ADVERTISEMENT

മനസ്സുടഞ്ഞ നിമിഷങ്ങൾ

മാതാപിതാക്കളെ ഉപേക്ഷിക്കുമ്പോൾ മക്കൾ അറിഞ്ഞിട്ടില്ലാത്ത വേദന താൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നു പറയുമ്പോൾ നിഷയുടെ വാക്കുകൾ ഇടറി.

‘‘കുറച്ചു നാളുകൾക്കു മുൻപു ഞാൻ തീർത്തും കിടപ്പിലായി. വേദനയേക്കാൾ ആശുപത്രിക്കിടക്കയിൽ എന്നെ അലട്ടിയത് എന്റെ അച്ഛനമ്മമാർക്കിനി ആരുണ്ട് എന്ന ചിന്തയാണ്. സ്നേഹക്കൂട് ആദ്യമായി പട്ടിണിയറിഞ്ഞ ദിനങ്ങൾ കൂടിയായിരുന്നു അത്. അച്ഛനമ്മമാരെ മറ്റേതെങ്കിലും സ്ഥാപനങ്ങളിലേക്കു മാറ്റിയാലോ എന്നു ചിന്തിച്ചു.

ഒടുവിലത്തെ പ്രതീക്ഷ എന്ന നിലയ്ക്ക് ഫെയ്സ്ബുക്കിൽ ‘ഒരു ചാക്ക് അരി തരാമോ’ എന്നു പോസ്റ്റിട്ടു. മണിക്കൂറുകൾക്കുള്ളിൽ സ്നേഹക്കൂട്ടിൽ അരിയും പച്ചക്കറിയുമെല്ലാം എത്തി. അത്രത്തോളം സ്നേഹം അച്ഛനമ്മമാർക്കു കിട്ടുന്നു. പലരും സ്നേഹക്കൂടിനെ അനാഥാലയമെന്നു വിളിക്കുമ്പോൾ സങ്കടം തോന്നും. എനിക്കിതു ധാരാളം അച്ഛനമ്മമാരുള്ള തറവാടാണ്.

അച്ഛനമ്മമാരുടെ സന്തോഷത്തിനുവേണ്ടിയാണ് റീലുകൾ ചെയ്തു തുടങ്ങിയത്. എത്ര പ്രയാസമുള്ള സ്ക്രിപ്റ്റും ഇവർ ഗംഭീരമാക്കും. ഡയലോഗുകൾ പഠിച്ചും കഥാപാത്രങ്ങളുടെ ചലനങ്ങൾ ശ്രദ്ധിച്ചും റീൽ മികച്ചതാക്കാൻ മത്സരമാണ്. മോഹൻലാലും സന്തോഷ് പണ്ഡിറ്റും സലിംകുമാറുമൊക്കെയാകാൻ രഘുവച്ഛനു നിമിഷങ്ങൾ മതി. വർഗീസ് അച്ഛനും അന്നാമ്മച്ചിയും ചെയ്ത അഴകിയ രാവണൻ റീൽ കണ്ടു സംവിധായകൻ കമൽ സർ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. ’’ നിഷയുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.

എന്റെ അച്ഛൻ കെ. ആർ. സോമൻ കെഎസ്ആർടിസി ജീവനക്കാരനായിരുന്നു. തളർന്നിരിക്കുന്നവരെ ചേർത്തു പിടിക്കാൻ വലിയ ചെലവൊന്നുമില്ലെന്നു പഠിപ്പിച്ചത് അച്ഛനാണ്. എന്നെ വിട്ടുപോയെങ്കിലും മറ്റൊരു ലോകത്തിരുന്ന് അച്ഛൻ സന്തോഷിക്കുന്നുണ്ടാകും. ഈ അമ്മമാർക്കൊപ്പം എന്നെ കാണുന്നത് എന്റെ അമ്മ വൽസമ്മയ്ക്കും സന്തോഷമാണ്. സ്നേഹക്കൂടിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി ഭർത്താവ് അനുരാജും ചേച്ചി ആശയും ഒപ്പമുള്ളതും ധൈര്യമാണ്. തയ്യൽ എനിക്ക് ഏറെ താൽപര്യമുള്ള ജോലിയാണ്. ആ ഇഷ്ടമാണ് നിഷാനു ഡിസൈൻസ് എന്ന ബുട്ടീക് ആയി മാറിയത്.’’ നിഷ ചിരിയോടെ പറയുന്നു.

nishaaa

എല്ലാ അച്ഛനമ്മമാരുടെയും മകൾ

നിങ്ങൾക്ക് ഒരച്ഛനും ഒരമ്മയും അല്ലേ ഉള്ളൂ... ഞാൻ 149 പേരുടെ മകളാണ് എന്നു പറയുമ്പോൾ നിഷ ഉള്ളുകൊണ്ടൊരു കുട്ടിയായി മാറുന്നു.

‘‘സ്വന്തം മക്കളുടെ മർദനവും ശകാരവുമെല്ലാം ഏറ്റുവാങ്ങി ഇവിടെയെത്തുന്നവർ ഭൂമിയിൽ നിന്നു വിടവാങ്ങുന്നത് എനിക്കൊരു മകളുണ്ടെന്ന സന്തോഷത്തിലാണ്. സ്നേഹക്കൂട്ടിൽ വച്ച് വേർപിരിഞ്ഞു പോയ എല്ലാവരെയും അവരുടെ വിശ്വാസപ്രകാരം യാത്രയാക്കി.

സ്വന്തം മകളായി നിന്നു കർമങ്ങൾ ചെയ്യണമെന്ന് ചിലർ പറഞ്ഞിരുന്നു. ഞാൻ ആ വാക്കു പാലിച്ചു. 38 അച്ഛനമ്മമാരുടെ ചിതയ്ക്കു ഞാൻ തീ കൊളുത്തി. ’’ നിഷയുടെ സ്വരം ഇടറിയപ്പോൾ അനുരാജ് ചേർത്തു പിടിച്ചു.

‘‘ചില മക്കൾ തെറ്റു മനസ്സിലാക്കിയും മറ്റു ചിലർ നാണക്കേടോർത്തും മാതാപിതാക്കളെ തിരികെ കൊണ്ടുപോകും. മടങ്ങിപ്പോകുന്ന അച്ഛനമ്മമാർ സുരക്ഷിതരാണോ എന്നു ഞങ്ങൾ അന്വേഷിച്ചറിയും. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്നു തോന്നിയാൽ ഒപ്പം കൂട്ടും.’’ അനുരാജ് പറഞ്ഞു.

‘‘അച്ഛനമ്മമാർക്കുവേണ്ടി ഒരു ഡയാലിസിസ് യൂണിറ്റും പാലിയേറ്റീവ് സെന്ററും ആരംഭിക്കണമെന്ന ആഗ്രഹത്തിലാണിപ്പോൾ. എത്രയും വേഗം സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’ നിഷയുടെ മുഖം തെളിഞ്ഞു.

ADVERTISEMENT