‘‘കടൽ ഞങ്ങൾക്കു പേടിയായിരുന്നു. വല്ലപ്പോഴും മാത്രമേ കടൽ കാണാൻ അവസരം കിട്ടിയിരുന്നുള്ളൂ. ഇരമ്പിയാർക്കുന്ന തിരകളെയും കാലടിയിൽ നിന്നു മണ്ണൂർത്തി വീഴ്ത്താൻ നോക്കുന്ന കടലിനെയും പേടിയോടെ നോക്കി നിൽക്കും. കഴിവതും തിരയെത്തൊടാതെ കടൽ കണ്ടു മടങ്ങുകയായിരുന്നു പതിവ്.’’
ഇങ്ങനെയായിരുന്ന പെൺകുട്ടി പിന്നീടു കടലിൽ നിന്നും കയറാതെയായി. കടലാഴങ്ങൾ അവൾക്കു കഥയല്ലാതായി. വെള്ളത്തിൽ അൽപനേരം മുങ്ങിക്കിടന്നില്ലെങ്കിൽ മനസ്സിനൊരു വല്ലായ്ക വരുമെന്ന നിലയായി. ഇന്ത്യയിലെ ആദ്യ വാണിജ്യ ആഴക്കടൽ മുങ്ങൽ വിദഗ്ധയാണിന്നു കടലില്ലാത്ത പാലക്കാടു നിന്നുള്ള അതുല്യ കെ. വി.
പുരുഷന്മാരുടെ കടലിലേക്ക്
പുരുഷന്മാർ മാത്രം ജോലി ചെയ്യുന്ന മേഖലകളിലൊന്നാണ് ഡീപ് സീ ഡൈവിങ്.
ജോലി കഠിനമാണ് എന്നതു ത ന്നെയാണ് ഈ മേഖലയെ ആണുങ്ങളുടെ കുത്തകയാക്കിയത്. കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് എണ്ണ വാതക പ്ലാറ്റ്ഫോമുകളുടെ അറ്റകുറ്റപ്പണികൾ നിർവഹിക്കുക, അണ്ടർവാട്ടർ വെൽഡിങ്, പാലങ്ങൾ, തുറമുഖങ്ങൾ, അണക്കെട്ടുകൾ എന്നിവയുടെ അടിത്തട്ട് പരിശോധന, കൂറ്റൻ കപ്പലുകളുടെ അടിയിലെ പ്രൊപ്പല്ലറുകൾ (കപ്പലിനെ മുന്നോട്ട് നീങ്ങാൻ സഹായിക്കുന്ന ഫാൻ) ഇന്ധന പൈപ്പുകൾ എന്നിവയുടെ നിരീക്ഷണം – അറ്റകുറ്റപ്പണികൾ, തുടങ്ങിയവയാണ് കൊമേഴ്സ്യൽ ഡൈവർ ചെയ്യേണ്ട ജോലികൾ. ജോലിക്ക് വേണ്ടതായ അനുബന്ധ വിഷയങ്ങളുടെ പഠനവും ഡൈവിങ് പഠനത്തിൽ അടങ്ങിയിരിക്കും.
‘‘കുട്ടിക്കാലത്തു സ്കൂളിലെ കായികമത്സരങ്ങളിൽ ആ വേശത്തോടെ പങ്കെടുക്കുമായിരുന്നു. അച്ഛൻ മണികണ്ഠനും അമ്മ ലീനയും ചേച്ചി ആതിരയും അനുജൻ അ ശ്വിൻ ദേവും സ്പോർട്സ് കമ്പക്കാരാണ്. സ്കൂൾ വിട്ടു വ ന്നാൽ നാട്ടിലെ തോട്ടിലും കുളത്തിലുമൊക്കെ നീന്തുകയായിരുന്നു പ്രധാന കളി. തിരുവനന്തപുരം ജില്ലയിലെ കോവളത്തെ ഡൈവിങ് സ്കൂളിൽ ആദ്യ സ്വിമ്മിങ് ടെസ്റ്റ് കഴിഞ്ഞപ്പോൾ അധികൃതർ ചിരിച്ചു. മുങ്ങാതെ അക്കരയെത്തുക എന്ന ലക്ഷ്യം മാത്രമല്ലേ നമുക്കുള്ളൂ. ശാസ്ത്രീയമായ നീന്തൽ പരിശീലനത്തിലൂടെയല്ലല്ലോ ഞാൻ നീന്തൽ പഠിച്ചത്. അങ്ങനെ നീന്താനേ അറിയാമായിരുന്നുള്ളു.
പഠിക്കാൻ ഒട്ടും പിന്നിലായിരുന്നില്ല, അതുകൊണ്ട് സിവിൽ സർവീസ് അല്ലെങ്കിൽ പൊലീസ് ആയിരുന്നു ലക്ഷ്യം. തൃശൂർ സെന്റ് മേരീസിൽ ബിരുദത്തിനു പഠിക്കുമ്പോൾ അധ്യാപിക പറഞ്ഞാണു പുരുഷന്മാർ മാത്രമുള്ള ഡൈവി ങ് മേഖലയെക്കുറിച്ച് അറിയുന്നത്. ആ വാക്കുകൾ മനസ്സി ൽ ഉടക്കി. ‘എന്തുകൊണ്ട് പെൺകുട്ടികൾക്ക് ഇതു ചെയ്തുകൂടാ ?’ എന്ന തോന്നലായി. കോവളത്തുള്ള ‘ബോണ്ട് സഫാരി’ ഡൈവിങ് സെന്റർ ആണ് കേരളത്തിലെ മികച്ച കേന്ദ്രം എന്നതിനാൽ അങ്ങോട്ടു വിളിച്ച് ആവശ്യം പറഞ്ഞു. അവർ ‘പെൺകുട്ടികൾക്ക് പറ്റില്ല’ എന്നൊന്നും പറഞ്ഞില്ല. അവിടത്തെ ആദ്യ വനിതാ വിദ്യാർഥി ആയിരുന്നു ഞാൻ. ’’
ദക്ഷിണാഫ്രിക്കയിലേക്കൊരു മുങ്ങൽ
‘‘ സ്കൂബാ ഡൈവിങ് പഠിച്ച ശേഷം കൊച്ചിയിൽ ‘അക്വാലിയ’ എന്ന കമ്പനിയിൽ ജോലി ചെയ്യവേ സൗത്ത് ആഫ്രിക്കയിലെ ‘ജാക്ക് ഡൈവ് ചെസ്റ്റ് ഡൈവിങ് സ്കൂൾ’ ഉടമകളായ ദമ്പതികളെ പരിചയപ്പെടാനിടയായി. അവരെന്നെ ഡീപ്പ് സീ ഡൈവിങ് പഠിക്കാൻ ക്ഷണിച്ചു.
താൽപര്യമുണ്ടായിരുന്നെങ്കിലും 12 ലക്ഷത്തോളം പഠനച്ചെലവു വരുമെന്നതിനാൽ ‘പിന്നീടാകാം’ എന്നു പറഞ്ഞു. അപ്പോഴാണ് അവർ സ്പോൺസർ ചെയ്യാനുദ്ദേശിക്കുന്നു എന്നറിയുന്നത്. ട്രെയിനിങ് തന്നെ സാലറിയോട് കൂടിയായിരുന്നു. അവിടെ നിന്നാണു കൊമേഴ്സ്യൽ ഡൈവിങ് ലൈസൻസ് നേടി ഇന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ കൊമേഴ്സ്യൽ ഡൈവർ ആകുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജാക്ക് ഡൈവ് ചെസ്റ്റ് കമ്പനിയി ലാണിപ്പോൾ ജോലി ചെയ്യുന്നത്. പഠനം സ്പോൺസർ ചെയ്ത ദമ്പതികൾ എനിക്ക് അച്ഛനെയും അമ്മയെയും പോലെയാണ്. കേരളത്തിലും ദക്ഷിണാഫ്രിക്കയിലും കുടുംബമുള്ളതുപോലെയാണിപ്പോൾ. എന്റെ നീളം കുറഞ്ഞ മുടി ഹെയർ എക്സ്റ്റൻഷൻ ഉപയോഗിച്ച് സൗത്ത് ആഫ്രിക്കൻ സ്റ്റൈലിലേക്ക് മാറ്റിയത് ആ രാജ്യത്തോടുള്ള സ്നേഹം കൂടി കൊണ്ടാണ്. മുടി നീളം കുറവുള്ള ദക്ഷിണാഫ്രിക്കക്കാരുടെ സ്റ്റൈലിങ് മാർഗമാണ് പിന്നിയിട്ട ഈ മുടി. ’’
ആഴക്കടലിന്റെ മടിത്തട്ടിൽ
‘‘18 കിലോമീറ്റർ ആഴത്തിലേക്ക് ഡൈവ് ചെയ്യാനുള്ള ഓ പ്പൺ വാട്ടർ, 30 മീറ്റർ പോകാനുള്ള അഡ്വാൻസ്ഡ് ഓപ്പൺ വാട്ടർ, വാട്ടർ ആക്റ്റിവിറ്റികൾക്കിടയിൽ അപകടത്തിലാകുന്നവരെ രക്ഷിക്കാനുള്ള എമർജൻസി ഫസ്റ്റ് റെസ്പോൺസ് (EFR), സാധാരണ അപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനുള്ള റെസ്ക്യൂ, 40 മീറ്ററിലധികം പോകുന്നതിനായുള്ള ഡൈവ് മാസ്റ്റർ എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലായാണു പഠനം. ഇതിലെല്ലാം കഴിവു തെളിയിക്കുമ്പോഴാണ് പ്രഫഷനൽ ലൈസൻസ് ലഭിക്കുക. മൂന്നു മാസമാണു പഠനകാലം. 18 വയസ്സു തികഞ്ഞിരിക്കണം, നന്നായി നീന്താനറിയണം എന്നിവ മാത്രമാണ് കോഴ്സ് പഠിക്കാനുള്ള യോഗ്യത. പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലിയും മികച്ച സാലറിയും ലഭിക്കും.
പരീക്ഷയിൽ തോറ്റതിന് ആത്മഹത്യ ചെയ്യുന്ന കുട്ടികളെക്കുറിച്ച് കേൾക്കുമ്പോൾ ഞാനോർക്കും, ‘അക്കാദമിക് സർട്ടിഫിക്കറ്റും നല്ല മാർക്കും വേണ്ടാത്ത നല്ല കരിയറുകളും ലോകത്തുണ്ടെന്ന് ആ കുട്ടികൾക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ...’ പഠനശേഷം മൂന്നാം ദിവസം ഞാൻ ആൻഡമാനിൽ ജോലിക്കു കയറി. പിന്നീടാണ് കൊച്ചിയിലെത്തുന്നത്.
ഡീപ്പ് ഡൈവിങ് സർട്ടിഫിക്കേഷൻ നൽകുന്നത് പ്രഫഷനൽ അസോസിയേഷൻ ഓഫ് ഡൈവിങ് ഇൻസ്ട്രക്റ്റേഴ്സ് (PADI) എന്ന ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ്. അവരുടെ ബ്രാഞ്ചുകളാണ് ലോകത്തു പലയിടത്തും പ്രവർത്തിക്കുന്ന ഡൈവിങ് സെന്ററുകൾ.
സ്കൂബാ ഡൈവിങ്, കൊമേഴ്സ്യൽ ഡൈവിങ് എന്നിങ്ങനെ രണ്ട് വിധത്തിലുള്ള സർട്ടിഫിക്കേഷനുകളുണ്ട്. സ്കൂബ ഡൈവിങ് സാഹസിക വിനോദപ്രവർത്തനമാണ്. കൊമേഴ്സ്യൽ ഡൈവിങ് വെള്ളത്തിനടിയിലെ പ്രഫഷനൽ ജോലികൾ ചെയ്യുന്നതിനായുള്ളതും. രണ്ടു വിധത്തിലെ ഡൈവിങ്ങിലും എനിക്ക് സർട്ടിഫിക്കേഷനും ലൈസൻസുമുണ്ട്. നമ്മളെക്കാൾ വലുപ്പമുള്ള സംവിധാനങ്ങളും കൊണ്ടാണ് പലപ്പോഴും കൊമേഴ്സ്യ ൽ ഡൈവർ വെള്ളത്തിലേക്ക് ഇറങ്ങുന്നത്. വസ്ത്രവും ഹെൽമെറ്റും വെയ്സ്റ്റ് ബെൽറ്റും സിലിണ്ടറുമടങ്ങുന്ന ഡൈവിങ് ഡ്രസ് കിറ്റിന് തന്നെ ഏകദേശം 30 കിലോയോ ളം ഭാരം വരും. അതിനോടൊപ്പം പണിചെയ്യാനുള്ള ഉപകരണങ്ങളും കൂടി ചേരുമ്പോൾ 50 കിലോയോളമാകും.’’
വെള്ളത്തിലിറങ്ങാം കരുതലോടെ
‘‘കരയിൽ നിന്നു കാണുന്ന കടൽ പോലെ സുന്ദരമായ ഒന്നല്ല ആഴക്കടൽ. അതിഭീകരമായ അടിയൊഴുക്കുകൾ, ചുഴികൾ, കടൽ ജീവികളുടെ ആക്രമണങ്ങൾ എന്നിവനേരിടേണ്ടി വരും. അടിയൊഴുക്കുകളിൽ പെട്ടാൽ കിലോമീറ്ററുകളോളം ദുരത്തേക്കു നമ്മളെ വലിച്ചു കൊണ്ടു പോകും.
നീന്തിക്കയറുക പ്രയാസമാണ്. ഒരു വിധത്തിലാണ് അതിജീവിച്ചു കയറുന്നത്. കടൽ കണ്ട ഒരുവൾ എന്ന നിലയിൽ എല്ലാവരോടും പറയാനുള്ളത് സുരക്ഷാ സംവിധാനങ്ങളില്ലാതെ അപരിചിതമായ ജലാശയത്തിൽ ഇറങ്ങരുത് എന്നാണ്. കാരണം, ജലം നമ്മൾ കരുതുന്നതിനെക്കാൾ എ ത്രയോ ഇരട്ടി കരുത്തുറ്റ ഒന്നാണ്. എനിക്കു കടലിനെ ഭയമേയില്ല. പക്ഷേ, സുരക്ഷാസംവിധാനങ്ങളെടുക്കുന്നതിൽ കണിശത പുലർത്തും.
ജോലിയില്ലാത്ത ദിവസങ്ങളിൽ കുറേ നേരം ഒരു സ്വിമ്മിങ് പൂളിലെങ്കിലും ഇറങ്ങിക്കിടക്കാതെ എനിക്ക് മുന്നോട്ടു പോകാൻ പറ്റില്ല. അത്രമേൽ ഒരു ജലകന്യകയായി മാറിപ്പോയി ഞാൻ....