2018 ൽ കൺമുന്നിൽ വച്ചുണ്ടായ അപകടത്തിൽ ഭാര്യയെ നഷ്ടമായി. 8 വർഷങ്ങൾക്കുശേഷം മകൾ ആൻ മേരിയും അകാലത്തിൽ പൊലിഞ്ഞു. മകളുടെ നഷ്ടം ഉള്‍ക്കൊള്ളാനാകാതെ നിസ്സഹായതയുടെ തുരുത്തിൽ ഒറ്റപ്പെട്ടു നിൽക്കുകയാണ് പിതാവ് ജിജി മാത്യു. കലിഫോർണിയയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ പിതാവ് ജിജിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും അടുപ്പക്കാരും തിരുവനന്തപുരം കേശവദാസപുരം കക്കാട് ലെയ്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
ഉറ്റവരുടെ സാന്ത്വന വാക്കുകൾക്കു നടുവിലും മകളുടെ ഓർമയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഈ പിതാവ്. ഉറ്റസുഹൃത്തായ അനില, ആനിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ജിജിക്ക് അറിവില്ല. മൃതദേഹം രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്നാണു കരുതുന്നതെന്നു ബന്ധുക്കൾ പറഞ്ഞു. ആനിന്റെ വിയോഗ വാർത്തയറിഞ്ഞ് മസ്കത്തിലുള്ള ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തി.
2018ൽ വാഹനാപകടത്തിലാണ് ജിജിക്ക് ഭാര്യ ബെസിയെ നഷ്ടമാകുന്നത്. ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിൽ കെഎസ്ആർടിസി ബസിടിച്ചായിരുന്നു അപകടം. ജോലി തേടി 4 വർഷം മുൻപ് യുഎസിലേക്ക് പോയ ആൻ മേരിയുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് നാട്ടിൽ അച്ഛൻ ഒറ്റയ്ക്കു കഴിയുന്നതായിരുന്നു. മിക്ക ദിവസങ്ങളിലും ഫോണിൽ ബന്ധപ്പെട്ട് അച്ഛന്റെ ആരോഗ്യ വിവരങ്ങൾ തിരക്കും. കഴിഞ്ഞ ദിവസവും വിഡിയോ കോൾ ചെയ്തിരുന്നു.
ഈ വർഷം ജൂണിലാണ് ആൻ ഭർത്താവ് ജേക്കബിനും 2 മക്കൾക്കുമൊപ്പം അവസാനമായി നാട്ടിലെത്തിയത്. പിതാവ് ജിജിയുടെ 70–ാം പിറന്നാൾ ആഘോഷമായിരുന്നു ആ വരവിന്റെ പ്രധാന ലക്ഷ്യം. കൊല്ലപ്പെട്ട ആൻ മേരിയും അഞ്ജനയും പൊലീസ് കസ്റ്റഡിയിലുള്ള അനിലയും ഉറ്റ സുഹൃത്തുക്കളായിരുന്നു. കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിലാണ് 3 പേരും കുടുംബസമേതം താമസിച്ചിരുന്നത്. കഴിഞ്ഞദിവസം ഒന്നിച്ച് ഇവർ ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു നൽകിയിരുന്നു.