ഐസിസിഎസ്എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മീനു ജോണ്‍ മനസ് തുറക്കുന്നു..
തടസ്സങ്ങളും വെല്ലുവിളികളും നിറഞ്ഞ വഴികളിലൂടെ പതറാതെ മുന്നേറി, വിജയം എത്തിപ്പിടിക്കുന്നവര്‍ എന്നും സമൂഹത്തിന്റെ മാതൃകയാണ്. അത്തരം അപൂര്‍വമായ വനിതകളില്‍ ഒരാളാണ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയായ ഐസിസിഎസ്എല്‍ (ICCSL) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മീനു ജോണ്‍. ഒരു സാധാരണ ബ്രാഞ്ച് മാനേജരില്‍ നിന്ന് സ്ഥാപനത്തിന്റെ അമരക്കാരിയെന്ന പദവിയിലേക്കുള്ള മീനു ജോണിന്റെ വളര്‍ച്ച കേവലം ഒരു പ്രൊമോഷന്‍ കഥയല്ല; മറിച്ച് പ്രതിസന്ധികളോട് പൊരുതി ജയിച്ച ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ സാക്ഷ്യപത്രമാണ്.
വിജയത്തിന് പിന്നില്‍ കുടുംബം
‘‘തൊടുപുഴയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പ്രവാസിയായ അച്ഛന്റെ തണലിലും അമ്മയുടെ കരുതലിലുമാണ് ഞാനും മൂത്ത സഹോദരനും വളര്‍ന്നത്. പഠനത്തിനു ശേഷം ഒരു പ്രമുഖ എന്‍.ബി.എഫ്.സിയിലായിരുന്നു കരിയറിന്റെ തുടക്കം. അവിടെ മികച്ച പ്രകടനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ ‘ബെസ്റ്റ് പെര്‍ഫോമര്‍’ ആയി മാറി. തുടര്‍ന്ന് മറ്റൊരു സഹകരണ ബാങ്കില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഐസിസിഎസ്എല്‍ എന്ന മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ ബ്രാഞ്ച് മാനേജരായി ചേരുന്നത്. അന്നുമുതല്‍ ഇന്നിതുവരെ ആ സൊസൈറ്റിയുടെ വളര്‍ച്ചയ്ക്കൊപ്പം തന്നെ ഞാനുമുണ്ട്.
ഐസിസിഎസ്എല്‍ എന്ന വലിയ പ്രസ്ഥാനത്തിന്റെ സി.ഇ.ഒ പദവിയില്‍ എത്തിനില്‍ക്കുന്നതില്‍ കുടുംബമാണ് എനിക്ക് ഏറ്റവും വലിയ ബലവും തണലുമായി നിന്നത്. ഇരുപത്തൊന്നാം വയസിലായിരുന്നു എന്റെ വിവാഹം. ഭര്‍ത്താവും നാല് മക്കളും അപ്പനും അമ്മയും അടങ്ങുന്ന സുന്ദരമായ വലിയ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയിലാണ് പ്രൊഫഷണല്‍ ലൈഫും പേഴ്‌സണല്‍ ലൈഫും ഒരുപോലെ ബാലന്‍സ് ചെയ്തു മുന്നോട്ട് കൊണ്ടുപോകുന്നത്. ’’ മീനു പറയുന്നു.
കനല്‍വഴികളിലൂടെ അമരത്തേക്ക്
ബ്രാഞ്ച് മാനേജരായി ഐസിസിഎസ്എല്ലില്‍ ജോലിയില്‍ പ്രവേശിച്ച മീനുവിനെ കാത്തിരുന്നത് വലിയ ഉത്തരവാദിത്തങ്ങളും നിയോഗങ്ങളുമായിരുന്നു. സാധാരണക്കാരനായ നിക്ഷേപകന് സ്ഥാപനത്തിലുള്ള വിശ്വാസ്യത വീണ്ടെടുക്കുക എന്നതായിരുന്നു ആദ്യ കടമ്പ. സൊസൈറ്റിയുടെ ലീഗല്‍ വിഷയങ്ങളെല്ലാം പരിഹരിക്കാന്‍ മുന്നില്‍ നിന്ന് നയിച്ചത് മീനുവാണ്.
‘‘കാണുന്നതും കേള്‍ക്കുന്നതും പോലെ എളുപ്പമായിരുന്നില്ല ആ യാത്ര. ഒരു വിഷയം പരിഹരിച്ചു കഴിയുമ്പോള്‍ അടുത്തത് മുന്നില്‍ വന്നു നില്‍ക്കും. സ്വന്തം കുടുംബത്തെയും വീടിനെയും മാറ്റിവെച്ച് ദിവസങ്ങളോളം പല സ്ഥലങ്ങളില്‍ താമസിച്ച് ഒറ്റക്ക് നടത്തിയ പോരാട്ടമായിരുന്നു അത്. എല്ലാ അംഗങ്ങളുടെ പ്രാര്‍ത്ഥനയും കൂടെനിന്നവരുടെ പിന്തുണയും കൊണ്ട് എല്ലാം പരിഹരിക്കാന്‍ സാധിച്ചു.’’ മീനു പറയുന്നു.
അറിവും അനുഭവ സമ്പത്തും
എം.ബി.എ, എം.സി.എ, എല്‍.എല്‍.ബി എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും ഒരു സ്ഥാപനത്തെ വിജയകരമായി മുന്നോട്ട് നയിക്കാന്‍ വിദ്യാഭ്യാസത്തേക്കാള്‍ സഹായിച്ചത് തന്റെ അനുഭവ സമ്പത്താണെന്ന് ഇവര്‍ വിശ്വസിക്കുന്നു. സ്ഥാപനത്തിന്റെ നിയമവശങ്ങള്‍ മനസിലാക്കാനും, ഡിജിറ്റല്‍ യുഗത്തിനനുസരിച്ച് ഐസിസിഎസ്എല്ലില്‍ പുതിയ സോഫ്റ്റ് വെയറുകള്‍ അവതരിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാനും ഈ അനുഭവ പാഠങ്ങള്‍ വലിയ കരുത്തായി.
സഹകരണ ബാങ്കിങ് മേഖലയില്‍ 12 വര്‍ഷത്തെ പരിചയസമ്പത്തുള്ള മീനു ജോണ്‍ സാമ്പത്തിക അച്ചടക്കത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. ‘‘ഒരു സഹകരണ സൊസൈറ്റിയുടെ നിലനില്‍പ്പ് അതിലെ നിക്ഷേപകരാണ്. വരവുകളും ദൈനംദിന ചെലവുകളും തിരിച്ചറിഞ്ഞു കാര്യങ്ങള്‍ ചെയ്യുന്നതാണ് എന്റെ രീതി. സാധാരണക്കാരായ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള നിരവധി ആളുകള്‍ക്ക് ഉപജീവനമാര്‍ഗമേകാന്‍ ഐസിസിഎസ്എല്ലിന് സാധിക്കുന്നു എന്നതില്‍ വലിയ സന്തോഷമുണ്ട്,’’ മീനു പറയുന്നു.
'പീപ്പിള്‍ സെന്‍ട്രിക്' നേതൃത്വ ശൈലി
ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തുന്ന 'പീപ്പിള്‍ സെന്‍ട്രിക്' (People-Centric) രീതിയാണ് മീനു ജോണിന്റെ നേതൃത്വ ശൈലി. സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തി, വിശ്വസ്തതയുള്ള ജീവനക്കാരാണെന്ന് കരുതുന്ന അവര്‍, പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യങ്ങളോ തടസ്സപ്പെടാതെ നോക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തി.
2024 ഫെബ്രുവരിയില്‍ ഉണ്ടായ ആദായനികുതി പരിശോധനയ്ക്ക് ശേഷമുള്ള ഘട്ടത്തിലും, നിക്ഷേപ തുകകള്‍ സുരക്ഷിതമായി മടക്കി നല്‍കാന്‍ സാധിച്ചത് ഈ സ്ഥാപനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത ഇരട്ടിയാക്കി.
സ്വപ്നങ്ങള്‍ ഇനിയുമേറെ
നിലവില്‍ 5 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനാനുമതിയുള്ള ഐസിസിഎസ്എല്ലിന്റെ സേവനങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണെന്ന് മീനു പറയുന്നു. സൊസൈറ്റി അംഗങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ലഭ്യമാക്കുക, സൊസൈറ്റിയുടെ കീഴിലുള്ള എന്‍.ബി.എഫ്.സി (NBFC) കളുടെ പ്രവര്‍ത്തനം ആരംഭിക്കുക എന്നിവയാണ് ഇനിയുള്ള പ്രധാന ലക്ഷ്യങ്ങള്‍.
ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് വരുന്ന വനിതകള്‍ക്ക് മീനുവിന് നല്‍കാനുള്ള ഉപദേശം ലളിതമാണ്: 'വനിതകള്‍ക്ക് ഈ മേഖലയില്‍ നിരവധി അവഗണനകളും കയ്പ്പേറിയ അനുഭവങ്ങളും തടസ്സങ്ങളും നേരിടേണ്ടി വരാം. എന്നാല്‍ ആ അനുഭവങ്ങളെല്ലാം നിങ്ങള്‍ക്കുള്ള പാഠവും കരുത്തുമാണെന്ന് മനസ്സിലാക്കി ധൈര്യത്തോടെ മുന്നോട്ട് പോവുക.'