ചില കഥാപാത്രങ്ങൾ സിനിമ കഴിഞ്ഞാലും പ്രേക്ഷകരെ വിടാതെ പി ൻതുടരും. ആളുകളുടെ മനസ്സിൽ മായാത്ത മുഖമായി അങ്ങനെയൊരു ക്യാരക്ടർ കണ്ണു ചുവപ്പിച്ചു നിൽക്കുന്നുണ്ട്, ദൃശ്യത്തിലെ സഹദേവൻ. കരിയർ ഗ്രാഫ് ഉയർത്തിയ പൊലീസുകാരന്റെ റോളിൽ നിന്നു കലാഭവൻ ഷാജോൺ മേക്കോവറിന് ഒരുങ്ങുകയാണ്. ‘‘മാറ്റം അനിവാര്യമാണല്ലോ. സാഹചര്യങ്ങൾക്കനുസരിച്ചു മാറുകയാണ് ’’ ഷാജോൺ പറഞ്ഞു തുടങ്ങി.
മൊട്ടയടിച്ച രൂപത്തിൽ താടിയും മീശയും വ ച്ചു പുത്തൻ ലുക്കിലാണ്. വലിയ സസ്പെൻസ് ബാക്കി നിൽക്കുന്നു ?
ഓരോ സമയത്തും നമ്മളെ തേടി വരുന്ന ക ഥാപാത്രങ്ങൾക്ക് അനുസരിച്ചാണ് മാറി ക്കൊണ്ടിരിക്കുന്നത്. കുറേ കോമഡി റോളുക ൾ ചെയ്തു. അപ്പോൾ ശരീരഭാഷയിലോ കോസ്റ്റ്യൂം സെലക്‌ഷനിലോ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. ദൃശ്യം വന്ന ശേഷമാണ് ക്യാരക്ടർ റോളുകളിലേക്ക് എത്തിയത്.
ശരീരം ശ്രദ്ധിക്കണം എന്നൊക്കെ തോന്നുന്നത് പോലും അതിനുശേഷമാണ്. സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമൊക്കെ പുതുമ തോന്നുന്ന തരത്തിൽ നമ്മളെ പ്രസന്റ് ചെയ്യണം എന്നൊക്കെ തോന്നിത്തുടങ്ങി. വർക്കൗട്ട് ചെയ്തു വണ്ണമൊക്കെ കുറച്ചു. ഡ്രസ്സിങ്ങിലും മാറ്റം വരുത്തി.
പഴ്സനൽ ക്യാരക്ടറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രം ഏതാണ് ?
എന്നിൽ ഒരു ചെയ്ഞ്ച് വരുത്തിയത് ‘ആട്ടം’ എന്ന സിനിമയിലെ കഥാപാത്രമാണ്. ആ ചിത്രത്തിൽ അഭിനയിച്ചവരേറെയും ഡ്രാമ ടീമിൽ നിന്നുള്ളവരാണ്. അവിടെ ചെന്ന് ആ ടീമിനോടൊപ്പം പ്രാക്ടീസ് ചെയ്യണമെന്നാണ് ആനന്ദ് എന്നോടു പറഞ്ഞിരുത്. അവരുടെ കൂടെ താമസിച്ച് അവർ എങ്ങനെയാണ് ഡയലോഗ് പ്രസന്റ് ചെയ്യുന്നത് എന്നു നോ ക്കി മനസ്സിലാക്കി. അഭിനയത്തിലെ വേറിട്ട രീതികൾ മനസ്സിലാക്കാൻ നല്ലൊരു അവസരമായിരുന്നു അത്.
പ്രഫഷനലിസത്തിന് സിനിമയിൽ എത്രമാത്രം പ്രധാന്യമുണ്ട് ?
പ്രഫഷനലിസം നോക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണു ഞാൻ. സമയത്തിന്റെ കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കാറുണ്ട്. മനഃപൂർവം ലേറ്റ് ആയി എവിടേയും പോകാറില്ല. ഒൻപതു മണിക്കു വരണം എന്ന് പറഞ്ഞാൽ 10 മിനിറ്റെങ്കിലും നേരത്തെ എത്താൻ ശ്രമിക്കും. ആരും മോശം പ റയിപ്പിക്കാതെ മുന്നോട്ടു പോകണം എന്ന് ആഗ്രഹമുണ്ട്.
സോഷ്യൽ മീഡിയയിലെ ട്രോളുകൾ ശ്രദ്ധിക്കാറുണ്ടോ. നെഗറ്റിവ് കമന്റുകളോടു ദേഷ്യം തോന്നാറുണ്ടോ?
എന്റെയൊരു പ്ലസ് പോയിന്റ് ആയിട്ട് ഞാൻ കണ്ടിട്ടുള്ളത്, ഈ വക സാധനങ്ങളൊന്നും ഉള്ളിലേക്ക് എടുക്കാറില്ല. ട്രോളുകൾ കാണാറുണ്ട്, അത് ആസ്വദിക്കാറുണ്ട്. അതൊന്നും മനസ്സിനെ വേദനിപ്പിച്ചിട്ടില്ല. ദൃശ്യം ത്രീ ഇറങ്ങിക്കഴിഞ്ഞ് കുറേ ട്രോളുകൾ ഉണ്ടായി. ഞാൻ ഒരു മിമിക്രിക്കാരൻ ആയതുകൊണ്ടായിരിക്കാം, അതൊക്കെ ചിരിച്ചു തള്ളുകയാണു പതിവ്. പിന്നെ, സിനിമ എന്നു പറയുന്നത് അന്തിമമായി പ്രേക്ഷകർക്കു വേണ്ടി സൃഷ്ടിക്കപ്പെടുന്ന എന്റർടെയ്ൻമെന്റാണ്. ആളുകൾ സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം, വിമർശിക്കാം, ട്രോളാം. എല്ലാത്തിനും അവർക്ക് അവകാശമുണ്ട്.
നല്ലതാണെങ്കിൽ അവർ നല്ലതു പറയുന്നുണ്ടല്ലോ. ട്രോളാൻ തോന്നുന്നുണ്ടെങ്കിൽ ട്രോളിന് അവകാശപ്പെട്ട എന്തോ അതിൽ ഉണ്ടെന്ന് മനസ്സിലാക്കുക. അടുത്ത തവണ ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക.
ഷാജോൺ എന്ന നടനിൽ നിന്ന് ഇതുവരെ പ്രേക്ഷകർ കണ്ടിട്ടി ല്ലാത്ത പെർഫോമൻസ് ?
ഡാൻസ് ചെയ്യാൻ ഇഷ്ടമാണ്. സ്‌റ്റേജ് ഷോകളിൽ ഡാൻസ് ചെയ്യാറുണ്ട്. സംവിധായകനും നടനുമായ ലാലേട്ടൻ മുഴുനീള സോങ്ങിൽ ചെയ്യുന്ന പോലെ ഡപ്പാം കുത്ത് പാട്ട് സീനിൽ ഡാൻസ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
നന്നായി അഭിനയിച്ചിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ക്യാരക്ടർ ?
‘ഇനി ഉത്തരം’ എന്നൊരു സിനിമയുണ്ട്. അപർണ ബാലമുരളി ആയിരുന്നു പ്രധാനകഥാപാത്രം. എനിക്കതിൽ പൊലീസ് വേഷമായിരുന്നു. ജീത്തു ജോസഫിന്റെ അസോഷ്യേറ്റായിരുന്ന സുധീഷായിരുന്നു സംവിധാനം. എന്നെ സംബന്ധിച്ചിടത്തോളം പുതുമയുള്ള പെർഫോമൻസിന് അവസരം തന്ന സിനിമയായിരുന്നു അത്. പക്ഷേ,വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നെ, ജയറാമേട്ടനും ഞാനും കൂടി ചെയ്ത ‘ആകാശമിഠായി’ എന്ന സിനിമ. തമിഴിൽ വലിയ ഹിറ്റായ പടമായിരുന്നു. മലയാളത്തിൽ കാര്യമായ ചലനമുണ്ടാക്കിയില്ല. സിഐഡി രാമചന്ദ്രൻ റിട്ട. എസ്ഐ എന്ന പടവും തിയറ്ററിൽ അത്ര വർക്ക് ആയില്ല. മനോരമ മാക്സിൽ വന്നപ്പോൾ ഒരുപാട് ആളുകൾ കണ്ടു.
കഥാപാത്രങ്ങളുടെ ജയപരാജയം നേരത്തേ തിരിച്ചറിയാൻ കഴിയുമോ?
ചില കഥാപാത്രങ്ങൾ അഭിനയിച്ചു തുടങ്ങുമ്പോൾ തന്നെ ഏറക്കുറെ ആ സിനിമയുടെ പോക്ക് എങ്ങോട്ടാണെന്നു മനസ്സിലാക്കാൻ പറ്റും. ഇത്തരം മുൻവിധികൾ എപ്പോഴും ശരിയായിക്കൊള്ളണം എന്നില്ല. അതേസമയം, നടൻ അതിനെക്കുറിച്ചല്ല ആലോചിക്കേണ്ടത്. അഭിനയിക്കുക, ശമ്പളം വാങ്ങുക, തിരിച്ചുപോരുക. സ്വന്തം ക്യാരക്ടറിന് മോശം പ റയിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. നമ്മുടെ ജോലിയാണല്ലോ ഇത്. നമ്മൾ ആ ജോലി നന്നായിട്ട് ചെയ്യുന്നു.
വില്ലൻവേഷങ്ങൾ ചെയ്യുന്നവരെ പ്രേക്ഷകർക്കു പേടിയുണ്ടോ?
മിമിക്രി ബാക്ക്ഗ്രൗണ്ടിൽ നിന്ന് വന്നതുകൊണ്ട് ആളുകൾക്ക് എന്നെ ഇഷ്ടമാണ് എന്നാണ് എന്റെ വിശ്വാസം. ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതുകൊണ്ട് ആളുകൾക്ക് എ ന്നെ പേടിയുള്ളതായി തോന്നിയിട്ടില്ല. പക്ഷേ, ദേഷ്യമുള്ളവരുണ്ട്, പ്രത്യേകിച്ചു സ്ത്രീകൾ പറയും ‘ദൃശ്യത്തിൽ ആ കൊച്ചിനെ തല്ലുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു കേട്ടോ...’
ഒരു കഥാപാത്രത്തിന്റെ പേരിൽ നടൻ അറിയപ്പെടുക എന്നു പറഞ്ഞാൽ വലിയ അനുഗ്രഹമാണ്. അതേസമയം, അതിൽ നിന്നു പുറത്തേക്കു വരാൻ വേണ്ടി കൊതിക്കുക എന്നൊക്കെ പറയത്തില്ലേ, അങ്ങനെ ഒരു സിറ്റുവേഷനിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. 2013-ലാണ് ദൃശ്യം വൺ ഇറങ്ങിയത്. അതു കഴിഞ്ഞ് 13 വർഷങ്ങൾക്ക് ശേഷം ഇപ്പോഴും എനിക്ക് ധാരാളം കോളുകൾ വരുന്നു, മെസേജുകൾ വരുന്നു.
അതായതു സഹദേവനെക്കാൾ വലിയൊരു പെർഫോമൻസ് ചെയ്തെങ്കിൽ മാത്രമേ ഇനിയും ധാരാളം കോളുകൾ വരുകയുള്ളൂ. അത്തരമൊരു കഥാപാത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണു ഞാൻ. ദിലീപേട്ടൻ നായകനായ 'നീക്കം' എന്ന സിനിമയും കോമഡിക്ക് പ്രാധാന്യമുള്ള ഒാട്ടൻതുള്ളൽ എന്ന സിനിമയുമാണു വരാനുള്ളത്.
സഹദേവനിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നു തോന്നിയിട്ടുണ്ടോ?
കണ്ണിന്റെ ചുവപ്പു കുറയ്ക്കാമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ഒരു പൂവിന്റെ തരിയാണ് കണ്ണു ചുവപ്പിക്കാനായി ഉ പയോഗിക്കാറുള്ളത്. സംവിധായകൻ അടുത്ത ഷോട്ടാണ് എന്നു പറയുമ്പോൾ നമ്മൾ അതു കണ്ണിലിടും. പക്ഷേ, അപ്രതീക്ഷിതമായി മഴ പെയ്തേക്കാം. അപ്പോൾ ഷോട്ട് എടുക്കാൻ മഴ തോരും വരെ കാത്തിരിക്കേണ്ടി വരും.
ഈ സാധനം കണ്ണിനകത്ത് കിടന്ന് അപ്പോഴേക്കും കണ്ണ് ചെമ്പരത്തിപ്പൂവു പോലെ ചുവന്നിട്ടുണ്ടാകും. അത് പെട്ടെന്നു കുറയ്ക്കാൻ പറ്റില്ല. ഇത് ടെക്നിക്കൽ സൈഡാണ്. ട്രോളന്മാർക്ക് അതൊന്നും അറിയേണ്ട കാര്യമില്ലല്ലോ.
ഇഷ്ടം തോന്നിയിട്ടും നഷ്ടപ്പെട്ടു പോയ സിനിമ ഏതാണ് ?
തരുൺ മൂർത്തിയുടെ ആദ്യത്തെ സിനിമയുടെ (ഓപ്പറേഷൻ ജാവ) കഥയെല്ലാം എന്നോടു പറഞ്ഞതാണ്. പക്ഷേ, എനിക്ക് അഭിനയിക്കാൻ പറ്റിയില്ല. ആ സമയത്ത് രാമലീലയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. സിനിമ കണ്ടിട്ടു ഞാൻ തരുണിനെ വിളിച്ചപ്പോഴാണു പുള്ളി പറയുന്നത്, ഷാജോൺ ചേട്ടനോട് പറഞ്ഞ ക്യാരക്ടറാണ് ഇർഷാദ് ചെയ്തതെന്ന്.
ജീവിതത്തിലെ ശീലങ്ങൾക്കു മാറ്റം സംഭവിച്ചോ ?
പണ്ട് സിഗരറ്റ് വലിക്കുമായിരുന്നു. ഭാര്യ പറഞ്ഞതനുസരിച്ച് അത് സ്റ്റോപ്പ് ചെയ്തു. എന്നാലും സിനിമയിൽ പുകവലിക്കുന്ന സീനുകൾ അഭിനയിക്കേണ്ടി വരും. അതു മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടു തിരിച്ചറിയുമ്പോൾ ആ ശീലം നേരത്തേ ഉപേക്ഷിച്ചതു നന്നായെന്നു മനസ്സിലായി.
കടന്നു പോയ കാലത്തെക്കുറിച്ചുള്ള ഓർമകൾ ?
മിമിക്രിയിൽ നിന്നു സിനിമയിലേക്കു വന്നയാളാണു ഞാൻ. കോട്ടയത്താണു ജനിച്ചു വളർന്നത്. ചാച്ചൻ ഇ. ജെ. ജോൺ കേരള പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്നു. അമ്മ റെജിന കോട്ടയം മെഡിക്കൽ കോളജിൽ നഴ്സും. ക ലാഭവനിലൂടെയാണു മിമിക്രി രംഗത്ത് എത്തിയത്.
സിനിമയിലേക്കു ക്ഷണിച്ചുകൊണ്ട് ആദ്യം വന്ന ഫോ ൺകോൾ കോട്ടയം നസീറിന്റേതായിരുന്നു. ‘മൈ ഡിയർ കരടി’ എന്ന സിനിമയിലൂടെയാണ് സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. കലാരംഗത്തു സുഹൃത്തുക്കളായി നിരവധിയാളുകളുണ്ട്. എല്ലാവരുമായും സ്നേഹബന്ധം നിലനിർത്തുന്നയാളാണു ഞാൻ.
സിനിമാരംഗത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തികൾ ?
ജീത്തു ഭായിയുടെ കൂടെയുള്ള ദിവസങ്ങളിലെ അനുഭവങ്ങൾ (ജീത്തു ജോസഫ്) എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഒരു ക്യാരക്ടർ എങ്ങനെ മോൾഡ് ചെയ്തെടുക്കണം എന്നതിനെക്കുറിച്ചും എങ്ങനെ അഭിനേതാവിനോട് അത് പറഞ്ഞുകൊടുക്കണമെന്നും വ്യക്തമായ ധാരണയുള്ള വ്യക്തിയാണു ജീത്തു.
അതുപോലെ, ഒരു സിനിമാ സംവിധായകന്റെ ചിന്താധാര, കഥയെ ഉൾക്കൊള്ളുന്ന രീതി എന്നീ കാര്യങ്ങൾ കണ്ടു പഠിക്കാവുന്നയാളാണ് ആട്ടം സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി.
തീർത്തും പുതുമുഖങ്ങളായ ഒരു ടീമിനെ വച്ച് അത്രയും സങ്കീർണമായ കഥ സിനിമയാക്കുക അത്ര എളുപ്പമുള്ള ജോലിയല്ല. പൃഥ്വിരാജ് എന്ന ഡയറക്ടറെയും ഞാൻ ആരാധനയോടെയാണു നോക്കിക്കാണുന്നത്.
സിനിമ കഴിഞ്ഞുള്ള സമയം എന്താണു പരിപാടികൾ ?
കുടുംബമാണ് എന്റെ ജീവിതം. മറ്റെല്ലാം കാര്യങ്ങൾക്കും രണ്ടാം സ്ഥാനമേയുള്ളൂ. ഭാര്യ ഡിനി. തൃശൂരാണ് അവരുടെ വീട്. ഞങ്ങൾക്കു രണ്ടു മക്കൾ. മൂത്ത മകൾ ഹന്ന. സെന്റ്തെരേസാസിൽ തേർഡ് ഇയർ സൈക്കോളജി പഠിക്കുന്നു. ഇളയവൻ യോഹാൻ പതിനൊന്നാം ക്ലാസ് വിദ്യാർഥി.
എറണാകുളത്തു കലൂരിനു സമീപത്തൊരു ഫ്ലാറ്റിലാണു ഞങ്ങൾ താമസിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണു ഞാൻ ഇഷ്ടപ്പെടുന്നത്. സമാധാനമായി കിടന്നുറങ്ങാൻ പറ്റിയാൽ അതാണ് ഏറ്റവും വലിയ ഭാഗ്യം. വലിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊന്നും ഇല്ല. സന്തോഷമായിട്ടു പോവുക, അത്രയേയുള്ളൂ.