ADVERTISEMENT

‘ഒരു ചായപ്പെട്ടി കിട്ടിയിരുന്നെങ്കിൽ...’ എന്നാഗ്രഹിച്ച കുഞ്ഞുചിത്രയ്ക്കതു കിട്ടിയില്ല. പേന കൊ ണ്ടവൾ പാഠപുസ്തകത്തിന്റെ വക്കുകളിലും നോട്ട്പുസ്തകങ്ങളിലും ചിത്രങ്ങൾ കോറിയിട്ടു സമാധാനിച്ചു. അവളുടെ ചിത്രങ്ങളിൽ കലയുണ്ട് എന്നു ക ണ്ടെത്തിയ കൊച്ചച്ഛൻ പ്ലസ്ടു കഴിഞ്ഞപ്പോൾ ചിത്രകല പഠിക്കാൻ ചിത്രയെ പ്രേരിപ്പിച്ചു.
ചിത്രങ്ങൾ വരച്ചിരുന്ന ചിത്ര പക്ഷേ, ചിത്രകാരിയായില്ല. പകരം കല്ലിലും മരത്തിലും വമ്പൻ ശില്പങ്ങൾ കൊത്തുന്ന ശില്പിയായി. സ്ത്രീകൾ വളരെ കുറവുള്ള ശില്പകലാ മേഖലയിലെ ശക്തമായ സാന്നിധ്യമാണിന്ന് എറണാകുളം കുമ്മനോട് സ്വദേശി ഇ. ജി. ചിത്ര.

ഇ.ജി. ചിത്ര കരിങ്കല്ലിലും ലോഹത്തിലും നിർമിച്ച ശില്പങ്ങൾ

നിറമില്ലാ കുട്ടിക്കാലം

ADVERTISEMENT

‘‘വീട്ടിൽ കൃഷിയും പശുവുമുണ്ടായിരുന്നു. പഠനത്തെക്കാൾ വെളുപ്പിനു നാലു മണിക്കെഴുന്നേറ്റു തൊഴുത്തു വൃത്തിയാക്കലും ജോലികളും ചെയ്യും. സ്കൂൾകാലത്തു പഠനത്തേക്കാൾ പ്രധാനം കൊയ്യാനും മെതിക്കാനും പോകുന്നതായിരുന്നു. അച്ഛൻ ഗോപിക്കു കൃഷിയും മരപ്പണിയുമായിരുന്നു. അമ്മ ലളിതയും ഞങ്ങൾ മൂന്നു പെൺമക്കളും. ചേച്ചി ജയ നഴ്സാണ്. ഇളയവൾ നീതു എംബിഎക്കാരിയും.
പ്ലസ്ടു കഴിഞ്ഞ് ഇനിയെന്തു ചെയ്യണം എന്നറിയാതെ നിന്ന എന്നോട് അച്ഛന്റെ അനുജൻ രാജനാണു തൃപ്പൂണിത്തുറ ആർഎൽവി കോളജിനെക്കുറിച്ചു പറയുന്നത്. എനിക്കന്ന് അറിയാവുന്ന രണ്ടു പേരുകൾ രാജാരവിവർമയും കാനായികുഞ്ഞിരാമനും. ഒരു തയാറെടുപ്പുമില്ലാതെ പ്രവേശനപരീക്ഷയെഴുതി. അന്നത്തെ ദിവസത്തിനു വല്ലാത്തൊരു ഭംഗി തോന്നി. കാരണം അന്നാണ് ഞാനാദ്യമായി ചായപ്പെട്ടി കൈ കൊണ്ട് തൊടുന്നത്.
അഡ്മിഷൻ കിട്ടിയില്ല. പക്ഷേ, വെയിറ്റിങ് ലിസ്റ്റിൽ എ ത്തി. ഇനിയും കൊയ്ത്തും മെതിയും തന്നെ ജീവിതം എന്നു ഞാനുറപ്പിച്ചു. അങ്ങനെയിരിക്കെ ആർഎൽവി കോള ജിൽ നിന്നു വിളി വന്നു. ‘ഒരാൾ പോയ വേക്കൻസിയിൽ ശില്പകല പഠിക്കാൻ അവസരമുണ്ട്, താത്പര്യമുണ്ടോ..?’ ‘ഉവ്വ്’ എന്നു മറുപടി നൽകി.

ക്ലാസ് തുടങ്ങിയപ്പോൾ മനസ്സിലായി ഞാൻ കൃത്യം സ്ഥലത്താണ് എത്തിപ്പെട്ടതെന്ന്. അങ്ങനെ ജീവിതം വഴി മാറി സഞ്ചരിച്ചു തുടങ്ങി. ആർഎൽവി കോളജിൽ ശില്പകല പഠിക്കാൻ പെൺകുട്ടികൾ ആദ്യമായി വന്ന വർഷമായിരുന്നു അത്. ഞാനടക്കം നാലു പെൺകുട്ടികൾ പഠിക്കാൻ ചേർന്നു. അപ്പോഴും പലരും ഞങ്ങളോട് ‘സ്ത്രീകൾക്കു ചേരുന്ന കലാമേഖലയല്ല’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
മാറിയ കാഴ്ചകൾ പുരുഷന്മാരുടേതിൽ നിന്നു തികച്ചും വ്യത്യസ്തമാണ് സ്ത്രീ ശില്പികളുടെ കാഴ്ചകളും കാഴ്ചപ്പാടുകളും ശില്പങ്ങളുമെന്നു മനസ്സിലായി. ലൂയിസ് ബൂഷ്വാ, ജൂഡി ചിക്കാഗോ, ബാർബറാ ഹെബർട്ട് എന്നിവരുടെ വർക്കുകൾ ഏറെ ഇഷ്ടമായി.

കോഴിക്കോട് ജന്റർ പാർക്കിനായി ചെയ്ത ‘പരോപകാര ജീവിതങ്ങൾ’ എന്ന ശില്പവും സിന്തറ്റിക് റബ്ബറിൽ നിർമിച്ച ശില്പവും
ADVERTISEMENT

‘സ്ത്രീകൾക്കു പറ്റിയ പണിയാണോ ഇത്’ എന്ന ചോദ്യം തന്നെ തെറ്റാണെന്നു ബോധ്യമായി. കല ഒരാളിൽ ആണോ പെണ്ണോ എന്നു നോക്കിയിട്ടല്ലല്ലോ ഉരുത്തിരിയുന്നത്. കളിമണ്ണിലാണു പഠനം തുടങ്ങിയത്. മരം, സ്റ്റോൺ എന്നിവയിൽ വർക്ക് ചെയ്തു പഠിക്കണമെങ്കിൽ നമ്മൾ പണം മുടക്കി അവശ്യവസ്തുക്കൾ വാങ്ങണം. അക്കാര്യത്തിൽ അച്ഛൻ പിന്തുണച്ചു. പഠിക്കാനായി വീട്ടിൽ നിന്നു മരം വെട്ടി എത്തിച്ചു തന്നു. വീട്ടിൽ സമ്പാദ്യമായി കരുതി വളർത്തിയിരുന്ന തേക്കിന്റെ തടിപോലും അച്ഛൻ മുറിച്ചുകൊണ്ടുവന്നു തന്നു. ശിലകൾ വേണമെന്നു പറഞ്ഞപ്പോൾ അമ്മിക്കല്ല് കൊത്താവുന്ന വലുപ്പത്തിലുള്ള കല്ലും അതു കൊത്താനുള്ള ഉപകരണങ്ങളും മേടിച്ചു കൊണ്ട് കോളജിൽ വന്നു. എന്റെ ശിൽപങ്ങൾ കണ്ടു പുഞ്ചിരിക്കാൻ അച്ഛൻ ഇന്നില്ല. ഉപകരണങ്ങളും സാമഗ്രികളും മാത്രമല്ല കലയും അച്ഛനിൽ നിന്നാണ് എന്നിലേക്കു വന്നതെന്നു എനിക്കറിയാം.

കലയും കല്യാണവും

ADVERTISEMENT

എംഎ സ്കൾപ്ചർ പൂർത്തിയാക്കിയ ശേഷം അഹമ്മദാബാദിലെ കനോറിയ സെന്റർ ഫോർ ആർട്സിലേക്ക് പോകാൻ സ്കോളർഷിപ് കിട്ടി. കോളജിൽ എന്റെ ബാച്ചിലെ ചിത്രകലാ വിദ്യാർഥി അനന്തൻ കെ. ടി.യുമായി അപ്പോഴേക്കു പ്രണയത്തിലായിരുന്നു. അനന്തന് പെയിന്റിങ് വിഭാഗത്തിൽ കനോറിയയിൽ പ്രവേശനം കിട്ടി. കനോറിയ കാലത്താണു വീട്ടിലറിയിക്കാതെ കല്യാണം കഴിക്കുന്നത്. ഇപ്പോൾ ഞങ്ങൾക്കു രണ്ടു വയസ്സുള്ള മകനുണ്ട്. പേരു ഹിരൺ.

ഇ.ജി. ചിത്ര, ഭർത്താവ് അനന്തന്ഡ, മകൻ ഹിരൺ

കനോറിയയിലുണ്ടായിരുന്ന രണ്ടു വർഷക്കാലം നല്ല വ ർക്കുകൾ ചെയ്യാൻ സാധിച്ചു. ലളിത കലാ അക്കാദമിയുടെ സ്റ്റേറ്റ് അവാർഡ് 2019 ൽ ലഭിച്ചതോടെയാണ് കലാലോകത്ത് ശ്രദ്ധ കിട്ടിത്തുടങ്ങിയത്. ‘ഇന്റിമേറ്റ് ഡിബേറ്റേഴ്സ്’ എന്ന ശില്പത്തിനായിരുന്നു അവാർഡ്.
‘ലോകമേ തറവാട്’ എന്ന പേരിൽ ആലപ്പുഴയിൽ നടന്ന എക്സിബിഷനിൽ പ്രദർശിപ്പിച്ച വർക്കുകളും 2021 കൊച്ചി ബിനാലെയിലെ ശില്പങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടു. ലിക്വിഡ് സിന്തറ്റിക് റബർ ഉപയോഗിച്ചാണ് 2021 ബിനാലെ യിൽ ശില്പങ്ങൾ ചെയ്തത്. വ്യത്യസ്ത മീഡിയങ്ങളിൽ പരീക്ഷണം നടത്താൻ എനിക്കിഷ്ടമാണ്.

2015 ൽ ബിനാലെയുടെ ഭാഗമായി കൊച്ചി പെപ്പർ ഹൗസിൽ ‘അബ്റിയാക്‌ഷൻ’ എന്ന പേരിൽ ശില്പങ്ങളുടെ സീരീസും ബോഡി പെർഫോമൻസും ചെയ്തിരുന്നു. അ ബ്റിയാക്‌ഷൻ സീരീസിലൊരു ശില്പം ചെന്നൈയിലെ ഹോട്ടൽ ഹൈ ആർട്ടുകാർ വാങ്ങി. കോട്ടയം സിഎംഎസ് കോളജ്, കോഴിക്കോട് െജൻഡർ പാർക്ക്, അഹല്യ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും എന്റെ ശില്പങ്ങളുണ്ട്.

കലാകാരന്മാർക്ക് കലാപ്രവർത്തനം കൊണ്ടു മാത്രം ജീവിക്കാവുന്ന ഇടമല്ല ഇപ്പോഴും കേരളം. ലോണെടുത്താണ് ഞാനെന്റെ വർക്കുകൾ പലതും ചെയ്തത്. മാർക്കറ്റിങ് അത്ര വശമില്ലാത്തതും കാരണമാകാം. ഫൈൻ ആർട് കോളജുകളിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്തു കൊണ്ടാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് പിഎസ്‌സി എഴുതി സ്ഥിര ജോലിയിലേക്കു വന്നു. ഇപ്പോൾ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് അനാട്ടമി വിഭാഗത്തിൽ മോഡലർ ആണ്. അനന്തൻ വിവിധ കോളജുകളിൽ ഗസ്റ്റ് ലക്ചററും.

ഇഷ്ടമാണ് മാനം തൊടാൻ

എന്‍റെ വർക്കുകൾ എപ്പോഴും എന്നേക്കാൾ വലുപ്പത്തിൽ കാണാനാണ് ഇഷ്‌ടപ്പെടുന്നത്. വലുപ്പമുള്ള ശില്പങ്ങൾ ചെയ്യാനാണിഷ്ടം. ചിന്തകൾക്കും യാഥാർഥ്യങ്ങൾക്കും എപ്പോഴും നമ്മളെക്കാൾ വലുപ്പമുണ്ട്. വലിയ ശില്പങ്ങളെല്ലാം ആദ്യം കളിമണ്ണിൽ ചെറുതായി ചെയ്യും. മക്കറ്റുകൾ എന്നാണതിന് പറയുക. പിന്നീടാണ് വലുതായി ചെയ്യുക.

വലിയ വർക്കുകൾ ചെയ്യുക ഒട്ടും എളുപ്പമല്ല. വിവിധ മീഡിയങ്ങളിൽ പരീക്ഷണം നടത്തുന്നതും. ശില്പകലയ്ക്കാവശ്യമായ മെറ്റീരിയൽ ചെലവു കൂടുതലാണ്, വലിയ ശില്പങ്ങൾ ചെയ്തെടുത്താൽ അവ വയ്ക്കാൻ സ്ഥലമില്ല, വാങ്ങാനാളില്ല തുടങ്ങിയ പ്രശ്നങ്ങൾ. അവാർഡ് കിട്ടിയ ശില്പം പോലും തട്ടിൻപുറത്തു പൊടിയടിഞ്ഞു കിടക്കുകയാണ്. കല പഠിക്കാനെത്തുന്ന സ്ത്രീകളും എണ്ണം കുറവല്ല. പക്ഷേ, അതു തുടരുന്നവർ കുറവാണ്. ആ സാഹചര്യത്തിനു മാറ്റം വരണം.


English Summary:

Chitra, an acclaimed sculptor, found her artistic calling not in drawing as a child but in monumental stone and wood carvings. Despite societal doubts about women in sculpture, she excelled in this male-dominated field, drawing inspiration from female artists like Louise Bourgeois. Supported by her father, she pursued her passion at RLV College, where she was among the first women to study sculpture. Her career flourished after her MA, leading to a scholarship in Ahmedabad and later recognition with the Lalith Kala Akademi State Award for her sculpture 'Intimate Debaters.' Chitra's works have been featured in major exhibitions like 'Lokame Thazhavadu' and the Kochi Biennale, showcasing her experimentation with diverse mediums and her preference for large-scale creations. She currently works as a Modeller in the Anatomy department at Thrissur Government Medical College.

ADVERTISEMENT