നൂറു രൂപയിൽ ആരംഭിച്ച സംരംഭക ജീവിതം ഷെരീഫ കളത്തിങ്കലിന് സമ്മാനിച്ചത് കുടുംബശ്രീ പ്രീമിയം കഫേയുടെഅമരക്കാരി എന്ന മേൽവിലാസം.
ആ മഴക്കാലത്ത് എന്റെ മുന്നിൽ രണ്ടു വഴികളേയുണ്ടായിരുന്നുള്ളൂ. ഒന്ന്, എന്റെ കുഞ്ഞുങ്ങളുടെ കണ്ണുനീർ കണ്ടില്ലെന്നു നടിച്ച്, പട്ടിണിക്കു മുന്നില്‍ കീഴടങ്ങുക. രണ്ട്, ഇല്ലായ്മയിൽനിന്നു കരകയറാൻ പൊരുതുക. ഞാൻ രണ്ടാമത്തെ വഴിയേ നടന്നു.’’ മലപ്പുറം കോട്ടയ്ക്കലിലെ കുടുംബശ്രീ പ്രീമിയം കഫേ മാനേജിങ് ഡയറക്ടറുടെ കാബിനിലിരുന്ന് 14 വർഷം മുൻപ് പെയ്തൊരു മഴക്കാലം ഓർത്തെടുക്കുകയായിരുന്നു കെ. ഷെരീഫ.
ഉണ്ണിയപ്പക്കച്ചവടത്തിലൂടെ സംരംഭകത്വത്തിലേക്കു കടന്നുവന്ന ഷെരീഫ ഇന്നു കുടുംബശ്രീ പ്രീമിയം കഫേയുടേയും മുത്തൂസ് കാറ്ററിങ് യൂണിറ്റിന്റെയും അമരക്കാരിയാണ്.
നോവിൻ പെരുമഴക്കാലം
‘‘മഴക്കാലമായാൽ പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സക്കീറിനു ജോലിയുണ്ടാവില്ല. അഞ്ചു വയസ്സുള്ള മകനേയും മൂന്നു മാസം പ്രായമുള്ള മകളേയും ചേർത്തു പിടിച്ചു ചോർന്നൊലിക്കുന്ന വീടിനുള്ളിൽ ഞങ്ങളിരിക്കും. മഴ തകർത്തു പെയ്യുന്ന പല ദിവസവും പട്ടിണിയുമായുള്ള യുദ്ധമായിരിക്കും.’’ കണ്ണീർ നനവുകലർന്ന കാലം ഷെരീഫയുടെ വാക്കുകളിൽ തെളിഞ്ഞു വന്നു.
‘‘ഒരു ദിവസം രാവിലെ കഞ്ഞി വയ്ക്കാനൊരുങ്ങുമ്പോൾ അരിപ്പാത്രത്തിൽ ഒരുമണി അരിയില്ല. കുട്ടികളുടെ വിശപ്പിനു മുന്നിൽ അഭിമാനം തോൽക്കും. അയലത്തെ വീട്ടിൽ നിന്നു കുറച്ച് അരി കടമായി വാങ്ങി അന്നത്തെ കാര്യം കഴിച്ചിലാക്കി. പക്ഷേ, അതുകൊണ്ടാവില്ലല്ലോ.
എങ്ങനേയും ഈ ഇരുണ്ട കാലം താണ്ടണമെന്നു ഞാൻ മനസ്സിലുറപ്പിച്ചു. കുറച്ച് ഉണ്ണിയപ്പമുണ്ടാക്കിയാൽ കടയിൽ വച്ച് വിൽക്കാൻ അനുവദിക്കാമോ എന്ന് വീടിനടുത്തുള്ള കടയിൽ തിരക്കി. വയ്ക്കുന്നതിനു കുഴപ്പമില്ല എന്നാൽ വിറ്റുപോകാത്തവ തിരികെ എടുക്കണമെന്നു കടയുടമ പറഞ്ഞു. ഞാൻ സമ്മതിച്ചു. കടയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് യഥാർഥ പ്രശ്നം തിരിഞ്ഞത്.
ഉണ്ണിയപ്പമുണ്ടാക്കുന്നതിനാവശ്യമായ സാധനങ്ങളൊന്നും വീട്ടിലില്ല. സുഹൃത്തിന്റെ കയ്യിൽ നിന്നു കടമായി വാങ്ങിയ നൂറു രൂപകൊണ്ട് അരിയും ശർക്കരയും തേങ്ങയും എണ്ണയുമെല്ലാം വാങ്ങി. പത്തു പായ്ക്കറ്റ് ഉണ്ണിയപ്പമാണ് ആദ്യ ദിവസം വിൽപനയ്ക്കായി എത്തിച്ചത്. ‘ചൂടപ്പം പോലെ’ എന്നു പറയുന്നതുപോലെ ഉണ്ണിയപ്പം മുഴുവനും വിറ്റു പോയി. ‘പറ്റുമെങ്കിൽ 20 കവർ നാളെ കൊണ്ടുവരൂ’ എന്നു കടയുടമ പറഞ്ഞു. ഇതായിരുന്നു തുടക്കം.’’ ഷെരീഫയുടെ മുഖം തെളിഞ്ഞു.
കൈപിടിച്ചത് കുടുംബശ്രീ
‘‘ഒരു കയ്യിൽ ഉണ്ണിയപ്പ സഞ്ചിയും മറുകയ്യിൽ മൂന്നു മാസം പ്രായമുള്ള മകളേയുമെടുത്തു ഞാൻ കിലോമീറ്ററുകളോളം നടന്നു. എത്ര കടകൾ കയറിയിറങ്ങിയെന്നു നിശ്ചയമില്ല. വെയിലെന്നോ മഴയെന്നോ ഇല്ലാത്ത ഈ യാത്രയ്ക്കിടയിൽ നാട്ടുകാരിൽ ചിലരെല്ലാം ചേർന്നൊരു പേരിട്ടു – ‘ഉണ്ണിയപ്പ താത്ത’. കളിയാക്കലുകൾക്കു മുന്നിൽ തളരരുതെന്നു ഞാൻ സ്വയം പറഞ്ഞു പഠിപ്പിച്ചു. ശ്രദ്ധ പൂർണമായും പ്രവൃത്തിയിലൂന്നി.
എന്തൊക്കെ സംഭവിച്ചാലും, ആരു കളിയാക്കിയാലും സാരമില്ലെന്നു പറഞ്ഞ് ഇക്ക ഒപ്പം നിന്നു. മെല്ലെ കടകളുടെ എണ്ണം കൂടി. ഉണ്ണിയപ്പത്തിനു പുറമേ നൈസ് പത്തിരിയും ഇലയടയും കലത്തപ്പവുമുണ്ടാക്കി ഹോട്ടലുകളിൽ എത്തിച്ചു. മലപ്പുറം സ്പിന്നിങ് മില്ലിനടുത്താണ് ഞങ്ങളുടെ വീട്. ഒരു രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥയിൽനിന്ന് മുപ്പതു കുടുംബങ്ങൾക്കു വഴികാട്ടാൻ പാകത്തിന് എന്നെ വളർത്തിയതു കുടുംബശ്രീയാണ്. ചെറുതായി നടത്തിവന്ന കച്ചവടം കാറ്ററിങ് യൂണിറ്റാക്കി മാറ്റാമെന്ന ആശയം ലഭിക്കുന്നത് സ്പിന്നിങ് മിൽ എഡിഎസിലൂടെയാണ്. 2018ൽ കുടുംബശ്രീയിൽ നിന്ന് ലോൺ എടുത്തു മുത്തൂസ് കാറ്ററിങ് യൂണിറ്റ് ആരംഭിച്ചു.
പ്രീമിയം ഹോട്ടൽ എന്ന വഴി കാണിച്ചു തന്നതും ഒപ്പത്തിനൊപ്പം നിന്ന് എന്നെ നയിച്ചതും കുടുംബശ്രീ തന്നെ. കോവിഡ് കാലത്തു കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ കോവിഡ് രോഗികൾക്കുള്ള ഭക്ഷണം തയാറാക്കാനുള്ള അവസരം ലഭിച്ചു. രണ്ടായിരത്തോളം പേർക്കാണ് ദിവസം മൂന്നു നേരം ഭക്ഷണം നൽകിയിരുന്നത്.’’ ഉച്ചയൂണിനുള്ള ഇലകൾ തുടച്ചു വൃത്തിയാക്കുന്നതിനിടെ ഷെരീഫ പറഞ്ഞു.
ആ സ്വപ്നവും തളിർക്കുന്നു
പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്ന ഷെരീഫയ്ക്കു വലിയൊരു സ്വപ്നമുണ്ടായിരുന്നു.
‘‘പഠനം നിർത്തിയതും വിവാഹം നടന്നതുമെല്ലാം പെട്ടെന്നായിരുന്നു. ഇന്നും കുറച്ചു കൂടി പഠിക്കാൻ സാധിച്ചില്ലല്ലോ എന്ന വിങ്ങൽ ഉള്ളിലുണ്ട്. അതുകൊണ്ടുതന്നെ മക്കളെ രണ്ടാളേയും നന്നായി പഠിപ്പിക്കണം എന്നതു വലിയ മോഹമായിരുന്നു. എങ്ങനെയതു സാധിക്കുമെന്നൊന്നും ഉറപ്പുണ്ടായിരുന്നില്ല. അവിടെയും പടച്ചോൻ വഴിതെളിച്ചു. കുട്ടികളെ സ്കൂളിൽ ചേർക്കാറായപ്പോഴേക്കും ബിസിനസ് മെച്ചപ്പെട്ടു. മകൻ ഫെബിയാസ് ഇപ്പോൾ യുകെയിൽ കാർഡിയാക് സയന്റിസ്റ്റാണ്. ചേട്ടന്റെ പാത പിന്തുടർന്ന് മെഡിക്കൽ പഠനത്തിനായുള്ള ഒരുക്കത്തിലാണ് മകൾ ഫാത്തിമ ഫെമിന. നന്നായി പഠിച്ചു ജോലി നേടാതെ മുന്നേറാൻ കഴിയില്ലെന്ന ബോധ്യം മക്കൾക്കുണ്ടായിരുന്നു.’’ ഷെരീഫയുടെ വാക്കുകളിൽ അഭിമാനം.
ഉച്ചയ്ക്കു പള്ളി പിരിഞ്ഞപ്പോഴേക്കും ഷെരീഫയുടെ കുടുംബശ്രീയിൽ തിരക്കായി. സഹായികൾ ഇലയിട്ട് ചോറു വിളമ്പിയപ്പോഴേക്കും ഷെരീഫ താത്ത കറികളുമായി എത്തി.
നിറഞ്ഞസ്നേഹത്തോടെ ഇലകളിൽ ഭക്ഷണം വിള മ്പുമ്പോൾ ഷെരീഫ പറഞ്ഞു ‘‘എന്തൊക്കെ നേടിയെന്നു പറയുമ്പോഴും പഴയകാലത്തിലേക്കു തിരിഞ്ഞു നോക്കാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല. തളർന്നു പോകാറുണ്ട്. എങ്കിലും ഒപ്പം നിൽക്കാൻ ഇവരെല്ലാം ഉള്ളപ്പോൾ ഞാനെന്തിനു പേടിക്കണം. ഇനിയും മുന്നോട്ടു പോകണം.’’ ഷെരീഫയും കഫേയിലെ ജീവനക്കാരും നിറഞ്ഞു ചിരിച്ചു.