ADVERTISEMENT

ഭിന്നശേഷിക്കാരിയായി ജനിച്ച്, പലവിധ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിത വിജയം നേടിയയാളാണ് വിവർത്തകയും അധ്യാപികയുമായ ടിനു ആനി അലക്സാണ്ടർ. ഇപ്പോൾ കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ ഹിന്ദി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി ചെയ്യുന്നു.

ഹിന്ദിയിലെ കവിതാകോഷ്, ഗദ്യകോഷ് തുടങ്ങിയ വെബ്‌സൈറ്റുകളുടെ സ്ഥാപകനും ഭിന്നശേഷി വ്യക്തിയുമായ ലലിത് കുമാർ എഴുതിയ ‘Vitamin Zindagi’ എന്ന ആത്മകഥ ‘ക്രച്ചസ്’ എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ടിനു ആനി അലക്സാണ്ടർ ആണ്. ഈ പുസ്തകത്തിന്റെ പരിഭാഷാനുഭവത്തിന്റെ വെളിച്ചത്തിൽ തന്റെ ജീവിതാനുഭവങ്ങൾ ‘വനിത ഓൺലൈനിൽ’ പങ്കുവയ്ക്കുകയാണ് ടിനു.

ADVERTISEMENT

ചില പുസ്തകങ്ങൾ നമ്മെ വെറുതെ വായിപ്പിക്കുകയല്ല; അവ നമ്മളെത്തന്നെ വായിച്ചെടുക്കുകയാണ്. നമ്മുടെ ജീവിതത്തിന്റെ ചില അടയാളങ്ങളും മുറിവുകളും പറയാതെ പോയ വാക്കുകളും മറ്റൊരാളുടെ ജീവിതകഥയിൽ പുസ്തകരൂപത്തിൽ കണ്ടുമുട്ടുമ്പോൾ, അത് ഒരു വായനയല്ല – സ്വന്തം ജീവിതത്തെ മറ്റൊരു കണ്ണാടിയിൽ കാണുന്ന അത്ഭുതമാണ്.

ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ, ഡിസേബിലിറ്റിയോടെ ജനിച്ച എന്നെ സംബന്ധിച്ചിടത്തോളം സമൂഹത്തിൽ എന്റേതായ ഒരു ഇടം കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. പലതരത്തിലുള്ള അവഗണനകളും പരിഹാസങ്ങളും നേരിട്ടുകൊണ്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും ജീവിതത്തിൽ മുന്നേറണം, സമൂഹം അംഗീകരിക്കുന്ന തരത്തിലുള്ള ഒരു ജോലി നേടണം, സ്വന്തമായൊരു സ്ഥാനം നേടിയെടുക്കണം എന്ന ആഗ്രഹം പഠിക്കുന്ന കാലം മുതലേ മനസ്സിലുണ്ടായിരുന്നു. പക്ഷേ, അവിടേക്കുള്ള വഴി ഏതാണെന്ന് എനിക്ക് വ്യക്തമായിരുന്നില്ല.

ADVERTISEMENT

പിജി പഠനം പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ചെയ്താലോ എന്ന ചിന്ത മനസ്സിൽ വരുന്നത്. ഗവേഷണം എന്താണെന്നോ എങ്ങനെയാണ് ചെയ്യേണ്ടതെന്നോ അന്ന് എനിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. എന്നെ പഠിപ്പിച്ച അധ്യാപികയും കുസാറ്റ് ഹിന്ദി വിഭാഗം പ്രൊഫസറുമായ പ്രണീത ടീച്ചറാണ് ഗവേഷണത്തിലേക്ക് എന്നെ കൈപിടിച്ചുകൊണ്ടുവന്നത്.

ഗവേഷണത്തിനുള്ള വിഷയം തിരഞ്ഞെടുക്കേണ്ട ഘട്ടം എത്തിയപ്പോൾ സ്വാഭാവികമായും എന്റെ ചിന്തകൾ ഡിസേബിലിറ്റിയിലേക്കാണ് പോയത്. ഞാൻ അനുഭവിക്കുന്നതും എന്നെപ്പോലെയുള്ള നിരവധി മനുഷ്യർ നേരിടുന്നതുമായ പ്രശ്നങ്ങളെ സമൂഹം വേണ്ടത്ര മനസ്സിലാക്കുകയോ ചർച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്ന് പലപ്പോഴും തോന്നിയിരുന്നു. അതുകൊണ്ടുതന്നെ ഡിസേബിലിറ്റിയുമായി ബന്ധപ്പെട്ട് ഗവേഷണം ചെയ്താലോ എന്ന് ഞാൻ ടീച്ചറോട് ചോദിച്ചു.

ADVERTISEMENT

ഹിന്ദി സാഹിത്യത്തിൽ ഡിസേബിലിറ്റിയെ കേന്ദ്രീകരിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ്. എന്നിട്ടും ആ വിഷയം തിരഞ്ഞെടുക്കാൻ ടീച്ചർ എനിക്ക് അനുവാദം നൽകി. “മെറ്റീരിയൽ കിട്ടില്ല”, “ഈ വിഷയം ചെയ്താൽ നീ ഒന്നൂടെ ഡിസേബ്ൾഡ് ആയിത്തീരുമല്ലോ’’ എന്നിങ്ങനെയുള്ള പരിഹാസങ്ങളും മുന്നറിയിപ്പുകളും പലരിൽനിന്നും കേൾക്കേണ്ടിവന്നു. എന്നെ ആ വിഷയത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചവരുമുണ്ടായിരുന്നു. പക്ഷേ, ഞാൻ പിന്മാറിയില്ല.

വിഷയത്തെ കൂടുതൽ മനസ്സിലാക്കാനും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡിസേബിൾഡ് വ്യക്തികളുമായി സംസാരിക്കാനും അവരുടെയനുഭവങ്ങൾ കേൾക്കാനും ടീച്ചർ എനിക്ക് സ്വാതന്ത്ര്യവും അവസരവും നൽകി. അതിലൂടെ കോളേജിലെ അധ്യാപകരുമായും ഗവേഷകരുമായും നിരവധി ആളുകളുമായും അടുത്ത ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. പൊതുവേ അധികം സംസാരിക്കാത്ത ഞാൻ, ഗവേഷണത്തിലേക്ക് കടന്നതോടെ കൂടുതൽ ആളുകളോട് സംസാരിക്കാൻ തുടങ്ങി. അതിലും പ്രധാനമായി, എന്റെ ഡിസേബിലിറ്റിയെ ഞാൻ തന്നെ അംഗീകരിക്കാൻ പഠിച്ചത് ഗവേഷണത്തിലൂടെയായിരുന്നു.

ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്റെ മാത്രം പ്രശ്നങ്ങളല്ലെന്നും, എന്നെപ്പോലെ നിരവധി മനുഷ്യർ സമൂഹത്തിൽ നേരിടുന്ന അനുഭവങ്ങളാണെന്നും തിരിച്ചറിഞ്ഞു. ഡിസേബിലിറ്റിയെ ഒരു വ്യക്തിയുടെ പരിമിതിയായി മാത്രം കാണാതെ അതിന് പിന്നിലെ സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത് അപ്പോഴാണ്.

എന്റെ ഗവേഷണവിഷയം ഹിന്ദി നോവലുകളിലെ ഡിസേബിൾഡ് മനുഷ്യരുടെ മനുഷ്യാവകാശ ലംഘനങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി കൃതികൾ വായിക്കുന്നതിനിടയിലാണ് നോവലുകളേക്കാൾ നേരിട്ട് അനുഭവങ്ങളുടെ ആഴം പകർത്താൻ ആത്മകഥകൾക്ക് കഴിയുമെന്ന ചിന്ത മനസ്സിലുണ്ടായത്. അങ്ങനെ ഡിസേബിലിറ്റി ആത്മകഥകളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

tinu-4

ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിലൂടെ അന്വേഷിക്കുന്നതിനിടയിലാണ് ലലിത് കുമാർ എഴുതിയ ‘Vitamin Zindagi’ എന്ന ആത്മകഥയെക്കുറിച്ച് അറിയുന്നത്. വലിയ രീതിയിൽ പ്രചാരത്തിലില്ലാത്ത ഒരു പുസ്തകമായിരുന്നു അത്. പുസ്തകം ഓർഡർ ചെയ്ത് വായിക്കാൻ തുടങ്ങി. ഓരോ അധ്യായവും വായിക്കുന്തോറും പുസ്തകം എന്നെ കൂടുതൽ ആഴത്തിൽ സ്പർശിച്ചു. കാരണം, അതിൽ എഴുതിയിരുന്നത് മറ്റൊരാളുടെ ജീവിതമായിരുന്നെങ്കിലും, പലപ്പോഴും ഞാൻ വായിച്ചത് എന്റെ തന്നെ ജീവിതമായിരുന്നു.

സ്കൂൾ കാലത്തെ ചില ഓർമ്മകൾ വീണ്ടും മുന്നിലെത്തി. അധ്യാപകരും കുട്ടികളും ടൂറിന് പോകുമ്പോൾ എന്നെയും കൂടെ കൊണ്ടുപോകാൻ പലപ്പോഴും താൽപര്യമുണ്ടായിരുന്നില്ല. ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളിൽ മറ്റുള്ളവർ സന്തോഷത്തോടെ പങ്കെടുക്കുമ്പോൾ ഞാൻ മാറിനിന്നിരുന്ന കാലമുണ്ടായിരുന്നു. സ്കൂളിൽനിന്നുള്ള വിനോദയാത്രകളിൽ പങ്കെടുക്കാനും കഴിഞ്ഞിട്ടില്ല. ലലിത് കുമാറിന്റെ ജീവിതത്തിലും സമാനമായ അനുഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് വായിച്ചപ്പോൾ, ഞാൻ അനുഭവിച്ചിരുന്നത് എന്റെ മാത്രം പ്രശ്നമല്ലെന്ന് ആദ്യമായി കൂടുതൽ ആഴത്തിൽ തിരിച്ചറിഞ്ഞു.

ഒരു സമ്മാനം ലഭിച്ചാൽ പോലും “അവൾക്ക് ഡിസേബിലിറ്റിയുള്ളതുകൊണ്ടാണ് കിട്ടിയത്” എന്ന തരത്തിലുള്ള പരിഹാസങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ട്. സ്കൂൾ കാലത്ത് നേരിട്ട കളിയാക്കലുകളും പേരുവിളികളും, ഡിസേബിലിറ്റിയെ തമാശയാക്കി മാറ്റുന്ന സമീപനങ്ങളും, അധ്യാപകർ പോലും അതിനെ ഗൗരവത്തോടെ കാണാതിരുന്നതുമെല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അതേ അനുഭവങ്ങൾ ലലിത് കുമാറിന്റെ ആത്മകഥയിലും വായിച്ചപ്പോൾ ഒരു വിചിത്രമായ തിരിച്ചറിവായിരുന്നു.

പൊതുഗതാഗതം ഉപയോഗിക്കുന്നതും എനിക്ക് എളുപ്പമായിരുന്നില്ല. തിരക്കേറിയ നഗരത്തിൽ ബസ് കാത്തുനിൽക്കുമ്പോൾ ഏറ്റവും തിരക്കുള്ള ബസിലും ഏറ്റവും ഒഴിഞ്ഞ ബസിലും കയറാൻ കഴിയാതെ, എനിക്ക് കയറാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ബസ് വരുന്നതുവരെ കാത്തുനിൽക്കേണ്ടിവന്നിട്ടുണ്ട്. അതിനിടെ സമയം പോകും. ചിലപ്പോൾ ബസിനുള്ളിൽ വീണിട്ടുമുണ്ട്. ഇതെല്ലാം എന്റെ ജീവിതത്തിലെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. ചില അനുഭവങ്ങൾ മനസ്സിനെ തളർത്തിയിട്ടുണ്ട്. പല രാത്രികളിലും കരഞ്ഞിട്ടുണ്ട്. പക്ഷേ, ‘Vitamin Zindagi’ വായിച്ചപ്പോൾ ആ അനുഭവങ്ങൾക്ക് മറ്റൊരു അർത്ഥം ലഭിച്ചു.

സ്കൂളിലും കോളേജിലും പഠിക്കുമ്പോഴും, പൊതുസമൂഹത്തിലേക്ക് ഇറങ്ങുമ്പോഴും, പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും ഡിസേബിൾഡ് വ്യക്തികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ വ്യക്തിപരമായ പരാജയങ്ങളല്ല; സമൂഹത്തിന്റെ ഘടനയും സമീപനങ്ങളും സൃഷ്ടിക്കുന്ന തടസ്സങ്ങളാണെന്ന് മനസ്സിലായി.

അപ്പോൾ മറ്റൊരു ചിന്തയും മനസ്സിൽ വന്നു – ലലിത് കുമാറിന്റെ ജീവിതം അദ്ദേഹം മാത്രം അറിയേണ്ടതല്ലല്ലോ. അദ്ദേഹത്തിന്റെ അനുഭവങ്ങൾ മറ്റുള്ളവരും അറിയണം. ഡിസേബിലിറ്റിയെക്കുറിച്ച് സമൂഹം സംസാരിക്കണമെങ്കിൽ, ഡിസേബിൾഡ് മനുഷ്യരുടെ ജീവിതാനുഭവങ്ങൾ സമൂഹത്തിന്റെ മുന്നിലെത്തണം. അങ്ങനെ ആ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്ന ആഗ്രഹം ശക്തമായി.

ആദ്യം മലയാളത്തിലെ ഗവേഷകരോട് ഡിസേബിലിറ്റി ആത്മകഥകൾ മലയാളത്തിൽ എത്രത്തോളം ലഭ്യമാണെന്ന് അന്വേഷിച്ചു. വളരെ പരിമിതമായ എണ്ണം മാത്രമാണ് ലഭ്യമെന്ന് മനസ്സിലായി. അപ്പോൾ ‘Vitamin Zindagi’ മലയാളത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യമായി. എന്നാൽ ഒരു പുസ്തകം പരിഭാഷപ്പെടുത്തുന്നത് അത്ര ലളിതമായ കാര്യമല്ല. ആദ്യം അതിന്റെ എഴുത്തുകാരനെ പരിചയപ്പെടണം. അദ്ദേഹത്തിന്റെ സമ്മതം നേടണം. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണം. ലലിത് കുമാറിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴാണ് ഹിന്ദിയിലെ കവിതാകോഷ്, ഗദ്യകോഷ് തുടങ്ങിയ വെബ്‌സൈറ്റുകളുടെ സ്ഥാപകൻ ആണെന്ന് തിരിച്ചറിയുന്നത്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല, തന്റെ അനുഭവങ്ങളെ സമൂഹവുമായി പങ്കുവയ്ക്കുന്ന വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കാൻ തുടങ്ങി. അവിടെനിന്നാണ് എന്റെ പരിഭാഷയുടെ യാത്ര ആരംഭിച്ചത്.

ഒരു പുസ്തകം മലയാളത്തിലേക്ക് മാറ്റുക എന്നതിലുപരി, ഒരു മനുഷ്യന്റെ അനുഭവം മറ്റൊരു ഭാഷയിലെ വായനക്കാരിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വമായിരുന്നു അത്. ഞാൻ വായിച്ചപ്പോൾ എന്റെ ജീവിതത്തെ കണ്ടതുപോലെ, ഈ പുസ്തകം വായിക്കുന്ന ഡിസേബ്ൾഡായ മറ്റൊരാൾക്കും സ്വന്തം അനുഭവങ്ങളെ തിരിച്ചറിയാൻ കഴിയണം എന്നായിരുന്നു എന്റെ ആഗ്രഹം.

ലലിത് കുമാറിന്റെ ‘Vitamin Zindagi’ എനിക്ക് ഒരു ആത്മകഥ മാത്രമായിരുന്നില്ല. പൊതുസമൂഹത്തിൽനിന്ന് താൻ നേരിട്ട അവഗണനകളുടെയും വിവേചനങ്ങളുടെയും രേഖപ്പെടുത്തൽ മാത്രവുമല്ല അത്. അത്തരം അനുഭവങ്ങളെ അതിജീവിച്ചുകൊണ്ട്, മനസ്സിന് ഉറപ്പും കാര്യങ്ങളെ കൃത്യമായി തിരിച്ചറിയാനുള്ള കരുത്തുമുണ്ടെങ്കിൽ ജീവിതത്തിൽ മുന്നേറാനും ഏത് മേഖലയിലും വിജയം നേടാനും കഴിയുമെന്ന് തെളിയിക്കുന്ന ഒരു ജീവിതസാക്ഷ്യം കൂടിയാണ്.

പരിമിതികളും പ്രതിസന്ധികളും ഉണ്ടായിരുന്നിട്ടും വിദേശത്ത് പോയി പഠിക്കുകയും സ്വന്തം ജീവിതം സ്വയം രൂപപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ലളിത് കുമാർ. അതുകൊണ്ടുതന്നെ, സമാനമായ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ഈ പുസ്തകം നൽകുന്ന പ്രചോദനം വളരെ വലുതാണെന്ന് എനിക്ക് തോന്നി. “ഈ പുസ്തകം വായിക്കുന്ന ഒരാൾക്ക്, ഒരുപക്ഷേ, തന്റെ ജീവിതത്തിൽ ഒരു ചുവടുകൂടി മുന്നോട്ട് വയ്ക്കാനുള്ള ധൈര്യം ലഭിച്ചേക്കാം” – ഈ ചിന്തയാണ് എന്നെ അതിന്റെ പരിഭാഷയിലേക്ക് കൂടുതൽ അടുപ്പിച്ചത്.

പുസ്തകത്തിൽ സ്കൂൾ - കോളജ് കാലത്ത് നേരിട്ട അവഗണനകളെക്കുറിച്ച് മാത്രമല്ല അദ്ദേഹം സംസാരിക്കുന്നത്. ഡിസേബിലിറ്റി റിസർവേഷനിലൂടെ ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന സ്റ്റീരിയോടൈപ്പുകളെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ഒരാൾക്ക് ഒരു നേട്ടം ലഭിച്ചാൽ പോലും “ഡിസേബിൾഡ് ആയതുകൊണ്ടാണ് കിട്ടിയത്” എന്ന രീതിയിൽ അതിനെ ചെറുതാക്കി കാണുന്ന സമീപനം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

അതുപോലെ, ഡിസേബിലിറ്റിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെയും അദ്ദേഹം തുറന്നുകാട്ടുന്നു. വിവാഹം, പ്രണയം, സൗഹൃദം തുടങ്ങിയ വ്യക്തിജീവിതത്തിന്റെ മേഖലകളിൽ ഡിസേബിൾഡ് വ്യക്തികൾ നേരിടുന്ന സങ്കീർണതകളും സമൂഹം അവരുടെ മേൽ ചാർത്തുന്ന ആരോപണങ്ങളും മുൻവിധികളും അദ്ദേഹം വളരെ സത്യസന്ധമായി രേഖപ്പെടുത്തുന്നു. തന്റെ അനുഭവങ്ങളെ മാത്രം കേന്ദ്രമാക്കി സംസാരിക്കാതെ, തന്റെ ലിംഗപരമായ പ്രത്യേകാവകാശങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനാണ്. ഒരു ഡിസേബിൾഡ് പുരുഷനായതിനാൽ തനിക്ക് ലഭിച്ച ചില സാമൂഹിക ആനുകൂല്യങ്ങൾ തന്റെ ഡിസേബിൾഡ് സ്ത്രീ സുഹൃത്തുക്കൾക്ക് ലഭിക്കുന്നില്ലെന്നും അവർ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അദ്ദേഹം തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ പുസ്തകം ഡിസേബിലിറ്റിയെക്കുറിച്ചുള്ള ഒരു ഏകമാനമായ വിവരണം മാത്രമല്ല; അതിനുള്ളിലെ ലിംഗവ്യത്യാസങ്ങളെയും അധികാരബന്ധങ്ങളെയും കൂടി ചർച്ച ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ സാഹചര്യങ്ങളെയും വിദേശരാജ്യങ്ങളിലെ അനുഭവങ്ങളെയും താരതമ്യം ചെയ്തുകൊണ്ട്, ഇന്ത്യ പോലെ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ഡിസേബിൾഡ് വ്യക്തികൾ നേരിടുന്ന അടിസ്ഥാനപരമായ പരിമിതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. പൊതുഗതാഗത സംവിധാനത്തിന്റെ അനാസ്ഥ, ഡ്രൈവർമാരുടെ പെരുമാറ്റം, സ്കൂളിലെയും കോളേജിലെയും സഹപാഠികളുടെ സമീപനം, അധ്യാപകരുടെ പ്രതികരണം, ഡിസേബിലിറ്റിയുടെ പേരിൽ നഷ്ടപ്പെട്ട ബന്ധങ്ങൾ—ഇങ്ങനെ വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും ഒരുപോലെ ബാധിക്കുന്ന നിരവധി അനുഭവങ്ങൾ പുസ്തകത്തിലുണ്ട്. ഇവയിൽ പലതും എന്റെ ജീവിതവുമായി അതിശയകരമായി ബന്ധപ്പെട്ടിരുന്നു. ഞാൻ പൊതുസമൂഹത്തോട് പറയാൻ ആഗ്രഹിച്ചിരുന്ന പല കാര്യങ്ങളും ലലിത് കുമാർ തന്റെ പുസ്തകത്തിൽ നേരത്തെ തന്നെ എഴുതിവച്ചിരിക്കുന്നതുപോലെ എനിക്ക് തോന്നി. എന്നാൽ അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ എന്നെ പ്രേരിപ്പിച്ച മറ്റൊരു കാര്യമുണ്ടായിരുന്നു. ഇത്രയേറെ അവഗണനകളും വിവേചനങ്ങളും നേരിട്ടിട്ടും അദ്ദേഹം സമൂഹത്തെ വെറുക്കുന്ന നിലപാട് സ്വീകരിക്കുന്നില്ല. പകരം, സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകേണ്ടത്, മനുഷ്യരുടെ സമീപനത്തിൽ എന്ത് മാറ്റമാണ് ആവശ്യമായത് എന്നതിനെക്കുറിച്ച് പക്വമായ ഒരു നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. അത് എന്നെ ഏറെ ആകർഷിച്ചു.

അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹത്തിൽ ഞാൻ അദ്ദേഹത്തെ ഫേസ്ബുക്കിൽ അന്വേഷിച്ചു. പിന്നീട് അദ്ദേഹവുമായി ഫോണിൽ സംസാരിക്കാനും സാധിച്ചു. ഞാൻ പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുണ്ടോ, എന്താണ് എന്റെ എഴുത്തുപരിചയം, ഡിസേബിലിറ്റിയെക്കുറിച്ചുള്ള എന്റെ നിലപാടുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, ഒരു എഴുത്തുകാരിയാണെന്ന് അവകാശപ്പെടാൻ പോന്ന ഒന്നും എന്നിൽ ഇല്ല. ആദ്യമായാണ് ഒരു പുസ്തകം പരിഭാഷപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നിട്ടും എന്റെ വാക്കുകളിലുള്ള വിശ്വാസം കൊണ്ടാകാം, അദ്ദേഹം എനിക്ക് തന്റെ പുസ്തകം പരിഭാഷപ്പെടുത്താനുള്ള സമ്മതം നൽകി. അങ്ങനെ ആ യാത്ര ആരംഭിച്ചു.

2023-ലെ ഒരു വേനലവധിയുടെ തുടക്കത്തിൽ, ഹൈദരാബാദിലേക്കുള്ള ഒരു സെമിനാർ യാത്രയ്ക്കിടെയാണ് ഞാൻ ‘Vitamin Zindagi’യുടെ മലയാള പരിഭാഷ ആരംഭിച്ചത്. പക്ഷേ, അത് ഒരു സാധാരണ പരിഭാഷാ പ്രവൃത്തിയായിരുന്നില്ല. ഓരോ പേജും വായിക്കുമ്പോഴും എന്റെ ഭൂതകാലത്തിലെ ചില വാതിലുകൾ തുറക്കുന്നതുപോലെയായിരുന്നു. ബാല്യകാലത്തെ ചില അനുഭവങ്ങൾ, സ്കൂൾ കാലത്തെ ചില വേദനകൾ, മറ്റുള്ളവർ പറഞ്ഞ ചില വാക്കുകൾ – എല്ലാം വീണ്ടും ഓർമ്മയിലെത്തി. പല ദിവസങ്ങളിലും എഴുത്ത് നിർത്തിവെക്കേണ്ടിവന്നു. മനസ്സ് അസ്വസ്ഥമാകുമ്പോൾ പരിഭാഷ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലായിരുന്നു. ചില ഭാഗങ്ങൾ വായിക്കുമ്പോൾ ഞാൻ വളരെ വൈകാരികമായി. അത്തരം സന്ദർഭങ്ങളിൽ എഴുത്ത് മാറ്റിവെച്ച് മനസ്സ് ശാന്തമാകുന്നതുവരെ കാത്തിരുന്നു. അതുകൊണ്ടുതന്നെ, ഈ പരിഭാഷ പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷം എടുത്തു.

പല രാത്രികളിലും പുസ്തകത്തിലെ അനുഭവങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ, എന്റെ ജീവിതത്തിൽ പലരും പറഞ്ഞുപോയ വാക്കുകൾ ഓർമ്മയിൽ വന്നു. “ഒന്നിനും കൊള്ളാത്തവൾ” എന്ന തരത്തിലുള്ള പരാമർശങ്ങൾ, കഴിവുകളെക്കാൾ ഡിസേബിലിറ്റിയെ മാത്രം കാണുന്ന സമീപനങ്ങൾ – അവയെല്ലാം വീണ്ടും മനസ്സിനെ വേദനിപ്പിച്ചു. ആ വേദനയിൽ നിന്നുകൊണ്ടുതന്നെ പരിഭാഷ പൂർത്തിയാക്കുകയായിരുന്നു.

ആദ്യ ഡ്രാഫ്റ്റ് പൂർത്തിയാക്കിയ ശേഷം വീണ്ടും വായിച്ചപ്പോൾ പല ഭാഗങ്ങളും തിരുത്തേണ്ടതുണ്ടെന്ന് തോന്നി. വീണ്ടും എഴുതി. പിന്നീട് എല്ലാം സ്വന്തമായി ടൈപ്പ് ചെയ്യണമെന്നൊരു വാശിയും എനിക്കുണ്ടായി. അങ്ങനെ ഒരിക്കൽ എഴുതിയതിനെ വീണ്ടും പുനഃരചിക്കുകയും പിന്നീട് സ്വന്തമായി ടൈപ്പ് ചെയ്യുകയും ചെയ്തു. എനിക്ക് ഒരു പുസ്തകത്തിന്റെ പരിഭാഷ പൂർത്തിയാക്കുന്നതിലുപരി, എന്റെ സ്വന്തം ഭൂതകാലത്തെ വീണ്ടും വായിച്ചെടുക്കുന്ന പ്രക്രിയ കൂടിയായിരുന്നു.

എന്നാൽ പരിഭാഷ പൂർത്തിയായതോടെ മറ്റൊരു വെല്ലുവിളി മുന്നിലെത്തി—ഒരു പ്രസാധകനെ കണ്ടെത്തുക. പുസ്തകം നല്ലതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഉള്ളടക്കം ശക്തമാണെന്നും തോന്നിയിരുന്നു. പക്ഷേ ലലിത് കുമാറിനെക്കുറിച്ച് കേരളത്തിലെ പ്രസാധകർക്ക് വലിയ പരിചയമുണ്ടായിരുന്നില്ല. അതോടൊപ്പം ഞാൻ എഴുത്തിന്റെ ലോകത്ത് ഒരു തുടക്കക്കാരിയുമായിരുന്നു. അതുകൊണ്ടുതന്നെ പ്രസാധകനെ കണ്ടെത്താനുള്ള ശ്രമം എളുപ്പമായിരുന്നില്ല. ഒടുവിൽ ഒരു സുഹൃത്ത് വഴിയാണ് ഗൂസ്ബെറി ബുക്സുമായി പരിചയപ്പെടുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ അത് പ്രസിദ്ധീകരിക്കാൻ തയ്യാറായി. അങ്ങനെ വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം യാഥാർഥ്യമായി.

എന്റെ പുസ്തകത്തിന് ലഭിച്ച ഏറ്റവും അർത്ഥവത്തായ വേദികളിലൊന്നായിരുന്നു 2026 ഫെബ്രുവരിയിൽ കോഴിക്കോട് നടന്ന കേരള ഡിസേബിലിറ്റി ഫെസ്റ്റിവൽ. മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായ പി. കെ. പാറക്കടവ് പുസ്തകം പ്രകാശനം ചെയ്ത ആ നിമിഷം, ഈ യാത്രയുടെ ഒരു വലിയ പൂർത്തീകരണമായി എനിക്ക് തോന്നി. ജീവിതത്തിൽ ഒരിക്കലും ഒരു അധ്യാപികയാകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നില്ല ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ അവഗണനയും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവന്നത് സ്കൂൾ കാലഘട്ടത്തിലായിരുന്നു. അധ്യാപകരിൽനിന്ന് വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതും സഹപാഠികളുടെ നിരന്തരമായ കളിയാക്കലുകളും ആ കാലത്തെ എന്റെ ഓർമകളിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോയ എനിക്ക് ഒരിക്കലും ഒരു അധ്യാപികയാകണമെന്ന് ആഗ്രഹം തോന്നിയിരുന്നില്ല. പക്ഷേ, ജീവിതം ചിലപ്പോൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. എനിക്ക് ആദ്യം പിഎസ് സി കിട്ടി രണ്ട് വർഷത്തോളം ഒരു ഗവൺമെന്‍റ് യു.പി. സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തു. അവിടെ എത്തിയപ്പോഴാണ് അധ്യാപകരുടെ മറ്റൊരു മുഖം ഞാൻ അടുത്തറിഞ്ഞത്. ഡിസേബിൾഡ് കുട്ടികളെയും മറ്റ് പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെയും എന്റെ സഹപ്രവർത്തകരായ അധ്യാപകർ എത്ര കരുതലോടെയും ക്ഷമയോടെയും പരിഗണിക്കുന്നുവെന്ന് നേരിട്ട് കാണാൻ കഴിഞ്ഞു. എന്റെ മനസ്സിൽ അധ്യാപകരെക്കുറിച്ച് വർഷങ്ങളായി കെട്ടിക്കിടന്നിരുന്ന ചില ധാരണകൾ അവിടെവച്ച് മാറുകയായിരുന്നു. എന്റെ സഹപ്രവർത്തകരാണ് അതിന് കാരണമായത്.

പിന്നീട് കോഴിക്കോട് പ്രോവിഡൻസ് വിമൻസ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി ലഭിച്ചു. ഇപ്പോൾ കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ ഹിന്ദി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി ചെയ്യുന്നു. ഈ ക്യാമ്പസിലേക്ക് കടന്നുവന്നപ്പോഴും മറ്റൊരു മനോഹരമായ കാഴ്ചയാണ് എനിക്ക് കാണാൻ കഴിഞ്ഞത്. ഡിസേബിലിറ്റിയുള്ള നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അവർ ഏത് വർഷക്കാരായാലും, അവരുടെ കഴിവുകൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് കോളേജിലുള്ളത്.

അത് കേവലം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഡിസേബിൾഡ് വിദ്യാർത്ഥികളോട് സൗഹൃദപരമായ സമീപനം പുലർത്തുകയും അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അവരെ മുന്നോട്ടുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു അക്കാദമിക് അന്തരീക്ഷമാണ് കാണാൻ സാധിച്ചത്. ഇതെല്ലാം കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. ഞാൻ കടന്നുപോയ അനുഭവങ്ങളിലൂടെ ഇനിയൊരു കുട്ടിയും കടന്നുപോകേണ്ടിവരരുതേ എന്നൊരു ആശ്വാസവും അതോടൊപ്പം ഉണ്ടാകാറുണ്ട്. ഒരു അധ്യാപികയായതോടെ, ഡിസേബിലിറ്റിയുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്താനുള്ള അവസരവും എനിക്ക് ലഭിച്ചു. സ്കൂളിൽ പഠിപ്പിച്ചിരുന്ന കുട്ടികളോടും ഇപ്പോൾ കോളേജിൽ പഠിപ്പിക്കുന്ന വിദ്യാർത്ഥികളോടും ക്ലാസ് സമയത്തും ലഭിക്കുന്ന മറ്റ് അവസരങ്ങളിലും ഡിസേബിലിറ്റിയെക്കുറിച്ച് സംസാരിക്കാറുണ്ട്. ഡിസേബിൾഡ് വ്യക്തികളെ സഹതാപത്തോടെ കാണേണ്ടവരല്ലെന്നും, മറ്റേതൊരു മനുഷ്യനെയും പോലെ തുല്യമായ മാന്യതയോടെ കാണേണ്ടവരാണെന്നും കുട്ടികളോട് പറയാറുണ്ട്. അതോടൊപ്പം, പ്രത്യേകിച്ച് ഫിസിക്കലി ഡിസേബിൾഡ് വ്യക്തികൾക്ക് സഹായം ആവശ്യമാകുന്ന സാഹചര്യങ്ങളിൽ എങ്ങനെയാണ് അവരെ സഹായിക്കേണ്ടത്, എങ്ങനെയാണ് സഹായം ചോദിക്കേണ്ടത്, അവരുടെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ട് എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങളും അവരുമായി സംസാരിക്കാറുണ്ട്. അങ്ങനെ വിദ്യാർത്ഥികളിൽ ചെറിയ രീതിയിലെങ്കിലും ഒരു ബോധവൽക്കരണം സൃഷ്ടിക്കാൻ കഴിയുന്നത് എനിക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ, ഇന്ന് ഒരു അധ്യാപികയായതിൽ എനിക്ക് യാതൊരു അസ്വസ്ഥതയുമില്ല. ഒരിക്കൽ അധ്യാപകരിൽനിന്ന് നേരിട്ട വേദനകൾ തന്നെയാണ് ഇന്ന് ഒരു അധ്യാപിക എന്ന നിലയിൽ മറ്റൊരു കുട്ടിയുടെ ജീവിതത്തിൽ കൂടുതൽ കരുതലുള്ള ഇടം സൃഷ്ടിക്കേണ്ടതിന്റെ ഉത്തരവാദിത്വം എന്നിൽ വളർത്തിയത്. എന്നെപ്പോലെ തന്നെ പല ബുദ്ധിമുട്ടുകളിലൂടെയും അവഗണനകളിലൂടെയും കടന്നുപോകുന്ന കുട്ടികൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവർ വളരുന്ന സാഹചര്യങ്ങളും ചുറ്റുമുള്ള മനുഷ്യർ അവരോട് പെരുമാറുന്ന രീതികളും അവരുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും സ്വപ്നങ്ങളെയും സ്വാധീനിക്കും. ഇന്നും ഒറ്റപ്പെടലും പരിഹാസവും അവഗണനയും അനുഭവിക്കുന്ന ഒരാൾക്ക് ‘ക്രച്ചസ്’ ചിലപ്പോൾ വലിയൊരു മാറ്റം സൃഷ്ടിക്കാൻ കഴിയും എന്നൊരു ബോധ്യം എനിക്കുണ്ട്.

tinu-3

ഇത് ഒരു ഡിസേബിൾഡ് വ്യക്തിയുടെ ദുരിതകഥ മാത്രമല്ല. പരിമിതികൾക്കിടയിലും എങ്ങനെ മുന്നോട്ട് പോകാം, സ്വന്തം ജീവിതത്തെ എങ്ങനെ സ്വയം രൂപപ്പെടുത്താം, സമൂഹം സൃഷ്ടിക്കുന്ന തടസ്സങ്ങളെ എങ്ങനെ മറികടക്കാം എന്നതിന്റെ പ്രചോദനവും ഈ പുസ്തകം നൽകുന്നു. അതേസമയം, പൊതുസമൂഹത്തിനും ഈ പുസ്തകം ചില ചോദ്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

ഡിസേബിൾഡ് വ്യക്തികളോട് നാം എങ്ങനെയാണ് പെരുമാറുന്നത്?

അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ?

അവരെ സഹതാപത്തിന്റെ കണ്ണുകളിലൂടെയാണോ കാണുന്നത്, അതോ തുല്യരായി കാണുന്നുണ്ടോ?

ഇന്ന് സ്കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലും ഡിസേബിൾഡ് വ്യക്തികൾ കൂടുതൽ സജീവമായി എത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ തൊഴിൽ മേഖലകളിലും സംവരണത്തിലൂടെ അവസരങ്ങൾ ലഭിക്കുന്നതിനാൽ നിരവധി പേർ പഠിക്കാനും ജോലി ചെയ്യാനും മുന്നോട്ടുവരുന്നു. അപ്പോൾ അവർക്കായി ഒരു റാംപ് ഒരുക്കിയാൽ മാത്രം ഒരു സ്ഥാപനം ഇൻക്ലൂസീവ് ആകുന്നില്ല. അവരെ സ്വീകരിക്കാൻ കഴിയുന്ന മനസ്സുകളും അതോടൊപ്പം ഉണ്ടാകണം.

ഒരു ക്യാമ്പസിലോ ഓഫീസിലോ അവർ എത്തുമ്പോൾ സഹപ്രവർത്തകരും സഹപാഠികളും അധ്യാപകരും അധികൃതരും എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണവും അത്യാവശ്യമാണ്. അതിനാൽ ‘ക്രച്ചസ്’ ഒരു പുസ്തകം എന്നതിലുപരി ഒരു ചർച്ചയ്ക്കുള്ള തുടക്കമാകണം എന്നാണ് എന്റെ ആഗ്രഹം. ഒരു വശത്ത്, ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരാൾക്ക് ഇത് പ്രതീക്ഷ നൽകണം. മറുവശത്ത്, ഡിസേബിലിറ്റിയെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത പൊതുസമൂഹത്തിന് ചില കാര്യങ്ങൾ തിരിച്ചറിയാൻ ഈ പുസ്തകം സഹായിക്കണം.

കാരണം ‘ക്രച്ചസ്’ ഒരിക്കലും ഒരാളുടെ ദുരിതത്തിന്റെ കഥ മാത്രമല്ല. പരിമിതികളെ മറികടന്ന് മുന്നോട്ട് പോകാനുള്ള ഒരു വഴിയാണ് അത്. ലലിത് കുമാറിന്റെ ജീവിതവും അതിലൂടെ ഡിസേബിലിറ്റിയെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഉയർത്തിക്കാട്ടുന്നതാണ് ക്രച്ചസ് എന്ന പുസ്തകത്തിന്റെ പ്രസക്തി. ഒരു വ്യക്തിയുടെ ജീവിതാനുഭവം എന്നതിലുപരി, ഡിസേബിലിറ്റിയെ സമൂഹം എങ്ങനെയാണ് കാണേണ്ടത്, സമീപിക്കേണ്ടത്, മനസ്സിലാക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു സാമൂഹിക സംഭാഷണം കൂടിയാണ് ഈ പുസ്തകം.

ഈ പുസ്തകത്തിന്റെ പ്രസക്തി കൂടുതൽ തെളിയിച്ച ഒരു കാര്യമാണ് കേരളത്തിലെ പ്ലസ് വൺ പാഠപുസ്തകത്തിൽ Vitamin Zindagiയുടെ ഒരു ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഏറെ അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണ്. ക്രച്ചസ് പരിഭാഷപ്പെടുത്തുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് ലലിത് കുമാറിന്റെ ജീവിതം കൂടുതൽ ആളുകളിലേക്ക് എത്തണമെന്നതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഡിസേബിലിറ്റി നേരിടുന്ന മനുഷ്യരുടെ അനുഭവങ്ങളും, അവർ അതിജീവിക്കുന്ന പ്രതിസന്ധികളും, പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങളും ചർച്ച ചെയ്യപ്പെടണം എന്നായിരുന്നു എന്റെ ആഗ്രഹം. 2022–23 കാലഘട്ടത്തിൽ തന്നെ ഈ പുസ്തകം വായിച്ചപ്പോ എനിക്ക് ലഭിച്ച തിരിച്ചറിവ് മറ്റുള്ളവരിലേക്കും എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇന്ന് ആ ജീവിതവും ആ അനുഭവങ്ങളും കേരളത്തിലെ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു പാഠഭാഗത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമാണ്.

ഒരു കാലത്ത് വളരെ പരിമിതമായ വായനക്കാരിലേക്ക് മാത്രം എത്തിയിരുന്ന ഒരു ഡിസേബിലിറ്റി ആത്മകഥയിലെ അനുഭവങ്ങൾ ഇന്ന് ക്ലാസ് മുറികളിൽ ചർച്ച ചെയ്യപ്പെടുന്നു. അതിലൂടെ ഒരു പുതിയ തലമുറ ലലിത് കുമാറിന്റെ ജീവിതത്തെക്കുറിച്ചും, ഡിസേബിലിറ്റിയെക്കുറിച്ചും, സമൂഹത്തിന്റെ സമീപനങ്ങളെക്കുറിച്ചും ചിന്തിക്കാൻ തുടങ്ങുന്നു. അതാണ് ‘ക്രച്ചസ്’ എന്ന പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രസക്തിയെന്ന് ഞാൻ കരുതുന്നു. ഒരു വ്യക്തിയുടെ ജീവിതകഥയിൽ നിന്ന് ആരംഭിച്ച യാത്ര, ഒരു പരിഭാഷയിലൂടെ മറ്റൊരു ഭാഷയിലേക്ക് എത്തുകയും ഒപ്പം തന്നെ പാഠപുസ്തകത്തിലൂടെ ഒരു തലമുറയിലേക്ക് കൂടി എത്തുകയാണ്.

2014–16 കാലഘട്ടത്തിലാണ് ഞാൻ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്ന് ഹിന്ദി പാഠപുസ്തകത്തിൽ അമിതാഭ് ബച്ചനും റാണി മുഖർജിയും അഭിനയിച്ച ‘ബ്ലാക്ക്’ എന്ന സിനിമയെക്കുറിച്ച് പഠിക്കാനുണ്ടായിരുന്നു. അതിന്റെ ഭാഗമായി അധ്യാപിക ഞങ്ങൾക്ക് സിനിമ കാണിച്ചു തരുകയും ചെയ്തു.ഹെലൻ കെല്ലറുടെ ജീവിതത്തെ ആസ്പദമാക്കിയ ആ സിനിമയിലൂടെ ഡിസബിലിറ്റിയുടെ ജീവിതസമരത്തെയും പരിചയപ്പെടുത്തുകയും ചെയ്തു. എന്നാൽ അന്ന്, റാണി മുഖർജി അവതരിപ്പിച്ച കാഴ്ചയും കേൾവിയും ഇല്ലാത്ത കഥാപാത്രത്തിന്റെ നടത്തവും ചലനങ്ങളും ചില സഹപാഠികൾക്ക് ചിരിക്കാനുള്ള കാരണമായി മാറി. പതിനേഴുകാരിയായ എനിക്ക് അത് ഉള്ളിൽ വലിയ വേദനയായിരുന്നു. അന്ന് ആ വേദന പ്രകടിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും, അത് മനസ്സിൽ മായാതെ നിന്നു.

പത്ത് വർഷങ്ങൾക്ക് മുമ്പ് ‘ബ്ലാക്ക്’ കണ്ടപ്പോൾ ഒരു ഡിസേബ്ൾഡ് പെൺകുട്ടിയുടെ ജീവിതാവസ്ഥയെ മനസ്സിലാക്കാതെ ചിരിച്ചിരുന്ന കുട്ടികൾക്ക്, ഇന്ന് ജീവിതത്തിൽ അനേകം വെല്ലുവിളികൾ അതിജീവിച്ച ലളിത് കുമാറിന്റെ ആത്മകഥയുടെ ഈ ചെറിയ ഭാഗമെങ്കിലും ഡിസബിലിറ്റിയുടെ യഥാർത്ഥ ജീവിതാനുഭവങ്ങളും അതിജീവനശക്തിയും മനസ്സിലാക്കാൻ സഹായിക്കുമെന്ന വിശ്വാസമുണ്ട്.

tinu-2

ഒരു വിവർത്തനം ഭാഷകളെ മാത്രമല്ല, അനുഭവങ്ങളെയും മനുഷ്യജീവിതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുമെന്ന തിരിച്ചറിവ് ഈ സന്തോഷത്തെ കൂടുതൽ അർത്ഥവത്താക്കുന്നു. ലലിത് കുമാറിന്റെ Vitamin Zindagi ഇതിനകം മറാത്തിയിലും മൈഥിയിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലേക്ക് എത്തിയപ്പോൾ അതിന് ‘ക്രച്ചസ്’ എന്ന പേരാണ് നൽകിയത്. കേരളത്തിലെ വായനക്കാരെ സംബന്ധിച്ചിടത്തോളം ഹിന്ദി എല്ലാവർക്കും ഇംഗ്ലീഷിനോളം സ്വാഭാവികമായി വായിച്ചെടുക്കാൻ കഴിയുന്ന ഭാഷയല്ല. ഹിന്ദി അറിയുന്നവരുണ്ടെങ്കിലും, ഹിന്ദിയിൽ ഒരു പുസ്തകം മുഴുവനായി വായിച്ച് അതിലെ സൂക്ഷ്മമായ അനുഭവങ്ങളും ആശയങ്ങളും ഉൾക്കൊള്ളുക എല്ലാവർക്കും എളുപ്പമാകണമെന്നില്ല. അതുകൊണ്ടുതന്നെ Vitamin Zindagi മലയാളത്തിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത എനിക്ക് വളരെ വ്യക്തമായിരുന്നു. എന്നാൽ ക്രച്ചസ് ചർച്ച ചെയ്യുന്ന വിഷയം ഒരു ഭാഷയുടെയോ ഒരു പ്രദേശത്തിന്റെയോ മാത്രം വിഷയമല്ല. ഡിസേബിലിറ്റി ദേശത്തിനും കാലത്തിനും ഭാഷയ്ക്കും ജാതിക്കും മതത്തിനും അതീതമായ ഒരു മനുഷ്യാനുഭവമാണ്.

ലലിത് കുമാർ അനുഭവിച്ച ചില കാര്യങ്ങൾ ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഗത്തുള്ള ഒരു ഡിസേബിൾഡ് വ്യക്തിക്കും അനുഭവപ്പെടാം. സ്കൂളിൽ നേരിടുന്ന അവഗണന, പൊതുഗതാഗതത്തിലെ ബുദ്ധിമുട്ടുകൾ, സൗഹൃദങ്ങളിലും ബന്ധങ്ങളിലും ഉണ്ടാകുന്ന വിവേചനം, തൊഴിലിടങ്ങളിലെ മുൻവിധികൾ—ഇവയ്ക്ക് ഭൂമിശാസ്ത്രപരമായ അതിരുകളില്ല. അതുകൊണ്ടുതന്നെ ഈ പുസ്തകം കൂടുതൽ ഭാഷകളിലേക്ക് എത്തേണ്ടതുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. മലയാളത്തിലേക്ക് Vitamin Zindagi എത്തുമ്പോൾ അത് ഒരു ഭാഷാന്തരം മാത്രമല്ല; കേരളത്തിലെ കൂടുതൽ വായനക്കാരിലേക്ക് ഒരു ഡിസേബിൾഡ് മനുഷ്യന്റെ ജീവിതാനുഭവം എത്തിക്കുന്ന ഒരു പാലമായി മാറുകയാണ്. അതുകൊണ്ടുതന്നെയാണ് ‘ക്രച്ചസ്’ വായിക്കപ്പെടണം എന്ന കാര്യത്തിൽ എനിക്ക് ഉറച്ച വിശ്വാസമുള്ളത്. കാരണം ഈ പുസ്തകം ഡിസേബിലിറ്റിയെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്, മറിച്ചു മനുഷ്യരെ മനുഷ്യരായി കാണുന്നതിനെക്കുറിച്ചും, തുല്യതയെക്കുറിച്ചും, മാന്യതയെക്കുറിച്ചും, സമൂഹത്തിന്റെ സമീപനങ്ങളിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഒരു ഭാഷയിൽ എഴുതപ്പെട്ട ജീവിതം മറ്റൊരു ഭാഷയിൽ എത്തുമ്പോൾ, അതിനൊപ്പം ഒരു പുതിയ സമൂഹവും ആ അനുഭവത്തിലേക്ക് കടന്നുവരുന്നു. ‘ക്രച്ചസ്’ അതിനുള്ള ഒരു ചെറിയ ശ്രമമാണ്.

Overcoming Disability: Tinu Annie Alexander's Journey of Resilience and Translation:

Tinu Annie Alexander, an assistant professor and translator, shares her inspiring journey of overcoming disabilities and societal challenges. Her translation of Lalit Kumar's autobiography, 'Vitamin Zindagi' into Malayalam as 'Crutches,' highlights shared experiences of discrimination and exclusion faced by disabled individuals. This endeavor led her to reflect on her own life and the broader societal attitudes towards disability. The book serves as a testament to resilience and a call for greater understanding and inclusivity. Tinu's personal experiences as a disabled individual and her subsequent work as an educator underscore the importance of empathy and supportive environments. 'Crutches' not only tells a personal story but also initiates a crucial societal dialogue about disability, aiming to foster a more inclusive and equitable world. The inclusion of a passage from 'Vitamin Zindagi' in the Kerala Plus One textbook signifies a significant step towards raising awareness and promoting a nuanced understanding of disability among the younger generation.

ADVERTISEMENT