ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞതോടെ മനം നിറയെ മക്കളെ കിട്ടിയ സന്തോഷത്തിലാണ് കലാരഞ്ജിനി...
മോഹിനിയാട്ടത്തിലെ സരസ്വതി ഇപ്പോൾ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലെ മോഹിനിയാട്ടങ്ങൾ മാറിമാറി കണ്ടുകൊണ്ടിരിക്കുകയാണ്. വിവിധ ഭാഷകളിലേക്കു ഡബ്ബ് ചെയ്തിട്ടുള്ളതുകൊണ്ട് അതിലൊക്കെ തന്റെ ക്യാരക്ടറിന്റെ ഡയലോഗ് ഡെലിവറി നന്നായിട്ടുണ്ടോ എന്നു നോക്കുന്നതാണത്രെ. പക്ഷേ, സത്യമതല്ല. ആ സിനിമയും അതിൽ ഒപ്പം പ്രവർത്തിച്ചവരെയുമെല്ലാം കലാരഞ്ജിനിക്ക് എപ്പോഴും കാണണം. അത്രമേൽ ആസ്വദിച്ച ആ ചിത്രീകരണകാലം ഇടയ്ക്കിടെ മനസ്സിലെടുത്തു വീണ്ടു മധുരിക്കണം.
‘‘തെലുങ്കിലും തമിഴിലുമൊക്കെയുള്ള എത്രയോ സുഹൃത്തുക്കളാണ് ഒടിടി സ്ട്രീമിങ് തുടങ്ങിയപ്പോൾ വിളിച്ചത്. നാളുകൾക്കു ശേഷമാണ് ഒരു സിനിമ ഇത്രയധികം അഭിനന്ദനങ്ങൾ നേടിത്തരുന്നത്. സമയം എന്നത് ഏതുപ്രായത്തിലും കടന്നുവന്ന് അനുഗ്രഹിക്കാം. എനിക്കിപ്പോൾ ബെസ്റ്റ് സമയമാണ്. അഭിനന്ദനങ്ങൾ മാത്രമല്ല, ഭരതനാട്യവും മോഹിനിയാട്ടവും തന്നതു കൈനിറയെ മക്കളെയുമാണ്.’’
സിനിമ തന്ന മക്കൾ
സിനിമയിലെ മകൾ ശ്രുതി ഇപ്പോൾ എനിക്കു സ്വന്തം മകൾ തന്നയാണ്. കൊച്ചിയിലേക്കു വരുന്നു എന്നറിഞ്ഞാൽ എയർപോർട്ടിൽ സ്വീകരിക്കാൻ അവൾ ഉണ്ടാകും. ഇരട്ടക്കുട്ടികൾ ജിനിലും ജിവിനും എപ്പോഴും വിളിക്കും സംസാരിക്കും. ആ സിനിമയിൽ എല്ലാവർക്കുമിടയിൽ അദൃശ്യമായൊരു സ്നേഹവലയമുണ്ടായിരുന്നു. തലശ്ശേരിയിലെ ഷൂട്ടിങ് സമയത്തു രാത്രികാലങ്ങളിൽ ഞങ്ങളൊരു സംഘമായി നടക്കാനിറങ്ങും. ഷോപ്പിങ് സെന്ററുകളിലൊക്കെ കയറിയിറങ്ങി, കൊച്ചുകൊച്ചു സാധനങ്ങളൊക്കെ വാങ്ങി... ആളുകൾ കൗതുകത്തോടെ അടുത്തുവരികയും ചിത്രങ്ങൾ എടുക്കുകയുമൊക്കെ ചെയ്യും. ഒാരോ സെൽഫിയിലും പൂരത്തിനുള്ള ആളുണ്ടാകും. പലരും പറയും പുതിയ തലമുറ നമ്മളുമായി അടുക്കില്ല, എപ്പോഴും മൊബൈലിലാണ് എന്നൊക്കെ. പക്ഷേ, എന്റെ അനുഭവം അങ്ങനെയല്ല. നമ്മളാണു സദാ മൊബൈലിൽ ഇരിക്കുന്നത്. നമ്മളാണ് അവരിലേക്ക് ഇറങ്ങി ചെല്ലാത്തത്.
വീട്ടിലെ മക്കൾ
വീട്ടിലെത്തിയാൽ കൽപനയുടെ മകൾ ശ്രീമയിയാണ് എപ്പോഴും ഒപ്പമുള്ളത്. അവൾ ഡ്രാമകൾ ചെയ്ത് ഉള്ളിലെ അഭിനേത്രിയെ പാകം വരുത്തുകയാണ്. മകൻ അമ്പോറ്റി ഇപ്പോൾ ബിസിനസ് ചെയ്യുന്നു. സംവിധാനം പഠിച്ചു സിനിമയിൽ വരാനുള്ള തയാറെടുപ്പിലാണ് അമ്പോറ്റി. ഉർവശിയുടെ മകൾ കുഞ്ഞാറ്റയും അനുജൻ പ്രിൻസിന്റെ മകൻ നിതിനുമെല്ലാം സിനിമയാണ് അവരുടെ ലോകമെന്നു കരുതുന്നു.
പണ്ട് കൽപനയ്ക്കും ഉർവശിക്കും കമ്മലും മാലയും വാങ്ങാനും അണിയിച്ചൊരുക്കാനുമെല്ലാം ഞാനായിരുന്നു മുന്നിൽ. ഇന്നു മക്കളാണ് എനിക്കു ചേരുന്ന ഉടുപ്പും ആഭരണങ്ങളും സെലക്ട് ചെയ്യുക. വീട്ടിലെ മക്കളെല്ലാം സിനിമയിൽ തന്നെ വേണമെന്നാണു ഞങ്ങളും ആഗ്രഹിക്കുന്നത്.
കേൾക്കാത്ത ശബ്ദം എന്ന പ്ലസ്
ശബ്ദം നഷ്ടപ്പെട്ട ശേഷം സിനിമകളിലും സീരിയലുകളിലുമെല്ലാം മറ്റുള്ളവരുടെ ശബ്ദത്തിലായിരുന്നു ഞാൻ സംസാരിച്ചുകൊണ്ടിരുന്നത്. നന്ദനത്തിൽ ഉർവശിയാണ് ഡബ്ബ് ചെയ്തത്. പല സിനിമകളിലും കൽപനയും ചെയ്തിട്ടുണ്ട്.
ഹൗ ഒാൾഡ് ആർ യൂ എന്ന സിനിമയ്ക്കു പതറിയ ഈ ശബ്ദം തന്നെ മതി എന്നു റോഷൻ ആൻഡ്രൂസ് വാശിപിടിച്ചു. മറ്റൊരിടത്തും കാണാത്ത സഹകരണമാണ് ആ സെറ്റിൽ കണ്ടത്. ഡയലോഗ് പറയുമ്പോൾ ഒരു സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദതയായിരിക്കും. എങ്കിലേ എന്റെ ശബ്ദം ഒപ്പം അഭിനയിക്കുന്ന ആളിനു കേൾക്കാനാകൂ. കേട്ടാലല്ലേ റിയാക്‌ഷൻ നൽകാൻ കഴിയൂ. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും എന്റെ ശബ്ദമാണു സംവിധായകൻ കൃഷ്ണദാസ് ആവശ്യപ്പെട്ടത്. ഒന്നോർത്തു നോക്കൂ, സംസാരിക്കാനുള്ള വിഷമം കൊണ്ടു പുറത്തിറങ്ങാതെ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ ഈ ശബ്ദം എന്റെ ഏറ്റവും വലിയ പ്ലസ് ആയി മാറി.
ഒരിക്കലും മായില്ല സഹോദരങ്ങൾ
വീട്ടിൽ അമ്മയുടെ നിഴലായി നടന്നവളാണ് ഉർവശി. ഒതുങ്ങിയ പ്രകൃതക്കാരി. അവൾ കോമഡി ഒക്കെ ചെയ്തു തുടങ്ങിയപ്പോൾ പലർക്കും അതിശയമായിരുന്നു. സിനിമയാണു തന്റെ വഴി എന്നു തീരുമാനിച്ചതോടെ അവൾ കിട്ടുന്ന റോളുകൾ ഉജ്വലമാക്കാൻ തുടങ്ങി.
ഷൂട്ട് കഴിഞ്ഞു വീട്ടിലെത്തിയാൽ ഞങ്ങൾ സിനിമയെക്കുറിച്ചു സംസാരിക്കാറേ ഇല്ലായിരുന്നു. മിമിക്രി, പാട്ട്, തമാശകൾ അങ്ങനെ പോകും. വീട്ടിലെ ആർട്ടിസ്റ്റ് എന്നും കൽപന ആയിരുന്നു. സംസാരിച്ച് അവളെ തോൽപിക്കാൻ ആർക്കുമാകില്ല. അമ്മ വിജയലക്ഷ്മി മാത്രമാണ് അവളോട് കൗണ്ടർ അടിച്ചു ജയിക്കാറുള്ളത്.
എനിക്കു കൽപനയോടു വലിയ ആരാധനയായിരുന്നു. സ്കൂളിൽ ഏതു മത്സരത്തിനും കൈ പൊക്കും. ഒാട്ടൻതുള്ളലിനൊക്കെ ചേർന്നിട്ടു വീട്ടിൽ വരുമ്പോൾ അമ്മയാണ് അതൊക്കെ പഠിപ്പിച്ചു കൊടുക്കുക. അനിയന്മാർ രണ്ടുപേരും ഞങ്ങളേക്കാൾ മുന്നേ സിനിമയിൽ വന്നവരാണ്. തുടക്കകാലം മുതൽ മരണം വരെ എല്ലാ സിനിമയിലും ജയന്റെ ചെറുപ്പകാലം അഭിനയിച്ചത് ഞങ്ങളുടെ അനിയന്മാരാണ്.
കൊഴിഞ്ഞുപോയ നല്ലോണങ്ങൾ
സിനിമയ്ക്കു മുൻപുണ്ടായിരുന്ന ഒാണമായിരുന്നു ഏറ്റവും മനോഹരം. അന്നു ഞങ്ങൾ തിരുവനന്തപുരത്താണു താമസം. അച്ഛൻ ചവറ വി. പി. നായരുടെ നാടകസുഹൃത്തുക്കൾ എല്ലാവരും വീട്ടിൽ വരും. ഞങ്ങൾ കുട്ടികൾക്ക് ഒരു മ ഞ്ഞമുണ്ട് ഉടുക്കാൻ തരും. അതുമുടുത്ത് ഊഞ്ഞാലിലാടി പൂവ് പറിച്ചു നടന്ന കാലം.
സിനിമയിൽ തിരക്കായതോടെ ഒാണത്തിന് ഒരുമിച്ച് എ ല്ലാവരും വീട്ടിലെത്തുക വിഷമമായിരുന്നു. അമ്മ പറയും, എല്ലാവരും എന്നാണു വീട്ടിൽ ഉള്ളത് അന്നാണു നമ്മുടെ ഒാണം. അന്നു സദ്യ ഉണ്ടാക്കും. എല്ലാവർക്കും പുതുവസ്ത്രങ്ങൾ വാങ്ങിത്തരുന്നതും അമ്മയാണ്. അങ്ങനെ ഒരു ഒാണക്കാലത്ത് മോഹൻ കൊല്ലം എടുത്ത മലയാളി മങ്ക ചിത്രമാണ് ഞങ്ങളുടെ മൂന്നുപേരുടേയും എക്കാലത്തേയും സുന്ദരമായ ചിത്രം.
ഇപ്പോൾ ഈ ഭൂമിയിൽ ഞാനും ഉർവശിയും അമ്മയും മാ ത്രമായി. പക്ഷേ, അച്ഛനെ, കൽപനയെ, അനിയന്മാരെ ഒാർക്കാത്ത ഒരു ദിവസം പോലുമില്ല. രാത്രി ഒൻപതു മണിവരെ കൽപനയോടു സംസാരിച്ചതാണ്. രാവിലെ അവൾ ഇല്ല. അനുജൻ പ്രിൻസ് നേരത്തേ പോയിരുന്നു.
മറ്റൊരനുജൻ കമലിനെ ഈ ജനുവരിയിലാണ് നഷ്ടപ്പെട്ടത്. അവൻ മൃദംഗവും വീണയുമൊക്കെ വായിക്കുമായിരുന്നു. തനിച്ചായാൽ ഇപ്പോഴും എനിക്കു കരച്ചിൽ വരും. കരയാതിരിക്കുന്നത് അമ്മയ്ക്കുവേണ്ടി മാത്രമാണ്. ജീവിതത്തിൽ അഭിനയിക്കേണ്ടി വരുന്ന നിമിഷങ്ങളാണത്.
അതെല്ലാം ഭാഗ്യമായിരുന്നു
കുട്ടിക്കാലത്തിനും കൗമാരത്തിനും ഇടയ്ക്കുള്ള പ്രായത്തിലാണ് സിനിമയിൽ എത്തുന്നത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലെയും പ്രമുഖർക്കൊപ്പം അഭിനയിച്ചു. ശിവാജി, എൻടി രാമറാവു, നസീർ സർ... മലയാറ്റൂർ രാമകൃഷ്ണൻ സംവിധാനം ചെയ്ത തുടക്കം ഒടുക്കം എന്ന സിനിമയിൽ അവസരം വന്നത് രസകരമാണ്.
മലയാറ്റൂർ സീനുകൾ വരയ്ക്കുകയാണു ചെയ്യുക. കഥാപാത്രങ്ങൾ, അവരുടെ വസ്ത്രങ്ങൾ എല്ലാം അദ്ദേഹം വരച്ചുവയ്ക്കും. നമ്മൾ ആ ഫ്രെയിമിലേക്ക് കയറി നിന്നാൽ മതി. മറ്റൊരു നടിയെ നായികയായി തീരുമാനിച്ചെങ്കിലും അദ്ദേഹം രചിച്ച ചിത്രത്തിലെ പെൺകുട്ടിയെ കണ്ട് അച്ഛന്റെ സുഹൃത്തു പറഞ്ഞു, ഇതു കലാരഞ്ജിനിയാണ് എന്ന്. അങ്ങനെ ഞാൻ ആ സിനിമയിലെത്തി.
പലപ്പോഴും ചിത്രീകരണത്തിനിടയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ വണ്ടിയും ഒപ്പം നായകൻ രതീഷുമായി കൊക്കയിലേക്കു മറിഞ്ഞു. മറ്റൊരിക്കൽ ബൈക്ക് ആക്സിഡന്റിൽ പരുക്കേറ്റു കോമയിൽ ആയി. അതിൽനിന്നൊക്കെ പിടിച്ചുകയറിവന്ന് സിനിമകൾ മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി കൊടുത്തിട്ടുണ്ട്. വീൽചെയറിൽ ഇരുന്നു ഡയലോഗ് പറഞ്ഞത് എത്രയോ തവണ.
ഒരു ബ്രേക്കിനു ശേഷമുള്ള വരവിൽ തമിഴിൽ വിജയ്‍യുടെ അമ്മയായാണ് അഭിനയിച്ചത്. ഡാൻസ് മാസ്റ്റർ നൃത്തം പഠിപ്പിക്കുമ്പോൾ നിശബ്ദനായി അതു നോക്കി നിൽക്കുന്ന അന്നത്തെ വിജയ്‌യെ ഇപ്പോഴും ഒാർമയുണ്ട്. നമ്മൾ ക രുതും സീനെടുക്കുമ്പോൾ ഈ പയ്യൻ എന്തു ചെയ്യുമെന്ന്. പക്ഷേ, ടേക്കിൽ അതിമനോഹരമായി നൃത്തം ചെയ്യും. ആ വിജയ് ആണ് ഇപ്പോൾ തമിഴ്നാടിന്റെ മുഖ്യമന്ത്രി എന്നത് ഒരുപാടു സന്തോഷം തരുന്നുണ്ട്.
മങ്ങാത്ത അഴക്
സുന്ദരിയായിരിക്കാൻ സദാ ശ്രദ്ധിക്കുന്ന ആളല്ല. ശരീരം സൂക്ഷിക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. ചോറും മീനും ഏറെ ഇഷ്ടമാണ്. മധുരം അതിലേറെയും. അസുഖങ്ങൾ വന്നും പോയും ഇരിക്കും. എന്തായാലും നമ്മുടെ സ്റ്റോപ് എത്തിയാൽ ഇറങ്ങണ്ടേ?. ഈ പ്രായത്തിൽ ഇനി മെലിയാം എന്നു കരുതുന്നതു വിഡ്ഢിത്തമാണ്. ചിലപ്പോൾ നമ്മുടെ രൂപം തന്നെ മാറിപ്പോകാം. ഭക്ഷണം കുറയ്ക്കണം എന്നു പറയുന്നവരോട് ‘കുഞ്ചാക്കോ ബോബന്റെ അമ്മയാകാനല്ലേ, കാമുകി ആകാനല്ലല്ലോ എന്നെ വിളി ക്കുന്നതെ’ന്നു തിരിച്ചു ചോദിക്കാറുണ്ട്.
വിധി അതായിരുന്നു
ഒരുപാടു പുസ്തകങ്ങൾ വായിക്കാറുണ്ട്. ഇഷ്ടം പോലെ യാത്രകൾ ചെയ്തിട്ടുണ്ട്. ജപ്പാൻ ഒഴിച്ച് ആഗ്രഹിച്ച എല്ലാ രാജ്യങ്ങളും കണ്ടുകഴിഞ്ഞു. ജീവിതത്തിൽ ഒരു കൂട്ടുവേണ്ടേ എന്ന് ഇപ്പോഴും പലരും ചോദിക്കും. വിവാഹജീവിതം ദിവസങ്ങളേ നിന്നുള്ളൂ. ചൂടുവെള്ളത്തിൽ വീണ പൂച്ച ആയിരുന്നതുകൊണ്ടാകാം ഇനി ഒറ്റയ്ക്കുമതി എന്നു കരുതി. അതുകൊണ്ടു ലൈഫിൽ എന്തെങ്കിലും കുറവുണ്ടായി എന്ന് ഇതുവരെ തോന്നിയിട്ടില്ല.
സിനിമയിൽ വരും മുൻപ് അച്ഛനും അമ്മയും പറഞ്ഞു തന്നിരുന്നു, ‘ആരുടെയും മുന്നിൽ കണ്ണുകൾ താഴ്ത്തി സംസാരിക്കരുത്. മുഖത്തുനോക്കി ഉറച്ചു സംസാരിക്കണം. നമ്മൾ അനുവദിക്കാതെ ആരും നമ്മളിലേക്കു കയറി വരില്ല’എന്ന്. അതു കൃത്യമായി പാലിച്ചു.
ഇന്നു പക്ഷേ, നടിമാർ എത്ര സൂക്ഷിച്ചാലും ക്യാമറക്കണ്ണുകളുംകൊണ്ടു ചില ക്ഷുദ്രജീവികൾ അവരുടെ ശരീരത്തിലേക്കു കടന്നുകയറുന്നതു കണ്ടിട്ടുണ്ട്. പെൺകുട്ടികളെ മനുഷ്യരായി കാണാൻ ഇവർക്കൊക്കെ എന്നാണു കഴിയുന്നത്?