രോഗികളുടെയും കുടുംബാംഗങ്ങളുടെയും നന്ദികേടാണ് ഡോക്ടര്‍മാരെ മറ്റെന്തിനേക്കാളും കൂടുതല്‍ തളര്‍ത്തുന്നതെന്ന വിഷയം പങ്കുവച്ച് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടര്‍. കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായരാണ് ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ എഴുതിയത്. ആൻജിയോഗ്രാമിനിടെ സംഭവിച്ച സങ്കീർണതയെ തുടർന്ന് രോഗിയുടെ ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറുടെ വൈകാരിക ഫെയ്സ്ബുക് കുറിപ്പ്.
ഡോ. രാജേഷ് ഗോപാലൻ നായര്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
"ദ്രോഹികളുടെ ആയുധങ്ങളെക്കാൾ ശക്തമായത് അവന്റെ പ്രിയപ്പെട്ടവരുടെ നന്ദികേടായിരുന്നു. അത് അവനെ പൂർണ്ണമായും തളർത്തിക്കളഞ്ഞു. അതിനുശേഷമാണ് ആ ശക്തമായ ഹൃദയം തകർന്നുപോയത്."- മാക്ബത്തിൽ ഷേക്സ്പിയറിന്റെ വരികളാണ്.
രോഗികളുടെയും ബന്ധുക്കളുടെയും നന്ദികേട് ചിലപ്പോൾ നമ്മെ തളർത്തിക്കളയും. കേരളത്തിൽ ഏറ്റവും കൂടുതൽ ആൻജിയോഗ്രാമും മറ്റു ചികിത്സകളും നൽകുന്ന രണ്ടാമത്തെ ആശുപത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. ഹൃദ്രോഗ വിഭാഗത്തിൽ എന്നല്ല മെഡിക്കൽ രംഗത്തെ ഏതു വിഭാഗത്തിലെയും ചികിത്സകൾ അപകടം നിറഞ്ഞതാണ്. കോംപ്ലിക്കേഷൻസ് ഇല്ലാത്ത ഒരു ചികിത്സയും പരിശോധനയും ഇല്ല.
കഴിഞ്ഞ ദിവസം ആൻജിയോഗ്രാമിന് വിധേയനായ ഒരു രോഗിക്ക് 4 ബ്ലോക്കുകൾ ഉണ്ടായിരുന്നു, ബൈപാസ് സർജറി ആവശ്യമായ രോഗി. ആൻജിയോഗ്രാം കഴിഞ്ഞു കത്തീറ്റർ വലതുകയ്യിലെ റേഡിയൽ ധമനിയിൽ മടങ്ങി തിരികെ എടുക്കാൻ പറ്റാത്ത സ്ഥിതിയിൽ ആയി. ഞാൻ തന്നെ കയറി പല ടെക്നിക്കുകളും ചെയ്തെങ്കിലും കത്തീറ്റർ തിരികെ എടുക്കാൻ പറ്റാത്ത അവസ്ഥ വന്നു. കാർഡിയാക് സർജറി അസിസ്റ്റന്റ് പ്രൊഫസർ വന്നു രക്തധമനി തുറന്നു കത്തീറ്റർ പുറത്തെടുത്തു.
ബൈപാസ് സർജറിക്കുവേണ്ടി 900 ൽ കൂടുതൽ രോഗികൾ കാർഡിയാക് സർജറി വിഭാഗത്തിൽ കാത്തുനിൽക്കുന്നുണ്ട്. എന്നാൽ ഈ രോഗിക്ക് ലെഫ്റ്റ് മെയിൻ ധമനിയിൽ ബ്ലോക്ക് ഉള്ളതിനാൽ സർജറി ഡേറ്റ് നേരത്തെ ആക്കണം എന്ന് ഹൃദ്രോഗ സർജറി വിഭാഗം മേധാവിയോട് ഞാൻ പ്രത്യേകം അപേക്ഷിക്കുകയും ചെയ്തിരുന്നു.
ഇന്ന് സൂപ്രണ്ട് ഓഫിസിൽ നിന്നും രോഗിയുടെ ഭാര്യയുടേതായ പരാതി വന്നിരിക്കുന്നു, കോംപ്ലിക്കേഷൻ വന്നതിനു നടപടി വേണമെന്ന്. ഒരു ആൻജിയോഗ്രാം ചെയ്യുമ്പോൾ മരണം വരെയുള്ള കോംപ്ലിക്കേഷൻസ് വരാം എന്ന് അമേരിക്കയിലെ ആശുപത്രിയിലെ കണക്കുകൾ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നതാണ് ആണ് താഴെ കാണുന്നത്. അതിൽ രക്തധമനിയുടെ കോംപ്ലിക്കേഷൻസ് 0.43% എന്ന് കാണിച്ചിരിക്കുന്നത് വായിക്കുക.
ഡോക്ടർമാർ ആരും വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇന്ന് ഞാൻ രണ്ടെണ്ണത്തിനെ തട്ടിയിട്ടേ വരൂ എന്ന് ഭാര്യയോട് പറഞ്ഞിട്ടല്ല വരുന്നത്. കോംപ്ലിക്കേഷൻസ് എപ്പോൾ വേണമെങ്കിലും ആർക്കും വരാം. അത് അറിഞ്ഞുകൊണ്ട് ആരും വരുത്തി വയ്ക്കുന്നതല്ല. കോംപ്ലിക്കേഷൻസ് ഇല്ലാത്ത ഒരു ചികിത്സയും ഓപ്പറേഷനും മെഡിക്കൽ വിഭാഗത്തിൽ ഇല്ല എന്ന് എല്ലാവരും ഓർക്കുക.
പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാതെ, ആരുടെ കയ്യിൽ നിന്നും നയാ പൈസ വാങ്ങാതെ രാവിലെ 8 മണി മുതൽ ഇവിടെ വന്നു കഷ്ടപ്പെടുന്നതിന് കിട്ടുന്ന ഇതുപോലെയുള്ള മനോഹരമായ സംഭാവനകൾ ചിലപ്പോൾ എനിക്ക് എന്നോടുതന്നെ പുച്ഛം ഉണ്ടാക്കും, എന്റെ പിള്ളാര് ചോദിക്കുന്ന പോലെ നിർത്തിയിട്ട് വല്ല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ എവിടെങ്കിലും പോയി കുറച്ച് കാശുണ്ടാക്കരുതോ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.
എന്റെ രണ്ട് പെൺമക്കളും ഈ തൊഴിൽ വേണ്ടെന്ന് വച്ചു, ചെറിയ മകൾ MBBS കിട്ടിയിട്ട് വേണ്ടെന്ന് വച്ചപ്പോൾ എനിക്ക് വിഷമം ആയിരുന്നു, ഇപ്പോ തോന്നുന്നു നന്നായി എന്ന്. രണ്ടാളും എപ്പോഴും ചോദിക്കാറുണ്ട്, അച്ഛന് ഇത് നിർത്തിയിട്ട് വല്ല മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ പോയി കുറച്ചുകാലം ജോലി നോക്കിക്കൂടെ എന്ന്. ഞാനും ഇപ്പോൾ ആ കാര്യം ഗഹനമായി ആലോചിക്കാൻ തുടങ്ങിയിട്ടുണ്ട്.
രാവിലെ ഇറങ്ങുമ്പോൾ പൂജാമുറിയുടെ മുന്നിൽ ഒരു നിമിഷം നിൽക്കുമ്പോഴും എല്ലാ ക്ഷേത്രങ്ങളിൽ പോകുമ്പോഴും എന്റെ പ്രാർത്ഥന ഒരേ കാര്യമാണ് “താങ്ങാൻ പറ്റാത്തതൊന്നും വരല്ലേ, എന്റെ കൈ കൊണ്ട് മറ്റാർക്കും ഒരു ദ്രോഹവും അറിഞ്ഞോ അറിയാതെയോ വരല്ലേ”. മടുത്തു തുടങ്ങി ഈ നശിച്ച തൊഴിൽ, ഇനി 4 വർഷം കൂടെ, ഓർക്കാൻ വയ്യ... എനിക്കിഷ്ടമാണ് പഠിപ്പിക്കാൻ, അതുകൊണ്ട് മാത്രം കടിച്ചുതൂങ്ങുന്നു.
ശൈത്യകാലത്തെ തണുത്ത കാറ്റ് എത്ര കഠിനമായി വീശി അടിച്ചാലും, അത് മനുഷ്യന്റെ നന്ദികേടിനേക്കാൾ ക്രൂരമല്ല എന്നും പറഞ്ഞിട്ടുണ്ട് ഷേക്സ്പിയർ. അദ്ദേഹം കണ്ട അക്കാലത്തെ മനുഷ്യരും ഇപ്പോഴത്തെ മനുഷ്യരും എല്ലാം ഒരേ തൂവൽ പക്ഷികൾ.