ADVERTISEMENT

എം. ടി. വാസുദേവൻ നായരുടെ മകൾ അശ്വതി അച്ഛനെക്കുറിച്ചുള്ള പ്രിയപ്പെട്ട ഓർമകളിലൂടെ...

ഴിഞ്ഞ വർഷം ഞാനും അമ്മയും കാശിയിൽ യാത്ര പോയിരുന്നു. അച്ഛനെഴുതിയ നോവൽ ‘വാരാണസി’ വായിച്ചതിനു ശേഷം ഏറെ നാളായി ഞാൻ ആഗ്രഹിച്ചൊരു യാത്ര. ദശാശ്വമേധഘട്ടിനു മുന്നിൽ നിറഞ്ഞൊഴുകുന്ന ഗംഗയെ നോക്കി ഞാൻ നിന്നു. കാശിയിലെ പവിത്രമായ ഘട്ടുകളിലൂടെയും ക്ഷേത്രപരിസരങ്ങളിലൂടെയും ദിവസങ്ങളോളം ചുറ്റി നടന്നു. അച്ഛൻ എത്രയോ തവണ വന്നിട്ടുള്ള സ്ഥലമാണ്. അച്ഛൻെറ കാലടിപ്പാടുകൾ പതിഞ്ഞിട്ടുള്ള അതേയിടങ്ങളിലൂടെ നടന്നപ്പോൾ ആ സാമീപ്യം അനുഭവിക്കും പോലെ തോന്നി. അച്ഛനുള്ള സമയത്ത് ഇവിടെ വരണമെന്ന് ആശിച്ചതായിരുന്നു. പക്ഷേ, എന്തുകൊണ്ടോ ആ യാത്ര വൈകിപ്പോയി.

ADVERTISEMENT

ഞാനും അച്ഛനും അമ്മയും ഒന്നിച്ച് ഒരുപാടു യാത്രകൾ പോയിട്ടുണ്ട്. എങ്കിലും വാരാണസിയിൽ ഗംഗാതീരത്തു നിൽക്കെ എന്തുകൊണ്ടോ കൂടല്ലൂരിൽ നിളാനദിയുടെ തീരത്തു കൂടി അച്ഛന്റെയൊപ്പം സഞ്ചരിച്ച യാത്രകൾ എന്റെ ഓർമയിലേക്കു വന്നു. കുട്ടിക്കാലത്ത് എല്ലാ ഓണാവധികളിലും വേനലവധികളിലും കൂടല്ലൂരേക്കു പോകാൻ ഞാൻ കാത്തിരിക്കുമായിരുന്നു. കണ്ണാന്തളിപ്പൂക്കൾ വിരിയുന്ന കുന്നുകൾ, വിശാലമായ പച്ചപ്പാടങ്ങൾ,നിറഞ്ഞൊഴുകുന്ന നിളാനദി... അത്രയും മനോഹരമായിരുന്നു അന്ന് അവിടുത്തെ പ്രകൃതിഭംഗി.

തറവാടിന്റെ രണ്ടാംനിലയിലെ ജനാലയിലൂടെ നോക്കുമ്പോൾ നിളയുടെ ഒരു ഭാഗം കാണാമായിരുന്നു. വൈകുന്നേരങ്ങളിൽ ഞാൻ തറവാട്ടിലെ മറ്റു കുട്ടികൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോകും...  അന്നൊക്കെ അച്ഛന്റെ പുസ്തകങ്ങളിൽ നിറയുന്ന ആ ഗ്രാമഭംഗികളിൽ ഏറെയും അവിടെ അതേപോലെ തന്നെയുണ്ടായിരുന്നു.

ADVERTISEMENT

അച്ഛന്റെ പുസ്തകങ്ങൾ ഞാൻ വായിക്കാൻ തുടങ്ങിയത് ഹൈസ്കൂളിലെത്തിയ ശേഷമാണ്. ഞാൻ തീരെ കൊച്ചുകുട്ടിയായിരുന്ന സമയത്ത് അച്ഛനുമായി ആഴത്തിലുള്ള അടുപ്പമുണ്ടായിരുന്നില്ല. അന്നൊക്കെ അച്ഛൻ പുസ്തകമെഴുത്തിന്റെയും സിനിമയുടേയും തിരക്കുകളിലായിരുന്നു. അച്ഛനെ കാണുന്നതുതന്നെ അപൂർവമായിരുന്നു. നൃത്തക്ക്ലാസ്സുകളുമായി അമ്മയും ഏറെ തിരക്കിലായിരുന്നു. അമ്മയുടെ ഇളയ രണ്ടു സഹോദരൻമാരും അന്നു വീട്ടിലുണ്ടായിരുന്നു. അവരാണ് ഏട്ടൻമാ രുടെ സ്ഥാനത്തു നിന്ന് എന്റെ കാര്യങ്ങൾ നോക്കിയത്.  

ഞാൻ ഹൈസ്കൂളിലെത്തിക്കഴിഞ്ഞ ശേഷമാണ് അ ച്ഛനുമായി കൂടുതൽ അടുപ്പമുണ്ടാകുന്നത്. പുസ്തകങ്ങളെക്കുറിച്ചായിരുന്നു അച്ഛൻ ഏറെയും സംസാരിച്ചത്. അച്ഛൻ യാത്രകൾ പോയിട്ടു വരുമ്പോൾ എനിക്കു വേണ്ടി ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികൾ, ലോകോത്തര സിനിമകളുടെയും കാർട്ടൂൺ സിനിമകളുടെയും വിഡിയോ കസറ്റുകൾ ഇതെല്ലാം കൊണ്ടു വരുന്നതു പതിവായിരുന്നു. വെക്കേഷൻ എന്നാൽ അന്നൊക്കെ പുസ്തകങ്ങളും സിനിമാ കസറ്റുകൾ കാണലുമായിരുന്നു.   

ADVERTISEMENT

ഹൈസ്കൂളിലെത്തിയതോടെ ഞാൻ അച്ഛന്റെ ചെറുകഥകളൊക്കെ വായിച്ചു തുടങ്ങി. പിന്നെ, നോവലുകളിലൂടെ, അച്ഛൻ തിരക്കഥകളെഴുതിയ സിനിമകളിലൂടെ അച്ഛനെന്ന എഴുത്തുകാരനെ കൂടുതൽ അടുത്തറിഞ്ഞു. മുതിർന്ന കുട്ടിയായ ശേഷം അച്ഛൻ എന്നോട് സാഹിത്യത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെ ദീർഘനേരം സംസാരിക്കുമായിരുന്നു. പ്രീഡിഗ്രിക്കു ഞാൻ തേർഡ് ഗ്രൂപ്പാണെടുത്ത്. ഡിഗ്രി ഇംഗ്ലിഷ് ലിറ്ററേച്ചറും.

aswathy-mt-daughter

അന്നു ഞാനാഗ്രഹിച്ചത് മാസ് കമ്യുണിക്കേഷൻ പഠിച്ച് വിഷ്വൽ മീഡിയയിൽ ജേണലിസ്റ്റ് ആകാനായിരുന്നു.കോഴ്സിന് അഡ്മിഷൻ കിട്ടിയെങ്കിലും ചേരാൻ സാധിച്ചില്ല. നമ്മുടെ കാര്യങ്ങളെക്കാൾ നമ്മൾ അച്ഛനമ്മമാരുടെ കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന ചില സമയം ജീവിതത്തിലുണ്ടാകുമല്ലോ. ‘നിൻെറ ഇഷ്ടത്തിനുള്ള കോഴ്സ് പഠിച്ചോളൂ’ എന്ന് അമ്മ എന്നെ നിർബന്ധിച്ചു. പക്ഷേ, അമ്മയ്ക്കു തനിയേ നൃത്തസ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കില്ലെന്നെനിക്കു തോന്നി. അങ്ങനെയാണു ഡാൻസ് പ്രഫഷൻ ആക്കാനും അമ്മയുടെ നൃത്ത സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സഹായിച്ചു കൂടെ നിൽക്കാനും തീരുമാനിച്ചത്.

ആ തീരുമാനത്തിൽ അച്ഛൻ പിന്തുണ തന്നു. പിന്നീട് ഞാൻ എംഎ ഇംഗ്ലിഷ് ചെയ്തു. നൃത്തത്തിന്റെ വഴിയേയുള്ള യാത്രയിലാണ് എന്റെ ജീവിതപങ്കാളിയായിത്തീർന്ന ശ്രീകാന്തിനെ കണ്ടുമുട്ടിയത്. ശ്രീകാന്തും ഞാനും ഒന്നിച്ച് നൃത്തം അവതരിപ്പിക്കാറുണ്ടായിരുന്നു. ശ്രീകാന്തിനെ വിവാഹം കഴിക്കാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ചു പറഞ്ഞപ്പോഴും അച്ഛൻ പൂർണ മനസ്സോടെ സമ്മതമേകി.

അച്ഛൻ ഒരു ഹ്യൂമനിസ്റ്റ് ആയിരുന്നു

അച്ഛനിൽ നിന്നു ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം  മനുഷ്യത്വം ആണ്. സമൂഹത്തിലെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാ മനുഷ്യരെയും സ്നേഹത്തോടെ പരിഗണിക്കുന്ന സ്വഭാവം. അച്ഛനെ അടുത്തറിയാത്തവർക്ക് അ തു മനസ്സിലാകണമെന്നില്ല. അച്ഛൻ വലിയ ഗൗരവക്കാരനാണ്, അധികം സംസാരിക്കാറില്ല... ഇതൊക്കെയാവും അ കലെ നിന്ന് നോക്കുന്നവർക്കു തോന്നുക. പക്ഷേ, അടുപ്പമുള്ളവർക്കു മനസ്സിലാകുമായിരുന്നു അച്ഛന്റെ മനസ്സിലെ കരുതൽ നിറഞ്ഞ സ്നേഹം.   

അച്ഛനു ജ്ഞാനപീഠം കിട്ടിയ സമയത്തു മാതൃഭൂമി വാരാന്തപ്പതിപ്പിൽ നിന്ന് എന്നെ വിളിച്ചിട്ട് എന്തെങ്കിലും എഴുതിത്തരുമോയെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തെഴുതണം എന്നെനിക്കറിയില്ലായിരുന്നു. ഞാനന്നു പ്രീഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്ന സമയമാണ്. അപ്പോ ഞാൻ അച്ഛനോട് ചോദിച്ചു. “അച്ഛാ ഞാനെന്താ എഴുതുക?” അച്ഛൻ എന്നോട് ഒരൊറ്റ വാചകമാണ് പറഞ്ഞത്. “വാട്ടെവർ യൂ റൈറ്റ്. ബീ ഹോണസ്റ്റ്.” നമ്മളെന്തെഴുതുകയാണെങ്കിലും അതു സത്യസന്ധമായിരിക്കണം.

അതു ഞാൻ ജീവിതത്തിലുടനീളം പാലിച്ചു പോന്നിട്ടുള്ള കാര്യമാണ്. പിന്നെ, ലളിതജീവിതം. എല്ലാ കാര്യത്തിലും അച്ഛൻ വളരെ സിംപിളായിരുന്നു. ഒരു കാലത്തും പണമുണ്ട് എന്ന തോന്നലിൽ ജീവിച്ചിട്ടില്ല. അച്ഛൻ ഓർമിപ്പിക്കുമായിരുന്നു. “വീ ആർ നോട്ട് റിച്ച്. വീ ആർ ജസ്റ്റ് മാനേജിങ്” എന്ന്. ഞാൻ കുട്ടിയായിരുന്ന കാലത്ത് അ ച്ഛൻ പറഞ്ഞതാണ്. അതെന്റെ മനസ്സിൽ കൊത്തിവച്ചതു പോലെ പതിഞ്ഞു കിടന്നു.  

സിതാരയെന്ന വീട്

എനിക്കൊരു സ്റ്റെപ് സിസ്റ്റർ ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. അതിനു മുൻപേതന്നെ എനിക്കു ചില സൂചനകൾ തോന്നിയിരുന്നു. വീടിനെന്താ ‘സിതാര’ എന്ന് പേര് എന്നു ചിന്തിച്ചിട്ടുണ്ട്. പക്ഷേ, ആരോടും അതെപ്പറ്റി ചോദിച്ചിട്ടില്ല. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം സ്കൂൾ വിട്ടു വന്ന സമയത്ത് അച്ഛൻ ചോദിച്ചു, “ഞാനൊരു കല്യാണ റിസപ്ഷനു പോകുന്നുണ്ട്. നീയും വരുന്നോ?”

ആരുടെ കല്യാണമാണെന്നു ഞാൻ ചോദിച്ചു.  അപ്പോൾ അച്ഛൻ പറഞ്ഞു.

“നിനക്കൊരു സ്റ്റെപ്പ് സിസ്റ്റർ ഉണ്ട്, സിതാര. അവൾ അമേരിക്കയിലാണ്. അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു... കോഴിക്കോടു വച്ച് മാര്യേജിന്റെ റിസപ്ഷൻ ആണ്.”

വല്യച്ഛൻമാർ അന്നു വീട്ടിൽ വന്നിരുന്നു. അച്ഛന്റെ അടുത്ത ചില സുഹൃത്തുക്കളും കാണുമെന്നും പറഞ്ഞു. എനിക്കു നടുക്കമോ ദുഃഖമോ ഒന്നും അല്ല തോന്നിയത്. വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു. അമ്മ തയ്പ്പിച്ചു വച്ചിരുന്ന പുതിയ ഡ്രസ് അണിഞ്ഞ് ആഘോഷമായാണ് അന്നു പോയത്. അച്ഛനും ഏറെ സന്തോഷവാനായിരുന്നു. സിതാരയും ഞാനും അന്നാദ്യമായി തമ്മിൽ കണ്ടു.

അന്ന് ഇ മെയിൽ ഒന്നുമില്ലാത്ത കാലമായതു കൊണ്ടു ഞങ്ങൾക്കിടയിൽ തുടർന്നൊരു ആശയവിനിമയത്തിനു വഴിയുണ്ടായിരുന്നില്ല. കുറച്ചു കാലത്തെ ഇടവേള വന്നെങ്കിലും പിന്നീടു ഞങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലായി. ഞാൻ അമേരിക്കയിൽ പോകുന്ന സമയത്തൊക്കെ സിതാരയുടെ വീട്ടിൽ പോകാറുണ്ട്. അവിടെ താമസിക്കാറുണ്ട്. 2004ലായിരുന്നു എൻെറ വിവാഹം. അന്നു സിതാരയ്ക്കു വരാൻ സാധിച്ചില്ലെങ്കിലും എനിക്ക് ഗിഫ്റ്റും കാർഡും  അയച്ചിരുന്നു. എന്റെ കല്യാണം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞാണ് ആദ്യമായി ഞാൻ അമേരിക്കയിൽ പോകുന്നത്. അന്നു താമസിച്ചതു സിതാരയുടെ വീട്ടിലായിരുന്നു.  

താത്രിക്കുട്ടിയും അമ്മുക്കുട്ടിയും  

mt-vasudevan-nairs-legacy

സിനിമകളിലൂടെ അച്ഛൻ സൃഷ്ടിച്ച സ്ത്രീകഥാപാത്രങ്ങളിൽ, ‘പരിണയ’ത്തിലെ താത്രിക്കുട്ടിയെയും ‘ആൾക്കൂട്ടത്തിൽ തനിയെ’യിൽ സീമ അഭിനയിച്ച അമ്മുക്കുട്ടിയെയുമാണ് എനിക്കേറ്റവും ഇഷ്ടം. അച്ഛന്റെ രചനകളിൽ ഞാൻ വീണ്ടും വീണ്ടും വായിക്കുന്ന ചെറുകഥകൾ, മഞ്ഞ്, രണ്ടാമൂഴം, അസുരവിത്ത്, വാരാണസി തുടങ്ങിയവയാണ്. വാരാണസി മലയാളി വായനക്കാർക്കിടയിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നു തോന്നാറുണ്ട്.

അഗാധമായ അർഥതലങ്ങളുള്ള ആ നോവൽ എനിക്കേറെ പ്രിയപ്പെട്ടതാണ്. ഒരു ഘട്ടത്തിൽ അതു സിനിമയാക്കുന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ ആലോചിച്ചിരുന്നു. ‘രണ്ടാമൂഴം’ സിനിമയായി കാണാനും അച്ഛൻ ആഗ്രഹിച്ചിരുന്നു. അതു സിനിമയാക്കാൻ പോകുന്നതു നല്ലൊരു ടീം ആണെന്ന വലിയ സമാധാനം ഉണ്ടായിരുന്നു അച്ഛന്. ‘രണ്ടാമൂഴം’ സിനിമയായി കാണുകയെന്നത് എന്റെയും വലിയ ആഗ്രഹം ആണ്.

അച്ഛന്റെ ചെറുകഥകൾ ഒടിടി പ്ലാറ്റ്ഫോമിൽ ഷോർട്ട് ഫിലിമുകളുടെ ആന്തോളജിയാക്കിയ ‘മനോരഥങ്ങൾ’ ചെയ്ത സമയത്തായിരുന്നു ഞാനും അച്ഛനും തമ്മിൽ സിനിമയെക്കുറിച്ച് ദൈർഘ്യമേറിയ സംഭാഷണങ്ങളിൽ ഏർപ്പെട്ടത്. സ്ക്രിപ്റ്റ് അച്ഛനായിരുന്നു. അതിലെ ‘വിൽപ്പന’ എന്ന ഷോർട്ഫിലിം ഞാനാണു സംവിധാനം ചെയ്തത്. സംവിധാനം യാദൃച്ഛികമായി സംഭവിച്ചതായിരുന്നു. ക്രിയേറ്റീവ് പ്രൊഡ്യൂസറായിരുന്നു ഞാൻ.

‘മനോരഥങ്ങ’ളുടെ മറ്റു സംവിധായകർ ഷോർട്‌ഫിലിംസ് ഷൂട്ട് ചെയ്യുന്ന സമയത്തു ഞാനും ഉണ്ടായിരുന്നു.  അല്ലാതെ ഒരു സിനിമയിൽ ഞാൻ അസിസ്റ്റ് ചെയ്തിട്ടില്ല. ‘വിൽപ്പന’ എന്ന കഥ ആദ്യം സംവിധാനത്തിനായി നിശ്ചയിച്ചിരുന്നവർ നറേറ്റ് ചെയ്തു കേട്ടപ്പോൾ കഥയുടെ എസൻസ് മാറിപ്പോയതായി തോന്നി. പിന്നെ പ്രൊഡക്‌ഷൻ ടീം എന്നോടു പറഞ്ഞു, ‘നിങ്ങൾ തന്നെ ഡയറകട് ചെയ്താൽ മതി’യെന്ന്. “അച്ഛൻ പറഞ്ഞാലേ ഞാൻ ചെയ്യൂ” എന്ന് പറഞ്ഞു. അച്ഛൻ നോ പറയുമെന്നായിരുന്നു എന്റെ പ്രതീക്ഷ. “അവൾക്കു കോൺഫിഡൻസ് ഉണ്ടെങ്കിൽ അവൾ ചെയ്യട്ടെ” എന്നാണ് അച്ഛൻ പറഞ്ഞത്. അങ്ങനെ സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ഒരു കഥ സന്തോഷ് ശിവൻ ആണ് ഡയറക്ട് ചെയ്തത്. ആ സെറ്റിൽ ഞാനുണ്ടായിരുന്നു. സന്തോഷ് ശിവൻ ആണ് എനിക്ക് ധൈര്യം തന്നത്. നാലു മാസം എടുത്തു തയാറെടുപ്പിന്. എട്ടു ദിവസം ആയിരുന്നു ഷൂട്ട്. ആദ്യദിവസം അച്ഛനും അമ്മയും എന്റെ കുടുംബവും ഉണ്ടായിരുന്നു സെറ്റിൽ. പ്രിവ്യൂസ് കണ്ടപ്പോൾ എല്ലാവരും നല്ലതായിട്ടാണു പറഞ്ഞത്.  

എനിക്കറിയാം അച്ഛൻെറ മനസ്സ്

അവസാനകാലത്ത് അച്ഛൻ എഴുതാനിരിക്കുന്നത് ഏറെയും കോഴിക്കോട് നടക്കാവിലെ ഫ്ലാറ്റിലായിരുന്നു. ‘മനോരഥങ്ങ’ളുടെ ജോലികളും ചർച്ചകളുമൊക്കെ ഞങ്ങൾ നടത്തിയതും ഇവിടെയാണ്. ഇവിടെ അച്ഛന്റെ മുറി അതേ പോലെ തന്നെയുണ്ട്. ഇവിടെ വന്നിരിക്കുമ്പോൾ എനിക്ക് അച്ഛന്റെ സാമീപ്യം അനുഭവപ്പെടും. മൗനത്തിലും നിറയുന്ന ആ സ്നേഹം അനുഭവപ്പെടും.

ശാരീരികമായ അവശതകൾ വന്നപ്പോൾ പോലും  അ ച്ഛൻ വായന മുടങ്ങാതെ തുടർന്നിരുന്നു. ആശുപത്രിവാസം അച്ഛനൊട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അവസാനത്തെ ആറു മാസത്തിനിടയ്ക്കു മൂന്നു തവണ ആശുപത്രിയിൽ കിടക്കേണ്ടിവന്നു. രണ്ടു തവണ കാർഡിയാക് ഫെയിലർ ആയി. ഓരോ തവണയും പത്തു പന്ത്രണ്ടു ദിവസത്തോളം ആശുപത്രിയിൽ കിടന്നിരുന്നു. ആ സമയത്ത് അച്ഛൻ വീട്ടിൽ പോകണമെന്നു ശാഠ്യം പിടിച്ചിരുന്നു. രണ്ടാമത്തെ കാർഡിയാക് ഫെയിലറിനു ശേഷം വല്ലാതെ ക്ഷീണിതനായി. ഞാനും അമ്മയും മറ്റെല്ലാവരും ഒപ്പമുണ്ടായിരുന്നു. അ വസാനം വരെ അച്ഛനു നല്ല ബോധം ഉണ്ടായിരുന്നു. എ ന്റെ പേര് ഇടയ്ക്കിടെ വിളിച്ചിരുന്നു. ഡിസംബർ25ാം തീയതി അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞു.

അച്ഛന്റെ ചടങ്ങുകളെല്ലാം വളരെ ലളിതമായാണു ന ടത്തിയത്. അച്ഛൻ അങ്ങനെ ഒന്നും നേരിട്ടെന്നോടു പറഞ്ഞിരുന്നില്ല. പക്ഷേ, പല ഘട്ടങ്ങളിൽ അതു സൂചിപ്പിച്ചിട്ടുണ്ട്. ആമിയോപ്പു (മാധവിക്കുട്ടി) മരിച്ചപ്പോ തിരുവനന്തപുരം വരെ ഭൗതികശരീരം വാഹനത്തിൽ വച്ച് കൊണ്ടുപോയെന്ന വാർത്തകളൊക്കെ അച്ഛനു മനഃപ്രയാസമുണ്ടാക്കിയിരുന്നു. ചിലരൊക്കെ മരിച്ചു കഴിഞ്ഞു പൊതുദർശനത്തിനു വയ്ക്കുന്ന രീതിയും അച്ഛന് ഇഷ്ടമേയല്ലായിരുന്നു. അച്ഛൻ അങ്ങനെയാകെ കാണാൻ പോയിട്ടുള്ളത് ഗിരീഷേട്ടനെ (ഗിരീഷ് പുത്തഞ്ചേരി) ആണ്. കുടുംബത്തിനു വേണ്ടിയുള്ള ആ സമയത്തു പൊതുദർശനത്തിനു വച്ച് എന്തിനാണു വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതെന്നു മറ്റു പലരുടെയും കാര്യത്തിൽ അച്ഛൻ വേദനയോടെ പറഞ്ഞിട്ടുണ്ട്. അതൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് അച്ഛന്റെ വേർപാടിന്റെ സമയത്തും അത്തരം രീതികളെല്ലാം ഒഴിവാക്കി. സ്വകാര്യതയെ ഏറെ മാനിക്കുന്ന ആളായിരുന്നു അച്ഛൻ. അച്ഛന്റെ ചടങ്ങുകളും അതേ ലാളിത്യത്തിലാണ് നടത്തിയത്. മെമ്മോറിയൽ പാടില്ല എന്ന് അച്ഛൻ വില്ലിൽ എഴുതിവച്ചിരുന്നു.

ഏറെ വേദനിപ്പിച്ച ചില കാര്യങ്ങൾ

അടുത്ത കാലത്ത് അച്ഛനെക്കുറിച്ച് പരാമർശിച്ചിറങ്ങിയ പുസ്തകത്തിലെഴുതിയ കാര്യങ്ങൾ എന്നെയും അമ്മയെയും ഏറെ  വേദനിപ്പിച്ചിരുന്നു. വളരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമാണ് അതിലെ പരാമർങ്ങൾ. അമ്മയോട് ഈ പുസ്തകം വായിക്കേണ്ടെന്നു ഞാൻ പറഞ്ഞു. അച്ഛൻ ജീവിച്ചിരുന്ന സമയത്തൊന്നും ഇതെഴുതിയവർ ഈ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. സോഷ്യൽ മീഡിയയിൽ വന്ന അങ്ങേയറ്റം ടോക്സിക് ആയ കമന്റുകളും വല്ലാതെ വേദനിപ്പിച്ചു. സന്യാസം പഠിക്കാൻ നമ്മൾ വേറെയെങ്ങും പോകണ്ടെന്നാണെനിക്കു തോന്നുന്നത്. സോഷ്യൽ മീഡിയയിലെ കമന്റ്സ് വായിച്ചാൽ മതി. ക്ഷമ, സഹനശക്തി, നെഗറ്റീവ് കാര്യങ്ങളെ അവഗണിക്കുന്ന സെൻ ആറ്റിറ്റ്യൂഡ് ഇതെല്ലാം നമ്മൾ പഠിക്കും. ആദ്യം വല്ലാതെ വേദന തോന്നി. പിന്നെ ഞാൻ ഡിറ്റാച്ച്ഡ് ആകാൻ പഠിച്ചു.   

അച്ഛൻ  മരിച്ചു കഴിഞ്ഞു കുറച്ചുനാൾ കഴിഞ്ഞപ്പോൾ തന്നെ പലതരം പോസ്റ്റുകളും കമന്റ്സും സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങിയിരുന്നു. അന്നെന്റെ അടുത്ത ഫ്രണ്ട്സ് വിളിച്ചു പറഞ്ഞിരുന്നു, ‘നീ സോഷ്യൽ മീഡിയ തുറക്കരുതെ’ന്ന്. ഒരു മാസം കഴിഞ്ഞിട്ടാണു ഞാൻ നോക്കിയത്. നെഗറ്റീവ് കമന്റ്സിനെ മനസ്സിലേക്കെടുത്താൽ ജോലി ചെയ്യാൻ പറ്റാതാകും. അതിനാൽ അവഗണിച്ചു.

അച്ഛന്റെ സ്നേഹം പോലെ...    

അച്ഛൻ മരിച്ചതിന്റെ ഒന്നാം വാർഷിക സമയത്തു കൂടല്ലൂരിൽ വീണ്ടും പോയിരുന്നു. അവിടുത്തെ സ്കൂളിൽ അനുസ്മരണച്ചടങ്ങുണ്ടായിരുന്നു. കൂടല്ലൂരിനോടുള്ള ആത്മബന്ധം പഴയപോലെ തന്നെയുണ്ട്. അച്ഛന്റെ മൂന്നു സഹോദരൻമാരും മരിച്ചു പോയി. കുടുംബത്തിലെ മിക്കവരും തന്നെ ഇപ്പോൾ പല സ്ഥലത്തേക്കായി താമസം മാറ്റി. അച്ഛന്റെ ഒരു കസിൻ മാത്രം (ചെറിയമ്മയുടെ മകൻ) അവിടെയുണ്ട്. നിളയുടെ തീരത്ത് അച്ഛൻ എനിക്കായി പണികഴിപ്പിച്ച ‘അശ്വതി’ എന്ന വീടും  അടച്ചിട്ടിരിക്കുകയാണ്. പഴയ തറവാട് അച്ഛന്റെ ജ്യേഷ്ഠന്റെ മക്കൾക്കാണ്. വീടു നോക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട്. മച്ചിൽ ഭഗവതിയുള്ള തറവാടാണ്. പൂജയുടെ സമയത്തു ഞാൻ പോകാറുണ്ട്.

ഇപ്പോൾ കൂടല്ലൂരിൻെറ പഴയ ഗ്രാമഭംഗികളൊക്കെ  പൊയ്പ്പോയിരിക്കുന്നു. എന്റെ മകനെ ആ ഗ്രാമഭംഗികളൊന്നും കാണിക്കാൻ സാധിക്കുന്നില്ലല്ലോ എന്നതാണ്  സങ്കടം. അവിടെ വലിയ റോഡ് വന്നു. പാടം മുഴുവനും നശിപ്പിക്കപ്പെട്ടു. പുഴ വറ്റിവരണ്ടു. പച്ചപ്പും പൂക്കളുമൊക്കെ ഇല്ലാതായി. കൃഷിയിടങ്ങളിൽ കോൺക്രീറ്റ് വീടുകളുയർന്നു. ഞാൻ കണ്ട, അച്ഛന്റെ രചനകളിൽ വായിച്ചാസ്വദിച്ച കൂടല്ലൂരിന്റെ ഗ്രാമീണസൗന്ദര്യം എന്റെ ഓർമയിലുണ്ട്,

പണ്ടു തറവാടിന്റെ ജനാലയിലുടെ ഞാൻ ദൂരെ കണ്ട നിറഞ്ഞൊഴുകിയ നിളാനദി, നിലാവിൽ  ഞങ്ങൾ നടന്ന പുഴത്തീരം, അച്ഛന്റെ കൈപിടിച്ചു നടന്ന കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞു നിന്ന കുന്നും വഴികളും... നഷ്ടപ്പെട്ടുപോയെങ്കിലും ആ ഗ്രാമത്തിന്റെ സുന്ദരമായ ഓർമച്ചിത്രങ്ങൾ ചൈതന്യത്തോടെ മനസ്സിനെ തഴുകി നിൽക്കുന്നു. അച്ഛന്റെ സ്നേഹം പോലെ... 

Remembering M. T. Vasudevan Nair Through His Daughter's Eyes:

Ashwathi, daughter of renowned writer M. T. Vasudevan Nair, shares cherished memories of her father, reflecting on their shared experiences and his profound influence on her life. Her recent trip to Varanasi, inspired by his novel 'Varanasi', brought back vivid recollections of his presence and the places he described. She fondly remembers their childhood trips to Koodalloor, where the natural beauty mirrored the settings in his books. Ashwathi details her evolving relationship with her father, from a distant childhood to a close bond formed during her high school years, marked by his literary discussions and gifts of classic literature. She recounts her decision to pursue dance over journalism to support her mother's dance school, a choice her father wholeheartedly endorsed, and his acceptance of her marriage to Srikanth. Highlighting his humanistic values, she emphasizes his non-judgmental love for all people and the importance of honesty he imparted, exemplified by his advice: 'Whatever you write, be honest.' Ashwathi also touches upon her initial unawareness of her stepsister, Sithara, and their eventual close relationship. She expresses her fondness for characters like Thathrikutty and Ammukutty from his films and mentions her favorite novels, including 'Varanasi,' which she feels deserves more recognition. She recounts her unexpected foray into film direction with the short film 'Vilppana,' a decision supported by her father's trust in her confidence. Ashwathi describes the emotional comfort she finds in her father's former room, experiencing his presence and unspoken love. She shares the details of his final days, his strong will to return home from the hospital, and his peaceful passing. The article also addresses the pain caused by a recent book and negative social media comments, while emphasizing her learned detachment and resilience. Finally, Ashwathi revisits Koodalloor, lamenting the loss of its pristine beauty that once inspired her father's writings, cherishing the enduring memories of the village and her father's love.

ADVERTISEMENT