തന്റെ ഏറ്റവും വലിയ ഇഷ്ടമായ മലയാള സിനിമയിലേക്ക് വീണ്ടും വന്നെത്തുകയാണ് പ്രിയതാരം മോഹിനി.
യുഎസിൽ നിന്നു തിരുവനന്തപുരത്ത് ക്രിസ്തീയ പ്രഭാഷണത്തിന് എത്തിച്ചേർന്നതായിരുന്നു മോഹിനി. വേദിയിൽ ഇരിക്കുമ്പോൾ പരിചിതമല്ലാത്ത ഏതോ ഒരു നമ്പറിൽ നിന്നു തുടരെ കോൾ വരുന്നുണ്ട്. പ്രഭാഷണത്തിനു ശേഷം അവിടുത്തെ പുരോഹിതൻ വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചോദിച്ചു, സിനിമയിലേക്ക് ഇനി ഒരിക്കലും തിരിച്ചു പോകില്ലേ?
‘‘നല്ല ചാൻസ് വന്നാലല്ലേ പറ്റൂ എന്നു ഞാൻ മറുപടി പറഞ്ഞു. പക്ഷേ, ഞാനതു പറയും മുൻപേ തന്നെ ആ നല്ല ചാൻസ് ഫോൺകോൾ ആയി എന്റെയടുത്ത് എത്തിക്കഴിഞ്ഞിരുന്നു.’’ ചിരിച്ചുകൊണ്ട് മോഹിനി പറയുന്നു.
‘‘ഖലീഫ എന്ന സിനിമയുടെ നിർമാതാവും തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമായിരുന്നു അന്നെന്നെ വിളിച്ചത്. പൃഥ്വിരാജിന്റെ അമ്മയുടെ റോൾ ആണ് ഒാഫർ ചെയ്തത്. നരയൊക്കെ ഇട്ടാണോ അഭിനയിക്കേണ്ടത് എന്നായിരുന്നു എന്റെ ചോദ്യം. ജിനു പറഞ്ഞു, ‘വി വാണ്ട് യു ടു ലുക് വെരി യങ്’. പഞ്ചാബിഹൗസിൽ ഒക്കെ ഉള്ള ആ എനർജി ഒട്ടും കുറയാതെ വേണം.’’
പരിണയത്തിലൂടെയും ഗസലിലൂടെയുമെല്ലാം പളുങ്കുകണ്ണുകളുടെ മിന്നുന്ന നോട്ടം കൊണ്ട് മലയാളിയുടെ മനസ്സിൽ കൊളുത്തിട്ട നായികയാണ്. അമ്മ വേഷത്തിലേക്കുള്ള ഈ മാറ്റം ഉൾക്കൊള്ളാൻ വിഷമമുണ്ടായിരുന്നോ?
മുൻപ് തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ഡയറക്ടർ മനോബാല പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞാൽ നായികമാർ സ്വന്തം തല വളരെ സൂക്ഷിക്കണം. അവർപോലും അറിയാതെ അവരുടെ തലയിൽ ‘നരയിട്ട വിഗ്’ വച്ചിട്ടുപോകും എന്ന്. ഒരു പരിധിവരെ അതു സത്യമായിരുന്നു. എപ്പോഴും കരയുന്ന, വേദന സഹിക്കുന്ന, മക്കളെ അനുഗ്രഹിക്കുന്ന, സാരിയുടുത്തു മാത്രം നടക്കുന്ന അമ്മമാർ ആയിരുന്നു അക്കാലത്തു സിനിമയിൽ കൂടുതലും. ഇപ്പോൾ കാലത്തിന്റെ മാറ്റം സിനിമയിലും ഉണ്ട്. ഇന്നു സിനിമയിലെ അമ്മമാരും നമ്മളെപ്പോലെ തന്നെ ജീൻസും സ്കർട്ടും ഒക്കെ അണിഞ്ഞു നടക്കുന്നു.
മറ്റെന്തൊക്കെ മാറ്റങ്ങളാണ് സിനിമാലോകത്തു കണ്ടത്?
15 വർഷങ്ങൾക്കുശേഷം വരുമ്പോൾ കാരവൻ ആണ് വലിയ മാറ്റമായി തോന്നിയത്. വസ്ത്രം മാറാനും മറ്റും കിട്ടുന്ന പ്രൈവസി ആണ് കാരവന്റെ പോസിറ്റീവ് വശം. ശരിയാണ്, കാരവൻ ഉള്ളതുകൊണ്ടു പഴയതുപോലെ താരങ്ങൾ മരച്ചുവട്ടിൽ വട്ടംകൂടിയിരുന്നു വർത്തമാനം പറയുന്നില്ല. പക്ഷേ, എല്ലാവരും വാട്സാപ്പിലൂടെ ഇഷ്ടംപോലെ സംസാരിക്കുകയും ചിരിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. പിന്നെ കണ്ണുകളെ വേദനിപ്പിക്കുന്ന ലൈറ്റ്സ് ഇപ്പോഴില്ല, പകരം കൂൾ ലൈറ്റ്സ് ആണ്. വിയർത്തു കുളിച്ച് മേക്കപ് ഉരുകി ഫയർപ്ലേസിൽ നിൽക്കും വിധം ക്യാമറക്കു മുന്നിൽ നിന്നിട്ടുള്ളവർക്ക് ആ മാറ്റം നന്നായി മനസ്സിലാകും.
തിരിച്ചെത്താൻ എന്താണിത്ര വൈകിയത്?
വിദേശത്തു സെറ്റിൽ ചെയ്തെങ്കിലും കുറച്ചുകാലം ഇടവേളയെടുത്തു നാട്ടിൽ വന്നിരുന്നു. ആ സമയത്താണു വേഷം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചത്. തിരിച്ചു യുഎസിലേക്കു പോകുമ്പോൾ ഇനിയും അവസരങ്ങൾ വന്നാൽ അഭിനയിക്കണം എന്നു തീരുമാനിച്ചിരുന്നു. പക്ഷേ, ജീവിതമല്ലേ, നമ്മുടെ പ്രയോരിറ്റീസ് മാറിക്കൊണ്ടിരിക്കും.
രണ്ടാമത്തെ മകൻ ഉണ്ടായപ്പോൾ അവനിലേക്കായി ശ്രദ്ധ. ആദ്യം അവന് ഹോം സ്കൂളിങ് ആണ് നൽകിയത്. ഞാൻ മാറിനിന്നാൽ അവന്റെ സ്കൂൾ മുടങ്ങും. പക്ഷേ, ആ സമയത്തൊക്കെ ഏറ്റവും മിസ് ചെയ്തത് മലയാള സിനിമയാ ണ്. ഹിന്ദി, തമിഴ് സിനിമകളൊക്കെ തിയറ്ററിൽ പോയി കാണുമായിരുന്നു. പക്ഷേ, ഒരു മലയാള സിനിമപോലും കാണാനുള്ള ശക്തി ഉണ്ടായില്ല. വീട്ടിൽ പോലും ടിവിയിൽ മലയാള സിനിമ കണ്ടാൽ എനിക്ക് ആ നിമിഷം ഒരു സ്വർഗം നഷ്ടപ്പെട്ട സങ്കടമാണ്. ഇപ്പോൾ മക്കളിൽ മൂത്തയാൾ അനിരുദ്ധ് ഫിസിക്സ് ഗ്രാജുവേറ്റ് ആണ്. ഇളയമകൻ അദ്വൈത് ഒൻപതാം ക്ലാസ്സിൽ. പുതിയ അവസരം വന്നപ്പോൾ അവർ രണ്ടുപേരും പറഞ്ഞു, ‘അമ്മാ, യു നീഡ് ടു ഗോ’. നാലുമാസം നമുക്കു ഇന്ത്യയിൽ നിൽക്കാമല്ലോ.
പരിണയത്തിലെയും ഗസലിലെയുമെല്ലാം നിഷ്കളങ്കപ്രണയം മലയാളി ഒരിക്കലും മറക്കില്ല
ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നും എങ്ങനെയാണ് ഹരിഹരൻ സാറും കമൽ സാറുമെല്ലാം എന്നെ അത്ര ഡെപ്ത് ഉള്ള റോളിനു തിരഞ്ഞെടുത്തതെന്ന്. 15 വയസ്സിലാണ് ആദ്യ മലയാള സിനിമ നാടോടിയിൽ അഭിനയിച്ചത്. അഭിനയം ഒരു സ്വപ്നമായി മനസ്സിൽ ഉണ്ടായിരുന്നില്ല. പഠിക്കണം, ഡോക്ടർ ആകണം എന്നൊക്കെയാണ് ആഗ്രഹം. സെറ്റിലെത്തിയാൽ വീട്ടിൽ പോണം, പാട്ടിയമ്മയെ കാണണം, കൂട്ടുകാരുടെ ഒപ്പം കളിക്കണം എന്ന വിചാരമാണ്. അന്നു റീതു എന്നൊരു പട്ടിക്കുട്ടിയുണ്ട് വീട്ടിൽ. ദൂരെ ഷൂട്ടിനു പോയാൽ റീതുവിനെ മിസ് ചെയ്തിട്ട് കരച്ചിൽ വരും.
നടി എന്ന നിലയിൽ കഥാപാത്രങ്ങൾക്ക് നമ്മൾ നൽകേണ്ട എനർജി, തുടക്ക കാലത്തെ സിനിമകളിൽ വളരെ കുറച്ചേ നൽകിയിട്ടുള്ളൂ എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഒരിക്കൽ കൂടി എല്ലാം ആദ്യം മുതൽ തുടങ്ങാൻ അവസരം കിട്ടിയാൽ, ഞാൻ പ്രഫഷനൽ ആയി ജോലി ചെയ്യുന്ന അഭിനേത്രിയായി മാറിയേനേ.
മഹാലക്ഷ്മി എന്ന തഞ്ചാവൂർ പെൺകുട്ടി മോഹിനി എന്ന താരമായപ്പോൾ?
ഈറമാന റോജാവേ എന്ന തമിഴ് ചിത്രത്തിൽ ആണ് ആദ്യം അഭിനയിക്കുന്നത്. അന്ന് അച്ഛൻ തന്നെയാണ് എന്റെ പേരു മോഹിനി എന്നു മാറ്റിയത്. പക്ഷേ, മനസ്സുകൊണ്ട് മഹാലക്ഷ്മി മോഹിനിയായില്ല. അപ്പോഴും സയൻസിനും മാത്‌സിനും മാർക്ക് കുറയുമോ എന്ന് ഭയന്നു.
എ.ആർ. റഹ്മാന്റെ കടുത്ത ആരാധികയായിരുന്നതുകൊണ്ട് അദ്ദേഹം ദിലീപ് എന്ന പേരു മാറി റഹ്മാൻ ആയില്ലായിരുന്നെങ്കിൽ കല്യാണം കഴിക്കാമായിരുന്നല്ലോ എന്നോർത്ത് ഒരുപാടു വിഷമിച്ചു. റഹ്മാൻ പങ്കെടുക്കുന്ന ഒരു വിദേശ ഷോയിൽ ആങ്കർ ആകാൻ കഴിഞ്ഞപ്പോൾ നിലത്തു കാൽ ചവിട്ടി നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. മടക്കയാത്രയിൽ ഫ്ലൈറ്റിൽ നാൽപതോളം തമിഴ് താരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, റഹ്മാൻ കയറിവന്നപ്പോൾ എന്നോടു മാത്രമാണ് ഹായ് പറഞ്ഞത്. ആ ഫ്ലൈറ്റിലുള്ള പലരും എന്നോടു മിണ്ടാത്തത് റഹ്മാൻ ഹായ് പറഞ്ഞതുകൊണ്ടാണെന്ന് തോന്നിയിരുന്നു.
നടൻ ചിയാൻ വിക്രം ആണ് വിവാഹത്തിന് നിമിത്തമായത്?
വിക്രമിന്റെ സഹോദരിയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. അവരുടെ കുടുംബ സുഹൃത്തായിരുന്നു ഭരത്. ഒരുമിച്ചു കൂടിയപ്പോൾ വിക്രമിന്റെ സഹോദരി ചോദിച്ചു, ഭരതും ബ്രാഹ്മിൻ ആണല്ലോ. നിങ്ങൾക്കു വിവാഹം ചെയ്തുകൂടെ? ഞാൻ അമ്മയോടു പറഞ്ഞു, രണ്ടു ദിവസത്തിനുള്ളിൽ വിവാഹം നിശ്ചയിച്ചു. ഇപ്പോൾ യുഎസ്ടി ഗ്ലോബലിൽ വർക് ചെയ്യുന്ന ഭരത് പാലക്കാട് തൃത്താല സ്വദേശിയാണ്. ഇരുപത്തിരണ്ടു വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു. ഇരുപത്തിമൂന്നിൽ അമ്മയായി. എല്ലാം വളരെ നേരത്തെ ആയിപ്പോയി എന്നു തോന്നാറുണ്ട്.
കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഒാണം ഒരിക്കലും മറക്കാനാകാത്തതാണ്. ഇരുപത്തി ഒന്നുകൂട്ടം കറികളുമായി സമൃദ്ധമായി ഒാണം ആഘോഷിക്കുന്ന കുടുംബത്തിലേക്കാണ് ചെന്നത്. എന്റെ അച്ഛൻ തഞ്ചാവൂർ സ്വദേശിയും അമ്മ മലയാളിയും ആയതുകൊണ്ട് ഞങ്ങളുടെ വീട്ടിൽ ഒാണവും പൊങ്കലുമെല്ലാം നാലോ അഞ്ചോ വിഭവങ്ങളുമായി ചെറുതായി ആഘോഷിക്കുന്ന രീതിയാണ്. ഭർതൃവീട്ടിലെ ഏറ്റവും മൂത്ത മരുമകളായതുകൊണ്ട് ഭരതിന്റെ അമ്മയുടെ പ്രതീക്ഷ വാനോളമായിരുന്നു. പക്ഷേ, ഒാണത്തിന്റെ തലേന്നു മടിച്ചാണെങ്കിലും മരുമകൾ അമ്മായിയമ്മയോടു ചോദിച്ചു. ഞാൻ സദ്യക്കു കുറച്ചു കറികൾ ഒാർഡർ ചെയ്യട്ടെ. അമ്മക്ക് അത് അത്ര ചെറുതല്ലാത്ത ഞെട്ടലുണ്ടാക്കി.
പിന്നെ എപ്പോഴാണ് യേശുവിലേയ്ക്കു തിരിഞ്ഞത്?
വിവാഹത്തിനുശേഷമുള്ള എന്റെ ജീവിതം ഒരു സിനിമയ്ക്കുള്ള കഥ തന്നെയാണ്. അത്രയധികം അനുഭവങ്ങൾ, തിരിച്ചറിവുകൾ... ആരോഗ്യപ്രശ്നങ്ങൾകൊണ്ടും മനസ്സിന്റെ വേദനകൊണ്ടും ഉഴറിയ സമയത്തു വീട്ടിലെ സഹായി ആണ് ബൈബിൾ വായിക്കാൻ തന്നത്. ജീവിതത്തിലെ ടേണിങ് പോയിന്റ് ആയിരുന്നു അത്. വിശ്വാസം എന്നതു മനുഷ്യനും ദൈവവും തമ്മിലുള്ള റിലേഷൻഷിപ് ആണല്ലോ. അതുകൊണ്ട് ഭരത് മാത്രമല്ല, കുടുംബം മുഴുവൻ എന്റെ താൽപര്യങ്ങളുടെ കൂടെ നിന്നു. ഇപ്പോൾ ഒരുപാടു രാജ്യങ്ങളിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ്തുവിനു സാക്ഷ്യം പറയാൻ പോകുന്നു.
സോഷ്യൽ മീഡിയയുെട കാലമാണ്. ആരാധകർ സെൽഫി എടുക്കാൻ പിന്നാലെ എത്തുന്നില്ലേ?
യുഎസിൽ ആയതുകൊണ്ട് അവിടുത്തെ മര്യാദകൾ അനുസരിച്ച്, തിരിച്ചറിഞ്ഞാലും പരിചയഭാവത്തിൽ ചിരിക്കുകയോ അൽപം വർത്തമാനം പറയുകയോ ചെയ്യും. നമ്മുടെ പ്രൈവസിയെ ബാധിക്കുന്ന പ്രവൃത്തി അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. അതുകൊണ്ടാകാം എന്റെ ഇളയ മകൻ ഞാൻ നടിയാണെന്ന് തിരിച്ചറിഞ്ഞത് പത്തുവയസ്സോളം ആയപ്പോഴാണ്. അവന് അതു വലിയ അദ്ഭുതം ആയിരുന്നു. അമ്മ ഡാൻസ് ഒക്കെ ചെയ്യുമോ എന്ന്.
ഭാവിയിലേക്കു നോക്കുമ്പോൾ ആരാണു മോഹിനി?
നല്ല കാര്യങ്ങൾ കൊണ്ടു ജീവിതം നിറയ്ക്കാൻ ഇഷ്ടപ്പെടുന്ന സ്ത്രീയാണു ഞാനിപ്പോൾ. നല്ലതെന്നു തോന്നുന്നതൊന്നും മാറ്റിവയ്ക്കാറില്ല. സാധാരണ സ്ത്രീകൾ കരയാൻ വീർപ്പുമുട്ടിയാൽ പോലും രണ്ടു കറി കൂടിവയ്ക്കാനുണ്ട്, കുട്ടിയെ കുളിപ്പിക്കാനുണ്ട്, ചെടികൾക്കു വെള്ളമൊഴിക്കാനുണ്ട്... ഇതെല്ലാം കഴിഞ്ഞിട്ടു കരയാം എന്നു കരുതും.
ഞാനിപ്പോൾ ഇഷ്ടങ്ങളുടെ പിറകെയാണ്. ഒരുപാടുവായിക്കും. കിട്ടുന്ന അവസരങ്ങളിലെല്ലാം പഠിക്കും. സ്ക്രീ ൻ പ്ലേ, ഡയറക്‌ഷൻ ഇങ്ങനെ സിനിമയ്ക്കു പിന്നിലുള്ള കാര്യങ്ങൾ പഠിച്ച് സർട്ടിഫിക്കറ്റ് കോഴ്സ് എടുത്തു. ജാവ പഠിച്ചു, ഒപ്പം തിയോളജിയും പഠിക്കുന്നു. കരിയറും സ്പിരിച്വാലിറ്റിയും ഒരുപോലെ ഇഷ്ടമാണെനിക്ക്. നമ്മൾ നമ്മളെതന്നെ ഒരിക്കലും കുപ്പിയിലടച്ചു വയ്ക്കരുതെന്നാണ് എനിക്കെപ്പോഴും പറയാനുള്ളത്.
പല ഭാഷകളിലായി നൂറോളം സിനിമകൾ ചെയ്ത മോഹിനിക്ക് മലയാളത്തിൽ ആരെയൊക്കെയാണ് ഇഷ്ടം?
മമ്മൂട്ടി: എന്റെ ഫിലോസഫർ ആണ്. എന്റെ ചിന്തകളെ സ്വാധീനിച്ച ആളാണ്. കളിച്ചു ചിരിച്ചു നടന്ന കാലത്ത് കുടുംബം വേണം, ജീവിതം സേഫ് ആക്കണം എന്നെല്ലാം പറഞ്ഞുതന്നത് അദ്ദേഹമാണ്.
മോഹൻലാൽ: അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വെഴ്സറ്റാലിറ്റി അമ്പരപ്പിക്കുന്നതാണ്. ഏ റെക്കാലം മലയാള സിനിമ കാണാതിരുന്നിട്ടും ദൃശ്യം 1 ഇറങ്ങിയപ്പോൾ ആകാംക്ഷ പിടിച്ചുനിറുത്താനാകാതെ തിയറ്ററിൽ പോയി.
സുരേഷ്ഗോപി: പരിചയപ്പെടും മുൻപ് ഒട്ടും അടുപ്പം തോന്നിയിരുന്നില്ല. പക്ഷേ, അടുത്തറിഞ്ഞപ്പോൾ എ ന്റെ കസിൻസ് ആരോ ആണെന്നു തോന്നുന്ന അടുപ്പം ഉണ്ടായി.
ദിലീപ്: എക്കാലത്തേയും സുഹൃത്ത്. ഗസൽ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ദിലീ പ് ഡയലോഗ് പഠിപ്പിച്ചുതന്നിരുന്നു. പിന്നീട് ഏറെ സിനിമകളിൽ എന്റെ നായകനായി.