സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ‘80 കളിലെ’ ലുക്കില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും. 80 കളിലെ വാഹനങ്ങളുടെയും വസ്ത്രങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലാണ് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോട്ടോകള്‍ സൃഷ്ടിക്കുന്നത്.
‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെയാണ് കോട്ടും സൺഗ്ലാസും ധരിച്ച ചിത്രം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോസ്റ്റ് ചെയ്തത്. ‘ലേറ്റായാലും...’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ചിത്രം പോസ്റ്റ് ചെയ്തത്. ട്രെൻഡിനൊപ്പം ഞങ്ങളും എന്ന വരികളോടെ എ.എ. റഹിം എംപി ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു.
എൺപതുകളിലെ യഥാർഥ ഫോട്ടോയാണ് മുൻ മന്ത്രി എം.കെ. മുനീറും മന്ത്രി ഷിബു ബേബിജോണും പങ്കുവച്ചത്. ‘എനിക്ക് 80s-ലേക്ക് തിരിഞ്ഞുനോക്കാൻ AI ഫിൽറ്ററിന്റെ ആവശ്യമൊന്നുമില്ല, ഞാൻ പണ്ടേ ആ വൈബാണ്..’- എം.കെ. മുനീര്‍ കുറിച്ചു. ‘ട്രെൻഡിനൊപ്പം നീങ്ങാൻ ഞങ്ങൾക്ക് എഐയ്ക്ക് പിന്നാലെ പോകേണ്ട കാര്യമില്ല.. ഞാനും ലാലുമൊക്കെ അന്നേ ട്രെൻഡിയാ... ഇതാ ഒരു റിയൽ 90's ട്രെൻഡ്...’- എഐ അല്ലാത്ത പഴയ ചിത്രം പങ്കുവച്ച് മന്ത്രി ഷിബു ബേബി ജോൺ കുറിച്ചു.
സിപിഎം നേതാവ് ആനാവൂർ നാഗപ്പനും മുൻ മന്ത്രി വി. ശിവൻകുട്ടിയും മന്ത്രി എൻ. ഷംസുദ്ദീനും മാത്യു കുഴൽനാടൻ എംഎൽഎ, ബി ബി ഗോപകുമാര്‍ എംഎൽഎ ഉൾപ്പെടെയുള്ളവരും ചിത്രങ്ങൾ പങ്കുവച്ചു.