ADVERTISEMENT

ചില രുചികൾ ഓർമകളുടെ മഴക്കാടിനുള്ളിൽ ഒരിക്കലും വാടാത്ത ഒരു തളിർവള്ളിപോലെ മറ്റെല്ലാ അനുഭവങ്ങൾക്കും മേലേ ചുറ്റിക്കിടക്കും. അങ്ങനെയൊരു മറക്കാരുചിയിലൂടെ കാലങ്ങൾക്കു ശേഷം കടന്നു പോയതിന്റെ ഓർമയാണ് പ്രശസ്തകവി ശൈലൻ ‘തേങ്ങാച്ചോറും ഞാനും’ എന്ന പേരിൽ ‘വനിത ഓൺലൈനിൽ’ എഴുതുന്നത് –

തേങ്ങാച്ചോറ് എന്നാൽ ഒരു നൊസ്റ്റാൾജിയ പോലുമല്ല, വികാരം തന്നെയാണ്...അതിനെ കുറിച്ച് ചിന്തിക്കുമ്പോൾ കുട്ടിക്കാലത്തിന്റെ ഓർമ്മച്ചെപ്പുകൾ എല്ലാം ഒന്നിച്ച് അഴിഞ്ഞ് ചിതറും...

ADVERTISEMENT

അതത്ര വലിയൊരു സംഭവമാണോ എന്നൊക്കെ ചോദിച്ചാൽ അല്ല. പറയുമ്പോൾ സിമ്പിൾ ആണ്,പാചകവും സിംപിൾ...

തേങ്ങാപ്പാൽ ഒഴിച്ച വെള്ളത്തിൽ അരി കഴുകിയിട്ടു ചെറിയുള്ളിയും ഉലുവയും ചിരകിയ തേങ്ങയും അല്പം ഉപ്പുമിട്ട് വേവിച്ച് വറ്റിച്ചെടുത്താൽ തേങ്ങാച്ചോറ് ആയി.

ADVERTISEMENT

പക്ഷെ, പണ്ട് കുട്ടിക്കാലത്ത് വിശേഷദിവസങ്ങളുടെ തലേന്ന് രാത്രികളിൽ അമ്മ ഉണ്ടാക്കിയിരുന്ന നാടൻ കോഴിക്കറി comboയിലുള്ള അന്നത്തെയാ അൽ-തേങ്ങാച്ചോറിന്റെ രുചി കിട്ടണമെങ്കിൽ മേൽപറഞ്ഞ ചേരുവകളും മറ്റ് റെസിപ്പികളും ഒന്നും പോരാതെ വരും...അന്നത്തെ നാട്ടിൻപുറങ്ങളുടെ ബിരിയാണിയും മന്തിയും ഫ്രൈഡ് റൈസും എല്ലാം അതായിരുന്നു.

അതിനാൽ ഞാൻ അമ്മ പോയതിൽപ്പിന്നെ, ഒരിക്കലും വീട്ടിൽ തേങ്ങാച്ചോറ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ആരോടും ഉണ്ടാക്കി തരാൻ ആവശ്യപ്പെട്ടിട്ടുമില്ല...

ADVERTISEMENT

അതിനിടയിൽ എപ്പോഴോ കാലം ആ ഒരു വിഭവത്തെ തന്നെ അപ്പാടെ യവനികയ്ക്കുള്ളിലേക്ക് തള്ളി മാറ്റി എന്ന് തോന്നുന്നു. പതിറ്റാണ്ടുകൾ എന്ന കാലയളവിന് അങ്ങനെയൊരു കഴിവുണ്ടല്ലോ...

ഇപ്പോൾ ഏതെങ്കിലും വിശേഷദിവസങ്ങളിൽ തേങ്ങാച്ചോറ് ഒരു വിശിഷ്ട വിഭവമായി ഉണ്ടാക്കുന്നവർ ഏതെങ്കിലുംനാട്ടിൽ ഉണ്ടാകുമോ...അറിയില്ല... സാധ്യത വളരെ കുറവാണ്...

ഞങ്ങളുടെ മലപ്പുറത്ത് അല്ലാതെ തേങ്ങാച്ചോറ് എന്നൊരു ഐറ്റം നിലവിലുണ്ടായിരുന്നോ. അതും അറിയില്ല...

മഞ്ചേരിയിൽ ചില ചെറുകിട ഹോട്ടലുകളിൽ മാത്രം, പുറത്ത് ആളുകളെ ആകർഷിക്കാനായി എഴുതി പ്രദർശിപ്പിക്കുന്ന മെനു ലിസ്റ്റിൽ തേങ്ങാച്ചോറ് എന്ന പേര് ഒരു മിന്നായം പോലെ പാസ് ചെയ്ത് പോകുമ്പോൾ ഇടയ്ക്ക് കണ്ണിൽ തടയാറുണ്ടായിരുന്നു.

നിർത്താനും കഴിക്കാനും തോന്നാറില്ല പൊതുവെ... പക്ഷെ, ഇപ്പോൾ ഒരു ദുർബലനിമിഷത്തിൽ, ബൈപാസിലൂടെ അത് പിന്നിട്ടു പോയിട്ടും ആ പേരെന്നെ പിറകിലേക്ക് വശീകരിച്ച് പിടിച്ച് വലിച്ചു...പ്രലോഭനം അടക്കാനാവാതെ റിവേഴ്‌സ് വന്ന് ഓർഡർ ചെയ്തു...

ഞാൻ ആദ്യം പറഞ്ഞ കാലത്തിനോടോ വികാരത്തിനോടോ ഓർമ്മകളോടോ നീതിപുലർത്തുന്ന ഒരു ഐറ്റം ഒന്നുമല്ല. ലുക്ക് പോലും അങ്ങനെ ആയിരുന്നില്ല. പക്ഷെ, അത് തേങ്ങാച്ചോറ് തന്നെയായിരുന്നു. കിണർ ഒരു തുള്ളി സമുദ്രമാണ് എന്നത് പോലെ... അതുകൊണ്ട് തന്നെ, എനിക്ക് ആ ഹോട്ടലുകാരോട് ഭയങ്കരമാന സ്നേഹം തോന്നി...

ഇരുപതിനായിരം ഓർമ്മകളെ ഒറ്റ പ്ളേറ്റ് ചോറ് കൊണ്ട് അവർ വിജൃംഭിച്ചുണർത്തിച്ചു...മുപ്പത് കൊല്ലങ്ങൾ ഒന്നിച്ച് അട്ടിമറിഞ്ഞ് മുന്നിൽ നിരന്നു...

ഓരോ മണി ചോറും കുട്ടിക്കാലത്തെ നിറഞ്ഞ വീട്ടിലെ ഓരോ ആഹ്ലാദസമൃദ്ധദിനങ്ങളായിരുന്നു...

ആസ്വദിച്ച് നുണഞ്ഞ് അതിൽ നിറഞ്ഞു...ഒപ്പമുള്ള ചിക്കൻകാന്താരി കിടു ആയിരുന്നിട്ടും അതിന്റെയൊന്നും ആവശ്യമേ ഇല്ലായിരുന്നു എന്ന് തോന്നി..

കൈകഴുകിയോ എന്നറിയില്ല..

ബില്ല് കൊടുത്തോ എന്നറിയില്ല..

അപ്പൂപ്പൻ താടി പോലെ പുറത്തിറങ്ങി ഞാൻ എങ്ങോ പറന്നുപോയി...

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള 2026’ മത്സരത്തിന് തിരശ്ശീലയുയരുന്നു. കാലിക്കട്ട് സോണിലെ സെമിഫൈനൽ മത്സരങ്ങളാണ് ആദ്യം നടക്കുക.

2026 സെപ്റ്റംബർ 12 ന് കോഴിക്കോട് ലുലു മാളിൽ വച്ച് ഉച്ചതിരിഞ്ഞാണ് മത്സരം. തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് സെമിഫൈനലിൽ മത്സരിക്കുക. പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് പ്രജിത്തും ഷെഫ് കമലഹാസന്‍ വേലുവും വിധികർത്താക്കളാകും. രാജ് കലേഷാണ് അവതാരകൻ. പങ്കെടുക്കുന്നവർക്കൊപ്പം കാണികൾക്കും കൈനിറയേ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്...

Coconut Rice: A Taste of Childhood Memories:

Coconut rice is more than a nostalgic food for poet Shailan; it's an emotion, a vivid reminder of his childhood and his mother's cooking. He shares his experience of rediscovering this simple yet profound dish, which was once the celebratory meal of his native place. The article highlights the rarity of finding authentic coconut rice today, mentioning its brief appearance on menus in small hotels. Shailan recounts a poignant moment where ordering coconut rice in Manjeri unexpectedly transported him back to decades of cherished memories. This culinary journey is juxtaposed with the announcement of the 'Eastern Vanitha Chef of Kerala 2026' competition, starting with semifinals in Kozhikode.

ADVERTISEMENT