ADVERTISEMENT

ജീവിതത്തിലെ കയ്പ്പേറിയ വർഷങ്ങൾ അതിജീവിച്ച് ആത്മവിശ്വാസത്തോടെ സ്വയം വീണ്ടെടുത്ത ശേഷം, ബോളിവുഡ് സ്വപ്നങ്ങളിലേക്കു പറക്കുകയാണ് അനുപമ പരമേശ്വരൻ...

സ്വപ്നം കാണാത്ത സിനിമയെന്ന ലോകത്തേക്ക് അനുപമയുടെ ജീവിതം വഴിമാറിയതു ‘പ്രേമം’ ഹിറ്റായതോടെയാണ്. പത്തു വർഷങ്ങൾ പിന്നിട്ടു സ്വകാര്യജീവിതത്തിലെ വലിയൊരു വഴിത്തിരിവിൽ വീണ്ടും എത്തിയതു ‘പ്രേമത്തകർച്ച’യിലൂടെയും.

ADVERTISEMENT

ഇരിങ്ങാലക്കുടയിലെ അനുപമയുടെ വീട്ടിൽ നിന്നു ചെറായിക്ക് കാർ രാവിലെ തന്നെ പുറപ്പെട്ടു. ബീച്ചിനെ തൊട്ടു നിൽക്കുന്ന ഷൂട്ടിങ് ലൊക്കേഷനിൽ കൃത്യസമയത്തു തന്നെ വണ്ടിയെത്തി. അമ്മയ്ക്കും  മേക്കപ്പ് ആർട്ടിസ്റ്റിനും മുൻപ് അനുപമയാണു പുറത്തേക്കിറങ്ങിയത്. തവിട്ടു നിറത്തിലെ ചുരുണ്ട മുടി ആരും ആദ്യമേ ശ്രദ്ധിക്കും. വരകളുള്ള ലൂസ് ഷർട്ടും പാന്റ്സുമിട്ട് സ്വന്തം പെട്ടിയും തൂക്കി വരുന്ന വരവു കണ്ടാൽ, ഇൻസ്റ്റഗ്രാമിൽ 16 മില്ല്യണിലേറെ ഫോളോവേഴ്സുള്ള നായിക തന്നെയല്ലേ ഇതെന്നു സംശയം തോന്നും. അത്രയ്ക്കു സിംപിൾ. കൈനിറയെ സിനിമകൾ തെലുങ്കിലും  തമിഴിലും ഹിന്ദിയിലും  മലയാളത്തിലുമായി ഒപ്പിട്ടു നിൽക്കുന്ന മുൻനിര നായിക ഇത്ര പാവവും നിഷ്കളങ്കയുമാകുമോ?! സ്വന്തം നാട്ടിൽ അനുപമ എന്നും അങ്ങനെയാണ്.

‘പ്രേമം’ റിലീസായ സമയം. വനിതയുടെ കോ ട്ടയം  ഓഫിസിലേക്ക് കവർഷൂട്ടിനായി അമ്മയ്ക്കൊപ്പം എത്തിയ അനുപമയെ ഇന്നും ഓർക്കുന്നു. ‘‘അവളുടെ നിഷ്കളങ്കത പോകാത്ത രീതിയിൽ  മതി സ്റ്റൈലിങ്. അധികം സ്കിൻ ഷോയും വേണ്ട.’’ എന്നായിരുന്നു അമ്മ പറഞ്ഞത്.  

ADVERTISEMENT

11 വർഷത്തെ അനുഭവങ്ങൾ.. നിഷ്കളങ്കയായ പെൺകുട്ടിയിൽ നിന്ന് അനുപമ ഒരുപാടു മാറിപ്പോയോ?

കോട്ടയം സിഎംഎസ് കോളജിൽ ഡിഗ്രിക്കു ചേരാൻ നിൽക്കുന്ന സമയമാണത്. പതിനൊന്നു വർഷം മുൻപ്. ഇരിങ്ങാലക്കുടയിലൊക്കെ ഷോർട്ട് കുർത്തയിടുന്ന പെൺകുട്ടി പോലും മോഡേണാണ് അന്ന്. സ്ലീവ്‌ലെസ് ഒക്കെയിടുന്നവർ വെരി വെരി മോഡേൺ എന്നു പറയേണ്ടി വരും. അങ്ങനെയുള്ള നാട്ടിൽ നിന്നാണ് ഷൂട്ടിങ് പോലുള്ള കാര്യങ്ങളിലേക്കു വന്നത്. പേടിയുണ്ടായിരുന്നു, എനിക്കും അമ്മയ്ക്കും. അതുകൊണ്ടാണ് സ്കിൻ ഷോ വേണ്ട എന്നൊക്കെ പറഞ്ഞത്. എനിക്കു പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ അന്ന്.

ADVERTISEMENT

തുടക്കത്തിലൊക്കെ ചില നല്ല സിനിമകൾ ഇക്കാരണങ്ങൾ കൊണ്ടു വേണ്ടെന്നു വച്ചു. പിന്നീടു പതിയെ കാഴ്ചപ്പാടു മാറി. ലോകപരിചയവും അനുഭവങ്ങളും കൂടിയപ്പോൾ പേടിയും കുറഞ്ഞു. എന്തിടണം എന്തിടണ്ട എന്നു തീരുമാനിക്കാൻ എനിക്കറിയാം. അതു തിരിച്ചറിഞ്ഞതോടെ അമ്മയും പഴയതുപോലെ സ്ട്രിക്റ്റല്ലാതായി. നാട്ടിലും വസ്ത്രധാരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ഒരുപാടു മാറ്റങ്ങൾ വന്നു. വ്യക്തിയെന്ന നിലയിലും മാറ്റങ്ങളും വളർച്ചയും വന്നു. അന്നത്തെ പെൺകുട്ടിയിൽ നിന്നു ഞാനൊരു സ്ത്രീയായി മാറിയെന്ന് എനിക്കു തോന്നുന്നുണ്ട്.

മലയാളം സിനിമയിൽ നിന്നു മനസ്സിലേറ്റ മുറിവുമായാണ്  അ നുപമ തെലുങ്കിലേക്കു പോയത്. എന്തായിരുന്നു കാരണം?

എന്റെ  ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും അപ്പുറത്തുള്ള ലോകമായിരുന്നു സിനിമ. അതുകൊണ്ടു തന്നെ ആഗ്രഹിക്കുകയോ അതിനെക്കുറിച്ചു ചിന്തിക്കുകയോ ചെയ്തില്ല. പ്രേമത്തിന്റെ കാസ്റ്റിങ് കോൾ കണ്ട് സിഎംഎസ് കോളജിൽ എന്റെ ക്ലാസ്മേറ്റായിരുന്ന അർച്ചനയാണ് ഫോട്ടോകളെടുത്ത് അയച്ചത്. ഓഡിഷനിൽ പങ്കെടുത്തു. സിനിമയിലേക്ക് എൻട്രിയും കിട്ടി. എന്നിട്ടും കൂട്ടുകാരാരോടും അതേക്കുറിച്ചു പറഞ്ഞിരുന്നില്ല. സിനിമയിൽ അവസരം കിട്ടിയാലും നമ്മളുടെ റോൾ കട്ട് ചെയ്യാനും സാധ്യതയുണ്ടല്ലോ. വന്നു കഴിഞ്ഞു പറയാമെന്നു കരുതിയത് അതുകൊണ്ടാണ്.

actress-anupama-parameswaran-simplicity

‘ആലുവാപ്പുഴയുടെ തീരത്ത്...’ പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞ് എല്ലാവരും കരുതിയത് മേരിക്കു സിനിമയിലും പാട്ടിലെപ്പോലെ തന്നെ വലിയ റോൾ ഉണ്ടാകുമെന്നാണ്. സിനിമയിൽ മൂന്നു നായികമാരുണ്ടായിരുന്നല്ലോ. എന്റെ റോൾ വളരെ ചെറുതും. നല്ല കളിയാക്കൽ കിട്ടി. ട്രോൾ തുടങ്ങുന്ന സമയമായിരുന്നു അത്. ‘ഇതിനാണോ ഇവൾ ഇത്രയും തള്ളിയതും അഹങ്കരിച്ചതും’ എന്നുള്ള ആറ്റിറ്റ്യൂഡായിരുന്നു പലർക്കും. അതു പോരേ ആ പ്രായത്തിൽ തകർന്നു പോകാൻ. വീട്ടിൽ അച്ഛൻ പരമേശ്വരനും  അമ്മ സുനിതയും സിനിമാലോകം തീരെ പരിചയമില്ലാത്തവരാണ്. അവർക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു.

നല്ല റോൾ വന്നാലേ ഇനി മലയാളം സിനിമ ചെയ്യൂ എന്നു ചിന്തിച്ചപ്പോഴാണ് തെലുങ്കിൽ നിന്ന് ത്രിവിക്രം ശ്രീനിവാസ് വിളിക്കുന്നത്. നല്ല സംവിധായകനാണ് അദ്ദേഹം. അങ്ങനെ തെലുങ്കിൽ പോയി, ഭാഷ പഠിച്ചെടുത്തു നന്നായി പെർഫോം ചെയ്തു പേരെടുത്തിട്ടു മലയാളത്തിൽ തിരികെ വരാം എന്നു തീരുമാനിച്ചു.

ഹൈദരാബാദിൽ അപാർട്മെന്റ് പണിയുന്നു. അവിടം അനുപമയ്ക്ക് വീടു തന്നെയായി മാറിക്കഴിഞ്ഞു. എത്ര സമയമെടുത്തു തെലുങ്ക് ഭാഷയിൽ കംഫർട്ട് ആകാൻ?

ബേസിക്കലി ഐ ആം എ ലക്കി ചൈൽഡ്. സമാന്തയുടെ സിനിമയിൽ സെക്കന്റ് ഹീറോയിനായിട്ടാരുന്നു അവിടെ തുടക്കം. ആ വേഷം നന്നായി ശ്രദ്ധിക്കപ്പെട്ടു. അതിനു വേണ്ടി ഡബ്ബ് ചെയ്തതും സ്വന്തമായിട്ടാണ്. തെലുങ്ക് അറിയാത്ത ഞാൻ  ഭാഷ പഠിച്ചെടുത്തു വായിൽ വന്ന സ്ലാങ്ങിലാണ് ഡയലോഗ് പറഞ്ഞത്. ഡയറക്ടർ ത്രിവിക്രം സറിന് അതുനന്നായി ഇഷ്ടപ്പെട്ടു. ഇന്നും സ്റ്റേജിൽ കയറുമ്പോൾ അവിടെയുള്ളവർ ആ ഡയലോഗ് പറയിക്കും. അത്രയ്ക്കു സ്നേഹമാണ് ആദ്യത്തെ റോൾ നേടിത്തന്നത്.

അദ്യമൊക്കെ ലൊക്കേഷനിൽ പോകുമ്പോൾ ഒന്നും മനസ്സിലാകില്ല. പതിയെ എല്ലാവരും സംസാരിക്കുന്നതും മുഖത്തെ എക്സ്പ്രഷനും കണ്ടു കുറച്ചൊക്കെ മനസ്സിലാകാൻ തുടങ്ങി. മൂന്നാമത്തെ സിനിമയോടെയാണ് തെലുങ്കു നന്നായി മനസ്സിലാകാനും കുറേയൊക്കെ സംസാരിക്കാനും തുടങ്ങിയത്.

പതിനെട്ടു വയസ്സിൽ സമ്പാദിച്ചു തുടങ്ങിയതല്ലേ? ഫിനാൻഷ്യ ൽ പ്ലാനിങ് ആരാണു ചെയ്യുന്നത്?

ഞാൻ ജനിച്ചു വളർന്നത് ലോവർ മിഡിൽ ക്ലാസ് ഫാമിലിയിലാണ്. പൈസ നന്നായി സൂക്ഷിച്ചാണു ചെലവാക്കുന്നത്. സ്വന്തമായിത്തന്നെയാണ് ഇൻവെസ്റ്റ്മെന്റും.  ബ്രാൻഡുകൾ എന്നെ എക്സൈറ്റ് ചെയ്യാറേയില്ല. ഓൺലൈൻ സെയ്‌ലിലും 800 രൂപയുടെ  ബാഗും ഒക്കെയാണ് ഞാൻ ഉ പയോഗിക്കുന്നത്. ബാഗ് കീറിക്കഴിയുമ്പോൾ ഒപ്പമുള്ളവർ ഓർമിപ്പിക്കുമ്പോഴാകും അതു മാറ്റുന്നത്.

സാരിക അക്ക പലപ്പോഴും ഓർമിപ്പിക്കാറുണ്ട്, ‘ഹീറോയിനെപ്പോലെ നടക്കാൻ’. എന്റെ മേക്കപ് ആർട്ടിസ്റ്റാണ് സാരിക. 2018 മുതൽ എന്റെയൊപ്പമാണ്.  ഷീ ഈസ് ലൈക് ഫാമിലി. അമ്മ കഴിഞ്ഞാൽ എന്റെ യഥാർഥ ഇമോഷനുകൾ കാണുന്നതും അറിയുന്നതും സാരികയാണ്. എന്റെ ഡാർക് സീക്രട്സിന്റെ കീപ്പറും സാരികയാണ്.

ഇമോഷനുകൾ പെട്ടെന്ന് അനുപമയെ കീഴടക്കാറുണ്ടോ?

ഞാൻ സ്നേഹിക്കുന്ന ആളുകളോടു വളരെ സെൻസിറ്റീവാണ്. പുറമേക്ക് അങ്ങനെയേയല്ല. ആദ്യമൊക്കെ നോ പറയാൻ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നീട് അനുഭവങ്ങളിലൂടെ അതു മാറി. എന്റെ സന്തോഷം പോകുന്ന കാര്യങ്ങളോട് ഒരു മടിയുമില്ലാതെ ഇപ്പോൾ നോ പറയും. പക്ഷേ , എന്നോടു വളരെ അടുത്ത, സ്നേഹിക്കുന്ന ആളുകളുടെ കാര്യങ്ങളെല്ലാം എന്നെ ബാധിക്കും.

ജീവിതാനുഭവങ്ങൾ കൊണ്ട് വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എത്രത്തോളം മാറി?

ടീനേജിൽ തുർക്കിയിൽ നിന്നു രാജകുമാരൻ കല്യാണം കഴിക്കാൻ വരുമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു. പതിനാറാം വയസ്സിൽ ബ്രേക്കപ്പായതോടെയാണ് അതു മാറിയത്. നിരാശയിൽ നിന്നു പുറത്തു കടക്കാനാണു നാട്ടിൽ നിന്ന് പേടിച്ചോടി സിഎംഎസിലെത്തിയത്. ഇരുപത്തിമൂന്നു വയസ്സുവരെ പിന്നെ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. ഇരുപത്തെട്ടാം വയസ്സിലാണ് പിന്നെ കല്യാണം കഴിക്കണമെന്നു തോന്നിയത്. അമ്മയാകണമെന്നു വലിയ ആഗ്രഹമാണ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സിംഗിൾ മദറായിട്ടാണെങ്കിലും കുട്ടികൾ വേണം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കല്യാണവും കുട്ടികളുമൊക്കെ പ്ലാനിലുണ്ടായിരുന്നു. ഇനി, ബേസിക് ഹ്യൂമൻ ക്വാളിറ്റീസ് എല്ലാമുള്ള എനിക്കു പറ്റുന്ന ആളെ കിട്ടിയാൽ മാത്രം മതി കല്യാണം. നന്നായി സ്നേഹിക്കാനറിയാം എനിക്ക്. എപ്പോഴെങ്കിലും പറ്റുന്നൊരാളെ കണ്ടെത്തിയിട്ട് അതിനെക്കുറിച്ചു ചിന്തിക്കാം.

ഏതു തരം ടോക്സിക് ബന്ധങ്ങളിലും അതിരുകൾ തിരിച്ചറി യാനും അതിനെ മറികടന്നു ജീവിതം തിരികെപ്പിടിക്കാനും പെൺകുട്ടികളോട് എന്താണു പറഞ്ഞുകൊടുക്കാനുള്ളത്?

നമ്മുടെ ചുറ്റുമുള്ള ആളുകളുണ്ടല്ലോ, ദേ ഷുഡ് ഹെൽപ് അസ് ഗ്രോ. ദേ ഷുഡ് നെവർ മേക് യു ഷ്രിങ്‌ക്. അടുപ്പമുള്ള ആളുകൾ.. അതു സുഹൃത്താകാം, പാർട്നറാകാം, സഹപ്രവർത്തകരാകാം, രക്ഷകർത്താവാകാം, സഹോദരങ്ങളാകാം, ആരുമാകാം. അവരുടെ സാന്നിധ്യം കൊണ്ട് വളർച്ച തടസപ്പെടുന്നുവെങ്കിൽ, അവരോടു സംസാരിക്കുന്നതിനു മുൻപ് രണ്ടുവട്ടം ചിന്തിക്കേണ്ടി വരുന്നുവെങ്കിൽ, എഗ് ഷെല്ലിനു മീതെയാണ് നടക്കുന്നതെന്നു തോന്നുന്നുവെങ്കിൽ ആ ബന്ധത്തിൽ എന്തോ കാര്യമായ പന്തികേടുണ്ട്. അവരിൽ നിന്ന് ഒഴിഞ്ഞുമാറുക തന്നെ വേണം. സ്വപ്നങ്ങളും സന്തോഷവും അഡ്വഞ്ചറുമൊക്കെയുള്ള വ്യക്തികൾക്കൊപ്പമാകുമ്പോൾ  നമ്മളും അതിനനുസരിച്ചു വളരും. ചാണകം ചവിട്ടിയാൽ ചാണകം മണക്കും. ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നു പറയില്ലേ. അതുതന്നെ.

മനസ്സിനു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ പുറത്തു പറയാനാകാതെ കൊണ്ടു നടക്കുമ്പോഴാണ് പലരും ആത്മഹത്യയെക്കുറിച്ചൊക്കെ ചിന്തിച്ചു പോകുന്നത്. അവരെഎനിക്കിപ്പോൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട്.

ചെറായിയുമായി ആത്മബന്ധമുണ്ടല്ലോ? വീടും നാടും ചെറാ യിയും ഓർമകളിൽ നിന്നു പങ്കുവയ്ക്കാമോ?

വീട്ടിൽ തമാശകളും ഗെയ്മുകളും ഒക്കെയുണ്ടാകും. വൈകുന്നേരങ്ങളിൽ കറങ്ങാനിറങ്ങുന്ന പതിവും. ഡിന്നർ കഴിച്ച് ചിൽ ചെയ്ത് അയൽക്കാരേം  കൂട്ടുകാരേം ഒപ്പം കൂട്ടി ചിലപ്പോ ചെറായിയിലേക്കു വരും. ബീച്ചും പാതിരാത്രിയിലെ ഡ്രൈവും ഒക്കെ നല്ല ഓർമകളാണ്. ‘പ്രേമം’ കഴിഞ്ഞാണ് ആദ്യത്തെ കാറു വാങ്ങിയത്. ഇപ്പോഴും അതുതന്നെയാണ് ഉപയോഗിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും നല്ല ദിവസങ്ങളിലും ചീത്ത ദിവസങ്ങളിലും ഒപ്പം നിൽക്കുന്ന ഫാമിലിയാണ് യൂണിവേഴ്സ് തന്ന വലിയ സമ്മാനം.

വിസ്കി എന്ന പട്ടിക്കുട്ടനുണ്ട് വീട്ടിൽ. കുറേ പൂച്ചകളും. ചിലപ്പോ അമ്മ ‘സുന്ദരീ’ന്നു നീട്ടി വിളിക്കും. വഴിയേ പോകുന്ന പെമ്പിള്ളേരു തിരിഞ്ഞു നോക്കും. എന്നെയാണോ വിളിക്കുന്നതെന്ന നോട്ടത്തോടെ. അമ്മ  പൂച്ചയെ വിളിക്കുന്നതായിരിക്കും.  

ഓണം അടിച്ചു പൊളിച്ചോ?

അനിയൻ ഫിറ്റ്നസ് ട്രെയ്നറായി ഹൈദരാബാദിലേക്കു മാറിയതോടെ, ഓണത്തിനാണ് വീട്ടിൽ ഞങ്ങളെല്ലാം കൂടുന്നത്. പക്ഷേ, ഈ വർഷം ഓണം ഷൂട്ടിങ് ഷെഡ്യൂളിൽ മുങ്ങി. നാട്ടിൽ നിന്നു ദൂരെയാണെങ്കിലും ഓണത്തിനു സദ്യ കിട്ടാറുണ്ട്. ഇത്തവണയും അതൊക്കെത്തന്നെ.

രണ്ടു തെലുങ്കു സിനിമകൾ ഈ വർഷം റിലീസാകും. തമിഴിൽ ഒരു ക്യൂട്ട് ഡ്രീം പ്രോജക്ട് ഉണ്ട്. മൂന്നു ഹിന്ദി സിനിമകൾ ഇനി ചെയ്യാനുണ്ട്. രണ്ടു മലയാളം സിനിമകളുണ്ട്. അതിനിടയിൽ വീണ്ടും തെലുങ്കു സിനിമ ചെയ്യണം. ഓണം കഴിഞ്ഞും തിരക്കുകൾ തുടരുകയാണ്.

Anupama Parameswaran's Movie Journey:

Anupama Parameswaran is making a bold move towards Bollywood after overcoming personal struggles and rediscovering her confidence. Her journey in cinema began with the hit film 'Premam,' which catapulted her to fame, but she also experienced a significant personal setback, a 'Premam heartbreak,' ten years later. Despite her immense success with over 16 million Instagram followers and numerous films across various languages, Anupama remains remarkably simple and grounded. She reflects on her early days, her mother's influence on her styling, and her evolution from an innocent girl to a confident woman. After a hurtful experience in Malayalam cinema, she sought opportunities in Telugu films, learning the language and establishing herself. Anupama also discusses her financial prudence, her close bond with her makeup artist Sarika, her sensitivity towards loved ones, and her evolving views on marriage, expressing a strong desire to become a mother, whether married or as a single parent. She emphasizes the importance of recognizing and escaping toxic relationships, advocating for connections that foster growth. Anupama cherishes memories of Cherai and her family, viewing them as her greatest gift. Looking ahead, she has a packed schedule with upcoming releases in Telugu, Tamil, Hindi, and Malayalam, demonstrating her continued dedication and ambition in the film industry.

ADVERTISEMENT