ADVERTISEMENT

‘‘ഓണത്തിന് ഒരല്പം മുൻപ്, കൃത്യമായി പറഞ്ഞാൽ 65 ദിവസം മുൻപു മുറ്റത്തു കുറച്ച്  ചെണ്ട് മല്ലിത്തൈ വച്ചു പിടിപ്പിച്ചു നോക്കൂ.. ഓണത്തിന് കൈനിറയെ പൂവ് കിട്ടും.

വാടാമല്ലി കുറച്ചുകൂടി നേരത്തേ നട്ടാലും കുഴപ്പമില്ല, മഴകൊള്ളാനുള്ള ശേഷി വാടാമല്ലിയ്ക്കുണ്ട്. വലിയ പരിചരണമൊന്നുമില്ലാതെ, പണം മുടക്കാതെ പൂക്കളമിടാനുള്ള പൂവ് വീട്ടിൽ തന്നെ വിരിയിക്കാം. നമ്മൾ മനസ്സ് വയ്ക്കണമെന്നു മാത്രം.’’- പറയുന്നത് തൃശൂർ കണ്ണികുളങ്ങരക്കാരനായ  ഘനശ്യാം വി. മേനോൻ എന്ന  കൊച്ചു മിടുക്കനാണ്.

ADVERTISEMENT

പത്തു വയസ്സു മുതൽ പച്ചക്കറിയും ഓണപ്പൂക്കളും കൃഷിചെയ്യുന്ന ഘനശ്യാമിനെ അടുത്തയിടെ പഞ്ചായത്ത് ‘കുട്ടിക്കർഷകൻ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കൃഷിക്കാരുടെ മക്കൾ കൃഷി വിട്ടു മറ്റു തൊഴിൽമേഖലകൾ തേടുന്ന കാലത്താണു ഘനശ്യാം തന്റെ അച്ഛന്റെ പാത പിന്തുടരുന്നത്.

പഠനത്തിൽ മിടുക്കൻ കൃഷിയിലും

ADVERTISEMENT

വെറും കൃഷിക്കാരനായി ഒതുങ്ങാനല്ല ഘനശ്യാമിന്റെ ഉദ്ദേശ്യം. നന്നായി പഠിച്ചു കൃഷി ശാസ്ത്രജ്ഞനാകുകയാണ്. എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയാണു പുത്തൻചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു  ഘനശ്യാം പത്താം ക്ലാസ് പാസായത്. ഇപ്പോൾ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്.

‘‘കോവിഡ് കാലത്താണു മണിക്കുട്ടൻ (ഘനശ്യാം) വീട്ടു മുറ്റത്തും പറമ്പിലും പച്ചക്കറികൾ നട്ടു തുടങ്ങുന്നത്. അന്നവൻ‍ അഞ്ചാം ക്ലാസിലാണു പഠിക്കുന്നത്. സമയം കിട്ടുമ്പോൾ കുട്ടികൾ പലതും ചെയ്യുമല്ലോ. സ്കൂൾ തുറക്കുമ്പോഴേക്ക് അവനിതൊക്കെ വിട്ടു കളയുമെന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ, സ്കൂൾ തുറന്ന ശേഷവും മണിക്കുട്ടനിത് തുടർന്നു.’’ ഘനശ്യാമിന്റെ അമ്മ ശാന്തി പറയുന്നു.

ADVERTISEMENT

‘‘മോനു കൃഷിയോടുള്ള ഇഷ്ടം കണ്ടപ്പോൾ ‘പോയിരുന്നു പഠിക്ക്’ എന്നൊന്നും ഞങ്ങൾ പറഞ്ഞില്ല. കുട്ടികൾക്ക് പലപ്പോഴും ട്യൂഷനും മറ്റുമായി ഒന്നിനും നേരം തികയില്ല. മണിക്കുട്ടനു ട്യൂഷനില്ലായിരുന്നു. ആ സമയം അവൻ കൃഷിക്ക് ഉപയോഗിച്ചു. ‘ചില വളങ്ങൾ വേണം, കീടനാശിനികൾ വേണം’ എന്നൊക്കെ മാത്രമേ പറഞ്ഞിരുന്നുള്ളു.

മണ്ണിൽ പണിയെടുക്കാൻ മടിയൊന്നുമില്ലെന്നു കണ്ടപ്പോൾ ഉള്ളാലെ സന്തോഷം തോന്നി. അവനെ അവന്റെ വഴിക്കു വിട്ടു. പഠനത്തിൽ ഒരിക്കലും ഉഴപ്പിയില്ല. മാത്രമല്ല കബഡി, പാഠകം തുടങ്ങിയ കായിക–കലാ മത്സരങ്ങളിൽ ജില്ലാതല ഗ്രേഡ് നേടുകയും ചെയ്തു. ’’ ഇതു പറയുമ്പോൾ അച്ഛൻ വിജയരാഘവന് അഭിമാനം.  

‘‘കൃഷി ചെയ്തു ലഭിക്കുന്ന പച്ചക്കറികൾ മുഴുവൻ വിൽക്കുകയല്ല ഞങ്ങൾ ചെയ്യാറ്. കുറേയൊക്കെ അടുത്തുള്ള സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനു സൗജന്യമായി നൽകും. ഓണപ്പൂക്കളും കുറേയൊക്കെ അങ്ങനെ തന്നെ.’’

വീട്ടിലും നാട്ടിലും മാത്രമല്ല സ്കൂളിലും കൃഷികാര്യങ്ങളുടെ മേൽനോട്ടം ഘനശ്യാമിനാണ്. ‘‘സ്കൂളിലെ അധ്യാപകരെല്ലാവരും വളരെയധികം പ്രോത്സാഹനം തരുമായിരുന്നു. പത്താം ക്ലാസ് പഠിച്ചിരുന്ന  സ്കൂളിൽ കൂൺ കൃഷി ന ടത്തി തരക്കേടില്ലാത്ത വിളവെടുപ്പു ഞങ്ങൾ നടത്തിയിരുന്നു.’’ എന്നു ഘനശ്യാം.

flower-agriculture

നാടിന്റെ കുട്ടി കൃഷിക്കാരൻ

‘‘ കൃഷി ഏതൊരു നാടിന്റെയും  വീടിന്റെയും ആവശ്യകതയാണ്. അവനവനാവശ്യമുള്ള ഭക്ഷണത്തിന്റെ ഒരു ഭാഗമെങ്കിലും സ്വയം ഉത്പാദിപ്പിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. ’’ ഘനശ്യാം പറയുന്നു.

‘‘എന്റെ വീട്ടിലും അത്യാവശ്യം വന്നാൽ പച്ചക്കറികൾ വാങ്ങാറുണ്ട്. എന്നാൽ, പരമാവധി സ്വന്തമായി കൃഷി ചെയ്ത പച്ചക്കറികളാണ് ഉപയോഗിക്കാറുള്ളത്. കുമ്പളം, മ ത്തൻ. പയർ, വെണ്ട, തക്കാളി, വെള്ളരി, ചുരയ്ക്ക, പാവയ്ക്ക, പടവലങ്ങ തുടങ്ങിയവയാണ് മിക്കവാറും കൃഷി ചെയ്യാറുള്ളത്. വൈകുന്നേരം സ്കൂൾ വിട്ടു വന്ന ശേഷമാണു കൃഷികാര്യങ്ങൾ ശ്രദ്ധിക്കുന്നത്. ഞങ്ങളുടെ പുരയിടത്തിൽ മാത്രമല്ല ബന്ധുക്കളുടെ സ്ഥലത്തും കൃഷി ചെയ്യുന്നുണ്ട്.  പച്ചക്കറിക്ക് ഏതു നേരത്തും ശ്രദ്ധ വേണമെന്നില്ല. മൂന്നു ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ നോക്കിയാൽ മതിയാകും. വീട്ടിലെ കൃഷി മൂന്നുദിവസം കൂടുമ്പോഴും ദൂരെ പറമ്പുകളിലെ കൃഷി  അവധിദിവസങ്ങളിലുമാണ്  പോയി നോക്കാറുള്ളത്.   

വളമിടലും കീടനാശിനി പ്രയോഗവുമെല്ലാം യുട്യൂബ് കൃഷി ചാനലുകളിലൂടെയാണ് മനസ്സിലാക്കാറുള്ളത്. എനിക്കു വേണ്ടിയുള്ള വിവരങ്ങൾ മാത്രമല്ല ശേഖരിക്കുക. അച്ഛന്റെ നെൽക്കൃഷിക്ക് വേണ്ട വിവരങ്ങളും കണ്ടെത്തി കൊടുക്കാറുണ്ട്,’’ ഘനശ്യാം പറയുന്നു.     

കൃഷിയുടെ കാര്യങ്ങളിൽ ഇപ്പോൾ തന്നെക്കാൾ അറിവു മകനുണ്ട് എന്ന് അച്ഛൻ വിജയരാഘവനും പറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം അനുജൻ അർജുൻ വി. മേനോൻ, മുത്തശ്ശി രുഗ്മിണി എന്നിവരെല്ലാം ഘനശ്യാമിന്റെ കൃഷി താത്പര്യങ്ങൾക്ക് കൂട്ടായുണ്ട്.   

‘‘തീരെ കുഞ്ഞായിരിക്കുമ്പോഴേ മണിക്കുട്ടൻ കൃഷിയോടു താത്പര്യം കാണിച്ചിരുന്നു.  അവൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുറ്റത്തു നട്ട റംബൂട്ടാനാണ് അവന്റേതായി ആദ്യമായി തളിരിട്ടു കണ്ടത്. കഴിഞ്ഞ കൊല്ലം അതു കായ്ച്ചു.’’

‘‘റംബൂട്ടാൻ വെട്ടി നിർത്തണം. അപ്പോഴേ പന്തലിച്ചു വളരുകയും കായ്ഫലം നമുക്കു കിട്ടുകയും ചെയ്യൂ. ഇല്ലെങ്കിൽ അതു വല്ലാതെ പൊക്കം വച്ച് ആകാശം മുട്ടെ വളർന്നിട്ടായിരിക്കും കായ്ക്കുക. പിന്നെ പറിച്ചെടുക്കുക വലിയ പ്രയാസമാകും.’’ ഘനശ്യാം ആവേശഭരിതനായി പറയുന്നു.

പല വീടുകളിലും ചെയ്യുന്നത് പോലെ റംബൂട്ടാൻ കായ്ച്ചാൽ വലയിട്ട് മൂടി എല്ലാ കായും പറിച്ചെടുക്കാനൊന്നും ഘനശ്യാം തയാറല്ല. ‘‘നമ്മൾ നട്ടുണ്ടാക്കുന്നതു നമുക്കു ലഭിക്കണം. അതേ സമയം കിളികൾക്കും ജീവജാലങ്ങൾക്കും എല്ലാം അതിന്റെയൊരു പങ്കു നൽകുകയും വേണം ’’ ഘനശ്യാം പറയുന്നു.

agriculture-boy-kerala-story
Young Farmer Ghanshyam V Menon Story:

Ghanshyam V Menon, a young agricultural enthusiast from Thrissur, Kerala, has been recognized for his dedication to farming. Starting vegetable and Onam flower cultivation at the age of ten, he recently received the 'Child Farmer' award. Despite excelling in academics and aiming to become an agricultural scientist, Ghanshyam dedicates his free time to cultivating various vegetables and flowers, often sharing the produce with local schools and for Onam decorations. He learned farming techniques through YouTube and actively participates in school agricultural initiatives. Ghanshyam believes in self-sufficiency in food production and advocates for sharing nature's bounty with birds and other creatures, reflecting his deep connection with agriculture.

ADVERTISEMENT