സ്തനാർബുദ ശസ്ത്രക്രിയ കഴിഞ്ഞവർക്കായി ‘നോക്കേഴ്സ്’ നിർമിക്കുന്ന രത്നം ടീച്ചറുടെ ജീവിതം.
തൃശൂർ നെടുപുഴയിലെ രത്നദ്വീപിലേക്കു കടന്നുചെല്ലുമ്പോൾ സ്വാഗതം ചെയ്യുന്നത് രാമച്ചത്തിന്റെയും ചന്ദനത്തിന്റെയും സുഗന്ധമാണ്.
സ്വീകരണമുറിയിലെ ഷോകെയ്സിൽ തലയെടുപ്പോടെയിരിക്കുന്നു മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള സാമൂഹികക്ഷേമ വകുപ്പിന്റെ പുരസ്കാരം. അതിൽ തങ്കലിപികളിൽ എഴുതിയിരിക്കുന്നു പി. ജി. രത്നം.
കാഴ്ചകൾ കണ്ടുനിൽക്കുമ്പോൾ പിന്നിൽ നിന്നാ ശബ്ദമുയർന്നു. ‘ഇരിക്കാർന്നില്ലേ കുട്ടി...’ നൂറുകണക്കിനു കുട്ടികൾക്കു വഴികാട്ടിയ സ്വരം. നിറഞ്ഞ ചിരിയോടെ, ഓട്ടമാറ്റിക് വീൽ ചെയറിൽ ടീച്ചർ സ്വീകരണമുറിയിലേക്ക് എത്തി. രണ്ടര വയസ്സിൽ ബാധിച്ച പോളിയോ തളർത്തിയ കാലുകളിലേക്കു കണ്ണുകൾ പായാൻ ടീച്ചറുടെ മുഖത്തെ ചിരി അനുവദിക്കുന്നില്ല. അധ്യാപനത്തിൽ നിന്നു വിരമിച്ചെങ്കിലും ചിത്രരചനയും നോക്കേഴ്സ് (കൃത്രിമ സ്തനം) നിറ്റിങ്ങും സോപ്പ് നിർമാണവുമായി 69ാം വയസ്സിലും രത്നം ടീച്ചർ തിരക്കിലാണ്.
ജീവിതതാളം തെറ്റിയ രാത്രി
ആരോഗ്യവകുപ്പ് സെക്രട്ടറിയായ ഗോപാലന്റെയും ലീല ടീച്ചറുടെയും ആറു മക്കളിൽ നാലാമത്തെ കുട്ടിയാണു രത്നം. സ്വപ്നങ്ങൾ തച്ചുടച്ച പോളിയോ എന്ന വില്ലനെക്കുറിച്ചു പറയുമ്പോൾ ടീച്ചറുടെ മുഖത്തു നിരാശയുടെ നിഴൽ പടർന്നു. ‘‘സാധാരണ പനിയാകുമെന്നു പറഞ്ഞ് അമ്മ ആശ്വസിപ്പിച്ചു. പക്ഷേ, രാവിലെ ആയപ്പോഴേക്കും ഇടതു കാൽ പൂർണമായി തളർന്നു. വീടിനു ചുറ്റും ഓടി നടന്നിരുന്ന ഞാൻ അങ്ങനെ മുറിക്കുള്ളിൽ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. എന്നെയും തോളിലേറ്റി അച്ഛനും അമ്മയും കയറിയിറങ്ങാത്ത ആശുപത്രികളില്ല.
അസുഖം വിദ്യാഭ്യാസത്തിനു തടസ്സമാകരുതെന്ന് അമ്മയ്ക്കു നിർബന്ധമായിരുന്നു. ഒന്നും രണ്ടും ക്ലാസുകൾ അമ്മയുടെ നേതൃത്വത്തിൽ വീട്ടിലിരുന്നു പഠിച്ചു. മൂന്നാം ക്ലാസ് മുതൽ ഞാനും സ്കൂളിലേക്കു പോയി.
വർഷങ്ങൾ കടന്നുപോകെ, ചികിത്സയുടെ ഫലമായി കുറേശ്ശെ നടക്കാൻ തുടങ്ങി. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഞാൻ യുവജനോത്സവത്തിൽ പങ്കെടുത്തു. അതും ഓട്ടൻ തുള്ളലിന്.’’ ഒരു കുട്ടിയെപ്പോലെ കുലുങ്ങിച്ചിരിച്ചുകൊണ്ട് ടീച്ചർ തുടർന്നു.
‘‘പ്രിയപ്പെട്ട കൂട്ടുകാരിയായ കോമളത്തിന് ഓട്ടന്തുള്ളലിൽ മത്സരിക്കണമെങ്കിൽ എതിരാളി വേണം. അല്ലാത്ത പക്ഷം മത്സരം റദ്ദ് ചെയ്യപ്പെടും. അവളുടെ വിഷമം എനിക്കു സഹിച്ചില്ല. ഞാൻ മുന്നിട്ടിറങ്ങി.
പേരു കൊടുത്തെന്നു മാത്രമല്ല, സ്റ്റേജിൽ കയറി എന്തൊക്കെയോ കാണിക്കുകയും ചെയ്തു. ആഗ്രഹിച്ചതുപോലെ ഒന്നാം സമ്മാനം കോമളത്തിനു കിട്ടി. ഒപ്പം എനിക്കു പ്രോത്സാഹന സമ്മാനവും സർട്ടിഫിക്കറ്റും.’’ രത്നം ടീച്ചർ ചിരിച്ചു.
രണ്ടുതരം അധ്യാപകർ
അധ്യാപികയാകണമെന്ന ആഗ്രഹത്തിനു വിത്തു പാകിയത് അമ്മയാണെന്നു പറയുമ്പോൾ രത്നം ടീച്ചറുടെ കണ്ണുകൾ തിളങ്ങി.‘‘അമ്മയെപ്പോലെ പ്രചോദനമേകിയത് യുപി സ്കൂളിൽ പഠിപ്പിച്ച സുമതി ടീച്ചറാണ്. അതിനുപിന്നിലൊരു നോവുണ്ട്.’’ രത്നം ടീച്ചറുടെ ശബ്ദമിടറി.
‘‘സ്കൂളിൽ നിന്നു കുട്ടികളെ തൃശൂർ കാഴ്ചബംഗ്ലാവ് കാണാൻ കൊണ്ടുപോകുന്നു. അൻപതു പൈസയാണ് ഒരാൾക്ക് ഫീസ്. വാർത്തയറിഞ്ഞപാട് ഞാനും അനിയനും അമ്മ പഠിപ്പിക്കുന്ന സ്കൂളിലേക്ക് പാഞ്ഞു.
കാര്യം പറഞ്ഞപ്പോൾ ‘വൈകുന്നേരം വരെ കാക്കാൻ ക്ഷമയുണ്ടായില്ലേ?’ എന്നമ്മ ശകാരിച്ചു. ക്ഷമയുണ്ടായില്ല എന്നതാണു സത്യം. അമ്മയുെട കയ്യിൽ നിന്നു പണം വാങ്ങി വേഗം തിരികെ നടന്നു.
എന്റെ ക്ലാസിൽ നിന്നു പേരു നൽകിയ ആദ്യ കുട്ടി ഞാനായിരുന്നു. അങ്ങനെ കാത്തിരുന്ന ദിവസമെത്തി. കുട്ടികൾ വരിയായി നിന്നു ബസിൽ കയറുന്നു. ഞാൻ ബസിൽ കയറാൻ ബുദ്ധിമുട്ടുന്നതു കണ്ട് ഒരു ടീച്ചർ അസ്വസ്ഥയായി. ‘കാലു വയ്യാത്തതൊക്കെ അങ്ങോട്ടു വന്നിട്ട് എന്തു കാണാനാണ്?’ എന്ന് അലറിക്കൊണ്ട് ടീച്ചർ എന്നെ മാറ്റിനിർത്തി. ഇതു കണ്ട സുമതി ടീച്ചർ രത്നത്തെ കൊണ്ടുപോയേ പറ്റൂ എന്നു ശഠിച്ചു. ടീച്ചർ നോക്കുമോ എന്നായി മറ്റേ ടീച്ചർ. ഉവ്വെന്നു പറഞ്ഞ് സുമതി ടീച്ചർ എന്നെ ബസിൽ കയറ്റി.
എല്ലാവരും കാഴ്ചബംഗ്ലാവിനുള്ളിലേക്കു പോകുന്നതു നോക്കി ഞാനും ടീച്ചറും പുറത്തെ ബെഞ്ചിലിരുന്നു. ആ ലോകം ഞങ്ങൾ രണ്ടുപേരും അന്നു കണ്ടില്ല. പക്ഷേ, ഒരു അധ്യാപിക എങ്ങനെ ആകണമെന്നും ആകരുതെന്നും ഞാൻ മനസ്സിലാക്കി.’’ ഉള്ളുതൊട്ട വിഷമങ്ങൾ ടീച്ചർ നെടുവീർപ്പിലൊളിപ്പിച്ചു.
ജീവിതത്തിലെ സമരനായിക
‘‘ജീവിതത്തിലെവിടേയും ഞാൻ പിന്നിലാകരുത് എന്ന് എന്നേക്കാൾ നിർബന്ധം ഭർത്താവ് രാജനായിരുന്നു. അദ്ദേഹം നാസിക്കില് സിവിൽ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് ഞങ്ങളുടെ വിവാഹം. വിവാഹശേഷം ഞാനും നാസിക്കിലേക്ക് പോയി. അവിടെ കേന്ദ്രീയ വിദ്യാലയയിൽ ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തു. മകൾ രചന ജനിച്ചതോടെ ഞങ്ങൾ നാട്ടിൽ താമസമാക്കി.
നാട്ടിലെത്തിയതിൽപ്പിന്നെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പല സ്കൂളുകളിൽ ജോലി ചെയ്തു. രാമവർമപുരം ജുവനൈൽ ഹോമിലെ പ്രൈമറി അധ്യാപികയായി ജോലി ചെയ്തത് ആ കാലഘട്ടത്തിലാണ്. ആ മക്കളുടെ ജീവിതത്തിൽ എനിക്ക് ഗസ്റ്റ് റോളായിരുന്നു എന്നാണു കരുതിയത്. എന്നാൽ, അവിടെയുണ്ടായിരുന്ന കുഞ്ഞുങ്ങളിൽ പലരും ഇന്നും എന്നെ വിളിക്കുകയും തേടി വരുകയും ചെയ്യും. ജുവനൈൽ ഹോമിലെ പ്രവർത്തനം എന്നെ സാമൂഹികക്ഷേമവകുപ്പിന്റെ പ്രശംസയ്ക്ക് അർഹയാക്കി.
ജോലിയില്ലാതെ വരുന്ന ഇടവേളകളിൽ കാലിനു ബലം വയ്ക്കാൻ അച്ഛൻ വാങ്ങിത്തന്ന തയ്യൽ മെഷീനും വീടിനോടു ചേർന്നുള്ള ട്യൂഷൻ സെന്ററും വരുമാന മാർഗമായി. ഡ്രൈവിങ് പഠിപ്പിച്ചത് ഭർത്താവും മകളുമാണ്. സപ്പോർട്ടിങ് വീലുകളുള്ള സ്കൂട്ടർ ആത്മവിശ്വാസം സമ്മാനിച്ചു.
‘ഇത്രയൊക്കെ പഠിച്ചിട്ടും ജോലി ആയില്ലേ’ എന്ന കുശലാന്വേഷണങ്ങൾ എന്നെ ശ്വാസം മുട്ടിച്ചു. ഒടുവിൽ ഞാനു ള്പ്പെടെ ഭിന്നശേഷിക്കാരായവർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം ഫലം കണ്ടു.
45ാം വയസ്സിൽ തൃശൂരിലെ ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി സ്കൂൾ അധ്യാപികയായി നിയമനം കിട്ടി. മകൾ ക്ലാസിൽ പഠിപ്പിക്കുന്നതു കാണാൻ, പ്രായത്തിന്റേതായ അവശത മറന്ന്, യൂറിൻ ബാഗിട്ട് എന്റെ അമ്മ വന്നു. അമ്മയുടെ ജയമായിരുന്നു ആ ദിവസം.
2011ൽ മികച്ച ഭിന്നശേഷി ജീവനക്കാരിക്കുള്ള സാമൂഹികക്ഷേമ വകുപ്പിന്റെ അവാർഡും 2014ൽ കാലിക്കറ്റ് സർവകലാശലയുടെ ഗോൾഡൻ മദർ പുരസ്കാരവും എനിക്കു ലഭിച്ചു. 2013ൽ ജോലിയിൽ നിന്ന് വിരമിക്കുമ്പോഴും കുട്ടികളെ പഠിപ്പിച്ച് കൊതി തീർന്നിരുന്നില്ല.’’
ഉയിർത്തെഴുന്നേല്പ്
‘‘മകൾ രചന ഹോമിയോ ഡോക്ടറാണ്. ഭർത്താവ് ഹരീഷിനും മകൾ അദിതിക്കുമൊപ്പം മലപ്പുറത്താണു താമസം. രാജേട്ടന്റെ വിയോഗം എന്നെ വല്ലാതെ തളർത്തി. മനസ്സിനേറ്റ നൊമ്പരം ശരീരത്തെ വേഗത്തിൽ ബാധിച്ചു. ട്രൈപ്പോഡ് വാക്കറിൽ നടന്നിരുന്ന ഞാൻ വീൽച്ചെയറിനെ ആശ്രയിച്ചു തുടങ്ങി. ഒരുയിർത്തെഴുന്നേല്പിനെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് രചന ക്രിയേഷൻസ് എന്ന സ്ഥാപനവും ഭക്ഷ്യവസ്തുക്കളും ഓർഗാനിക് സോപ്പും തയാറാക്കുന്ന പിക്നിക് എന്ന ബ്രാൻഡും പിറന്നു.
അമല കാൻസർ സെന്ററിലെ ഫാ. ജെയ്സൺന്റെ നിർദേശപ്രകാരമാണ് സ്തനാർബുദത്തെത്തുടർന്നു മാറിടം നീക്കം ചെയ്തവർക്കായുള്ള നോക്കേഴ്സ് നിർമിച്ചത്. പറ്റുമോ എന്ന സംശയത്തിനിട നൽകാതെ ഞാൻ അച്ചനു വാക്കു നൽകി. ഇന്റർനെറ്റിൽ നോക്കിയും ട്രയൽ ആൻഡ് എററിലൂടെയും നോക്കേഴ്സ് ഉണ്ടാക്കാൻ പഠിച്ചു.
കോട്ടൺ നൂലിഴകൾകൊണ്ടു നെയ്യുന്ന നോക്കേഴ്സിനുള്ളിൽ പഞ്ഞിയും ഭാരത്തിനായി പെബിൾ സ്റ്റോണുകളും നിറയ്ക്കും. കഴുകി ഉണക്കി ഉപയോഗിക്കാമെന്നതാണ് നോക്കേഴ്സിന്റെ പ്രത്യേകത. സിലിക്കൻ ബ്രസ്റ്റുകളെ അപേക്ഷിച്ച് വിലയും കുറവാണ്.’’ സംസാരം തുടരവേ രത്നം ടീച്ചർ പറഞ്ഞു, ‘‘ആഗ്രഹിച്ചതു പോലെ കുറേ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. പക്ഷേ, പുതിയവ പഠിക്കാനും പഠിപ്പിക്കാനുമുള്ള മോഹം ഇപ്പോഴും മനസ്സിലുണ്ട്.’’ രത്നം ടീച്ചറുടെ ചിരിയിൽ പ്രത്യാശയുടെ നാളം തെളിഞ്ഞു.