കുറച്ചു വർഷങ്ങൾക്കു മുൻപ്. കൃത്യമായി പറഞ്ഞാൽ 2008 ലെ ഒളിംപിക്സ് മത്സരങ്ങൾ നടക്കുന്ന സമയം. വിദർശ എന്ന നാലാം ക്ലാസ്സുകാരി എല്ലാ ദിവസവും ടിവി വാർത്ത മുടങ്ങാതെ കാണും. ഇ ന്ത്യയുടെ മെഡൽ നേട്ടങ്ങളിൽ അവളുടെ മനസ്സുടക്കിയത് ഒരു സ്വർണത്തിലാണ്. 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ അഭിനവ് ബിന്ദ്ര നേടിയ ഗോൾഡ് മെഡൽ.
കഥയുടെ ബാക്കി നടക്കുന്നത് 2026ൽ അങ്ങു ജപ്പാനിൽ. ഐച്ചി നഗോയയിലെ ഏഷ്യൻ ഗെയിംസ് വേദി. ലക്ഷ്യത്തിലേക്ക് ഉന്നം വച്ചു വിദർശ റൈഫിളിന്റെ കാഞ്ചി വലിച്ചു. 10 മീറ്റർ എയർ റൈഫിളിലും 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിലും വെള്ളിമെഡൽ നേട്ടം സ്വന്തമാക്കിയ വിദർശ ഒരു വിലാസം കൂടി പേരിനൊപ്പം എഴുതിച്ചേർത്തു, ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യത്തെ മലയാളി വനിതാതാരം.
തിരുവനന്തപുരം ആര്യനാട്ടെ വീട്ടിൽ സന്ദർശകരുടെ തിരക്കിനിടെയാണു വിദർശ സംസാരിച്ചത്. ‘‘ഡിഗ്രി ആദ്യവർഷ വെക്കേഷനാണ് ആദ്യമായി ഷൂട്ടിങ് ക്യാംപിലേക്കു സെലക്ഷനായത്. ഷൂട്ടിങ്ങിനോടുള്ള ഇഷ്ടം മനസ്സിലാക്കി ഏഴു ലക്ഷം രൂപ വായ്പയെടുത്ത് അച്ഛൻ റൈഫിൾ വാങ്ങി തന്നു. അന്നു സുഹൃത്തായിരുന്ന, പിന്നീടു ഭർത്താവും കോച്ചുമായ മനുവാണു മറ്റൊരിനം പരിശീലിക്കാനുള്ള റൈഫിൾ തന്നത്.
നാഷനൽ കോച്ച് മനോജ് കുമാർ സാർ മകൾക്കു വേണ്ടി വാങ്ങിയ റൈഫിൾ കൊണ്ടാണ് ഏഷ്യൻ ഗെയിംസിൽ മത്സരിച്ചത്. ഒരുപാടുപേർ പൂർണമനസ്സോടെ കൂടെയുള്ളപ്പോൾ ഈ വിജയത്തിനു മധുരം കൂടും.’’ രണ്ടു വർഷം മുൻപ് ഷൂട്ടിങ് ഉപേക്ഷിക്കാൻ തീരു മാനിച്ച വിദർശ ഇരട്ട വെള്ളിനേട്ടം സ്വന്തമാക്കിയതിനു പിന്നിലെ കഥ ഇങ്ങനെ.
ഡാൻസിൽ നിന്നു ഷൂട്ടിങ്ങിലേക്ക്
കോഴിക്കോടു തിരുവമ്പാടിയാണു വിദർശയുടെ സ്വന്തം നാട്. അച്ഛൻ വിനോദിന് വീടുപണി ഏറ്റെടുത്തു നടത്തുന്ന ജോലിയാണ്. വീട്ടമ്മയായ അനിതയ്ക്കും വിനോദിനും മക്കളെ നന്നായി പഠിപ്പിക്കണമെന്നു മാത്രമായിരുന്നു സ്വപ്നം. വിദർശയും അനിയൻ വിഷ്ണുവും പഠിക്കാൻ മിടുക്കരായിരുന്നു.
തിരുവമ്പാടി യുപി സ്കൂളിൽ പഠിക്കുന്ന കാലം മുതലേ വിദർശ ഡാൻസ് മത്സരങ്ങളിൽ സജീവമായി. ഗ്രൂപ് ഡാൻസിൽ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. പ്ലസ്ടുവിനു ശേഷം ഗുരുവായൂരപ്പൻ കോളജിലേക്ക് ഡിഗ്രി ചെയ്യാനായി പോയതാണു വഴിത്തിരിവായതെന്നു വിദർശ പറയുന്നു. ‘‘ബിഎ സോഷ്യോളജി വിത് മലയാളം ആയിരുന്നു വിഷയം. കോളജിലെ എൻസിസി ടീമിൽ ഞാനും അംഗമായി.
ആദ്യവർഷത്തെ വെക്കേഷൻ സമയത്താണ് എൻസിസിയുടെ ഗ്രൂപ്പിൽ ഒരു മെസേജ് കണ്ടത്, ഷൂട്ടിങ്ങിൽ താല്പര്യമുള്ളവർക്കായി തൊണ്ടയാട് റൈഫിൾ ക്ലബിൽ വച്ചു സെലക്ഷൻ ട്രയൽസ് നടക്കുന്നു.
ഒളിംപിക്സ് ടിവിയിൽ കണ്ട കാലം മുതൽ ഷൂട്ടിങ് സ്വപ്നത്തിലുണ്ടായിരുന്നു. അങ്ങനെ തോക്കു പോലും നേരിൽ കണ്ടിട്ടില്ലാത്ത ഞാൻ സെലക്ഷൻ ട്രയൽസിലെ ബെസ്റ്റ് ഷൂട്ടറായി. പിന്നെ, എൻസിസി ബറ്റാലിയൻ ക്യാംപിലെത്തി. അവിടെ നിന്ന് ഗ്രൂപ്പിലേക്കും കേരള– ലക്ഷദ്വീപ് ഡയറക്ടറേറ്റ് ടീമിലേക്കും. 2018ലെ ദേശീയ മത്സരങ്ങളിൽ 24ാം സ്ഥാനത്താണ് ഇനം പൂർത്തിയാക്കിയത്. ദേശീയ എൻസിസി റാങ്കിങ്ങിൽ മൂന്നാമതുമെത്തി. അതോടെ ഷൂട്ടിങ്ങിനോടു ഭ്രമമായെങ്കിലും പിന്നാലെ വന്ന മത്സരങ്ങളിൽ നന്നായി പെർഫോം ചെയ്യാനായില്ല.
കൈപിടിച്ച കൂട്ട്
നാഷനൽ മത്സരം നടന്നതു തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഷൂട്ടിങ് റേഞ്ചിലാണ്. അവിടെവച്ച് എൻസിസിയിൽ നിന്നുതന്നെ വന്ന മനു എസ്. രവി എന്ന ചേട്ടനെ പരിചയപ്പെട്ടു. കോഴിക്കോട്ടെ റൈഫിൾ ക്ലബിൽ മെംബർഷിപ് എടുത്തു പരിശീലിക്കാൻ വന്നപ്പോഴാണു പഠനമൊക്കെ കഴിഞ്ഞ് ഷൂട്ടിങ് പ്രഫഷനാക്കാൻ തീരുമാനിച്ച മനു ചേട്ടൻ സ്വന്തമായി റൈഫിൾ ഒക്കെ വാങ്ങിയെന്നു കേട്ടത്.
ആ വർഷം സ്റ്റേറ്റ് മത്സരങ്ങൾക്കായി ഞങ്ങളുടെ ടീം ഒ ന്നിച്ചാണു പോയത്. മൂന്നിനങ്ങളിൽ ഞാൻ ഒന്നാം സ്ഥാനത്തെത്തി. അന്നു മടക്കയാത്രയ്ക്കു മുൻപ് മനു ചേട്ടൻ ഒരു ഉപദേശം നൽകി, ‘കേരളത്തിൽ ഒന്നാം സ്ഥാനത്തു വന്നതു കൊണ്ടുമാത്രം കാര്യമില്ല. ഈ രംഗത്തു പൂർണസമർപ്പണത്തോടെ തുടരാനാണ് ആഗ്രഹമെങ്കിൽ സ്വന്തമായി റൈഫിൾ വാങ്ങണം. ഇന്ത്യയിൽ നമ്പർ വൺ ആകാനാണു സ്വപ്നം സെറ്റ് ചെയ്യേണ്ടത്.’ അച്ഛനോട് ആ ആഗ്രഹം പറഞ്ഞപ്പോൾ പൂർണപിന്തുണ നൽകിയത് അനിയനാണ്.
സാമ്പത്തികമായി അത്ര മെച്ചമല്ല വീട്ടിലെ അവസ്ഥ. എന്നിട്ടും എന്റെ സ്വപ്നത്തിനു വേണ്ടി ഏഴു ലക്ഷം രൂപ ലോണെടുത്ത് അച്ഛൻ റൈഫിൾ വാങ്ങി തന്നു.
പരിശീലനം കാര്യമായെടുത്ത് തിരുവനന്തപുരത്തേക്കു മാറി. അവിടെ വച്ചാണ് മനു ചേട്ടൻ പ്രണയം പറഞ്ഞത്. ചേട്ടന്റെ എയർ റൈഫിൾ പരിശീലിക്കാനായി തരുകയും ചെയ്തു. വീട്ടിലും എല്ലാവർക്കും ആ ഇഷ്ടം സമ്മതമായിരുന്നു.
ഇന്റർനാഷനൽ മത്സരങ്ങൾക്കായി ശ്രദ്ധ കൂടുതൽ നൽകണമെന്നു പറഞ്ഞത് ചേട്ടനാണ്. ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ കോച്ചായ മനോജ് കുമാർ സാറിനെ വിളിച്ച് അവസരമുണ്ടോ എന്നന്വേഷിച്ചതും അദ്ദേഹത്തിന്റെയടുത്ത് കൊണ്ടുപോയതും ചേട്ടൻ തന്നെ. അങ്ങനെ 2022മുതൽ ഡൽഹിയിൽ അദ്ദേഹത്തിനു കീഴിൽ പരിശീലനം തുടങ്ങി.
ഷൂട്ടിങ് വേണ്ടെന്ന തീരുമാനം
രണ്ടുപേരും കൂടി പരിശീലിക്കുമ്പോൾ കുറച്ചധികം സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നു മനസ്സിലായപ്പോൾ മനുവേട്ടൻ ആ തീരുമാനമെടുത്തു, ‘തത്കാലം ഞാൻ ജോലി ചെയ്യാം’. അങ്ങനെ നാട്ടിലേക്കു പോയ മനുവേട്ടന് കേരള സ്റ്റേറ്റ് ഷൂട്ടിങ് ടീമിന്റെ കോച്ചായി നിയമനം കിട്ടി.
ആ വർഷം എനിക്ക് ആദ്യത്തെ ദേശീയ മെഡൽ നേടാനായത് എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. 50 മീറ്റർ എയർ റൈഫിളിൽ ടീമിനത്തിൽ സ്വർണവും വ്യക്തിഗത വെള്ളിയും. പക്ഷേ, ഇന്റർനാഷനൽ മത്സരങ്ങളിലേക്കു സെലക്ഷനായില്ല. അതിന്റെ നിരാശയ്ക്കൊപ്പം ഒറ്റയ്ക്കുള്ള താമസവും പരിശീലനത്തിന്റെ ടെൻഷനും സ്പോൺസർഷിപ്പ് ഇല്ലാത്തതു കൊണ്ടുള്ള സാമ്പത്തിക പ്രയാസങ്ങളും നന്നായി വലച്ചു. അതു പെർഫോമൻസിനെ സാരമായി ബാധിക്കുകയും ചെയ്തു.
2024ന്റെ തുടക്കം. ആയിടയ്ക്കു നാട്ടിൽ വന്നപ്പോൾ അ ച്ഛനോടു നിരാശയോടെ ആ തീരുമാനം പറഞ്ഞു, ‘ഇനിയും നന്നായി പെർഫോം ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഷൂട്ടിങ് അവസാനിപ്പിക്കും’. ഡിഗ്രിക്കു ശേഷം ഡിസ്റ്റന്റായി എംബിഎ പഠനം മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഷൂട്ടിങ്ങിനുവേണ്ടി വർഷങ്ങൾ പാഴാക്കി എന്ന ചിന്ത അവർക്കുണ്ടാകുമോ എന്നും വിഷമത്തോടെ ഓർത്തു.
പിന്നാലെ ഭോപ്പാലിൽ നടന്ന നാഷനൽസ് മത്സരത്തി ൽ നന്നായി പെർഫോം ചെയ്യാൻ പറ്റിയില്ല. ആ ദേഷ്യവും സങ്കടവും വാശിയായി മാറി. നാഷനൽ ഗെയിംസിനുവേണ്ടി കഠിനപരിശീലനം തന്നെ നടത്തി. ദിവസം രണ്ടു നേരം ഷൂട്ടിങ് പ്രാക്ടീസ്. പിന്നെ ജിമ്മും ഫിസിയോയും. അതു ഫലം കണ്ടു. രണ്ടു മത്സരങ്ങളിൽ ഫൈനലിലെത്തിയതോടെ ആത്മവിശ്വാസം കൂടി. അപ്പോഴേക്കും പടിപടിയായി റാങ്കിങ് ഉയർന്ന് ആദ്യ മൂന്നിലെത്തിയിരുന്നു.
നാഷനൽസ് ക്യാംപിലേക്കും ദേശീയ ഷൂട്ടിങ് ടീമിലേക്കും സെലക്ഷൻ കിട്ടിയതോടെ സായ്യുടെ നാഷനൽ സെന്റർ ഓഫ് എക്സലൻസ് സ്കീം വഴി സാമ്പത്തിക പിന്തുണയും താമസസൗകര്യവും കിട്ടി.
ഏഷ്യൻ ഗെയിംസ് വെള്ളി
2025 മേയിലായിരുന്നു മനുവേട്ടനുമായുള്ള വിവാഹം. ആ വർഷം നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ ടീം ഇനത്തിൽ സിൽവർ നേടിയതോടെ ആത്മവിശ്വാസം കൂടി. പിന്നാലെ ഏഷ്യൻ ഗെയിംസിനായുള്ള പരിശീലനം തുടങ്ങി. രണ്ട് ഇനങ്ങളിൽ മത്സരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ നന്നായി പരിശീലിച്ചു.
ജപ്പാനിലേക്കു പുറപ്പെടുന്നതിന്റെ തലേന്ന് മറ്റൊരു സംഭവമുണ്ടായി. ഭോപ്പാലിലെ ക്യാംപിൽ നിന്ന് ഡൽഹിയിലേക്കു മടങ്ങുന്നതിനിടെ വിമാനത്തിന്റെ എൻജിൻ പകുതി വഴിക്കുവച്ച് നിശ്ചലമായി. ജയ്പൂരിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷം അവിടെനിന്നു പ്രത്യേക ബസിലാണു ടീം ഡൽഹിയിലേക്കു തിരിച്ചത്.
2026 സെപ്റ്റംബർ 14നാണ് ജപ്പാനിലേക്കു പുറപ്പെട്ടത്. ഉത്ഘാടനചടങ്ങുകൾ നടന്നതിന്റെ പിറ്റേ ദിവസം തന്നെയായിരുന്നു ഞങ്ങളുടെ മത്സരം. ഇന്ത്യയ്ക്കു വേണ്ടി ആദ്യ മെഡൽ നേടിയ സന്തോഷം അച്ഛനെ വിളിച്ചറിയിച്ചത് ഞാനും മനുവേട്ടനും കൂടിയാണ്.
അടുത്ത മത്സരത്തിലും വെള്ളി കിട്ടിയതോടെ സന്തോഷം ഇരട്ടിയായി. മനോജ് സാറിന്റെ കരുതലും ഗെയിംസിൽ തുണയായി. എന്റെ റൈഫിൾ കേടായപ്പോൾ സാർ മോൾക്കു വേണ്ടി വാങ്ങിയ റൈഫിൾ തന്നു. അതു വച്ചാണു മത്സരിച്ചതും ഇരട്ട വെള്ളി നേടിയതും.
നാട്ടിൽ സ്വീകരണങ്ങളുടെ തിരക്ക് അവസാനിച്ചിട്ടില്ല. എങ്കിലും ഈയാഴ്ച ഡൽഹിയിലേക്കു മടങ്ങണം. 2028ലെ ഒളിംപിക്സാണ് ലക്ഷ്യം. അടുത്ത മാസം ദോഹയിൽ നടക്കുന്ന മത്സരങ്ങൾക്കായി പരിശീലനം തുടരണം. അച്ഛനും അമ്മയും അനിയൻ വിഷ്ണുവും ഭർത്താവ് മനുവും അദ്ദേഹത്തിന്റെ അച്ഛനമ്മമാരും അമ്മൂമ്മയും അനിയനും കുടുംബവുമൊക്കെ പിന്തുണയോടെ കൂടെയുണ്ട്...’’ വിദർശയുടെ സ്വപ്നങ്ങൾക്കു വെള്ളിത്തിളക്കം.