ADVERTISEMENT

പ്രണയത്തിനു വേണ്ടി വെന്തുരുകിയ മൂന്നു കഥാപാത്രങ്ങൾ. ഈ പുഴയും കടന്ന് എന്ന സിനിമയിലെ അഞ്ജലി, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ മീനാക്ഷി, ആമിയിലെ കമലാദാസ്.  

മഞ്ജു വാരിയർ ഈ മൂന്നു കഥാപാത്രങ്ങളിലൂടെയും ഒരു പുഴപോലെ ഒഴുകി പോവുകയായിരുന്നു. കഥാപാത്രങ്ങളുടെ ആഴത്തിന് അനുസരിച്ച് ഒട്ടും കൂടാതെ ഒരിടത്തും കുറയാതെ അത്രയ്ക്കും ലളിതമായ യാത്ര.

ADVERTISEMENT

‘ഈ പുഴയും കടന്നതോടെ’ മലയാളി മഞ്ജുവിനെ മനസ്സിൽ ചേർത്തു വച്ചു.  ആ സ്നേഹം പിന്നെ കുറഞ്ഞിട്ടേയില്ല. ഇടവേളയ്ക്കു ശേഷം തിരികെയെത്തിയപ്പോഴും ആ സ്നേഹത്തിനു മൺതരി അകലം പോലുമില്ലായിരുന്നു.  

 മുടിയും പിന്നിയിട്ട് കുഞ്ഞുപൊട്ടും തൊട്ട് ‘ടു ഫോൾഡ്’ കുടയും പിടിച്ച് വേഗത്തിലോടിപ്പോവുന്ന അഞ്ജലിയുടെ കുസൃതിയിൽ നിന്ന് ആമിയിലെ കമലാദാസിന്റെ മുഖത്തെ വട്ടപ്പൊട്ടിലേക്കും വലിയ കണ്ണടയിേലക്കും എത്തുമ്പോൾ കാലത്തിനൊപ്പം  മഞ്ജുവും മാറിയിരുന്നെന്നു കമൽ ഒാർക്കുന്നു.

ADVERTISEMENT

മഞ്ജുവാരിയർ എന്റെ മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ കരിയറിലെ  ഏറ്റവും പ്രധാനപ്പെട്ട മൂന്നൂ സിനിമകളാണ് അവ– ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, ആമി. ഈ മൂന്നു സിനിമകളിലും മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങൾ വ്യത്യസ്തമാണെങ്കിലും മൂന്നുപേരിലും  പ്രണയത്തിന്റെ കനൽ ഒരുപോലെയായിരുന്നെന്നു  തോന്നിയിട്ടുണ്ട്.

ഈ പുഴയും കടന്ന്

ADVERTISEMENT

ഈ പുഴയും കടന്ന് എന്ന സിനിമയുടെ കഥ മഞ്ജുവിനും മുന്നേ ഞാൻ പറഞ്ഞതു ലോഹിതദാസിനോടാണ്. സല്ലാപം  ലോഹി എഴുതിക്കഴിഞ്ഞ സമയം. അതിലും ദിലീപും മഞ്ജുവുമാണ്. തൊട്ടുപിന്നാലെ വരുന്ന എന്റെ സിനിമയിലും നായകനും നായികയും അവർ തന്നെ.    

രണ്ടു സിനിമകൾക്കും തമ്മിൽ സാമ്യം ഉണ്ടോ എന്നൊരു സംശയം. കഥ കേട്ട് ലോഹി പറഞ്ഞു– ഒരു സാമ്യവുമില്ല. നിങ്ങളുടെ സിനിമ ഷുവർ ഹിറ്റാണ്.  

തൂവൽക്കൊട്ടാരം ഷൂട്ടിങ് നടക്കുന്ന സമയത്ത് ഷൊർണ്ണൂർ ഗസ്റ്റ്ഹൗസിൽ വച്ചാണ് മഞ്ജുവിനോടു കഥ പറയുന്നത്. അച്ഛൻ മാധവ വാരിയർ മഞ്ജുവിനൊപ്പമുണ്ടായിരുന്നു. കഥയെക്കുറിച്ചു മഞ്ജുവിന് ഒരു സംശയവുമുണ്ടായിരുന്നില്ല. ആ സിനിമ കഴിഞ്ഞു രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ മഞ്ജു എന്റെ ലൊക്കേഷനിലേക്ക് എത്തി.

മഞ്ജു വളരെ വൈബ്രന്റ് ആണല്ലോ. അനായാസമായി അഭിനയിക്കും. അഞ്ജലി എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ആ രീതിയിലാണ് രൂപം കൊടുത്തിരുന്നത്. ശത്രുഘ്നനായിരുന്നു തിരക്കഥാകൃത്ത്. മഞ്ജുവിന്റെ കുസൃതി കണ്ട് ചില സീനുകളിൽ കൂട്ടിച്ചേർക്കലുകൾ നടത്താൻ തീരുമാനിച്ചു.

 ‘ചില്ലറ പൈസയിൽ’ കോമഡിയുണ്ടാക്കിയതും  ദൂരദർശിനിയിലൂടെ നോക്കുന്ന സീനുകളും മുഖം കോട്ടി െഎ ലവ് യു പറയുന്നതുമെല്ലാം ഇങ്ങനെ ഇംപ്രൂവ് ചെയ്തതാണ്. സാധാരണ  െഎ ലവ് യു  പോരെന്ന്  പറഞ്ഞപ്പോൾ മഞ്ജു തന്നെയാണു മുഖം കോട്ടി ഒരു പ്രത്യേക രീതിയിൽ കാണിച്ച് ഇങ്ങനെ പറഞ്ഞാൽ മതിയോ എന്നു ചോദിച്ചത്. കണ്ടു നിന്ന എല്ലാവരും ചിരിച്ചു.

വളരെ സ്വാഭാവികമായി അഭിനയിച്ചെങ്കിലും ഡബ്ബിങിന്റെ കാര്യത്തിൽ അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അഭിനയിച്ചപ്പോഴുള്ള കുസൃതിയെല്ലാം മഞ്ജു തന്നെ ഡബ് ചെയ്താേല പെർഫക്ട് ആവൂ. ഒ‍ടുവിൽ സമ്മതിച്ചെങ്കിലും കരയുന്ന സീൻ എത്തിയപ്പോൾ ആകെ പ്രശ്നം. എത്ര ഡബ് ചെയ്തിട്ടും ശരിയാവുന്നില്ല. കരച്ചിൽ വരുന്നില്ല, കാറ്റു മാത്രമേയുള്ളൂ.  ഡബിങ് ആർടിസ്റ്റായ ശ്രീജയെ വരുത്തി. എങ്ങനെയാണ് ഡബിങിൽ കരയേണ്ടതെന്നു ശ്രീജ കാണിച്ചു കൊടുത്തു. ഒറ്റ പ്രാവശ്യമേ കണ്ടുള്ളൂ. അതു പിടിച്ചെടുത്തു. ശ്രീജ തന്നെ അദ്ഭുതപ്പെട്ടുപോയി.  അതാണ് മഞ്ജുവിന്റെ പ്രത്യേകത. 

ആ സിനിമ വലിയ ഹിറ്റായി. മഞ്ജുവിനു സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മഞ്ജു ഒരഭിമുഖത്തിൽ പറയുന്നതു കേട്ടു, ‘‘ ഒരുപാടു സിനിമകളിൽ അഭിനയിച്ചെങ്കിലും എനിക്ക് സ്റ്റേറ്റ് അവാർഡ് കിട്ടിയത് ഈ പുഴയും കടന്ന് എന്ന ചിത്രത്തിലാണ്. അതാണ് എന്നും ആ സിനിമ എനിക്ക് പ്രിയപ്പെട്ടതാവുന്നത്.’’

പ്രണയകാലത്തെ കൃഷ്ണഗുഡി

തൊട്ടടുത്ത സിനിമയായിരുന്നു കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്. ഹിറ്റ് സിനിമകളിലെ നായിക, മികച്ച നടിക്കുള്ള പുരസ്കാരം...അതോടെ  ഹിറ്റുകളുടെ രാജകുമാരി എന്ന വിശേഷണം മഞ്ജുവാരിയർക്കു ലഭിച്ചു. സ്വാഭാവികമായും അടുത്ത സിനിമയിലും മഞ്ജു തന്നെ നായികയായി. കൃഷ്ണഗുഡിയിലെ മീനാക്ഷിക്ക് മഞ്ജുവിന്റെ മുഖമാണു ചേരുകയെന്നു തോന്നി.   

സിനിമയുടെ തുടക്കത്തിൽ മഞ്ജുവിന്റെ കഥാപാത്രത്തെ ഗൗരവത്തോടെയാണ് അവതരിപ്പിച്ചത്. പിന്നീട്  മീനാക്ഷി കൃഷ്ണഗുഡിയിലേക്ക് എത്തുന്നതു മുതൽ മറ്റൊരാളായി മാറുന്നു. ക്ലൈമാക്സിലേക്ക് എത്തുമ്പോൾ വീണ്ടും പ്രണയത്തിന്റെയും വിടപറച്ചിലിന്റെയും ഉപേക്ഷിക്കപ്പെടാൻ നിവൃത്തിയില്ലാതെ വരുന്നതിന്റെയുമൊക്കെ വല്ലാത്ത വിങ്ങലിലേക്ക് എത്തും.

ജീവിതത്തിലെ ഈയൊരു കയറ്റവും ഇറക്കവും അതിസുന്ദരമായാണു മഞ്ജു  അവതരിപ്പിച്ചത്. മാസങ്ങളുടെ വ്യത്യാസമേ രണ്ടു സിനിമയ്ക്കും ഇടയിലൂള്ളൂ. പക്ഷേ, കൃഷ്ണഗുഡിയിലേക്ക് എത്തിയപ്പോഴേക്കും മഞ്ജു കുറച്ചു കൂടി പക്വതയിലേക്കു നടന്നെന്നു തോന്നി. 

ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്– ഈ രണ്ടു സിനിമയിലെയും നായികമാർക്ക് തമ്മിൽ സാമ്യങ്ങളുണ്ട്. രണ്ടു നായികമാരും കുടുംബത്തിനു വേണ്ടി പ്രണയം ബലി കൊടുത്തവരാണ്. അതിന്റെ എല്ലാ തീവ്രതയ്ക്കും ഒടുവിൽ പ്രണയത്തിൽ അവർ വിജയിക്കുന്നുമുണ്ട്.  രണ്ടു സിനിമയും വലിയ വിജയമായിരുന്നു. മഞ്ജുവാരിയർ മലയാള സിനിമയിലെ തിരക്കുള്ള താരമായി മാറി.  

ആമിയിലേക്ക്

മഞ്ജു നായികയായ എന്റെ മറ്റു രണ്ടു സിനിമകളെയും പോലെ ആയിരുന്നില്ല ആമി. ആ സിനിമകളിൽ  മഞ്ജുവിനെ മനസ്സിൽ കണ്ട് കഥാപാത്രങ്ങൾക്ക് രൂപം നൽകിയിരുന്നു.  എന്നാൽ ആമി യാദൃച്ഛികമായി മഞ്ജുവിലേക്ക്  എത്തിച്ചേരുകയായിരുന്നു.   

 മഞ്ജുവിന്റെ മടങ്ങിവരവിനു ശേഷമുള്ള  സിനിമയാണ് ആമി. ആ സമയത്ത് വ്യക്തി ജീവിതത്തിലെ ഒരുപാടു സംഘർഷങ്ങളിലൂടെ മഞ്ജു കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. ആമി  എനിക്കും സംഘർഷങ്ങളുടെ വേലിയേറ്റങ്ങൾ തന്ന സിനിമയാണ്.

ആദ്യം വിദ്യാബാലനെ ആയിരുന്നു കമലാദാസിന്റെ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചിരുന്നത്. തിരക്കഥ  വായിക്കുകയും അഭിനയിക്കാം എന്നു സമ്മതിക്കുകയും ചെയ്തു. കൊച്ചിയിലും ഒറ്റപ്പാലത്തുമായി വിപുലമായ ഒരുക്കങ്ങൾ നടന്നു. വലിയ തോതിൽ പൈസ ചെലവായിക്കഴിഞ്ഞു. മുംബൈയിൽ തന്നെയുള്ള ശ്രീധന്യ പത്തു ദിവസത്തോളം വിദ്യാ ബാലന് മലയാളം ഡയലോഗുകളിലും മാധവിക്കുട്ടിയുടെ സംസാര രീതിയിലും ഒക്കെ  പരിശീലനം നൽകി. എന്നാൽ ഷൂട്ട് ആരംഭിക്കുന്നതിന് ആറു ദിവസം മുൻപ് വിദ്യ സിനിമയിൽ നിന്നു പിന്മാറി.  

ഞങ്ങളെല്ലാം ഞെട്ടിപ്പോയി. ഞാൻ മുംബൈയിലേക്ക് പോയി വിദ്യാബാലനെ കണ്ടു. തിരക്കഥയിൽ പ്രശ്നങ്ങളുണ്ട് എന്നു മാത്രമാണ് വിദ്യ പറയുന്നത്. പ്രശ്നങ്ങളുള്ള ഭാഗങ്ങളിൽ മാറ്റം വരുത്താമെന്ന് ഞാൻ പറഞ്ഞു. പക്ഷേ, ഏതൊക്കെ  സീനുകളിലാണ് കുഴപ്പമെന്ന് വിദ്യയ്ക്ക് പറയാനായില്ല. ഒടുവിൽ അവർ പറഞ്ഞു,‘ സർ എനിക്ക് ഈ സിനിമയിൽ അഭിനിയിക്കാൻ പറ്റില്ല.’ അതിനു പിന്നിലുള്ള കാരണം എനിക്ക് അപ്പോഴാണ് മനസിലായത്.  

വിദ്യാബാലനു പകരം ആര് എന്ന ആലോചനയിൽ പല പേരുകളും മുന്നിലേക്കു വന്നിരുന്നു. വലിയ തുക പ്രൊഡ്യൂസര്‍ ചെലവഴിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ സാറ്റ്‍ൈലറ്റ് വിൽപനയുൾപ്പടെയുള്ള ബിസിനസ് നടക്കാൻ പേരുള്ള ഒരു താരം വേണമായിരുന്നു.

നയൻതാരയുമായി  സംസാരിച്ചു. മേക്കപ് ടെസ്റ്റ് കഴിഞ്ഞു. പക്ഷേ  ആ കഥാപാത്രം ചെയ്യാനുള്ള ആത്മവിശ്വാസമില്ലെന്ന് നയൻതാര പറഞ്ഞു. എനിക്കും മാധവിക്കുട്ടിയായി നയൻതാരയെ കാണാൻ പറ്റിയിട്ടുണ്ടായിരുന്നില്ല.  

നായിക ആരാണെന്ന് തീരുമാനിക്കാന്‍ പറ്റാത്തതു കൊണ്ടു തന്നെ ഷൂട്ടിങ് അനിശ്ചിതമായി നീട്ടിവയ്ക്കേണ്ടി വന്നു. ഇതുപോലൊരു അവസ്ഥ ആദ്യമായിരുന്നു.

ഒടുവിൽ ചർച്ച മഞ്ജുവിലേക്കെത്തി. പ്രൊഡ്യൂസർ ആ പേരിൽ ഉറച്ചു. ഏതു കഥാപാത്രത്തിലേക്കും മഞ്ജുവിന് എളുപ്പത്തിൽ ചെന്നെത്താനാവും എന്നത് എനിക്ക് ആത്മവിശ്വാസം തന്നു.

ഞാൻ മഞ്ജുവിനെ വിളിച്ചു–‘വിദ്യാ ബാലൻ പിന്മാറിയല്ലേ എന്നായിരുന്നു’ ആദ്യ ചോദ്യം. മാധവിക്കുട്ടിയെ പോലെ വലിയൊരു കഥാപാത്രമാവാനുള്ള ആത്മവിശ്വാസം കുറവാണെങ്കിലും തിരക്കഥ വായിക്കാമെന്ന് സമ്മതിച്ചു. എന്നാൽ കഥാപാത്രത്തിന്റെ ലൈംഗികതയുമായി ബന്ധപ്പെട്ട  ചില സീനുകളിൽ ആശങ്ക പറഞ്ഞു. അതു സ്വാഭാവികമായിരുന്നു. മഞ്ജുവിന്റെ ഇമേജിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കാനാവില്ലായിരുന്നു.

ഞാൻ എഴുതിയ തിരക്കഥയിൽ ‘എന്റെ കഥ’ എന്ന പുസ്തകത്തിലെ ‘ആമി’ ആയിരുന്നില്ല ഉണ്ടായിരുന്നത്. വായനക്കാർ‌ക്ക് വായിച്ചു പരിചിതമായ ആമിെയക്കാൾ ‘എന്റെ കഥ’ എഴുതിയ മാധവിക്കുട്ടിയുടെ സമഗ്ര ജീവിതമാണ് ഞാൻ സിനിമയാക്കിയത്.    

ആ കഥാപാത്രത്തിനായി മഞ്ജു നടത്തിയ തയാറെടുപ്പുകൾ വലുതായിരുന്നു. മേക്കപ് പല തവണ മാറ്റി. രൂപഭാവങ്ങളിൽ പല പരീക്ഷണങ്ങള്‍ നടത്തി. നിരവധി ഫോട്ടോഷൂട്ടുകൾ നടത്തി. അത്ര ഡെഡിക്കേറ്റായാണ് ആ സിനിമ മഞ്ജു അഭിനയിച്ചത്.

സിനിമയോടുള്ള ആത്മാർഥതയും വ്യക്തിപരമായ വേദനകൾ മാറ്റിവച്ച് സിനിമ പൂർത്തിയാക്കുക എന്ന കടമയും മഞ്ജുവിൽ നിന്നു ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. ആമിയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. ആ ദിവസം ഇന്നും ഒാർമയുണ്ട്, അ ന്നത്തെ മഞ്ജുവിനെയും.

ആ ദിവസം

അറസ്റ്റ് ഉണ്ടാവും എന്ന വാർത്തകൾ രണ്ടു ദിവസമായി പ്രചരിക്കുന്നുണ്ടായിരുന്നു. ദിലീപ് എന്റെ അസിസ്റ്റന്റ് ആയിരുന്നു. ഭാവന എന്റെ സിനിമയിലൂടെയാണ് അഭിനയത്തിലേക്കു വന്നത്. അഭിനയത്തിന്റെ ആദ്യ ഘട്ടം മുതൽ മഞ്ജുവിനെ എനിക്കറിയാം, എന്റെ മുൻപിൽ വളർന്ന കുട്ടിയാണ്. ഇതെല്ലാം എന്നെ വല്ലാതെ ബാധിച്ചിരുന്നു. വേർപിരിഞ്ഞെങ്കിലും ആ അറസ്റ്റ് മഞ്ജുവിനെയും ബാധിക്കുമായിരുന്നെന്ന് എനിക്ക്  അറിയാമായിരുന്നു. 

കൊച്ചിയിലെ  വീട്ടിലായിരുന്നു അന്ന് ഷൂട്ട്. ഒരു സീനിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. ലൈറ്റ് അപ് ചെയ്തു. തൊട്ടടുത്ത മുറിയിൽ മഞ്ജു റെഡിയാണ്. പെട്ടെന്നാണ് അറസ്റ്റ് വാർത്ത ചാനലുകളിൽ വന്നത്. ഈ ഷോട്ട് കഴിഞ്ഞിട്ടേ ആ വാർത്ത മഞ്ജു അറിയാവൂ എന്ന് സെറ്റിലൂള്ളവരോടു ഞാൻ പറഞ്ഞു. അതു സംവിധായകൻ എന്ന നിലയിൽ എന്റെ സ്വാർഥതയാവാം.  

ആ ഷോട്ട് കഴിഞ്ഞപ്പോൾ മഞ്ജു ഇരുന്ന മുറിയിലേക്ക് ഞാനും ഒപ്പം ചെന്നു. ഒറ്റയ്ക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞതോടെ ഒപ്പമുള്ളവരെല്ലാം മുറിയിൽ നിന്നിറങ്ങി. മഞ്ജു എന്റെ മുഖത്തേക്കു നോക്കിയിട്ടു ചോദിച്ചു–‘‘അറസ്റ്റ് ചെയ്തു അല്ലേ?’’ അതെ എന്നു ‍ഞാൻ മറുപടി പറഞ്ഞു. മഞ്ജു ആ മുറിയിലെ കസേരയിൽ പോയിരുന്നു.  

‘കുറച്ചു നേരം മഞ്ജു ഒറ്റയ്ക്കിരിക്കൂ’ എന്നു പറഞ്ഞ് വാതിൽ ചാരി ഞാൻ പുറത്തിറങ്ങി. കുറച്ചു കഴിഞ്ഞു ഞാൻ തിരികെ ചെന്നു. പാക്കപ്പ് പറയാൻ പോവുകയാണെന്ന തീരുമാനം പറഞ്ഞു. ‘ഞാൻ കാരണം ഷൂട്ട് മുടക്കേണ്ട’ എന്നായിരുന്നു മറുപടി. പക്ഷേ ഞങ്ങൾ അന്ന് ഷൂട്ട് ചെയ്തില്ല.     

മാനസിക സംഘർഷങ്ങളിലൂടെയാണ് ആ ദിവസങ്ങൾ കടന്നു പോയത്. പുറത്തു മാധ്യമങ്ങൾ മഞ്ജുവിൽ നിന്ന് ഒരു വാക്കു കേൾക്കാൻ കാത്തുനിൽക്കുന്നു. എല്ലാ വാർത്തകളും എല്ലാവരും പറയുന്നതും ആ സംഭവങ്ങൾ മാത്രമായിരുന്നു.

ഇതിനൊക്കെയിടയിൽ മഞ്ജു അഭിനയിച്ച സിനിമയാണ് ആമി.  എന്നിട്ടും കഥാപാത്രത്തോട് നൂറു ശതമാനം ആത്മാർഥതയോടെ ആ സിനിമ  പൂർത്തിയാക്കി. വ്യക്തിപരമായ സംഘർഷങ്ങൾ സിനിമയെ ബാധിക്കാതിരിക്കാൻ മഞ്ജു ശ്രദ്ധിച്ചു.

എന്റെ ജീവിതത്തിലും ഇത്രയും പ്രതിസന്ധികളിലൂടെ മുന്നോട്ടു പോയ സിനിമ, ആമി പോലെ മറ്റൊന്നുണ്ടായിട്ടില്ല.  ∙

Manju Warrier's Iconic Roles Through Kamal's Lens:

Manju Warrier delivered unforgettable performances in three iconic films directed by Kamal, showcasing her exceptional acting range and emotional depth. E Puzhayum Kadannu marked her breakthrough and earned her the Kerala State Film Award for Best Actress. Krishnagudiyil Oru Pranayakalathu further cemented her status as a leading star with its intense romantic narrative. Aami presented unique casting challenges after the initial exits of Vidya Balan and Nayanthara before Manju stepped into the role. Despite facing immense personal turmoil during the production of Aami, she demonstrated remarkable professionalism and dedication. Kamal reflects on these cinematic milestones and the profound emotional moments experienced on set. Ultimately, her enduring bond with Malayalam cinema continues to inspire audiences and filmmakers alike.

ADVERTISEMENT