ADVERTISEMENT

ഒന്നും നാം കാണുന്നതുപോലെയല്ല, ഒന്നും നാം മനസ്സിലാക്കിയിരിക്കുന്നതുപോലെയുമല്ല.. ചുറ്റിനും കണ്ടുമുട്ടുന്ന ഓരോ ജീവിതങ്ങളും നമുക്കറിയാത്ത ചില രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരാണ്. മുകളില്‍ നിന്നും അകന്നു നിന്നും നാം കാണുന്നതിനപ്പുറം വിസ്മയം ജനിപ്പിക്കുന്നവരാണ്. കണ്ടുമുട്ടിയതും കേട്ടറിഞ്ഞതുമായ ചില യഥാര്‍ത്ഥജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍...‘വനിത ഓൺലൈനിൽ’ വിനായക് നിര്‍മ്മല്‍ എഴുതുന്ന പംക്തി ‘ഉള്ളം’.

*

ADVERTISEMENT

അധ്യായം – 5

*

ADVERTISEMENT

‘നിന്നെ അന്ന് ഉമ്മ വച്ചത് ആരാടാ ?’
‘ശ്ശോ അങ്ങനെയൊക്കെ എഴുതേണ്ട വല്ല കാര്യവുമുണ്ടോ...അതും ഈ പ്രായത്തില്‍...മക്കളൊക്കെ വലുതായില്ലേ....നിന്നെക്കുറിച്ച് ആള്‍ക്കാരെന്തു വിചാരിക്കും’
മുന്‍ആഴ്ചയില്‍ ഒരു സുഹൃത്ത് എന്നെ ചുംബിച്ചതിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിച്ചതിനു ശേഷം ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നടത്തിയ ചില പ്രതികരണങ്ങളാണ് മുകളിലെഴുതിയത്. അത്തരം പ്രതികരണങ്ങളിലൂടെ കടന്നുപോയപ്പോഴാണ് ഒരു ചുംബനം ഏതൊക്കെ വിധത്തിലുള്ള സാധ്യതകളാണ് ഓരോരുത്തര്‍ക്കും തുറന്നുതരുന്നതെന്ന ചിന്ത മനസ്സിലുണ്ടായത്. അതെ, പറയാനുള്ളത് ചുംബനങ്ങളെക്കുറിച്ചുതന്നെയാണ്.
ഒരാള്‍ ഒരു സംഭവത്തെക്കുറിച്ച് എഴുതുമ്പോള്‍, അതു വായിക്കുന്ന ആളുകള്‍ എത്തിച്ചേരുന്നത് മറ്റേതോ ലോകത്തായിരിക്കും അവര്‍ സ്വന്തമായി രചിക്കുന്നത് മറ്റൊരു ഭൂഖണ്ഡമായിരിക്കും. എഴുതിയ ആള്‍ ഒരിക്കല്‍ പോലും വിചാരിക്കാത്ത അജ്ഞാതലോകങ്ങളായിരിക്കും.. വായനകളൊക്കെ പലപല സാധ്യതകള്‍ നമുക്കു മുമ്പില്‍ തുറന്നുതരുന്നുണ്ട്; ഓരോരുത്തരുടെയും ആസ്വാദനനിലവാരവും വ്യാഖ്യാനപരതയും അനുസരിച്ച്. അതുകൊണ്ടാണ് ‘ഒരു പുഴയില്‍ രണ്ടുപേര്‍ ഒരുപോലെ ഇറങ്ങാറില്ല’ എന്നു പറയുന്നതുപോലെ തന്നെ ഒരു പുസ്തകമോ കുറിപ്പോ രണ്ടുപേര്‍ ഒരുപോലെ വായിക്കുന്നില്ല എന്നു പറയേണ്ടിവരുന്നത്.
എനിക്ക് മനസ്സിലാവുന്നതേയില്ല, ഒരാള്‍ മറ്റൊരാളെ ചുംബിക്കുന്നത് തെറ്റാണോ ? രണ്ടുപെണ്‍കുട്ടികള്‍ കൈകള്‍ കോര്‍ത്തുപിടിച്ചു റോഡരികിലൂടെ നടന്നുപോകുന്നത് കാണുമ്പോഴോ രണ്ടു ആണുങ്ങള്‍ ഒരു കട്ടിലില്‍ ഒരുമിച്ചു കിടന്നുറങ്ങുമ്പോഴോ അര്‍ത്ഥംവച്ചു ചിരിക്കുന്നുണ്ടെങ്കില്‍ അപ്രകാരം ചെയ്യുന്നവര്‍ക്കിടയിലെ ആ ചിരി രൂപപ്പെടുന്നവരിലാണ് വികലമായ ചിന്തയുള്ളത്.

ചുംബനത്തെക്കുറിച്ച് പലരും കരുതിവയ്ക്കുന്നത് അത് അടച്ചിട്ട വാതിലുകള്‍ക്കും താഴിട്ട മുറികള്‍ക്കും ഉള്ളില്‍ രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന അതീവരഹസ്യാത്മകവും രത്യാത്മകവുമായ ഒരു ഇടപാട് എന്നാണ്. രതിയെക്കൂടാതെ ചുംബനം എന്ന വാക്കിനെ നിര്‍വചിക്കാന്‍ നമുക്കാവില്ല. ഏതൊരു ചുംബനത്തില്‍ പോലും ലൈംഗികതയുടെ നിറം കലര്‍ത്താതെ നമുക്കു സമാധാനവും വരില്ല.
ചുംബനങ്ങളുടെ തടവറയില്‍പ്പെട്ടു പോയ മനുഷ്യനാണ് ഞാനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്ത്രീപുരുഷഭേദമന്യേയോ പ്രായവ്യത്യാസമില്ലാതെയോ മറ്റുള്ളവരെ ചുംബിക്കുന്നതിലും സ്വീകരിക്കുന്നതിലും എനിക്കൊരിക്കലും വൈമനസ്യം തോന്നിയിട്ടില്ല. കാരണം ചുംബിക്കുമ്പോഴും ചുംബനം സ്വീകരിക്കുമ്പോഴും ശരീരങ്ങള്‍ മാത്രമല്ല ഹൃദയങ്ങള്‍ തമ്മിലാണ് സ്പര്‍ശിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രമേല്‍ ഹൃദയഅടുപ്പം ഉള്ളതുകൊണ്ടും അത്രമേല്‍ ഉള്ളില്‍ സ്‌നേഹം ഉള്ളതുകൊണ്ടുമാണല്ലോ ചുംബിക്കാന്‍ കഴിയുന്നത്. ഒരു അപരിചിതനെ നമുക്കൊരിക്കലും ചുംബിക്കാനാവില്ല, സ്‌നേഹമോ സൗഹൃദമോ തോന്നാത്ത ഒരാളെ നമുക്ക് ചുംബിക്കാനാവില്ല.
ഞാന്‍ എന്റെ അമ്മയെ അമ്മ മരിച്ച ദിവസം വരെ ജീവനോടെ ചുംബിക്കാറുണ്ടായിരുന്നു. 88 വയസിലാണ് അമ്മ യാത്രപറഞ്ഞുപോയത്. അതിനിടയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന എല്ലാ ദിവസവും. അതില്‍ത്തന്നെ ആറു മാസത്തോളം അമ്മ പൂര്‍ണ്ണമായും ശയ്യാവലംബിയായിക്കഴിയുന്ന അവസരത്തിലും.

ADVERTISEMENT

രാത്രിയില്‍ ഞാനുറങ്ങാന്‍ പോകുന്നതിന് മുമ്പായി അമ്മയുടെ മുറിയിലെത്തി ഓക്‌സിജന്‍ ട്യൂബൊക്കെ കൃത്യമായിട്ടാണെന്നു ഒരിക്കല്‍ക്കൂടി ഉറപ്പുവരുത്തി ഒന്നുകൂടി പുതപ്പൊക്കെ നിവര്‍ത്തിയിട്ട് ശിരസില്‍ തലോടി പിന്നെ മൂര്‍ദ്ധാവില്‍ ഉമ്മ വച്ചേ ഞാന്‍ ഉറങ്ങാന്‍ പോയിരുന്നുള്ളൂ. സ്‌കൂളില്‍ പോകുന്ന കാലം മുതല്‍തന്നെ അമ്മയ്ക്ക് ഉമ്മകൊടുത്തു വീട്ടില്‍ നിന്നിറങ്ങുന്ന ശീലം കോളജിലെത്തിയിട്ടും ജോലിക്കാരനായിരുന്നിട്ടും വിവാഹിതനായിട്ടും അപ്പനായിട്ടും നാല്പതുകളുടെ അവസാനത്തിലെത്തിയിട്ടും ഞാന്‍ മുടക്കം വരുത്തിയിരുന്നില്ല. അമ്മയുടെ ഞാനൊഴികെയുള്ള അഞ്ചുമക്കളും മുതിര്‍ന്നതിനു ശേഷം അമ്മയെ ഉമ്മവച്ചത് അമ്മയ്ക്ക് അന്ത്യചുംബനം നല്കിയപ്പോള്‍ മാത്രമായിരുന്നു.
ഭൂരിപക്ഷം മക്കളും മാതാപിതാക്കന്മാരെ കാലങ്ങള്‍ക്കുശേഷം ഉമ്മവയ്ക്കുന്നത് അപ്പോള്‍ മാത്രമാണ്. ചുംബനങ്ങളെക്കുറിച്ച് എനിക്ക് ആഴപ്പെട്ട ചിന്ത നല്കിയത് വയലറ്റ് എന്നു പേരുളള ഒരു അമ്മയായിരുന്നു. വിധവയായ, രണ്ടു ഡോക്ടേഴ്‌സിന്റെ അമ്മയായ സ്ത്രീ. ചില പ്രത്യേകസാഹചര്യങ്ങളിലാണ് ഞങ്ങള്‍ക്കിടയില്‍ മാതൃപുത്രബന്ധത്തിന്റെ പൊന്‍നൂലിഴകള്‍ നെയ്യപ്പെട്ടത്. അതുകൊണ്ട് ഞാന്‍ അവരെ അമ്മച്ചി എന്നുതന്നെയാണ് വിളിച്ചിരുന്നതും. വയലറ്റമ്മച്ചി ഒരിക്കല്‍ എന്നോട് ചോദിച്ചു,
‘ചെറുപ്പകാലത്ത് എത്രയോ ഉമ്മ നല്കിയാണ് ഓരോ അമ്മയും അപ്പനും മക്കളെ വളര്‍ത്തുന്നത്. എന്നിട്ട് ആ ഉമ്മകളില്‍ എത്ര മക്കള്‍ സ്വന്തം അച്ഛനമ്മമാര്‍ക്ക് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തിരികെ നല്കുന്നുണ്ട്. മാതാപിതാക്കളും അതൊക്കെ ആഗ്രഹിക്കുന്നുണ്ട്’.

സംവിധായകന്‍ ബാലചന്ദ്രമേനോന്‍ എഴുതിയത് എനിക്കോര്‍മ്മയുണ്ട്. കൊച്ചുമക്കളില്‍ നിന്നും മക്കളില്‍ നിന്നുമെല്ലാം ഉമ്മകള്‍ വാങ്ങിക്കൂട്ടാന്‍ ആഗ്രഹിച്ചിരുന്ന ഒരു മുത്തശ്ശിയുണ്ടായിരുന്നുവത്രെ അദ്ദേഹത്തിന്. ആ മാതൃകയില്‍ നിന്നാണ് അദ്ദേഹം ‘സുഖംസുഖകരം’ എന്ന സിനിമയില്‍ ഷമ്മി കപൂറിന്റെ കഥാപാത്രത്തിന് ജീവന്‍ നല്കിയതെന്നും. ഒരു പക്ഷേ പ്രായമേറുന്തോറുമായിരിക്കും നാം കൂടുതല്‍കൂടുതല്‍ നിഷ്‌ക്കന്മഷമായ ചുംബനങ്ങള്‍ ആഗ്രഹിച്ചുതുടങ്ങുന്നത്.
എന്നാല്‍ അപ്പനെ ഞാന്‍ അത്രത്തോളം ഉമ്മവച്ചിട്ടില്ല എന്നും പറയേണ്ടിയിരിക്കുന്നു. പക്ഷേ അപ്പന് നല്‍കിയ ഉമ്മ എന്റെ ജീവിതത്തിലെ ഏറ്റവും വികാരനിര്‍ഭരമായ ഒരു ഉമ്മയായിരുന്നു. ജോലിസ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന എന്നെയും കുടുംബത്തെയും കാണാനെത്തി ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് മടങ്ങിപ്പോകുന്ന വേളയിലായിരുന്നു അത്. അപ്പന്‍ യാത്രപറഞ്ഞിറങ്ങുമ്പോള്‍ വല്ലാത്തൊരു ശൂന്യത ഉള്ളില്‍ എനിക്ക് അനുഭവപ്പെട്ടിരുന്നു. അപ്പന്റെയും അമ്മയുടെയും കൂടെ കഴിയുമ്പോള്‍ നമ്മള്‍ എത്ര മുതിര്‍ന്നവരാണെങ്കിലും നമ്മള്‍ ചെറുതാണെന്നേ തോന്നൂ. ആ ചെറുപ്പം നല്കുന്ന ഒരുതരം സുരക്ഷിതത്വവും സന്തോഷവും വലുതാണ്. ഞാനും ഭാര്യയും മക്കളും മാത്രമായ കുടുംബത്തില്‍ എനിക്ക് അത്തരമൊരു സ്വാതന്ത്ര്യം കിട്ടാറില്ല കാരണം ഞാനാണ് ആ കുടുംബത്തിലെ കാരണവര്‍. മറ്റുളളവര്‍ക്ക് സുരക്ഷിതത്വം നല്കി അവരുടെ ജീവിതം ഭദ്രമാക്കുക എന്നതിനപ്പുറം സുരക്ഷിതത്വം സ്വയം അനുഭവിക്കേണ്ട ഒരാളാണ് താനെന്ന് ഒരു കുടുംബനാഥനും വിശ്വസിക്കുന്നതായി തോന്നുന്നില്ല.

ullam-5-2-gif

അങ്ങനെയുള്ള ദിവസങ്ങളിലാണ് അപ്പന്‍ വന്നതും കൂടെ നിന്നതുമൊക്കെ. അപ്പന്‍ കൂടെയുണ്ടായിരുന്ന നാളുകളില്‍ അപ്പനായിരുന്നു കുടുംബനാഥന്‍. ഞാന്‍ വെറും മകന്‍ മാത്രവും. പക്ഷേ അപ്പന്‍ പോകുന്നതോടെ എനിക്കാ സുരക്ഷിതത്വം നഷ്ടമാകുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അപ്പന്റെ കണ്ണുകളിലും നനവുണ്ടായിരുന്നു ഞാന്‍ അപ്പോഴൊക്കെ പിടിച്ചുനിന്നതേയുള്ളൂ. പിന്നെ നാട്ടിലേക്കുള്ള ബസ് കയറ്റിവിടാന്‍ നേരത്ത് തിരക്കൊഴിഞ്ഞ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ വച്ച് പെട്ടെന്ന് ഞാന്‍ അപ്പനെ ചുംബിച്ചു. അപ്പന്‍ അത് പ്രതീക്ഷിച്ചിരുന്നില്ല. കരുതിവച്ച ഒന്ന് പെട്ടെന്ന് കൊടുത്തുതീര്‍ത്തതിലുള്ള തിടുക്കത്തോടെയായിരുന്നു ഞാന്‍... അതു നല്കിയ സംതൃപ്തിയോടെ ഞാന്‍ ബസില്‍ നിന്നിറങ്ങി അപ്പനെ നോക്കി. അപ്പോള്‍ അപ്പന്‍ തൂവാലയെടുത്തു മുഖം തുടയ്ക്കുകയായിരുന്നു.
പിറന്നുവീണ കുഞ്ഞിനെ മുതല്‍ മരിച്ചുമണ്ണോടു ചേരാന്‍ യാത്രയാകുന്ന ആളെവരെ ഞാന്‍ ചുംബിച്ചിട്ടുണ്ട്. പതിനാറു വര്‍ഷങ്ങള്‍ക്കുമുമ്പ് എനിക്കാദ്യമായി ഒരു മകന്‍ ഉണ്ടായ നിമിഷമായിരുന്നു ഒരു നവജാതശിശുവിനെ ആദ്യമായി ഉമ്മവച്ചത്. അതൊരു മാലാഖനിമിഷമായിരുന്നു. ഭാര്യ പ്രസവിച്ചുവെന്നും ആണ്‍കുട്ടിയാണെന്നും അറിയിച്ചുകൊണ്ട് ആശുപത്രികളിലെ സ്ഥിരം ഫോര്‍മല്‍ വിളംബരം നടന്നപ്പോള്‍ കുഞ്ഞിനെ ആദ്യമായി കൈകളിലേറ്റുവാങ്ങിയത് ഞാനായിരുന്നു. മനസ്സു നിറഞ്ഞും കണ്ണുനിറഞ്ഞും ഒരു മാര്‍ച്ച് 16 ാം തീയതി രാത്രി 10. 10 ന് നല്കിയ ആ ചുംബനം ഓര്‍മ്മനശിക്കും കാലത്തോളം മനസ്സിലുണ്ടാവും. പിന്നെ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം രണ്ടാമത്തെ മകനെ അതുപോലെ ഏറ്റുവാങ്ങിയപ്പോഴത്തെ ഓഗസ്റ്റ് 27 ലെ രാവിലെ പത്തര മണി സമയവും.
കൗമാരക്കാരായ ആണ്‍മക്കള്‍ അല്ലെങ്കില്‍ സ്‌കൂളില്‍ പോയിത്തുടങ്ങുന്ന മക്കളില്‍ എത്രപേര്‍ മാതാപിതാക്കള്‍ക്ക് – തിരിച്ചും - ഉമ്മ കൊടുക്കാറുണ്ട് എന്നതും ആലോചിക്കേണ്ട വിഷയം തന്നെ. മൂത്തമകന്‍ ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം ഇല്ലെങ്കിലും ആഴ്ചയിലൊരിക്കല്‍ ഫോണ്‍ ചെയ്ത് അവന്‍ അവസാനിപ്പിക്കുന്നത് ‘അപ്പാ ഉമ്മാ.. അമ്മേ ഉമ്മ’ എന്നുപറഞ്ഞുകൊണ്ടാണ്. കാരണം ചുംബനം ഒരു നിരോധിതവിഷയമായി അല്ലെങ്കില്‍ ഇന്നപ്രായം വരെ നല്‌കേണ്ടതോ ഇന്നവര്‍ക്ക് മാത്രം നല്‌കേണ്ടതോ ആയി ഞാനൊരിക്കലും അവന് ക്ലാസെടുത്തിട്ടില്ലാത്തതുകൊണ്ടും അവന്‍ നിത്യവും വീട്ടില്‍ കാണുന്നതുകൊണ്ടുമാവും അതെന്നു ഞാന്‍ കരുതുന്നു. ഒരു യാത്രപോവുമ്പോള്‍ പ്രത്യേകിച്ച് നീണ്ട ചിലയാത്രകള്‍ - ഭാര്യയ്ക്കും മക്കള്‍ക്കുമുള്‍പ്പടെ പരസ്യമായി ഉമ്മ നല്കുന്നത് കണ്ടുവളര്‍ന്ന എന്റെ മക്കള്‍ക്ക് ചുംബനങ്ങളെ ഒരു ടാബൂവായി കൊണ്ടുനടക്കേണ്ടതില്ലെന്നും തോന്നുന്നു.
‘പോരുമ്പോള്‍ ഒരു ഉമ്മ തന്നിരുന്നുവെങ്കില്‍ ചുട്ടുനീറുമ്പോള്‍ മനസ്സിത്തിരി കുളിര്‍ത്തേനേ’ എന്ന് എഴുതിയത് വൈലോപ്പിള്ളിയാണെന്നാണ് ഓര്‍മ്മ. ചുംബനം വെറും ചുംബനമൊന്നുമല്ലന്നേ...അത് നമ്മുടെ സമ്മര്‍ദ്ദങ്ങളൊക്കെ റീലീസ് ചെയ്യുന്ന ഒരു ചാനല്‍കൂടിയാണ്. പലവിധ കാര്യങ്ങളില്‍ വൃഗ്രചിത്തരായി കഴിയുന്ന നമ്മുടെ മക്കളെയൊക്കെ ഒന്ന് ആലിംഗനം ചെയ്ത് ഒരു ഉമ്മകൊടുത്താല്‍ അവര്‍ നെഞ്ചില്‍ ചുമന്നുനടക്കുന്ന ഹിമപര്‍വതങ്ങളൊക്കെ ഉരുകിപ്പോകുമെന്നാണ് തോന്നുന്നത്. പക്ഷേ, പ്രായപൂര്‍ത്തിയായ മകളെ അച്ഛന്‍ ചുംബിക്കുന്നതുപോലും അമ്മ എത്രത്തോളം പിന്തുണയ്ക്കുമെന്ന് കണ്ടറിയണം !

ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലാത്ത, എന്റെ ഏതൊക്കെയോ ചില പുസ്തകങ്ങള്‍ വായിച്ച, ഏകാകിയായി കഴിയുന്ന ഒരു മധ്യവയസ്‌ക്കന്‍ എനിക്ക് വാട്‌സാപ്പ് ചെയ്ത സന്ദേശം എന്നെ ശരിക്കും ഞെട്ടിച്ചുകളഞ്ഞിട്ടുണ്ട്. ‘നിങ്ങള്‍ക്കെന്നെ ഒന്ന് ഹഗ് ചെയ്യാമോ സഹോ’ എന്നായിരുന്നു അത്. അപരിചിതനായ ആ വ്യക്തിക്ക് എന്നില്‍ അത്രമാത്രം വിശ്വാസവും അടുപ്പവും തോന്നാന്‍ മാത്രം വ്യക്തിപരമായി ഞാന്‍ അദ്ദേഹത്തിന് ഒന്നും നല്കിയിട്ടില്ലെന്നോര്‍ക്കണം. എന്നിട്ടും ചില മനുഷ്യരൊക്കെ തങ്ങള്‍ക്ക് ആശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്നവരായി ചിലരെ കണ്ടെത്തുന്നുവെന്നത് അതിശയകരം തന്നെ.
ഒരു ആലിംഗനത്തെയും ചുംബനത്തെയും നമ്മള്‍ ബാരിക്കേഡ് കെട്ടി വേര്‍തിരിക്കേണ്ട കാര്യമൊന്നുമില്ല. കാരണം രതി മാത്രമല്ല എല്ലാ ചുംബനവും. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചിദംബരസ്മരണ’യിലെ തീപ്പാതി എന്നുപേരുളള ലേഖനത്തിലെ ചുംബനം ഓര്‍മ്മയില്ലേ, അതിനെ വെല്ലുവിളിക്കുന്ന ഏതു ചുംബനമുണ്ട് ? മനസ്സ് ശുദ്ധമാകുമ്പോഴാണ് ചുംബനം ശുദ്ധമാകുന്നത്. മനസ്സ് അശുദ്ധമാകുമ്പോഴാണ് ചുംബനവും അശുദ്ധമാകുന്നത്.
ബോബിയച്ചനെ (ഫാ ബോബി ജോസ് കട്ടിക്കാട്) എന്നു കണ്ടുമുട്ടി പിരിയുന്നുവോ അപ്പോഴൊക്കെ ഞാന്‍ അച്ചന്റെ കരം കവര്‍ന്ന് ചുംബിക്കാറുണ്ട്. മെത്രാന്മാര്‍ക്ക് സാധാരണയായി നൽകുന്ന ആദരവാണ് അത്. ഞാന്‍ വിധേയപ്പെട്ടിരിക്കുന്നു എന്ന പ്രഖ്യാപനം. അക്കാര്യം എന്നെക്കാള്‍ നന്നായി അറിയാവുന്നതുകൊണ്ട് ഞാന്‍ കരത്തില്‍ ചുംബിക്കാന്‍ തുടങ്ങുമ്പോള്‍ അച്ചന്‍ തുടക്കത്തില്‍ ബലമായി കൈകള്‍ പിന്‍വലിക്കുമായിരുന്നു, അച്ചന്റെ വിനയം കൊണ്ട്. പിന്നെ എന്തു ചെയ്താലും ഇവന്‍ ഉമ്മവച്ചിട്ടേ പോകൂ എന്ന് മനസ്സിലാക്കിയപ്പോള്‍മുതലാവാം ഇപ്പോള്‍ അച്ചന്‍ അതിന് ശ്രമിക്കാറില്ല.
ഒരു മൃതദേഹത്തെ ഞാനാദ്യമായി ചുംബിച്ചത് പേരമ്മയെയായിരുന്നു. അമ്മയുടെ സഹോദരി. ഫ്രീസറില്‍ നിന്ന് പുറത്തെടുത്തുവച്ച ആ മൃതദേഹത്തിലെ തണുപ്പ് അവസാനവട്ട തിരുക്കര്‍മ്മങ്ങള്‍ക്കിടയിലെ അന്ത്യചുംബനമായി ചുണ്ടില്‍ പതിഞ്ഞപ്പോള്‍ എന്റെ ചുണ്ടുകള്‍ പോലും മരവിച്ചുപോയതുപോലെ.. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്റെ ചുണ്ടുകളില്‍ നിന്ന് ആ തണുപ്പ് മാറിയിട്ടില്ലാത്തതുപോലെയുളള വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍.

‘എന്റെ ഭര്‍ത്താവ് എന്നെ ചുംബിച്ചിട്ടേയില്ല’ പതിനാലു വര്‍ഷം ദാമ്പത്യജീവിതം പിന്നിട്ട ഒരു കൂട്ടുകാരി എന്നോട് അതുപറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയിരുന്നു. സുന്ദരിയും ആരോഗ്യവതിയുമായ അവള്‍ ഒരു അമ്മ കൂടിയായിരുന്നു. അയാളാവട്ടെ അവളെപോലെ തന്നെ സുന്ദരനും വിദ്യാസമ്പന്നനും ഉദ്യോഗസ്ഥനും.. പുറമേയ്ക്ക് നോക്കുമ്പോള്‍ സുന്ദരമായ കുടുംബജീവിതത്തില്‍ പോലും ചുംബനങ്ങളെയും സ്‌നേഹാലിംഗനങ്ങളെയും പടിക്കുപുറത്തുനിര്‍ത്താന്‍ ചിലര്‍ക്കു കഴിയും എന്നത് വല്ലാത്തൊരു തിരിച്ചറിവായിരുന്നു. സ്‌നേഹമില്ലാത്ത രതി കൊലപാതകമാണെന്നാണല്ലോ പറയപ്പെടുന്നത്.

ullam-5-6-gif

ഇങ്ങനെ എത്രയെത്ര ചുംബനസ്മൃതികള്‍!
ജനനം മുതല്‍ മരണം വരെയുളള ഹ്രസ്വമോ അതിദീര്‍ഘമോ ആയ ജന്മപരമ്പരയില്‍ കൊടുത്തതും വാങ്ങിയതും മടക്കിക്കിട്ടിയതും കിട്ടാതെപോയതും കൊടുക്കാതെപോയതുമായ എത്രയെത്ര ചുംബനങ്ങള്‍..!
നമ്മുടെ ഹൃദയങ്ങളില്‍ പ്രണയം കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല
നമ്മുടെ ചുണ്ടുകളില്‍ ചുംബനം അവസാനിച്ചിട്ടുമുണ്ടായിരുന്നില്ല
എന്നിട്ടും നമുക്ക് നമ്മളെ നഷ്ടമായതെങ്ങനെ ?
നമുക്ക് നമ്മള്‍ മരിച്ചതെന്തേ ?

The Profound Meaning and Emotional Power of Human Kisses:

Kisses hold profound emotional significance that extends far beyond romantic or sexual intimacy in human relationships. The author reflects on various forms of kisses shared with parents, children, and friends throughout life. Society often misinterprets simple expressions of physical affection, binding them strictly to rigid taboos. Sharing a kiss with loved ones provides solace, relieves mental stress, and fosters deep emotional bonds. Remembering the warmth of a mother or the unexpected vulnerability of a father reveals the purity of such acts. Ultimately, the purity of a kiss depends entirely on the cleanliness of the human heart. Embracing these genuine expressions of love can prevent emotional isolation and restore our lost humanity.

ADVERTISEMENT