മലയാളത്തിലെ പുതുതലമുറ നോവലിസ്റ്റുകളിൽ ശ്രദ്ധേയയായ ഷബ്ന മറിയം ‘വനിത ഓൺലൈനിൽ’ എഴുതുന്ന ആത്മാനുഭവക്കുറിപ്പുകളുടെ പരമ്പരയാണ് ‘നിഴലാഴം’ –
നാല് :
‘The wound is the place where light enters you’
– Rumi
കുറച്ച് കാലം മുമ്പ് വരെ ഞാൻ കരുതിയിരുന്നത് മുറിവുകളെന്നാൽ നമുക്കുള്ളിലേക്ക് മാത്രം തുറക്കാവുന്ന വാതിലുകളാണ് എന്നായിരുന്നു. അതും അതിനുള്ളിലൂടെ കനലും പഴുപ്പും മാത്രമേ അകത്ത് കടക്കുള്ളൂവെന്നും. പക്ഷേ, ഇത്രകാലത്തെ ജീവിതത്തിന്നിടയിൽ എത്തിച്ചേർന്ന് നിൽക്കുന്ന മനോഹരമായൊരു സംഗതി പറയാം. മുറിവുകളെന്നാൽ അകത്തേക്കും പുറത്തേക്കും അനായാസം തുറക്കാവുന്ന വിശാലമായ വാതിലുകളാണ്. അവയിലൂടെ വെളിച്ചം കടത്തിവിടണോ അല്ലെങ്കിൽ ഇരുട്ട് കടത്തി വിടേണമോ എന്ന് തീരുമാനിക്കേണ്ടവർ തീർത്തും നമ്മളും. സന്തോഷത്തോടെ പറയട്ടെ, അനേകം വർഷങ്ങൾ ചലമൊലിപ്പിച്ച് കിടന്നിരുന്ന കൂറ്റൻ മുറിവുകളിലൂടെ ആനന്ദത്തിന്റെ, ശാന്തിയുടെ, ഉൻമാദത്തിന്റെ നിറങ്ങൾ കടത്തിവിട്ട് എന്നെത്തന്നെ പൊതിഞ്ഞ് പിടിക്കാൻ ഞാനിപ്പോൾ പഠിച്ചിട്ടുണ്ട്. എന്ത് രസമാണെന്നോ ആ പ്രക്രിയ. എഴുത്തും ആ വെളിച്ച കവാടങ്ങളിലൊന്നാണ്. വസന്തങ്ങളും പൂമ്പാറ്റകളും പറന്നെക്കുന്ന കവാടം.
ഒരാൾ എഴുതിത്തുടങ്ങുക എപ്പോഴായിരിക്കും ? അല്ലെങ്കിൽ എഴുതി നോക്കാം, എന്നൊരാൾ തീരുമാനിക്കുക എപ്പോഴാണ്...? എന്റെ കാര്യത്തിൽ ഞാനെഴുതിയിട്ടുള്ള ഓരോ എഴുത്തും, അതെഴുതുന്നതിനും കുറേ മുമ്പ് വിത്തായി പതിച്ച് ഭ്രൂണമായി വളർന്ന് പിന്നെയും പാകമായി പന്തലിച്ച് മൂത്ത് പുറത്തേക്ക് മുറ്റി നിൽക്കുന്ന പരുവമാകുമ്പോഴാണത് സംഭവിക്കുക. എഴുത്ത് തന്നെ എഴുത്താളായി ജീവൻ പൂണ്ട് പൂതിയോടെ മുൻപെ നടക്കും. അതിലെ സാങ്കൽപ്പിക കഥാപാത്രങ്ങളും ജീവൻ പൂണ്ട് കൂടെ നടക്കും. ഓരോ എഴുത്തിന് ശേഷവും ഒരു പനിക്കോളൊഴിഞ്ഞു പോയതിന്റെ വിയർപ്പിലും ആലസ്യത്തിലും ഞാനൊരു മൂലയ്ക്ക് കൂനിക്കൂടിയിരിക്കുന്നുണ്ടാകും
ആദ്യപുസ്തകത്തിന് ആമുഖമെഴുതിയപ്പോൾ എഴുതിയ വരികൾ പെട്ടെന്നോർമ്മ വന്നു, ‘യാഥാർത്ഥ്യത്തിന്റെ സമരമുഖത്തേക്കാണോ അല്ലെങ്കിൽ ഭാവനകളുടെയും വിഭ്രമങ്ങളുടെയും അന്തർമുഖത്തേക്കാണോ തീർത്തും ഒറ്റയ്ക്കായി പോകുമ്പോൾ അൽപ്പമൊരാശ്വാസത്തോടെ കയറിച്ചെല്ലുക എന്ന് ചോദിച്ചാൽ ഞാൻ പറയുക, രണ്ടാമത് പറഞ്ഞിടത്തേക്കായിരിക്കും’ എന്നാണ്. അത്രമേൽ സത്യമാണത്. ഓരോ എഴുത്തും ഓരോ തുരുത്താണ്. ജീവിക്കാൻ പ്രേരിപ്പിക്കുന്ന തെരുവീഥികളും ഇടവഴികളുമുണ്ടാവുമതിൽ.
വിഷയവും ഭാവനയും രചനാശിൽപ്പവും വരികളും ഒന്നായുണർത്തുന്ന മാന്ത്രികത സാഹിത്യത്തിന് മാത്രം അവകാശപ്പെട്ടതാണ്. വിനിമയങ്ങളുടേയും ചലനങ്ങളുടേയും നിറങ്ങളുടേയും ഈണങ്ങളുടേയും നിർഭരത മൂലം എന്നെ വീണ്ടും വീണ്ടും പുനർജനിപ്പിച്ച എഴുത്തുകാർ, രചനകൾ, സംവിധായകർ, വരികൾ... ഒരു നാടൻ ഉത്സവം പോലെ, ഉത്സവത്തിലേക്ക് നാട് സ്വാഭാവികമായി ഓടിയെത്തുന്നതുപോലെ എന്ന് കെ.ജി. ശങ്കരപ്പിള്ള പി കവിതകളെക്കുറിച്ച് പറഞ്ഞത് ഓർത്തുപോകുന്നു. അതുപോലൊരു ഫീൽ.
ആക്ഷേപഹാസ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങളും ക്രിസ്ത്യാനിയുടെ ജീവിതവും ആർക്കും മനസ്സിലാവുന്ന സുന്ദരമായ ഭാഷയിൽ ആവിഷ്ക്കരിച്ച ജനപ്രിയ എഴുത്തുകാരനായ മുട്ടത്തുവർക്കിയോടും യാത്രാനോവലുകളുടെ തമ്പുരാനായ എസ്.കെ.പൊറ്റക്കാടിനോടും അങ്ങേയറ്റം ആരാധനയുള്ള പ്രിയപ്പെട്ട ഒരധ്യാപികയുണ്ടായിരുന്നു എനിക്ക്. സാഹിത്യത്തിലും രാഷ്ട്രീയത്തിലും സമകാലിക വിഷയങ്ങളിലുമെല്ലാം തൽപ്പരയായിരുന്ന ഒരാൾ. മുട്ടത്തുവർക്കിയുടെ നോവൽ എന്തോ കാരണങ്ങളാൽ മുടങ്ങിപ്പോയ ഒരു ഞായറാഴ്ച്ച ഒരു വൻ ജനാവലി പത്രമാപ്പീസിലേക്ക് പ്രകടനമായിച്ചെന്ന് ഇടിച്ചു കയറിയതായും വായനക്കാരെ സമാധാനിപ്പിച്ചു പറഞ്ഞയക്കാൻ പത്രാധിപർ കഷ്ട്ടപ്പെട്ടതായുമുള്ള കഥകൾ പറഞ്ഞ് ഞങ്ങൾ കുട്ടികളിൽ ഉദ്വേഗം ജനിപ്പിക്കുകയും പ്രസിദ്ധീകരിച്ചിരുന്ന തുടർരചനകൾ അവർ ആർത്തിയോടെ മോന്തുകയും ചെയ്തിരുന്നു. ഇപ്പോഴും ഓരോ എഴുത്തിന് ശേഷവും കമ്പ്യൂട്ടറിന് മുമ്പിലിരിക്കുമ്പോഴും ഞാനവരെ ആദരവോടെ ഓർക്കാറുണ്ട്
പത്താം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച മാഷാണ് ക്ലാസെടുക്കുന്നതിന്നിടയിൽ പറഞ്ഞത് ‘‘അത്രയൊന്നും പ്രശസ്തനല്ലാത്ത ഒരു കൊളമ്പിയൻ നോവലിസ്റ്റ് തന്റെ അഞ്ചാമത്തെ നോവലുമായി അതേ കാലത്ത് ഭാഗ്യപരീക്ഷണം നടത്തുന്നുണ്ടായിരുന്നു. ഏകാന്തതയുടെ നൂറുവർഷങൾ സ്പാനിഷ് സാഹിത്യത്തിൽ ചെയ്തതെന്തോ അതുതന്നെ ഖസാക്കിന്റെ ഇതിഹാസം മലയാളത്തിൽ ചെയ്തു’’ എന്ന്. എന്നെയത് ആകെ പിടിച്ചുലച്ചു കളഞ്ഞു. കാരണം അതിനും കുറച്ച മുമ്പായിരുന്നു ഖസാക്കിന്റെ ഇതിഹാസം വായിച്ചിരുന്നത്. അതിന്റെ ചൂടും ചൂരും പോകുന്നതിന് മുമ്പാണ് മാഷിന്റെ ഈ വെളിപ്പെടുത്തൽ കൂടി. അതോടെ, എന്തായാലും ‘ഏകാന്തതയുടെ നൂറ് വർഷങ്ങളും’ എടുത്ത് വായിക്കണമെന്ന് തീരുമാനിച്ചു. എന്തത്ഭുതമായിരിക്കും ആ മാന്ത്രിക പുസ്തകത്തിൽ കാത്തിരിക്കുന്നത്. പക്ഷേ, ആ കാലത്തൊന്നും ആ പുസ്തകം എന്റെ ജീവനിലേക്ക് വന്ന് ചേർന്നതേയില്ല. പിന്നീട് പഠനത്തിന്റെയും മറ്റ് പല തിരക്കുകളുടെയും ഇടയിൽ അത് മറന്നും പോയി. ഒരുപാട് വർഷങ്ങൾക്ക് ശേഷം, ഇരുപതുകളുടെ തുടക്കത്തിലാണ് പിന്നീട് അതെന്നിലേക്കെത്തി ചേർന്നത്. അന്ന് ആദ്യ വായനയിൽ സംഭവിച്ച അതേ മാന്ത്രികതയോടെ മാന്ത്രികപരവതാനി വിരിച്ച് വസന്തകവാടമായി വെളിച്ചത്തിന്റെ നിലയ്ക്കാത്ത പ്രവാഹമായി ഇപ്പോഴും അതെന്റെ കൈയ്യെത്തും ദൂരത്തുണ്ട്. ഇതെഴുതുമ്പോഴും ഞാനാ പുസ്തകത്തെ അന്നത്തെ അതേ കൊതിയോടെ ഒന്നുകൂടി നോക്കി. അപൂർവം പുസ്തകങ്ങൾക്കാണ് ഇങ്ങനെ എന്നെന്നും നിലനിൽക്കാനാകുക . പല തലമുറകളെ ഒരേ വിധത്തിൽ തൊട്ടുകൊണ്ട് .
വേങ്ങയിൽ കുഞ്ഞിരാമൻ നായനാരെയും പാറപ്പുറത്ത് എന്ന തൂലികാനാമത്തിലെഴുതിയ കെ.ഈശോമത്തായിയെയും അഗാധമായ ഉൾക്കാഴ്ച്ചയോടെ ജീവിതാനുഭവങ്ങളിലെ വൈവിധ്യങ്ങളെ വിഷയീഭവിപ്പിച്ച മലയാളത്തിന്റെ പ്രിയകവിയായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോനെയും എല്ലാം പാടിയും പറഞ്ഞും തന്നവരുണ്ട്. രണ്ട് ലോകമഹായുദ്ധങ്ങൾ - അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്രവും എന്നിങ്ങനെ തികച്ചും അശാന്തമായ കാലഘട്ടത്തിൽ തങ്ങളുടെ കാവ്യജീവിതം ജീവിച്ചു തീർത്തവരാണ് ഇവരിൽ പലരുമെന്നോർക്കുമ്പോൾ
‘നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത്’
എന്നാൽ അപ്പോഴുമറിയാം നിരന്തരം നവീകരിക്കപ്പെടുന്നതെന്ന് പറയപ്പെടുന്ന സാമൂഹിക ജീവിതത്തിലേക്ക് സാംസ്ക്കാരിക പാരമ്പര്യത്തിൽപ്പോലും രൂഢമൂലമായിരിക്കുന്ന ബിംബങ്ങളും പേറി സ്ത്രീകൾ ഇന്നിത്ര കാലത്തോളം നടന്നു കയറിയത് അങ്ങേയറ്റം കിതച്ചുകൊണ്ട് തന്നെയാണ്. ലളിതാംബിക അന്തർജ്ജനം, സരസ്വതിയമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി തുടങ്ങി അരുന്ധതി റോയിയും കെ.ആർ. മീരയും... ആ ലിസ്റ്റ് വീണ്ടും വീണ്ടും നീളുന്നു. ഇന്നും പലയിടത്തും സ്ത്രീയുടെ ഉത്തരവാദിത്വങ്ങൾ എന്നത് സ്വകാര്യ ഇടവുമായി ബന്ധപ്പെട്ടതു തന്നെയാണ്, ഈ ചുമതലകളുടെ നിർവിഘ്നമായ ഒഴുക്കും സർഗ്ഗാത്മക ജീവിതവും തമ്മിൽ സമന്വയിപ്പിക്കുക അങ്ങേയറ്റം ക്ലേശകരവുമാണ്
ലളിതാംബിക അന്തർജ്ജനം തന്റ ഭൂതകാലാനുഭവങ്ങളിലേക്ക് നോക്കി പറഞ്ഞ ഈ വരികൾക്ക് ഇപ്പോഴും ജീവനുണ്ട് – ‘‘ഗാർഹികവും സാമൂഹികവും സാഹിത്യപരവുമായ കർത്തവ്യങ്ങളെ ഒരേ സമയത്ത് ചെയ്ത് തീർക്കണമെന്ന് അവൾ വാശിപിടിച്ചു. എല്ലാം അവളുടെ ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു. ഒന്നിനെയും നിരസിക്കുക വയ്യ. ഫലം എല്ലാം അപൂർണ്ണം’’.
എങ്കിലും അക്ഷരങ്ങളെ, വാക്കുകളെത്തേടിയുള്ള യാത്ര, സത്യത്തിൽ അതൊരു കത്തിജ്വലിക്കുന്ന പ്രണയാനുഭവമാണ്. പ്രണയത്തെ തേടിയുള്ള അവിരാമമായ യാത്രയും നീണ്ട കാത്തിരിപ്പുമാണ്. കൂടിച്ചേരലിന്റെ ആഹ്ലാദവും, വേർപിരിയലിന്റെ ദു:ഖസാന്ദ്രമായ സ്മൃതികളും തീർച്ചയായും അതിലുണ്ടാകുമെന്നുറപ്പുള്ള മനോഹരമായ ഒരു യാത്ര.