ADVERTISEMENT

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷം മുന്‍പ് അജ്ഞാതന്‍ മരിച്ചതില്‍ വെളിപ്പെടുത്തലുമായി മലപ്പുറം സ്വദേശി.1986 ല്‍ കൂടരഞ്ഞിയിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ താനാണ് കൊന്നതെന്ന് വെളിപ്പെടുത്തി മുഹമ്മദലി (54) വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

പതിനേഴാം വയസില്‍ കൊലപാതകം നടത്തിയെന്നാണ് മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍. 39 വര്‍ഷമായി കൊണ്ടുനടന്ന 'പാപഭാരം' മുഹമ്മദലി ഇറക്കിവച്ചതോടെ തിരുവമ്പാടി പൊലീസിന്റെ തലവേദന ആരംഭിക്കുകയും ചെയ്തു. കൊലപ്പെട്ടത് ആരാണെന്നാണ് പൊലീസ് തലപുകച്ച് ആലോചിക്കുന്നത്. 

മൂത്തമകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടമരണവും കൂടിയായതോടെയാണ് കുറ്റബോധം കൊണ്ട് മുഹമ്മദലി ആകെ പ്രയാസത്തിലായത്. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി സംഭവങ്ങള്‍ ഏറ്റുപറയുകയായിരുന്നു.

1986 നവംബര്‍ അവസാനമാണ് താനാ കൃത്യം ചെയ്തതെന്നാണ് മുഹമ്മദലി പറയുന്നത്. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില്‍ കൂലിപ്പണിക്ക് നില്‍ക്കുമ്പോള്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് തള്ളിയിട്ട ശേഷം മുഹമ്മദലി ഓടി രക്ഷപെടുകയായിരുന്നു. 

രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ വീണയാള്‍ മരിച്ചുവെന്ന വിവരം അറിഞ്ഞത്. തോട്ടില്‍ വീണയാള്‍ അപസ്മാരത്തെ തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. സ്വാഭാവിക മരണമെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ പൊലീസും അങ്ങനെ തന്നെ രേഖകളില്‍ ചേര്‍ത്തു. മൃതദേഹം ഏറ്റുവാങ്ങാന്‍ ആരും എത്താതിരുന്നതോടെ അജ്ഞാത മൃതദേഹമായി സംസ്കരിക്കുകയായിരുന്നു.

മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പഴയ പത്രങ്ങളും കേസുകളും പൊലീസ് തിരയാന്‍ തുടങ്ങി. മരിച്ചത് പാലക്കാട് സ്വദേശിയാണെന്നും അല്ല, ഇരിട്ടിക്കാരനാണെന്നുമെല്ലാം ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൂടരഞ്ഞി മിഷന്‍ ആശുപത്രിക്ക് പിന്നിലെ വയലിലെ ചെറുതോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്നൊരു വാര്‍ത്ത 1986 ഡിസംബര്‍ 5ലെ മലയാള മനോരമയിലുണ്ട്. 

കൊല്ലണമെന്ന ഉദ്ദേശത്തിലല്ല പിടിച്ചു തള്ളിയതെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചയാളില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നുവെന്നും  മുഹമ്മദലി പൊലീസിനോട് പറഞ്ഞു. വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് മുഹമ്മദലിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണം തുടരുകയാണ്. 

ADVERTISEMENT