ADVERTISEMENT

ജെൻ സി (Gen Z) പ്രതിഷേധം സുനാമി പോലെ അലയടിക്കുകയാണ് നേപ്പാളില്‍. നിരവധി നഷ്ടങ്ങള്‍ക്ക് നേപ്പാള്‍ ഭരണകൂടം സാക്ഷിയായി. ലോകത്ത് നടക്കുന്ന ആദ്യത്തെ വലിയ ജെൻ സി പ്രതിഷേധമാണ് ഇപ്പോള്‍ നേപ്പാളില്‍ നടക്കുന്നത്. സർക്കാരിനെ പുറത്താക്കാനുള്ള പാതയിലാണ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന യുവതലമുറ. 

ആരാണ് Gen Z?

ജനറേഷൻ Y ക്ക് ശേഷമുള്ള തലമുറയെ പരാമർശിച്ചു കൊണ്ടാണ് ജനറേഷൻ Z എന്ന പദം ഉയർന്നുവന്നത്. 1997 നും 2012 നും ഇടയിൽ ജനിച്ചവർ ജനറൽ Z ആയി പരിഗണിക്കപ്പെടുന്നു. ജനറേഷൻ Z ന് ശേഷം ജനറേഷൻ ആൽഫ അല്ലെങ്കിൽ 2010 ലോ അതിനുശേഷമോ ജനിച്ചവർ വരുന്നു.

ജെൻ Z യുടെ പ്രാധാന്യം അതിലെ അംഗങ്ങൾ ഡിജിറ്റൽ യുഗത്തിലാണ് വളർന്നത് എന്നതാണ്. ഡിജിറ്റൽ യുഗത്തില്‍ വളര്‍ന്നത് കൊണ്ടാകാം ജെൻ സിക്ക് 'ഡിജിറ്റൽ നേറ്റീവ്സ്' എന്ന പേരും ലഭിച്ചു. സ്മാർട്ട്ഫോണുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായതിനാൽ, ജെൻ Z തലമുറ കൂടുതല്‍ ബോധമുള്ളവരായി വളര്‍ന്നു. അതുപോലെ സോഷ്യൽ മീഡിയ അവരുടെ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു. പെട്ടെന്നുള്ള സോഷ്യൽ മീഡിയ നിരോധനം മൂലമുണ്ടായതാണ് നേപ്പാളിലെ പ്രതിഷേധവും.

കോവിഡ് കാലഘട്ടത്തില്‍ ജെൻ Z തലമുറ സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിന്റെ ലോകത്തും എത്തിപ്പെട്ടു. ജെൻ Z യിലെ വലിയൊരു ഭാഗം സോഷ്യൽ മീഡിയയിൽ ഗണ്യമായ സമയം ചെലവഴിക്കുന്നതിനാൽ, ഇന്റർനെറ്റിന്റെ ധ്രുവീകരിക്കപ്പെട്ട സ്വഭാവം അവരുടെ ചിന്താപ്രക്രിയകളെ ബാധിച്ചു. ചിലരെ സംബന്ധിച്ചിടത്തോളം ഇത് പൊതുപ്രശ്നങ്ങളോടുള്ള നിസ്സംഗതയ്ക്ക് കാരണമായി. മറ്റുള്ളവർക്ക്, ഇത് കർക്കശമായ നിലപാടുകൾ എടുക്കുന്നതിലേക്ക് നയിച്ചു.

ജെൻ Z എങ്ങനെ തിരിച്ചറിയപ്പെടുന്നു?

സ്വന്തമായി അഭിപ്രായമുള്ളവരും സെല്‍ഫ് ലവിന്റെ പ്രാധാന്യം തിറിച്ചറിയുന്നവരുമാണ് ജെൻ Z കള്‍. ഇക്കാരണത്താൽ, അവരെ ചിലപ്പോൾ അഹങ്കാരികളായും നിഷേധികളായും കണക്കാക്കപ്പെടുന്നു. മുൻ തലമുറകളേക്കാൾ വേഗത്തിൽ നിലപാട് സ്വീകരിക്കാനുള്ള ജെന്‍ സിയുടെ കഴിവ് നേപ്പാളിൽ നടക്കുന്നതുപോലുള്ള സാമൂഹിക പ്രതിഷേധങ്ങളിൽ സജീവമായി പങ്കുചേരാൻ അവരെ പ്രേരിപ്പിച്ചു. 

കൂടുതൽ സ്ക്രീൻ ടൈം, എളുപ്പത്തിൽ ലഭ്യമായ വിവരങ്ങൾ, കൂടുതൽ സാമൂഹിക അവബോധം എന്നിവ ജെന്‍ സിയില്‍ കാണുന്നു. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ നിരോധിക്കാനുള്ള സർക്കാരിന്റെ തീരുമാനം നേപ്പാളില്‍ പ്രതിഷേധത്തിന് കാരണമായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആകൃഷ്ടരായ യുവാക്കൾക്ക് അവ നിരോധിക്കാനുള്ള തീരുമാനം തെരുവുകളിൽ ഇറങ്ങാൻ പ്രചോദനമായി. 

രാഷ്ട്രീയക്കാരുടെ ആഡംബര ജീവിതവും സാധാരണക്കാരുടെ ദൈനംദിന പോരാട്ടങ്ങളും തമ്മിലുള്ള അന്തരം പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയതോടെ 'നെപ്പോക്കിഡ്സ്' എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആരംഭിച്ചു. സർക്കാരിന്റെ അടിച്ചമർത്തലിൽ 19 പ്രതിഷേധക്കാർ കൊല്ലപ്പെട്ടത് പ്രക്ഷോഭത്തിനു ആക്കം കൂട്ടി. പ്രതിഷേധത്തിന്റെ സംഘാടകർ സ്വയം ജെന്‍ Z എന്ന് വിളിക്കുകയും സ്കൂൾ യൂണിഫോം ധരിച്ച് തെരുവിലിറങ്ങുകയും ചെയ്തു. 

രാഷ്ട്രീയ പാർട്ടികളെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ അനുവദിക്കാതിരുന്നത് അവരുടെ ലക്ഷ്യം തട്ടിയെടുക്കപ്പെടുമെന്ന അവിശ്വാസത്തിലും ആശങ്കയിലുമാണ്. സർക്കാരുമായി കരാര്‍ ഉണ്ടാക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നത് നിലവിലെ സർക്കാരിനെ താഴെയിറക്കാതെ പ്രതിഷേധം നിർത്തുകയില്ല എന്ന ഉറച്ച തീരുമാനത്തിലാണ്. സമീപകാലത്ത് ബംഗ്ലാദേശിലും ശ്രീലങ്കയിലും നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളിലും ധാരാളം ജെൻ സി പ്രവർത്തകർ പങ്കെടുത്തിരുന്നു. ഈ പ്രതിഷേധങ്ങൾ ഭരണമാറ്റങ്ങളിലേക്ക് നയിച്ചു, നേപ്പാളും അത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ADVERTISEMENT