കുട്ടി ഒപ്പം കിടക്കുന്നതിൽ ദേഷ്യം; അമ്മ നെഞ്ചിൽ മാന്തി മുറിവേൽപിച്ചു, ആണ്‍സുഹൃത്ത് തല ഭിത്തിയിലിടിപ്പിച്ചു, കൈ പിടിച്ചു തിരിച്ചു: അറസ്റ്റ്
Mail This Article
അമ്മയും സുഹൃത്തും ചേർന്നു പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദിച്ചു പരുക്കേൽപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ ഇന്നലെ വൈകിട്ടു കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നും തുടർനടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. എട്ടാം ക്ലാസിൽ പഠിക്കുന്ന പന്ത്രണ്ടു വയസ്സുകാരനാണ് മർദനമേറ്റത്.
ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്ലാറ്റിലാണു കുട്ടിക്കൊപ്പം ഇവർ താമസിച്ചിരുന്നത്. യുവതിയും ആൺസുഹൃത്തും ഒരുമിച്ചു കഴിയുന്നതിനെ കുട്ടി എതിർത്തതിലുള്ള വൈരാഗ്യമാണു മർദനത്തിനു പിന്നിൽ. കുട്ടി അമ്മയ്ക്കൊപ്പം മുറിയില്‍ കിടന്നതും പ്രകോപനമായി.
അമ്മയുടെ സുഹൃത്ത് കുട്ടിയുടെ കൈ പിടിച്ചു തിരിച്ചു. തല ഭിത്തിയിലും ശുചിമുറിയുടെ വാതിലിലും ഇടിപ്പിച്ചു. അമ്മ കുട്ടിയുടെ നെഞ്ചിൽ മാന്തി മുറിവേൽപിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ അച്ഛൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ വിവരം നൽകുകയുമായിരുന്നു.
ആൺസുഹൃത്ത് മർദിക്കുമ്പോൾ അമ്മ പ്രതികരിച്ചില്ലെന്ന് മാത്രമല്ല, കുട്ടി സഹായം അഭ്യർഥിച്ച് അടുത്ത മുറിയിലേക്ക് പോയപ്പോൾ, അമ്മ ദേഷ്യപ്പെട്ട് കുട്ടിയെ മാന്തുകയും ചെയ്തു. ഇതിനു മുൻപും വീട്ടിൽ വച്ച് മറ്റൊരാൾ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും, അപ്പോഴും അമ്മ പ്രതികരിച്ചില്ലെന്നും കുട്ടി വെളിപ്പെടുത്തി. അമ്മയുടെ സഹോദരി ഇടപെടലാണ് കേസെടുക്കാന്‍ കാരണമായത്.
അമ്മയുടെ സഹോദരി കുട്ടിയെ സ്കൂളിൽ കാണാൻ ചെന്നപ്പോഴാണ് മർദനമേറ്റ വിവരം അറിയുന്നത്. ഉടന്‍തന്നെ ഇവർ കുട്ടിയുടെ പിതാവിനെ അറിയിക്കുകയും, പിതാവ് കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസിനെ അറിയിച്ചതോടെ അമ്മയെയും ആണ്‍സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ള തുടർചികിത്സകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.
എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിക്ക് കൗൺസിലിങ് ഉൾപ്പെടെയുള്ള തുടർചികിത്സകൾ നൽകുമെന്നും അധികൃതർ അറിയിച്ചു. ഓണ്‍ലൈന്‍ ചാനലിലെ അവതാരകയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയുമാണ് കുട്ടിയുടെ അമ്മ. ആണ്‍സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ അവതാരകനാണ്.