‘ഞാന്‍ മനപ്പൂര്‍വം അവരുടെ ഇടയില്‍ കയറിക്കിടന്നു, എന്നെ ചവിട്ടി താഴെയിട്ടു, അമ്മ കണ്ടിട്ടും പ്രതികരിച്ചില്ല’; വേദനയോടെ പന്ത്രണ്ടുകാരന്‍ പറയുന്നു
Mail This Article
‘‘ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടൻ ഇടയ്ക്ക് നിൽക്കാൻ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വം ഞാന്‍ ഇടയില്‍ കയറിക്കിടന്നു. ചേട്ടനോട് മാറാന്‍ പറഞ്ഞപ്പോള്‍ മാറിയില്ല.
ചേട്ടൻ പറഞ്ഞു എന്നെ തൊട്ടാല്‍ ഞാൻ നിന്നെ അടിക്കും. പക്ഷേ, ഞാന്‍ അവിടെത്തന്നെ കിടന്നു. അമ്മയെ പിടിച്ച് അടുത്ത മുറിയില്‍ പോയി കിടക്കാമെന്ന് പറഞ്ഞു. അപ്പോള്‍ ആ ചേട്ടന് ദേഷ്യം വന്നു. ചേട്ടന്‍ എന്റെ കഴുത്തിൽ പിടിച്ചിട്ട് ബാത്റൂമിന്റെ ഡോറിൽ ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. എന്നെ ചവിട്ടി താഴെയിട്ടു. അമ്മ കണ്ടിട്ടും പ്രതികരിച്ചില്ല. ഒന്നും പറയുകയും ചെയ്തില്ല. അമ്മ എന്റെ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചു.’’- ആണ്‍സുഹൃത്തിന്റെയും അമ്മയുടെയും മര്‍ദ്ദനമേറ്റ പന്ത്രണ്ടുകാരന്റെ വാക്കുകള്‍ ഇങ്ങനെ.
അമ്മ ആണ്‍സുഹൃത്തിനൊപ്പം കിടക്കുന്നതു എതിര്‍ത്ത മകനാണ് കൊച്ചിയില്‍ ക്രൂരമര്‍ദനമേറ്റത്. മകന്റെ പരാതിയില്‍ കേസെടുത്ത എളമക്കര പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയും യുട്യൂബ് ചാനല്‍ അവതാരകയുമാണ് അമ്മ. ആണ്‍സുഹൃത്ത് യുട്യൂബ് ചാനലിലെ സഹപ്രവര്‍ത്തകനാണ്.
ആശുപത്രിയില്‍ ചികിത്സ തേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേർപിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോള്‍ പിതാവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി അച്ഛന്റെ സംരക്ഷണത്തില്‍ വിടുകയായിരുന്നു.