പേടിച്ച് കരഞ്ഞ ഒന്നര വയസുകാരിയുടെ വായ പൊത്തിപ്പിടിച്ചു; സഹോദരിയെ പീഡനത്തിനു ഇരയാക്കി ബംഗാള്‍ സ്വദേശികള്‍
Mail This Article
പത്തനംതിട്ട തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. ബംഗാളിലെ മാൽഡ ജില്ലയിലെ ഗംഗാരാംപുർ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.
അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ ഗോത്രഭാഷ മാത്രം അറിയാവുന്ന കുട്ടികൾ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. റോഡിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനായി കുട്ടികൾ പുറത്തിറങ്ങിയ തക്കം നോക്കി പ്രതികൾ മുറിയിൽ കയറി ഒളിച്ചിരുന്നു. കുട്ടികൾ തിരികെയെത്തി വാതിലടച്ച് ഉറങ്ങാൻ കിടന്ന സമയം 14 വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു.
ഇളയകുട്ടിയായ ഒന്നര വയസ്സുകാരി പേടിച്ച് നിലവിളിച്ചസമയം പ്രതികളിലൊരാൾ കുട്ടിയുടെ വായ് പൊത്തിപ്പിടിച്ചു. പുറത്തിറങ്ങിയോടിയ കുട്ടികൾ അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ ആളുകൾ ചേർന്ന് പ്രതികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.