‘150 വോട്ട് നിനക്ക് കിട്ടില്ല എന്ന് വെല്ലുവിളിച്ചവർക്ക് മുന്നിൽ 1500 വോട്ടുകള്‍ നേടി; ജയിക്കും എന്ന പ്രതീതി സൃഷ്ടിച്ചു’: അഖില്‍ മാരാര്‍
Mail This Article
തദ്ദേശ തിരഞ്ഞെടുപ്പ് ചൂടു പിടിക്കുമ്പോള്‍ പത്തു വര്‍ഷം മുന്‍പ് സ്വതന്ത്രനായി മത്സരിച്ച ഓര്‍മകള്‍ പങ്കുവച്ച് സംവിധായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അഖില്‍ മാരാര്‍. കോട്ടാത്തല ബ്ലോക്ക് പഞ്ചായത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അഖില്‍ അന്ന് മല്‍സരിച്ചത്. 150 വോട്ട് കിട്ടില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ താന്‍ 1500 വോട്ടുകള്‍ അന്ന് നേടിയെന്നു അഖില്‍ പറയുന്നു. ശിവകാശിയില്‍ പോയി പോസ്റ്റര്‍ അടിച്ചുവെന്നും നൂറിലേറെ ഫ്ലക്സുകള്‍ അടിച്ചുവെന്നും അഖില്‍ കുറിക്കുന്നു.
അഖില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
മറ്റൊരു തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ 10 വർഷം മുൻപ് കോൺഗ്രസിലെ ചിലരുടെ തീരുമാനങ്ങളോട് യോജിക്കാൻ കഴിയാതെ സ്വതന്ത്രൻ ആയി ബ്ലോക്ക് പഞ്ചായത്തിൽ മത്സരിക്കാൻ ഞാൻ തീരുമാനിച്ചു. വളരെ കുറച്ചു സമയം മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.
150 വോട്ട് നിനക്ക് കിട്ടില്ല എന്ന് വെല്ലുവിളിച്ചവർക്ക് മുന്നിൽ ഞാൻ എന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരാഘോഷമാക്കി. ശിവകാശിയിൽ പോയി പോസ്റ്റർ അടിച്ചു. നൂറിലധികം ഫ്ളക്സ് അടിച്ചു. ഫ്ലക്സുകൾ വെയ്ക്കാനുള്ള ഫ്രെയിം ഞാനും നമ്മുടെ പിള്ളേരും ചേർന്ന് അടിച്ചു.. രാവിലെ മുതൽ വോട്ട് പിടിക്കാൻ ഇറങ്ങും.. ഉച്ചയ്ക്ക് ശേഷം ഫ്ളക്സ് ബോർഡ് അടി.. രാത്രി പോസ്റ്റർ ഒട്ടിക്കലും ഫ്ലക്സ് വെയ്ക്കലും.
പല വാർഡുകളിലും ഞാൻ ചർച്ച ആയി. ബ്ലോക്ക് പഞ്ചായത്തിൽ സ്വതന്ത്രൻ ജയിക്കും എന്ന പ്രതീതി വരെ സൃഷ്ടിച്ചു. ആ പ്രതീതി പാർട്ടികൾക്കിടയിൽ ജാഗ്രത സൃഷ്ടിച്ചു. എനിക്ക് വോട്ട് നൽകും എന്ന് പറഞ്ഞ പലകുടുംബങ്ങളിലും അവർ കൃത്യമായി ഇടപെട്ടു. എന്റെ പല പോസ്റ്ററുകളും, ഫ്ലക്സുകളും നശിക്കപ്പെട്ടു.
രണ്ടായാലും 150 വോട്ട് കിട്ടില്ല എന്ന് വെല്ലുവിളിച്ചവരുടെ മുന്നിൽ 1500 വോട്ടിലധികം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞു. എന്ത് കൊണ്ടാണ് എനിക്ക് ഈ വോട്ട് കിട്ടാൻ കാരണം എന്ന് ചോദിച്ചാൽ നേരിട്ടു സംസാരിച്ച വോട്ടർമാർക്ക് ഞാൻ നൽകിയ വിശ്വാസം. ജനങ്ങളെ വിശ്വാസത്തിൽ എടുക്കാനും ആ വിശ്വാസം കാത്തു സൂക്ഷിക്കാനും കഴിയുക എന്നത് മാത്രമാണ് ഓരോ പൊതു പ്രവർത്തകനും ഉയർത്തി പിടിക്കേണ്ട ആദർശം. ജനങ്ങളെ മനസ്സിലാക്കുക സത്യത്തിനും നീതിയ്ക്കും വേണ്ടി പോരാടുക. ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ.