ADVERTISEMENT

മുത്തശ്ശിയാണ് എന്നും കുഞ്ഞുഹെയ്സലിനെ കുളിപ്പിച്ചു സുന്ദരിയാക്കി, ഭക്ഷണം നല്‍കി സ്കൂളിലേക്കു വിടുന്നത്. സ്കൂള്‍ ബസ് ഹോണടിക്കുമ്പോള്‍ ചക്കരമുത്തം കൂടി നല്‍കിയാണ് വിടുന്നത്. ഇന്നലെയും പതിവുപോലെ മിടുക്കിയാക്കി കുഞ്ഞിനെ സ്കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത. ഇടുക്കി ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി സ്കൂളിന്റെ മുറ്റത്തുവച്ച് ബസ് കയറിയാണ് കുഞ്ഞ് മരിച്ചത്.  

ഇന്നലെ രാവിലെ തടിയമ്പാട് ആശുപത്രി ജംക്‌ഷനിൽനിന്നാണ് സ്കൂൾ ബസിൽ ഹെയ്സൽ കയറിയത്. ഒരു മണിക്കൂറിനുള്ളിൽ ബന്ധുക്കളെ തേടി മരണവാര്‍ത്തയെത്തി. തടിയമ്പാട് ടൗണിനു സമീപമുള്ള വാടകവീട്ടിലേക്ക് ഇവർ താമസം മാറിയതു 2 മാസം മുൻപാണ്. ഹെയ്സലിന്റെ പിതാവ് ബെൻ ജോൺസൺ എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ പിആർഒ ആണ്.അമ്മ ജീബ ജോൺ തൊടുപുഴ കോഓപ്പറേറ്റീവ് ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയും. 

ADVERTISEMENT

അപകട വാർത്ത മുത്തശ്ശൻ ബേബിയാണ് ആദ്യം അറിഞ്ഞത്. ഉടൻ മെഡിക്കൽ കോളജിൽ എത്തിയ ബേബിക്കു കുഞ്ഞ് മരിച്ച വിവരം അറിഞ്ഞതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മെഡിക്കൽ കോളജിൽ ചികിത്സയിലായ ബേബിക്ക് അരികിലേക്കെത്തിയ മേരിയും വിവരം അറിഞ്ഞതോടെ തളർന്നു വീണു. വാഴത്തോപ്പ് ഗിരിജ്യോതി സ്കൂളിന്റെ മുറ്റത്തു ബസ് കയറി വിദ്യാർഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്തു വീഴ്ചയെന്ന് ആരോപണം ശക്തമാവുകയാണ്. 

പോർച്ചിൽ ബസ് നിർത്തിയാൽ, കുട്ടികൾ ബസിൽനിന്ന് ഇറങ്ങി നട കയറി സ്കൂൾ വരാന്തയിലൂടെ ക്ലാസ് മുറികളിലേക്കു പോകുന്നതായിരുന്നു പതിവ്. എന്നാൽ, ഇന്നലെ അപകടത്തിൽപെട്ട കുട്ടികൾ കൈകോർത്തു മുറ്റത്തുകൂടി നടന്നാണു ക്ലാസിലേക്കു പോയത്. ഇവരെ ശ്രദ്ധിക്കാൻ ആയമാർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. സെക്യൂരിറ്റി വിഭാഗം ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. ഇത്രയും കുഞ്ഞുകുട്ടികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രത സ്കൂള്‍ അധികൃതര്‍ കാണിച്ചില്ലെന്നു തന്നെയാണ് ഉയരുന്ന ആരോപണം. 

ADVERTISEMENT
Grandmother's Heartbreak: Child Dies in School Bus Accident:

School bus accident in Idukki claims the life of a child. The young girl was dropped off at school by her grandmother and tragically died shortly after.

ADVERTISEMENT
ADVERTISEMENT