ലേബര്റൂമില് ഇടമില്ല, ശുചിമുറിയിലേക്ക് നടക്കുന്നതിനിടെ പ്രസവം; ജനിച്ചയുടന്‍ തറയില്‍ തലയിടിച്ച് വീണ കുഞ്ഞിന് ദാരുണാന്ത്യം
Mail This Article
ലേബര്‍ റൂമില്‍ ഇടമില്ലാതെ ഇടനാഴിയില്‍ കഴിയേണ്ടി വന്ന ഗര്‍ഭിണിക്ക് നഷ്ടപ്പെട്ടത് നൊന്തു പ്രസവിച്ച കുഞ്ഞിനെ... ശുചിമുറിയിലേക്ക് നടന്നു പോകുന്നതിനിടെ യുവതി പ്രസവിക്കുകയായിരുന്നു. ജനിച്ചയുടന്‍ തറയില്‍ തലയിടിച്ച് വീണ കുഞ്ഞ് അപ്പോള്‍ തന്നെ മരിക്കുകയായിരുന്നു. കര്‍ണാടകയിലെ ഹാവേരി സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണസംഭവം നടന്നത്.
റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷ് (30) പ്രസവിച്ച പെൺകുഞ്ഞാണ് മരിച്ചത്. പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ ബെഡ് ഒഴിവില്ലെന്നു പറഞ്ഞ് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. പ്രസവ സമയമായോ എന്നു പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാരോ നഴ്സുമാരോ തയാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
തറയിലെവിടെയെങ്കിലും ഇരിക്കാന്‍ ആയിരുന്നു ജീവനക്കാര്‍ പറഞ്ഞത്. പ്രസവവേദന കൂടിയതോടെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായ യുവതി നടക്കുന്നതിനിടെ പ്രസവം നടക്കുകയായിരുന്നു.
‘രൂപയ്ക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടു. ഒന്നും ചെയ്യാനാവാതെ വിഷമിക്കുകയായിരുന്നു. എന്നാൽ ഡോക്ടർമാരോ നഴ്സുമാരോ ആരും തിരിഞ്ഞു നോക്കിയില്ല. ഞങ്ങൾ അവരോട് യാചിച്ചുപറഞ്ഞു. പക്ഷേ, മൊബൈലിൽ നോക്കിയിരുന്നതല്ലാതെ ഒന്നും ചെയ്തില്ല...’ – കുടുംബാഗങ്ങൾ പറയുന്നു.
അതേസമയം യുവതിയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോതില്‍ വര്‍ധിച്ചെന്നും കുട്ടി ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ മരിച്ചെന്നുമാണ് ആശുപത്രി സര്‍ജന്‍ പി ആര്‍ ഹവാനൂര്‍ പ്രതികരിച്ചത്. തലേദിവസം രാത്രി മുതല്‍ കുഞ്ഞിന് അനക്കമില്ലെന്ന് യുവതി തന്നെ തങ്ങളോട് പറഞ്ഞിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് കാണിച്ചു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.