കണ്ടെയ്നർ ലോറി തട്ടി ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിന്റെ ചില്ലു തുളച്ച് അകത്തുകയറി; പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം
Mail This Article
തൃശൂർ പെരുമ്പിലാവ് കണ്ടെയ്നർ ലോറി തട്ടി പൊട്ടിവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ ചില്ലു തുളച്ച് അകത്തുകയറി പരുക്കേറ്റ യുവതിക്കു ദാരുണാന്ത്യം. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് പരേതരായ അശോകന്റെയും ശ്രീജയുടെയും മകൾ ആതിരയാണ് (27) മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരുക്കേറ്റു. ഇന്നലെ വൈകിട്ടു 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.
കോഴിക്കോടു ഭാഗത്തു നിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്റെ മുൻസീറ്റിലായിരുന്നു ആതിര. കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു.
റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി. എടപ്പാൾ കെവിആർ ഓട്ടോമോബൈൽസിലെ ജീവനക്കാരിയാണ്. ഭർത്താവ്: വിഷ്ണു. സഹോദരങ്ങൾ: അഭിലാഷ്, അനു.