ഹോട്ടലില്‍ കയറുമ്പോൾ കടുത്ത ദുർഗന്ധം, ചിക്കൻ കഴുകുന്നത് ക്ലോസറ്റിന്റെ മുകളിൽ വച്ച്! പന്തളത്ത് മൂന്നു ഹോട്ടലുകൾ പൂട്ടിച്ചു
Mail This Article
പത്തനംതിട്ട പന്തളം കടയ്ക്കാട് ഹോട്ടലിൽ ചിക്കൻ കഴുകുന്നത് ക്ലോസറ്റിന്റെ മുകളിൽ വച്ച്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന മൂന്നു ഹോട്ടലുകൾ കണ്ടെത്തി പൂട്ടി. ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ് വൃത്തിയില്ലാത്ത ഹോട്ടലുകൾ നടത്തിയിരുന്നത്. കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം.
ഒന്നര ആഴ്‌ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണു വെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിരുന്നത്. മൂന്ന് ഹോട്ടലുകൾക്കും പതിനായിരം രൂപ വീതം പിഴ ഈടാക്കി. തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്‌മിര ഖാത്തുൻ, എസ്.കെ.സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്.
ഹോട്ടലിലേക്ക് കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പെടെ പിടിച്ചെടുത്തു. കെട്ടിടത്തിന്റെ വരാന്തകളും മുറികളും പരിസരവുമെല്ലാം വൃത്തിഹീനമാണ്. ശുചിമുറികളും മലിനമാണ്. കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ് മാലിന്യവും മലിനജലവും തള്ളുന്നത്. ഇത് ഇടുങ്ങിയ തോട്ടിലൂടെ സമീപത്തെ പുഞ്ചയിലേക്കാണ് ഒഴുകിയെത്തുന്നത്.