ADVERTISEMENT

വീട്ടിലെത്തുന്നതിനു നിമിഷങ്ങൾ മുൻപുണ്ടായ അപകടത്തിൽ രണ്ടു കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലാണു നാട്. സ്കൂൾ വിട്ട് വീട്ടിലെത്തി കളിചിരികളാൽ വീട് നിറയേണ്ട സമയത്ത് അലയടിച്ചത് വിഷാദം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പരുക്കേറ്റ കുട്ടികളെ കാണാൻ നിലവിളികളോടെയാണു ബന്ധുക്കളെത്തിയത്. അപകടത്തിന്റെ വ്യാപ്തിയോ തീവ്രതയോ തുടക്കത്തിൽ അറിഞ്ഞിരുന്നില്ല. 

ഇന്നലെ വൈകിട്ട് 3.30ന് ശേഷം കരിമാൻതോട് –തൂമ്പാക്കുളം റോഡിലാണ് അപകടം. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചുമാറ്റിയപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. കരിമാൻതോട് മുതൽ തൂമ്പാക്കുളം വരെ റോഡിനു സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ ഇല്ലായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുട്ടിയുടെ അമ്മയാണ് ബഹളം വച്ച് ആളുകളെ കൂട്ടിയത്. ഓടിക്കൂടിയ നാട്ടുകാർ കിട്ടിയ വാഹനങ്ങളിൽ കുട്ടികളെയും ഡ്രൈവറെയും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. 5 കുട്ടികളുണ്ടായിരുന്നെന്ന കാര്യം സ്ഥലത്തെത്തിയവർ അറിഞ്ഞിരുന്നില്ല. 

ADVERTISEMENT

മൂന്നാം ക്ലാസുകാരിയായ ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നു സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ തിരുവല്ലയിലേക്കു മാറ്റി. യദുകൃഷ്ണയുടെ അമ്മ ഈ സമയം പത്തനംതിട്ടയിലെത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ കുട്ടിയെ കാണാൻ കഴിഞ്ഞില്ല. 

പല ആശുപത്രികളിലേക്കു കൊണ്ടുപോയതിനാൽ അവിടെയും അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഇതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു മടങ്ങിയ അഗ്നിരക്ഷാ സേന വീണ്ടും അപകടസ്ഥലത്തെത്തി തിരച്ചിൽ തുടങ്ങിയത്. അപ്പോൾ സമയം വൈകിട്ട് ഏഴു കഴിഞ്ഞു. ഏഴര കഴിഞ്ഞാണ് ഓട്ടോറിക്ഷ മറിഞ്ഞതിനടുത്ത് 15 മീറ്ററോളം മാറി തോട്ടിലെ വെള്ളത്തിനടിയിൽ കല്ലുകൾക്കിടയിലായി യദുകൃഷ്ണയെ കണ്ടെത്തി‍യത്. 

ADVERTISEMENT

കോന്നി മെഡിക്കൽ കോളജിലേക്കാണ് എത്തിച്ചത്. പ്രതീക്ഷയോടെയും പ്രാർഥനയോടെയും കാത്തിരുന്നവരെ സങ്കടത്തിലാഴ്ത്തി യദുവിന്റെ മരണവും ഉടൻ സ്ഥിരീകരിച്ചു. അഗ്നിരക്ഷാ സേന പത്തനംതിട്ട സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാർ, കോന്നി സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സഞ്ജു എന്നിവരുടെ നേതൃത്വത്തിൽ 16 അംഗ സംഘവും തണ്ണിത്തോട് എസ്എച്ച്ഒ ഡി.കെ.വിജയരാഘവൻ, എഎസ്ഐ കെ.കെ.ജയരാജ്, സിപിഒമാരായ ശരത്, വിഷ്ണു, രതീഷ് എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.

Tragic Loss: Two School Children Die in Auto Accident:

Road accident in Pathanamthitta claims the lives of two school children. The tragic incident occurred when their auto rickshaw toppled into a stream after swerving to avoid a snake, highlighting the need for better road safety measures.

ADVERTISEMENT
ADVERTISEMENT