നടരാജനും സിന്ധുവും രക്തം വാർന്നുകിടന്നു, ചോരപുരണ്ട വെട്ടുകത്തിയുമായി മകന് വീടിനു മുന്നില്! പ്രതിയെ കയർ കെട്ടി കീഴ്‍പ്പെടുത്തി പൊലീസ്
Mail This Article
ആലപ്പുഴ പുല്ലുകുളങ്ങര അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു, വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയിൽ. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണു പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ നവ്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കെയാണ് നവജിത്ത് പിതാവ് നടരാജനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധു മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര കോടതിയിലെ അഭിഭാഷകനാണ് നവജിത്ത്. സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
സാമ്പത്തികമായി ഉയർന്ന നിലയിലാണു കുടുംബമെന്നും സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. രക്ഷിതാക്കളും മകനും തമ്മിലുള്ള കുടുംബപ്രശ്നങ്ങളാകാം അക്രമത്തിനു പിന്നിലെന്നു പ്രദേശവാസികൾ പറയുന്നു. മാതാപിതാക്കളെ വെട്ടിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച പ്രതി നവജിത്തിനെ പൊലീസ് കീഴ്‍പ്പെടുത്തിയത് അതിസാഹസികമായാണ്.
ഇന്നലെ രാത്രി 8.30ന് ആയിരുന്നു സംഭവം. മാതാപിതാക്കളുമായുണ്ടായ തർക്കത്തെത്തുടർന്ന് നവജിത്ത് ഇരുവരെയും വെട്ടുകത്തികൊണ്ടു വെട്ടി. നിലവിളി കേട്ടു പ്രദേശവാസികൾ എത്തിയപ്പോൾ നവജിത്ത് ചോരപുരണ്ട വെട്ടുകത്തിയുമായി വീടിനു പുറത്തു നിൽക്കുന്നതു കണ്ടത്. വീടിനുള്ളിൽ കയറിനോക്കിയപ്പോഴാണു നടരാജനും സിന്ധുവും രക്തം വാർന്നുകിടക്കുന്നതു കണ്ടത്.
സ്ഥലത്തെത്തിയ പൊലീസ് കയർ ഉപയോഗിച്ച് പ്രതിയെ വരിഞ്ഞു മുറുക്കി കീഴ്‍പ്പെടുത്തി. മകൻ പിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപിച്ച വിവരം അറിഞ്ഞു പ്രദേശത്ത് വൻജനക്കൂട്ടം തടിച്ചുകൂടി. പ്രതിക്കെതിരെ പാഞ്ഞടുത്ത നാട്ടുകാരെ ശാന്തരാക്കാൻ പൊലീസ് പാടുപെട്ടു. ജനം അക്രമാസക്തരായയോടെ വീടിനു പിൻവശത്തെ വാതിലിലൂടെയാണ് പൊലീസ് പ്രതിയെ കൊണ്ടുപോയത്.