ADVERTISEMENT

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ അറസ്റ്റിലായ രാഹുൽ ഈശ്വറിനെതിരെ ഗാനരചയിതാവും സാമൂഹിക നിരീക്ഷകയുമായ മൃദുല ദേവി. രാഷ്ട്രീയ സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരു കുഞ്ഞിനെ ഇല്ലാതാക്കിയ ഒരുവനെ പിന്തുണച്ചു കൊണ്ടാവരുത് പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി നിലകൊള്ളേണ്ടത് എന്ന് മൃദുല ഫെയ്സ്ബുക് കുറിപ്പില്‍ പറയുന്നു.

മൃദുല ദേവി പങ്കുവച്ച കുറിപ്പ് വായിക്കാം:

ADVERTISEMENT

കഴിഞ്ഞ ദിവസം രാഹുൽ ഈശ്വറിന്റെ ഒരു വിഡിയോ കണ്ടിരുന്നു. അതിൽ കുറെയേറെത്തവണ പരാതിക്കാരിയായ പെൺകുട്ടിയെ കള്ളി, കള്ളി എന്ന് വിളിക്കുന്നുണ്ടായിരുന്നു. ആ പെൺകുട്ടിയെ കളിയാക്കിക്കൊണ്ട് ‘കള്ളിപൂങ്കുയിലേ’ എന്ന പാട്ടും പാടുന്നുണ്ടായിരുന്നു. അതിന് താഴെ ആ പെൺകുട്ടിയെ അധിക്ഷേപിക്കുന്ന ഒരുപാടു കമന്റുകളും ഉണ്ടായിരുന്നു.

ഒരു എംഎൽഎ ആണ് പെൺകുട്ടിക്ക് എതിർപക്ഷത്തിലുള്ളത്. അവർ തമ്മിലുള്ള അന്തരം അത്രയും വലുതാണ്. സാമൂഹിക പിന്തുണ രാഹുൽ മാങ്കൂട്ടത്തിന് ഏറെയുണ്ട്. അദ്ദേഹത്തിന്റെ പാർട്ടി അണികളുടെ പിന്തുണ തന്നെ ധാരാളമാണ്. അവർ പിന്തുണയ്ക്കുക മാത്രമല്ല പെൺകുട്ടിക്കെതിരെ വ്യാപകമായി സൈബർ ബുള്ളിയിങ് ചെയ്യുന്നുമുണ്ട്. പെൺകുട്ടിയുടെ മാനസിക നില തകർക്കുന്ന അവസ്ഥയാണിത്. രാഹുൽ മാങ്കൂട്ടത്തിനെ കട്ടയ്ക്ക് പിന്തുണച്ചുകൊണ്ടാണ് രാഹുൽ ഈശ്വർ തുടരെ വിഡിയോയുമായി വരുന്നത്. അതുകൊണ്ടുതന്നെ വലതുപക്ഷ ശക്തികളുടെ സപ്പോർട്ടും രാഹുൽ മാങ്കൂട്ടത്തിനു ലഭിക്കുന്നുണ്ട്.

ADVERTISEMENT

രാഹുൽ ഈശ്വർ പറയുന്ന ന്യായം അദ്ദേഹം പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി നില കൊള്ളുന്നു എന്നാണ്. തീർച്ചയായും പുരുഷന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുക തന്നെ വേണം. അതു പക്ഷേ ഒരിക്കലും ഭൂമിയിലേക്ക് പിറക്കാൻ ഇരുന്ന ഒരു കുഞ്ഞിനെ സ്വന്തം രാഷ്ട്രീയ സ്ഥാന മാനങ്ങൾക്ക് വേണ്ടി ഇല്ലാതാക്കുവാൻ ശ്രമിച്ചവനെ പിന്തുണച്ചു കൊണ്ടാകരുത്.

എനിക്ക് കുഞ്ഞിനെ വേണം എന്ന് ഒരു മാസം മുഴുവൻ ചാറ്റ് ചെയ്തു ഗർഭം ഉണ്ടാക്കുന്നത് പീഡനം അല്ല എന്നാണ് രാഹുൽ ഈശ്വർ വാദിക്കുന്നത്. സോഷ്യൽ ക്യാപിറ്റൽ ഉള്ള പുരുഷൻ എനിക്ക് നിന്റെ കുഞ്ഞിനെ വേണം എന്ന് പറഞ്ഞുകൊണ്ട് അതിലേക്ക് വീഴ്ത്തുന്നതിൽ ഫിസിക്കൽ വയലൻസ് ഇല്ല എന്ന് മാത്രമേ ഉള്ളൂ. സ്ത്രീ ശരീരത്തിന്റെ ഹോർമോൺ പ്രത്യേകതകൾ കൊണ്ടും, വിവാഹ ജീവിതത്തിൽ വന്ന തിരിച്ചടികൾ കൊണ്ട് ഒറ്റപ്പെട്ടു പോയ പെൺകുട്ടിയായതുകൊണ്ടും അതിനകത്ത് പെട്ടുപോയി. രാഹുൽ ആ സമയങ്ങളിൽ ഏറ്റവും അറിയപ്പെടുന്ന യുവ നേതാവായിരുന്നു. അങ്ങനെയുള്ള ഒരാളുടെ പ്രണയം കൂടിയായപ്പോൾ അവൾ അതിൽ വീണതാവണം.

ADVERTISEMENT

സുരക്ഷകൾ എടുക്കാതെ സെക്സ് ചെയ്യുവാൻ എടുത്ത രാഹുൽ മാങ്കൂട്ടത്തിന്റെ ഇമോഷണൽ ബ്ലാക്ക് മെയിലിങ് മാത്രമായിരുന്നു അത്. കുഞ്ഞിനെ വേണം എന്ന് പറഞ്ഞു കൊണ്ട് നടത്തിയ ചാറ്റ് പിന്നീട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞപ്പോൾ മാറുന്നുണ്ട്. പിന്നീട് അത് അബോർഷൻ ചെയ്യണമെന്നുള്ള ആവശ്യമായി മാറുന്നു. അതൊന്നും പിന്നെ പീഡനമല്ലെങ്കിൽ പിന്നെ മറ്റെന്താണ് രാഹുൽ ഈശ്വർ?

ആ പെൺകുട്ടിയുടെ വായിൽ രാഹുൽ മാങ്കൂട്ടത്തിൽ മരുന്ന് ഒഴിച്ച് കൊടുത്തിട്ടില്ല ആ പെൺകുട്ടി തന്നെയാണ് മരുന്ന് കഴിച്ചത്. അപ്പോൾ പിന്നെ അതെങ്ങനെ പീഡനം ആകും എന്നാണ് രാഹുൽ ഈശ്വർ വീണ്ടും ചോദിക്കുന്നത്. രാഹുൽ നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ്. ഭർത്താവില്ലാതെ ഗർഭിണി ആകുന്ന സ്ത്രീകളെ നമ്മൾ മലയാളികൾ ഗർഭം ഉണ്ടാക്കിയ രാഹുലിനെ അംഗീകരിക്കുന്നതു പോലെ ചേർത്തുപിടിക്കില്ല. കുടുംബക്കാരും കൂട്ടുകാരും പോലും അവരെ കയ്യൊഴിയും. ആ ഒരു ഘട്ടത്തിലാവും അവൾ മരുന്നു കഴിച്ചിട്ടുണ്ടാവുക. 

നമ്മുടെ മാനുഷിക പരിഗണന അവൾക്കൊപ്പമാണുണ്ടാകേണ്ടത്. രാഹുൽ ഈശ്വറിനെ സംബന്ധിച്ചിടത്തോളം പീഡനം എന്ന് പറഞ്ഞാൽ പഴയകാല സിനിമയിൽ ബാലൻ.കെ.നായരും, കെ.പി.ഉമ്മറും റേപ്പ് സീനുകളിൽ ഒക്കെ ചെയ്തതായിരിക്കും. റിപ്പീറ്റഡ് സെക്ഷ്വൽ മിസ്ബിഹേവിയറിന് ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിനെ സപ്പോർട് ചെയ്തുകൊണ്ട് താങ്കൾ പീഡനത്തിന്റെ നിർവചനം തന്നെ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി മാറ്റി എഴുതുന്നുണ്ട്. താങ്കളുടെ ഓരോ വിഡിയോയ്ക്ക് താഴെയും വന്നു ആരാധകർ ജയ് വിളിക്കുമ്പോൾ താങ്കൾ പ്രത്യേക ഉന്മാദ അവസ്ഥയിൽ ആകുകയും അത് എൻജോയ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആ സ്റ്റാർഡം പദവിക്കുവേണ്ടി താങ്കൾ കാണിക്കുന്നത് മുഴുവൻ മനുഷ്യവിരുദ്ധതയാണ്.

രാഹുൽ ഈശ്വർ ഇല്ലെങ്കിൽ പുരുഷന്മാരെ രക്ഷിക്കാൻ ആരുമില്ല എന്നൊന്നും കരുതരുത്. ‘എനിക്ക് ശേഷം പ്രളയം’ എന്നൊരു ചിന്താഗതിയിൽ നിന്നാണ് ഇമ്മാതിരി ഡയലോഗ് ഒക്കെ ഉണ്ടാവുന്നത്. ജനിച്ചു ജീവിക്കേണ്ടിയിരുന്ന ഒരു കുഞ്ഞിനെ ചോരയായി ഒഴുക്കിക്കളയാൻ കാരണമാക്കിയവനെ പിന്തുണച്ചു കൊണ്ടല്ല പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത്. രാഹുലിനെ പോലെ ഒട്ടുമേ സെക്കുലർ അല്ലാത്ത ഒരാൾക്ക് അത് സാധിക്കുകയുമില്ല. ഈ അറസ്റ്റും, ജയിൽ പ്രവേശവുമൊന്നും താങ്കൾക്ക് ആനക്കാര്യമൊന്നുമല്ല. ഇത്തരത്തിൽ ഒരു സീൻ സൃഷ്ടിക്കുവാൻ വേണ്ടിത്തന്നെയാണ് താങ്കൾ വീഡിയോകൾ ഇറക്കിയത് തന്നെ. സോഷ്യൽ മീഡിയയിൽ കൂടി പൊലീസ് വന്നു നിൽക്കുമ്പോൾ ലാപ്ടോപ്പ് ഒളിച്ചു വയ്ക്കുന്നു എന്ന് താങ്കൾ പറഞ്ഞത് താങ്കളുടെ തിരക്കഥയിലെ അടുത്ത നാടകമായ ലാപ് ടോപ് അന്വേഷണത്തിനിറങ്ങുന്ന പൊലീസിനെ രംഗത്ത് ഇറക്കുവാൻ വേണ്ടിയായിരുന്നു.

നീതി നിഷേധിക്കപ്പെടുന്ന പുരുഷന്മാർക്ക് വേണ്ടി എല്ലാവരും എന്നും ഉണ്ടാകും. അത് ഒരിക്കലും രാഹുൽ ഈശ്വറിനെപ്പോലെയുള്ളവർ കടന്നു വന്നുകൊണ്ടാകരുത്. തുടർച്ചയായി ബ്ലീഡിങ് വന്നാൽ ഒരു സ്ത്രീയുടെ മാനസിക നില തകരും. അബോർഷൻ ഒരു പെണ്ണിനെ എത്രത്തോളം ഇമോഷണലി തകർക്കും എന്നുള്ളത് മനുഷ്യത്വപരമായി ചിന്തിച്ചാൽ മനസിലാകും. അവരുടെ വേദനയെ നോർമലൈസ് ചെയ്തു കൊണ്ട് പുരുഷ ശരികൾ നിർമിക്കുന്നത് സപ്പോർട് ചെയ്യുവാൻ വിവേകമുള്ള പുരുഷൻമാർ കൂട്ടുനിൽക്കില്ല എന്നെങ്കിലും താങ്കൾ മനസ്സിലാക്കുക. ഇനിയും ആ പെൺകുട്ടിയെ കൂടുതൽ ഉപദ്രവിക്കാതിരിക്കുക. നിയമം നടപ്പിലാക്കട്ടെ. വഴി മാറിക്കൊടുക്കുക.

Mridula Devi's Criticism of Rahul Eswar's Actions:

Rahul Eswar's arrest is criticized by Mridula Devi for allegedly defaming the woman who filed a complaint against Rahul Mankootathil. The post highlights the cyberbullying faced by the woman and questions the support for someone who allegedly prioritized political gains over a child's life.

ADVERTISEMENT