രാഹുലുമായി അടുത്ത സൗഹൃദമുണ്ടെന്ന് സമ്മതിച്ച് നടി; കാറിന്റെ ഉടമയായ നടിയിൽ നിന്ന് വിവരങ്ങൾ തേടി പൊലീസ്
Mail This Article
യുവതി ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഏഴാം ദിവസവും ഒളിവിൽ. രാഹുലിനെ തിരഞ്ഞ് പൊലീസ് കർണാടകയിലെത്തി. ഇന്നലെ രാത്രി ബെംഗളൂരുവിൽ തിരച്ചിൽ നടത്തി. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ച കാറിന്റെ ഉടമയായ നടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. രാഹുലുമായി സൗഹൃദമുണ്ടെന്ന് നടി സമ്മതിച്ചു.
രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. കോടതിയിൽ നിന്ന് നടപടികളുണ്ടായാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നുണ്ട്. വിവാദങ്ങൾ ഉയർന്നപ്പോൾ രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രാഹുലിന് പിന്തുണ പ്രഖ്യാപിച്ച്, യുവതിക്കെതിരെ വിഡിയോ ചെയ്ത രാഹുൽ ഈശ്വർ പൂജപ്പുര ജയിലിൽ നിരാഹാരം തുടരുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.
കാസർകോട് ജില്ലയിലെ കോൺഗ്രസ് നേതാവിന്റെ ബന്ധുവിന് സത്യമംഗലം വനമേഖലയിൽ ഉള്ള റിസോർട്ടിൽ രാഹുൽ എത്തിയെന്ന വിവരത്തെ തുടർന്ന് ഇന്നലെ പൊലീസ് സംഘം അവിടെയെത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് ബെംഗളൂരുവിനു സമീപമുണ്ടെന്ന വിവരം ലഭിച്ചത്. രാഹുൽ യാത്ര ചെയ്തിരുന്നുവെന്നു സംശയിച്ച കാർ കണ്ടെത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. രാഹുൽ പാലക്കാട് താമസിച്ചിരുന്ന കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽ കെയർ ടേക്കറിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.