‘പീഡനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, മിണ്ടിയാല്‍ സൈബര്‍ ആക്രമണം ഉണ്ടാകും’; രാഹുല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് യുവതി
Mail This Article
പൊലീസില്‍ പരാതി നല്‍കിയാല്‍ സൈബർ ആക്രമണത്തിനു ഇരയാക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഭീഷണിപ്പെടുത്തിയതായി അതിജീവിത. കോൺഗ്രസിന്റെ സൈബർ പ്രവർത്തകരെ ഉപയോഗിച്ച് കടുത്ത രീതിയില്‍ സൈബർ ആക്രമണം നടത്തുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. രാഹുലിനെതിരായ ആക്ഷേപങ്ങളുടെ തുടക്കഘട്ടത്തിൽ ക്രൈംബ്രാഞ്ച് വിവരം ശേഖരിക്കാൻ എത്തിയ സമയത്തായിരുന്നു ഫോൺ വിളിച്ചുള്ള ഭീഷണി.
പീഡനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയിൽ പറയുന്നു. ഇതുകൊണ്ടാണ് ആദ്യഘട്ടത്തിൽ പരാതി നൽകാതിരുന്നത് എന്നും അതിജീവിത കോൺഗ്രസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു അതിജീവിത കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാഹുൽ ഗാന്ധിക്കും പരാതി നൽകിയത്. എന്നാൽ കോൺഗ്രസ് അതിൽ തുടർനടപടി സ്വീകരിച്ചിരുന്നില്ല. പരാതിയിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടാണ് തുടർന്ന് സ്വീകരിക്കാതിരുന്നത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനു ഒളിവിലും സഹായം കിട്ടുന്നെന്ന് പൊലീസ്. രാഹുല്‍ തുടര്‍ച്ചയായി ഒളിയിടം മാറുകയാണ്. കാറും മൊബൈലും എത്തിച്ച് ചിലര്‍ സഹായിക്കുന്നു. കര്‍ണാടകയിലെ രണ്ട് ഒളിത്താവളങ്ങളില്‍ പൊലീസെത്തി. പൊലീസ് എത്തും മുന്‍പ് ഇവിടെ നിന്ന് വീണ്ടും മുങ്ങി. രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന കാറിലല്ലെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പാലക്കാട് നിന്ന് പോയ രാഹുൽ രണ്ട് കിലോമീറ്ററിനുളളിൽ കാർ മാറി കയറി. മറ്റ് കാറുകളിലാണ് രാഹുൽ തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്ക് പോയതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതേസമയം ചുവന്ന കാറിന്റെ ഉടമയായ നടിയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യില്ല. രാഹുലിനെ ചോദ്യം ചെയ്ത ശേഷം ആവശ്യമെങ്കിൽ മാത്രം നടിയിലേക്ക് എത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
ലൈംഗികാതിക്രമ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് കോടതിയില്‍ പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന രാഹുലിന്‍റെ ആവശ്യം കോടതി അംഗീകരിക്കുമോ എന്നതിലാണ് ആകാംഷ. യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പൂര്‍ണമായും വസ്തുതയില്ലെന്ന് തെളിയിക്കാന്‍ രണ്ട് ഘട്ടങ്ങളിലായി പെന്‍ഡ്രൈവിലാക്കി വിപുലമായ തെളിവുകള്‍ രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സൈബര്‍ തെളിവുകളും വാട്സ്ആപ്പ് ചാറ്റുകളും ഓഡിയോ റെക്കോര്‍ഡിങുമാണ് രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിക്ക് കൈമാറിയത്. രാഹുലിനെതിരെ മറ്റൊരു യുവതി കൂടി സമാനപരാതി നല്‍കിയ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിലപാട് നിര്‍ണായകമാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പുതിയ ബലാല്‍സംഗ പരാതിയിൽ അന്വേഷണം ഇന്ന് പ്രഖ്യാപിച്ചേക്കും. 23 വയസുകാരിയായ വിദ്യാർഥിനിയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയത്. പ്രസിഡന്റ് സണ്ണി ജോസഫ് പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.
പരാതിയിൽ പെൺകുട്ടിയുടെ പേരോ മേൽവിലാസമോ ഇല്ലാത്തതിനാൽ ആളെ കണ്ടെത്താൻ പൊലീസിനെ സാധിച്ചിട്ടില്ല. ഇമെയിൽ കേന്ദ്രീകരിച്ച് അന്വേഷിച്ച് ആളെ കണ്ടെത്താനാണ് ആലോചന. ഇതിനായി പരാതി ഡിജിപി കീഴ് ഉദ്യോഗസ്ഥർക്ക് കൈമാറും. പെൺകുട്ടി രേഖാമൂലം മൊഴി നൽകാൻ തയ്യാറാണെങ്കിൽ പുതിയൊരു കേസെടുത്ത് അന്വേഷിക്കാനാണ് ആലോചിക്കുന്നത്. ഇതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.