‘സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്, ഇനിയും വൈകിയാൽ പാര്‍ട്ടി കനത്ത വില നല്‍കേണ്ടി വരും’; സജന ബി സാജന്‍
Mail This Article
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടി നടപടി വേണമെന്ന് ആവര്‍ത്തിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സജന ബി സാജന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന ബി സാജന്‍ പറഞ്ഞു.
‘‘ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരും. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക’’- സജന ഫെയ്സ്ബുക് കുറിപ്പില്‍ പറയുന്നു.
അതേസമയം ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂർത്തിയായി. വിധി നാളെ പറയും. ഒന്നേകാൽ മണിക്കൂറാണ് വാദം നീണ്ടത്. അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്.
രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നൽകിയതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. കേസിനു പിന്നിൽ സിപിഎം- ബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് രാഹുൽ വാദിച്ചു.