‘13 കാരനെ സൈക്കോ ആക്കി, സോഷ്യൽ മീഡിയ ഓഡിറ്റിങ്ങിനു എറിഞ്ഞുകൊടുത്ത അമ്മയെ പിന്തുണയ്ക്കില്ല’: കുറിപ്പ് വൈറല്‍
Mail This Article
പങ്കാളിക്കൊപ്പം ചേര്‍ന്ന് മകനെ ക്രൂരമായി ആക്രമിച്ച കേസില്‍ വിശദീകരണവുമായി യൂട്യൂബ് ചാനല്‍ അവതാരകയും സിവില്‍ സപ്ലൈസ് മുന്‍ ഉദ്യോഗസ്ഥയുമായ യുവതി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മകനെ ഉപദ്രവിക്കേണ്ട കാര്യം തനിക്കില്ലെന്നും മുന്‍ഭര്‍ത്താവിന്റെ കള്ളക്കഥയാണെന്നുമാണ് യുവതിയുടെ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്കുവച്ചത്. എന്നാല്‍ യുവതിയുടെ കുറിപ്പിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നിരിക്കുകയാണ് ബ്ലോഗറായ അരുണ്‍ സോമനാഥന്‍. ഈ വിഷയത്തില്‍ അരുണ്‍ പങ്കുവച്ച ഫെയ്സ്ബുക് കുറിപ്പ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടി.
"നിങ്ങളുടെ ഇമേജ് സംരക്ഷിക്കാനുള്ള ന്യായീകരണങ്ങളിൽ 13 വയസ്സുകാരനെ അവനു ചുറ്റുമുള്ള സമൂഹത്തിനു മുന്നിൽ മോശം വ്യക്തിയായും ക്രിമിനലായും സൈക്കോ ആയും ഒക്കെ അവതരിപ്പിക്കുകയാണ്. എന്റെ കാഴ്ചപ്പാടിൽ ബോധമുള്ള ഒരു അമ്മയും ചെയ്യാത്ത കാര്യമാണിത്."- അരുണ്‍ പറയുന്നു.
അരുണ്‍ സോമനാഥന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;
എന്തിന്റെ പേരിലായാലും 13 വയസ്സു മാത്രം പ്രായമുള്ള തന്റെ കൊച്ചിനെ സൈക്കോ ആയി മുദ്രകുത്തി, സോഷ്യൽമീഡിയ ഓഡിറ്റിംഗിന് ഫോട്ടോ സഹിതം എറിഞ്ഞുകൊടുത്ത ഒരു സ്ത്രീയെ പിന്തുണയ്ക്കാനോ ഇനി ഒരുതരത്തിലുള്ള സൗഹൃദം പുലർത്താനോ സാധിക്കില്ല എന്നതാണ് നിലപാട്.
ഫെയ്സ്ബുക് സുഹൃത്തായിരുന്ന ആ സ്ത്രീയും അത്യന്തം സ്നേഹപൂർവ്വം അവർ കൊണ്ടുനടന്നിരുന്നതായി കാണപ്പെട്ടിരുന്ന അവരുടെ മകനും പിന്നീട് അവരുടെ ജീവിതത്തിലേക്ക് വന്ന് കയറിയ അനിയനെപ്പോലെ അവതരിപ്പിച്ച ആൺസുഹൃത്തും ഉൾപ്പെട്ട കേസിൽ യൂട്യൂബ് ചാനലുകൾ ഒക്കെ ഇത്ര കോലാഹലമുണ്ടാക്കിയപ്പോഴും ഈ സ്ത്രീയ്ക്ക് അതിൽ എന്ത് പറയാൻ ഉണ്ടെന്ന് അറിയണമെന്നുണ്ടായിരുന്നു.
ജാമ്യം കിട്ടിയപാടേ കുട്ടിയെ പ്രതിസ്ഥാനത്ത് നിർത്തി അവർ ഒരു ഉപന്യാസമെഴുതി സ്വയം ന്യായീകരിച്ചതോടെ തൃപ്തിയായി. സോഷ്യൽ മീഡിയ വഴി എന്നിലൊക്കെ ഉണ്ടാക്കിയെടുത്ത സ്നേഹമയിയായ സിംഗിൾ മദർ എന്ന ഇമേജ് തന്നെ അവിടെ തകർന്നടിഞ്ഞു.
അല്ലയോ സ്ത്രീയേ,
കുഞ്ഞിനോടുള്ള കരുതലിനേക്കാൾ നിങ്ങൾക്ക് മുഖ്യം നിങ്ങൾക്ക് നഷ്ടപ്പെട്ട സോഷ്യൽ മീഡിയ ഇമേജാണ് എന്ന് മനസ്സിലാക്കുന്നു. ഒരു സഹതാപതരംഗത്തോടെ അത് തിരിച്ച് പിടിക്കുന്നതിൽ ആയിരക്കണക്കിന് ആൾക്കാരുടെ പിന്തുണയോടെ നിങ്ങൾ വിജയിച്ചിട്ടും ഉണ്ടാകാം.
പക്ഷേ അതിനായി നിങ്ങൾ ചെയ്തത് ഇതൊക്കെ വായിക്കുന്ന അവന്റെ സഹപാഠികളുടെ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും മുന്നിൽ അവനെ സൂക്ഷ്മതയോടെ വീക്ഷിക്കേണ്ട ഒരു പ്രോബ്ലം ചൈൽഡ് ആയ് അവതരിപ്പിക്കുക എന്നതായിരുന്നു.
അവനെ ഇപ്പോൾ നോക്കുന്ന അച്ഛനെയും രണ്ടാനമ്മയേയും "എന്റെ വീട് അപ്പൂന്റേം" സിനിമ ഉദാഹരിച്ച് അവരുടെ മറ്റൊരു കൊച്ചിന്റെ ജീവനു ഭീഷണിയാകുന്നതരം ക്രിമിനലായി അവതരിപ്പിച്ച് അരക്ഷിതാവസ്ഥ ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു ആ പോസ്റ്റ്..
അന്നത്തെ വാർത്താ വിഡിയോകൾ കണ്ടവർക്കറിയാം വീട്ടിൽ വന്നുകയറിയവനെ അമ്മയുടെ കൂടെ കിടക്കാൻ ഈ കൊച്ച് സമ്മതിക്കാത്തതിനെത്തുടർന്നുണ്ടായ പ്രശ്നത്തിൽ അയാൾ കുട്ടിയെ മർദ്ദിച്ചപ്പോൾ അമ്മ ഒന്നും പറയാതെ കണ്ടുകൊണ്ട് നിന്നതായിരുന്നു ആ കുട്ടിയെ ഏറ്റവുമധികം വിഷമിപ്പിച്ചതെന്ന്..
പക്ഷേ, അതിന് നിങ്ങൾ കൊടുത്ത ന്യായീകരണം ചെക്കൻ ഇൻസ്റ്റാഗ്രാമിൽ പോൺസ്റ്റാറുകളെ ഫോളോ ചെയ്തതിന് അയാൾ വഴക്കുപറഞ്ഞതിന് കൊച്ച് ഉണ്ടാക്കിയെടുത്ത പ്രശ്നങ്ങളാണിതെന്ന്..
നോക്കൂ, നിങ്ങളുടെ ഇമേജ് സംരക്ഷിക്കാനുള്ള ന്യായീകരണങ്ങളിൽ നിങ്ങൾ ഈ 13 വയസ്സുകാരനെ അവനു ചുറ്റുമുള്ള സമൂഹത്തിനു മുന്നിൽ മോശം വ്യക്തിയായും ക്രിമിനലായും സൈക്കോ ആയും ഒക്കെ അവതരിപ്പിക്കുകയാണ്.
എന്റെ കാഴ്ചപ്പാടിൽ ബോധമുള്ള ഒരു അമ്മയും ചെയ്യാത്ത കാര്യമാണിത്.
ആകയാൽ യഥാർത്ഥ സൈക്കോയും ക്രിമിനലും മോശം വ്യക്തിയും നിങ്ങൾ മാത്രമാണെന്ന് നിങ്ങളുടെ എഴുത്തിൽ നിന്ന് മനസ്സിലാക്കുന്നു. ആ കുട്ടി അല്ല. സാധാരണ ആ പ്രായത്തിലുള്ള കുട്ടികളുടെ നിർബന്ധങ്ങളും മുറിഞ്ഞ ദാമ്പത്യത്തിന് ഇരയാകേണ്ടിവന്നതിന്റെ ചെറുപ്രശ്നങ്ങളും അല്ലാതെ ഒന്നും തന്നെ നിങ്ങളുടെ എഴുത്തിൽ നിന്നുപോലും വായിച്ചെടുക്കാനാകുന്നില്ല.
ഇതിനുപകരം കുട്ടിയുടെ വീട്ടിൽ വലിഞ്ഞുകേറിവന്ന് കുട്ടിയോട് മോശമായ് പെരുമാറിയ നിങ്ങളുടെ ആൺസുഹൃത്തിൽ കുറ്റം കണ്ടുപിടിച്ച് അപ്പോഴത്തെ മാനസികാവസ്ഥയിൽ ഇങ്ങനെയൊക്കെ സംഭവിച്ചുപോയി എന്ന ഒരു ക്ഷമാപണം കുട്ടിയോട് നടത്തി പോസ്റ്റ് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങളോട് അല്പമെങ്കിലും സഹതാപം തോന്നിയേനേ.. അതിനുപകരം സ്വന്തം കുട്ടിയുടെ ഭാവി തന്നെ തുലാസ്സിലാക്കിയ ഒരു അമ്മയെ എന്തിന്റെ പേരിലാണ് ആളുകൾ പിന്തുണയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല. നിയമത്തിനു മുന്നിൽ അക്ഷന്തവ്യമായ കുറ്റമാണ് ഈ സ്ത്രീ ഇപ്പോൾ ചെയ്തിരിക്കുന്നത്. നിങ്ങളിനി എത്ര സീരീസ് എഴുതി നിങ്ങളുടെ പഴയ ഭർത്താവിനെ കുറ്റം പറഞ്ഞാലും നിങ്ങളുടെ കുട്ടിയോട് കാണിച്ച അനീതി നിങ്ങളെ ചോദ്യം ചെയ്തുകൊണ്ടിരിക്കും.
നിങ്ങളുടെ നാർസിസ്റ്റിക് മെന്റാലിറ്റിയ്ക്കാണ് ചികിത്സ തേടേണ്ടത്. അല്ലാതെ കുട്ടിയ്ക്ക് അതിന്റെ ആവശ്യമില്ല. അവൻ ഈ സമൂഹത്തിൽ സുരക്ഷിതനായി മിടുക്കനായി വളർന്നുവരട്ടെ. അമ്മയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞ് ഏവരും ആ കുട്ടിയോട് സ്വാഭാവികമായ്ത്തന്നെ പെരുമാറണമെന്നാണ് അവനു ചുറ്റുമുള്ള സമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളത്. അവന്റെ പ്രായത്തിലുള്ള ഏതൊരു കുട്ടിയും ചെയ്യുന്നതേ അവനും ആ രാത്രിയിൽ ചെയ്തിട്ടുള്ളൂ.. അതിന്റെ പേരിൽ അവനെ സൈക്കോ ആയ് മുദ്രകുത്തുന്നത് അവന്റെ അമ്മയാണെങ്കിലും തള്ളിപ്പറയുക എന്നതാണ് കോമൺ സെൻസ്!!