മദ്യലഹരിയില്‍ വഴക്ക്, കല്ലെടുത്ത് തലയ്ക്കടിച്ചു; ചിത്രപ്രിയയെ കൊലപ്പെടുത്തിയതു ആൺസുഹൃത്ത്! പ്രതിയുടെ കുറ്റസമ്മതം
Mail This Article
മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചുവെന്നാണ് വിവരം. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന്‍ പൊലീസിനോട് പറഞ്ഞത്.
ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തിൽ പൊലീസ് ഇന്നലെ എത്തിയിരുന്നു.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകളായ ചിത്രപ്രിയയെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ടായിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിത്രപ്രിയയെ കാണാതാകുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചവരാണ് കസ്റ്റഡിയിലായത്.
ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയ അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.