ADVERTISEMENT

നടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കോടതി വിധി വന്നതോടെ കേസില്‍ ആദ്യമായി പ്രതികരിച്ച് അതിജീവിത. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ നടന്നിരുന്നതായി ബോധ്യപ്പെട്ടിരുന്നുവെന്നും നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് നൽകിയതിന് നന്ദിയെന്നും അതിജീവിത കുറിച്ചു. കേസിന്റെ നാൾവഴികളിൽ നേരിടേണ്ടി വന്ന ദുരാനുഭവങ്ങളെ എണ്ണിപ്പറഞ്ഞാണ് കുറിപ്പ് അതിജീവിത അവസാനിപ്പിക്കുന്നത്.

അതിജീവിത പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം വായിക്കാം;   

ADVERTISEMENT

എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു. 

അതുപോലെ ഒന്നാംപ്രതി എന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്കുചെയ്‌ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു. 

ADVERTISEMENT

ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അദ്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്‌തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്‌ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ, നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്. 

നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായാധിപന്മാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക- അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്. 

ADVERTISEMENT

ഈ ട്രയൽ കോടതിയിൽ എന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ: ഈ കേസിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി. ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ്- അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്. മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്‌തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപെട്ടത്. 

ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്‌ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതിഭാഗം ഇതേ ജഡ്‌ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു. എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്. ഈ കേസിന്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു. 

നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് ആണ് വിചാരണക്കോടതി വിധിച്ചത്. നടൻ ദിലീപ് അടക്കം നാലു പേരെ കുറ്റവിമുക്തരാക്കി. ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ് വിധിച്ചതിന് പുറമെ, പിഴ ഒടുക്കാത്ത പക്ഷം പ്രതികൾ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നും, പിഴത്തുകയിൽ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേസിൽ വിചാരണക്കോടതിയിൽ നിന്നു പരിപൂർണനീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.അജകുമാർ പ്രതികരിച്ചിരുന്നു. വിധി സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണെന്നും അജകുമാർ പറഞ്ഞു.

Survivor's Reaction to the Court Verdict:

Actress assault case verdict: The survivor reacts to the court's decision in the actress assault case. Starting with the actress assault case, she expresses feeling vindicated by the verdict while highlighting her past struggles for justice.

ADVERTISEMENT