ബസിൽ ക്ലീനറായും കണ്ടക്ടറായും 19 വർഷം, സുലൈമാന്‍ ഇനി വക്കീൽ കുപ്പായമണിയും; ഒന്നാം ക്ലാസോടെ നിയമ ബിരുദം, നേട്ടം
Mail This Article
ദീര്‍ഘകാലത്തെ സ്വപ്നം കയ്യെത്തിപ്പിടിച്ചതിന്റെ സന്തോഷത്തിലാണ് പഞ്ചിളി സുലൈമാന്‍ എന്ന യുവാവ്. സ്വകാര്യ ബസ് ജീവനക്കാരനായ സുലൈമാൻ (45) 5 വർഷത്തെ എൽഎൽബി കോഴ്സ് ഒന്നാം ക്ലാസോടെയാണ് വിജയിച്ചത്. പ്ലസ്ടു തുല്യതാ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിന്റെ അടിസ്ഥാനത്തിലാണ് നിയമബിരുദ കോഴ്സിന്റെ പ്രവേശന പരീക്ഷയെഴുതിയത്.
ഉയർന്ന റാങ്ക് ലഭിച്ചതിനാൽ മലപ്പുറം എംസിടി കോളജിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനവും ലഭിച്ചു. ജില്ലയിൽ ഒന്നാം ക്ലാസോടെ എൽഎൽബി ബിരുദം നേടുന്ന ആദ്യ പ്ലസ്ടു തുല്യതാ വിദ്യാർഥിയാണ് സുലൈമാനാണെന്ന് ജില്ലാ സാക്ഷരതാ മിഷൻ അധികൃതർ പറയുന്നു.
26 വർഷം മുൻപ് പറപ്പൂർ ഐയു ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസി സെക്കൻഡ് ക്ലാസോടെ വിജയിച്ചയാളാണ് സുലൈമാൻ. തുടർന്നു പഠിക്കണമെന്ന ആഗ്രഹത്തിനു വീട്ടിലെ മോശമായ സാമ്പത്തിക സ്ഥിതി തടയിട്ടു. ജീവിതം വഴിമുട്ടുമെന്ന അവസ്ഥ വന്നപ്പോൾ നേരെ ബസിലേക്കു ചാടിക്കയറിയതാണ്.
ബസുകളിൽ ക്ലീനറായും കണ്ടക്ടറായുമൊക്കെ 19 വർഷത്തോളം ജോലി ചെയ്തു. അതിനിടയിലും തുടർപഠനം എന്ന മോഹം ഉപേക്ഷിച്ചില്ല. 2018ൽ കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു തുല്യതാകേന്ദ്രത്തിൽ പഠിതാവായി ചേർന്നു. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുവേളകളിലെല്ലാം പഠിച്ചു. അടുത്ത ദിവസം ഹൈക്കോടതിയിൽ എൻറോൾ ചെയ്യും.
സുലൈമാന്റെ ഭാര്യ ഷഹീദയും 10 വർഷം മുൻപ് വക്കീൽ കോട്ടണിഞ്ഞു. മഞ്ചേരി കോടതിയിലാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. മക്കൾ: ഫാത്തിമ റിഫ, ഇഷാ മുഹമ്മദ്.