വീഴ്ചയ്ക്കിടെ കഴുത്തിൽ കമ്പ് തറച്ചുകയറി; കരിപ്പൂരിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Mail This Article
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദ്ദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.
വ്യൂ പോയിന്റിൽ നിന്നുള്ള വീഴ്ചയ്ക്കിടെ ജിതിന്റെ കഴുത്തിൽ കമ്പ് തറച്ചുകയറി. ഗുരുതരാവസ്ഥയിൽ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുലർച്ചെ അഞ്ചരയോടെയാണ് വ്യൂ പോയിന്റിൽനിന്ന് യുവാവ് വീണതായി പൊലീസിനു വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലേക്കു മാറ്റിയത്.
സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പൊലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.