കാല്‍മുട്ടിനൊപ്പം മാത്രം വെള്ളം, പുഴയിൽ കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി മുങ്ങി മരിച്ചു, തീരാവേദനയില്‍ കുടുംബം
Mail This Article
കോഴിക്കോട് കൂരാച്ചുണ്ട് കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി പുഴയിൽ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (6) ആണ് മരിച്ചത്.
ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറിൽ സംഘം എത്തിയത്. കുട്ടിയുടെ ഉമ്മ ഉൾപ്പെടെ പുഴക്കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിലെ വെള്ളത്തിൽ കളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
പുഴയിൽ വിദ്യാർഥിനിയുടെ കാൽമുട്ടിനൊപ്പം വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. കല്ലും പാറക്കൂട്ടങ്ങളും നിറഞ്ഞ ഭാഗമായതിനാല്‍ തന്നെ തല പാറയിലിടിച്ചുള്ള അപകടങ്ങളും നിരവധിയാണ്. ഉടൻതന്നെ പ്രഥമ ശുശ്രൂഷ നൽകി കൂരാച്ചുണ്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹാരിസ് ആണ് സഹോദരന്‍.