ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോള്‍ മുറിയില്‍ പുകപടലങ്ങള്‍; വാതില്‍ തുറക്കാനായില്ല, യുവതി ശ്വാസംമുട്ടി മരിച്ചു! ദാരുണം
Mail This Article
വീടിന് തീ പിടിച്ചതോടെ മുറിക്കുള്ളില്‍ കുടുങ്ങിപ്പോയ യുവതി ശ്വാസംമുട്ടി മരിച്ചു. ബെംഗളൂരുവിലെ സുബ്രഹ്മണ്യ ലേഔട്ടിലാണ് ദാരുണ സംഭവം. സോഫ്റ്റ്വെയര് എന്‍ജിനീയറായ ശര്‍മിള (34) ആണ് മരിച്ചത്. മംഗളൂരു സ്വദേശിയായ ശര്‍മിള അടുത്തയിടെയാണ് അപാര്‍ട്മെന്റിലേക്ക് താമസം മാറിയെത്തിയത്.
രാത്രി പത്തരയോടെ മുകള്‍ നിലയിലെ മുറിക്കുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് വീട്ടുടമയായ വിജയേന്ദ്രയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയിലും പൊലീസിലും ഉടന്‍ തന്നെ വിവരം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും ശര്‍മിളയെ കനത്ത പുകയും തീയും കാരണം ശര്‍മിളയെ പുറത്തെത്തിക്കാന്‍ താമസം നേരിട്ടു. ശര്‍മിള കിടന്നുറങ്ങിയതിന് സമീപത്തെ മുറിയിലായിരുന്നു തീ പിടിച്ചത്. ഉറക്കത്തിലായിരുന്ന ശര്‍മിള ഞെട്ടി എഴുന്നേറ്റപ്പോള്‍ മുറിയിലും പുകപടലങ്ങള്‍ നിറഞ്ഞിരുന്നു.
ഉള്ളിലെത്തി ശര്‍മിളയെ പുറത്തെടുക്കുമ്പോള്‍ അബോധാവസ്ഥയിലായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂട്ടുകാരി വീട്ടില്‍ പോയിരുന്നതിനാല്‍ അപകടസമയത്ത് ശര്‍മിള തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്.
ഒരു വര്‍ഷം മുന്‍പാണ് ജോലി ആവശ്യത്തിനായി ശര്‍മിള ബെംഗളൂരുവിലേക്ക് മാറിത്താമസിച്ചത്. തീ പിടിച്ച സ്ഥലത്ത് ഫൊറന്‍സിക് സംഘമെത്തി പരിശോധന നടത്തി. തീ പിടിത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെയും വ്യക്തമല്ല. സംഭവത്തില്‍ രാമമൂര്‍ത്തി നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.