റയാൻ മോന് ഇനിയില്ല, പ്രാർത്ഥനകൾ വിഫലം; മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ കുട്ടി മരണത്തിന് കീഴടങ്ങി
Mail This Article
നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാര്‍ഥനകളെ വിഫലമാക്കി 4 വയസുകാരന്‍ റയാൻ മോൻ യാത്രയായി. ചെറിയ പ്രായത്തില്‍ ബ്ലഡ് ക്യാൻസർ ബാധിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ മജ്ജ മാറ്റിവയ്ക്കലിന് വിധേയനായ കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം പാറശാല കുഴിഞ്ഞാൻവിള സ്വദേശി കൂലിപ്പണിക്കാരനായ അജികുമാർ - വിദ്യ ദമ്പതികളുടെ ഏക മകനാണ് മരിച്ചത്.
നിർധന കുടുംബത്തിൽ ജനിച്ച റയാന്റെ ജീവൻ രക്ഷിക്കാന്‍ മജ്ജ മാറ്റിവക്കാനായി 40 ലക്ഷത്തിൽ അധികം രൂപ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തുടർന്ന് എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിച്ചാണ് കുഞ്ഞ് റയാനായി തുക സമാഹരിച്ചത്. ആയിരക്കണക്കിന് പേരാണ് റയാന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കൈകോർത്തത്.
റയാന് പിതാവ് അജികുമാറിന്റെ ശരീരത്തിൽ നിന്നുള്ള മജ്ജയാണ് നൽകിയത്. കോഴിക്കോട് ആസ്റ്റർ മെഡിസിറ്റിയിലായിരുന്നു ശസ്ത്രക്രിയ. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും ശ്രീ ചിത്ര മെഡിക്കൽ സെന്ററിലുമായി തുടർ ചികിത്സകൾ നടന്നുവരുമ്പോഴാണ് അന്ത്യം.
കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആർസിസിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ശ്വാസകോശത്തിൽ മുഴ കണ്ടെത്തി. മറ്റൊരു ഓപ്പറേഷനിലൂടെ അത് നീക്കം ചെയ്തതിനെ തുടർന്ന് തുടര്‍ ചികിത്സയിലായിരുന്നു കുട്ടി. അതിനിടെയാണ് വെള്ളിയാഴ്ച്ച ഉച്ചയോടെ റയാന്‍ ലോകത്തോട് വിട പറഞ്ഞത്.