കട്ടിലില്‍ രക്തം വാർന്ന് മരിച്ച നിലയിൽ യുവതി; മൃതദേഹം കണ്ടത് മക്കൾ സ്കൂൾ വിട്ടെത്തിയപ്പോൾ! കൊലപാതകമെന്ന് സംശയം
Mail This Article
ഇടുക്കി ഉപ്പുതറയിൽ യുവതിയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവിൽ രജനി സുബിനാണ് മരിച്ചത്. മക്കൾ സ്കൂൾ വിട്ടെത്തിയപ്പോൾ രജനിയെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഇവർ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. രജനിയും ഭർത്താവ് സുബിനും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു. ഭർത്താവ് സുബിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി.
കുട്ടികളും സ്കൂളിൽ പോയിട്ട് വന്ന സമയത്ത് രജനി വീട്ടില്‍ രക്തം വാർന്നു കട്ടിലിൽ കിടക്കുകയായിരുന്നു. കുട്ടികള്‍ അയല്‍വാസികളെയും തുടര്‍ന്ന് പൊലീസിലും വിവരമറിയിച്ചു. ഉച്ചയ്ക്ക് ശേഷം സുബിൻ ഓട്ടോയിൽ കയറി വരുന്നതും പരപ്പ് എന്ന സ്ഥലത്ത് നിന്നും ബസിൽ കയറി പോകുന്നതായും നാട്ടുകാർ കണ്ടിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ തലയ്ക്കേറ്റ മുറിവില്‍ നിന്നും രക്തം വാർന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കാലങ്ങളായിട്ട് കുടുംബവഴക്ക് ഉണ്ടായിരുന്നു എന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നുള്ള ഉണ്ടായ കൊലപാതകമാണ് എന്നുള്ളതാണ് പൊലീസ് സംശയിക്കുന്നത്. ഉച്ചവരെ സുബിൻ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചയ്ക്ക് ശേഷമാണ് സുബിനെ വീട്ടിൽ നിന്നും കാണാതായത്. അതുകൊണ്ടുതന്നെ ഇയാളാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്.